top of page

വിധി കല്പിതം

Oct 1, 2013

1 min read

ഷീന സാലസ്
Deforestation

യന്ത്രതാണ്ഡവത്തിന്‍റെ താളം മുറുകവേ

ഇലകള്‍ മരണത്തിന്‍റെ മരച്ചില്ലമേല്‍

കരിഞ്ഞുനിന്നു.

ചകിതമായ ഇടനെഞ്ചുമായ് പറവകള്‍

പാട്ടുമൂളാതെ പറന്നുപോയ്.

വിശുദ്ധസ്നേഹത്തിന്‍റെ വേരുകളില്‍

ദേവദാരുപ്പൂക്കള്‍പ്പോലെ ചോര വാര്‍ന്നു നിന്നു.

മായരുതെന്നോര്‍ത്തു തൊട്ട സിന്ദൂരം

നെറ്റിയിലിരുന്ന് ഊറിച്ചിരിക്കവേ

പകലിനെ വേളികഴിച്ചവന്‍

ഇരുളിലേയ്ക്ക് ഇറങ്ങിപ്പോയി.

മഞ്ഞുപോലെ തെളിഞ്ഞ കണ്ണുനീര്‍ വറ്റിച്ച്

കുഞ്ഞുങ്ങള്‍ ഉപ്പുകുറുക്കിയെടുത്തു.

മഴയാഴ്ന്നു പെയ്തപ്പോള്‍

അലുത്തുപോകാത്തൊരു വള്ളമിറക്കാന്‍

തച്ചന്‍ നൂറ്റാണ്ടുകളായ്

വിയര്‍പ്പുചാലു കീറുന്നു.

ചാരത്തിരുന്നിട്ടും പറയാതെപോയ

മൊഴിമുത്തു തേടി

കൂടില്ലാത്ത മനസ് കാടുകയറി.

മഞ്ഞയും വെള്ളയും നിഴലിപ്പിച്ച്

മീനുകള്‍

വെള്ളത്തിന്‍റെ വറ്റിയ തണുപ്പിലേയ്ക്ക്

ഊളിയിട്ടുപോയി.

പല്ലവിയും അനുപല്ലവിയുമില്ലാതെ

അന്ധനായ ഗായകന്‍

ചരണനൂലുകള്‍ വലിച്ചുമുറുക്കുന്നു.

തൊണ്ടയില്ലാത്തവന്‍ പാട്ടുമൂളാന്‍ വേണ്ടി

നേര്‍ച്ചകള്‍ നേരുന്നു

പെണ്ണില്ലാത്തവന്‍ പട്ടടകള്‍ക്കുമേല്‍

ഭജനം പാടുന്നു

കത്തുകള്‍ മരണപത്രങ്ങള്‍ക്കുമേല്‍

സാക്ഷ്യമെഴുതുന്നു

മഹായാത്രകള്‍ക്കൊടുവില്‍

കലങ്ങിയ കണ്ണും തേഞ്ഞ പാദങ്ങളുമുള്ളൊരാള്‍

മുജ്ജന്മങ്ങളിലേയ്ക്കു നോക്കി

അന്ത്യവിധികള്‍ വായിക്കുന്നു.

Featured Posts

Recent Posts

bottom of page