
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്റർനെറ്റിൽ ഒരു സ്ലൈഡ്‌ഷോ കാണാനിടയായി. ഉയർന്ന വൈകാരിക ശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഈ പ്രത്യേകതകൾ കാണാനുണ്ട് എന്ന ശീർഷകത്തോടുകൂടിയായിരുന്നു. ആ അഞ്ചെട്ട് സ്ലൈഡിൽ കണ്ടത് ഏകദേശം ഇവിടെ കുറിക്കാം. ആർക്കെങ്കിലും ഗുണം ചെയ്തെങ്കിലോ എന്ന് കരുതിയാണ്.
(അതിനുമുമ്പേ പറയട്ടെ, parenting എന്ന ഇംഗ്ലീഷ് വാക്കിന് യോജിച്ച ഒരു വാക്കുപോലും നമുക്കില്ല എന്നു തോന്നുന്നു)
1. അവർക്ക് നിശബ്ദതയുടെ ശക്തി അറിയാമായിരുന്നു.
( എന്നുവച്ചാൽ, നിങ്ങൾ എന്തിനെയും ഏതിനെയും കുറിച്ച് എപ്പോഴും വാചാലരാകേണ്ടതില്ല. പലപ്പോഴും നിശബ്ദത വാക്കുകളെക്കാൾ കൂടുതൽ മുഴക്കമുള്ളതും സംവേദനാത്മകവുമാണ്).
2. അവർ സ്വന്തം വികാരങ്ങളെ പേരിട്ടു വിളിച്ചു.
(കുട്ടികളുടെ വികാരങ്ങളെയല്ല. നാം ആത്മാർത്ഥമായി നമ്മുടെ സ്വന്തം വികാരങ്ങൾക്ക് പേര് നൽകിയാൽ, അങ്ങനെ ചെയ്യുന്നതിലൂടെ നാം വളരുകയും, കുട്ടികളെ അവരുടെ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുകയായിരിക്കും).
3. അവർ തങ്ങളുടെ കുട്ടിയോട് ക്ഷമ ചോദിച്ചു.
(പല മാതാപിതാക്കളും ചെയ്യാൻ മടിക്കുന്ന കാര്യമാണത്. എന്നാൽ, നാം അങ്ങനെ ചെയ്യുകയാണെങ്കിൽ, തെറ്റുകൾ സംഭവിക്കുന്നതിൽ തെറ്റില്ലെന്നും നാം തെറ്റു വരുത്തിയാൽ അതിൽ ഖേദം വേണമെന്നും നാം കുട്ടിയോട് ഇതിനകം ആശയവിനിമയം ചെയ്തുകഴിഞ്ഞിരിക്കും).
4. 'പ്ലീസ്', 'thanks', 'sorry' മുതലായവ അവർ കുട്ടികളുടെ മേൽ നിർബന്ധിച്ചേല്പിച്ചില്ല.
പകരം അവർ സ്വയം 'സോറി' അല്ലെങ്കിൽ 'പ്ലീസ്' അല്ലെങ്കിൽ 'താങ്ക്സ്' പറഞ്ഞു. അങ്ങനെ പരിശീലിപ്പിക്കപ്പെടാതെ അവർ സ്വയം മര്യാദകൾ പഠിച്ചു.
5. കുട്ടി കളുടെ ചെറിയ ആശങ്കകൾ ചെറുതാക്കി അവർ തള്ളിക്കളഞ്ഞില്ല.
കുട്ടികൾക്ക് തീർച്ചയായും അവരുടെ ചെറിയ ആശങ്കകൾ ഉണ്ടാകാം. അവയെ ലഘൂകരിച്ച് കാട്ടി തള്ളിക്കളയുന്നതിനുപകരം, അവരോടൊപ്പം നടക്കുകയും അവരോടൊപ്പം യുക്തിവിചാരം ചെയ്ത് അത് വലിയ പ്രശ്നം അല്ലെന്നതിലേക്ക് അവരെ എത്തിക്കുകയുമാണ് കൂടുതൽ ഫലവത്താകുന്നത്.
6. അവർ എപ്പോഴും പരിഹാരങ്ങൾ നിർദ്ദേശിച്ചില്ല.
പകരം കുട്ടികളെ അവരുടെ പരിഹാരങ്ങൾ സ്വയം കണ്ടെത്താൻ സഹായിച്ചു. കുട്ടികൾ പരിഹാരങ്ങളുമായി വരും. 'ചെയ്ത് നോക്ക് ' എന്നുപറഞ്ഞ് അവരെ അത് പരീക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുക. ചിലപ്പോൾ അവരുടെ പരിഹാരങ്ങൾ പരാജയപ്പെടും. പരാജയപ്പെട്ട പരിഹാരങ്ങളിൽ നിന്ന് പഠിച്ച് അടുത്ത തവണ അവർ കൂടുതൽ മികച്ച പരിഹാരങ്ങൾ കണ്ടെത്തിക്കൊള്ളും.
7. അവർ സഹാനുഭൂതി വളർത്തി.
മാതാപിതാക്കൾ മക്കളോട് സഹാനുഭൂതി കാട്ടുകയും കുട്ടികളെ വിശ്വസത്തിലെടുക്കുകയും ചെയ്തു. കുട്ടികൾ സഹാനുഭൂതിയുള്ളവരാണെന്ന് പലപ്പോഴും അവർ ഏറ്റുപറഞ്ഞു. അങ്ങനെ കുട്ടികൾ സഹാനുഭൂതിയുള്ളവരായിത്തീർന്നു.
8. വിരസതയെ പുണരാൻ അവർ ശീലിച്ചു.
വിരസത ജീവിതത്തിന്റെ ഭാഗമാണ്. വിരസതയെ മാതാപിതാക്കൾ തന്നെ സ്വീകരിച്ചു കാണിച്ചു. കുട്ടികളെ വിരസത സ്വീകരിക്കാൻ കുട്ടികളെ അനുവദിച്ചാൽ, കുട്ടികളും വിരസത ഉൾക്കൊണ്ട് ജീവിക്കാൻ പഠിക്കും. (ഇക്കാ ലത്ത് ഒരാൾക്ക് ഒരുമിനിറ്റ് ബോറടിച്ചാൽ ഉടൻ തന്നെ, അയാൾ ഫോൺ എടുത്ത് ഇന്റർനെറ്റ് അല്ലെങ്കിൽ സോഷ്യൽ മീഡിയ തുറക്കുകയായി!).
To read English Version click on the Image