
പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഓട്ടോമാൻ ചക്രവർത്തി കോൺസ്റ്റാന്റിനോപ്പിൾ നഗരം പിടിച്ചടക്കുമ്പോൾ 'മാലാഖമാർക്ക് ലൈംഗികത ഉണ്ടോ?' എന്ന് ചർച്ച ചെയ്യുകയായിരുന്നു സഭയിലെ ദൈവശാസ്ത്രജ്ഞരും നേതൃത്വവും എന്ന് പറയാറുണ്ട്. അതി ഗൗരവതരമായ പ്രശ്നങ്ങൾ നമുക്ക് ചുറ്റുമായി ലോകത്ത് അരങ്ങേറുമ്പോൾ, ഒരു കാര്യവും ഇല്ലാത്ത കാര്യങ്ങളിന്മേൽ ചർച്ചചെയ്ത് സ്വയം ഒടുങ്ങുന്ന സഭാ രീതികളെ ആക്ഷേപിക്കാൻ പില്ക്കാലത്ത് 'ഒരു മുട്ടുസൂചിയിന്മേൽ എത്ര മാലാഖമാർക്ക് ഒരേസമയം നൃത്തം ചെയ്യാൻ കഴിയും?' എന്ന് ചർച്ച ചെയ്യുന്ന സഭാ നേതൃത്വം എന്നു പറഞ്ഞ് പരിഹസിക്കാറുണ്ട്.
നാം ഇങ്ങനെ വായിക്കുന്നുണ്ട്: "അവൻ ബുദ്ധിശാലികളെ അവരുടെ തന്ത്രങ്ങളിൽ തന്നെ കുടുക്കുന്നു' എന്നും, 'ബുദ്ധിശാലികളുടെ ആലോചനകൾ വ്യർത്ഥങ്ങളാണ് എന്ന് കർത്താവ് അറിയുന്നു' എന്നും എഴുതപ്പെട്ടിരിക്കുന്നു" (1 കോറി. 3: 20)
കടൽത്തീരത്ത് മണൽക്കൊട്ടാരം നിർമ്മിക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ? ഏതാണ്ടൊക്കെ രൂപപ്പെടുത്തി വരുമ്പോഴേക്കും ഒരു വലിയ തീര വന്ന് അതിനെ കഴുകിക്കളയുന്നു. എല്ലാം ശരിയായി എന്ന് കരുതി വരുമ്പോഴേക്കും ഒരു കോവിഡ് വരും, അതല്ലെങ്കിൽ ഡിജിറ്റൽ മീഡിയയുടെ ഒരു തിര കയറി വരും!
സ്പെയിനിലെ കുറേ രൂപതകളിലെ സെമിനാരി വിദ്യാർത്ഥികളും അവരുടെ ഫോർമേറ്റർമാരും മെത്രാന്മാരും വത്തിക്കാനിൽ പാപ്പായെ കാണാൻ എത്തിയിരുന്നു, മൂന്നു ദിവസം മുമ്പ് (വ്യാഴാഴ്ച). മൂന്നുമാസം മുമ്പ് പ്രളയം വന്ന് 230-ഓളം പേർ മരിച്ച സ്പെയിനിൽ നിന്നുവന്നവരോട് പാപ്പാ പറഞ്ഞത്, തകർന്ന ഹൃദയങ്ങളെ വച്ചു കെട്ടുന്ന വൈദികരാകാനും ജനങ്ങളുടെ വേദനയാൽ രൂപപ്പെടുവാനാണ്.
എന്നിട്ട് പാപ്പാ ഇങ്ങനെ കൂടി പറഞ്ഞു: "നമ്മുടെ പ്രത്യാശയ്ക്ക് ഒരു പേരുണ്ട് - യേശു - നമ്മുടെ കളിമണ്ണിൽ അറപ്പ് തോന്നാത്ത ദൈവം, കളിമണ്ണിൽ നിന്ന് നമ്മെ രക്ഷിക്കുന്നതിനു പകരം, നമുക്കുവേണ്ടി കളിമണ്ണായിത്തീർന്നു അവൻ !