top of page

അവസാനത്തെ കുഞ്ഞും പിറന്നുകഴിയുമ്പോള്‍
അവസാനത്തെ നക്ഷത്രവും അണഞ്ഞു കഴിയുമ്പോള്‍
അവസാനത്തെ നിറവും മാഞ്ഞു കഴിയുമ്പോള്‍
അവസാനത്തെ പാപവും ചെയ്തു കഴിയുമ്പോള്‍
അവസാനത്തെ ദുഃഖവും കരഞ്ഞു കഴിയുമ്പോള്‍
അവസാനത്തെ ദൈവവും കൊല്ലപ്പെട്ടു കഴിയുമ്പോള്‍
ആബേല്‍, എന്‍റെ ഹൃദയത്തിലേക്ക്
ഒരു കഠാര കുത്തിയിറക്കുക
എവിടെ നിന്‍റെ സഹോദരന്‍
എന്നു ചോദിക്കാന്‍ ദൈവമില്ലാത്തതിനാല്‍
നീ അപ്പോഴും നിഷ്ക്കളങ്കനായിരിക്കും
ഞാന്‍ മരണത്താല്‍ സംതൃപ്തനും.