
അബ്രഹാം ഇസഹാക്കിനെ ജനിപ്പിച്ചു; ഇസഹാക്ക് യാക്കോബിനെ ജനിപ്പിച്ചു...എന്നിങ്ങനെ പോകുന്നു മത്തായിയുടെ സുവിശേഷാരംഭത്തിലെ അബ്രാഹാമിന്റെ വംശാവലി ചരിത്രം. പുരുഷന്മാരാണ് ജനിപ്പിക്കുന്നത്. പക്ഷേ 16 -ാം വാക്യത്തിൽ എത്തുമ്പോൾ കഥ മാറുന്നു. "യാക്കോബ് മറിയത്തിന്റെ ഭർത്താവായ ജോസഫിനെ ജനിപ്പിച്ചു. അവളിൽ നിന്ന് ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശു ജനിച്ചു", എന്നാണ് ആ വാക്യം.
ആദിയിലും അങ്ങനെ തന്നെയായിരുന്നു. സൃഷ്ടി വിവരണം അനുസരിച്ച് ദൈവം ആദ്യം സൃഷ്ടിക്കുന്നത് ആദത്തെയാണ്. ആദത്തെ ഗാഢ നിദ്രയിൽ ആഴ്ത്തിയതിനുശേഷമാണ് അവനിൽനിന്ന് അവിടന്ന് ഹവ്വായെ സൃഷ്ടിക്കുന്നത്. സ്ത്രീകളും പുരുഷന്മാരിൽനിന്ന് ജനിക്കുന്നു പഴയനിയമത്തിൽ.
പുതിയനിയമത്തിൽ പുതിയ ഹവ്വായായ മറിയത്തെ ആണ് ദൈവം ആദ്യം സൃഷ്ടിക്കുന്നത്. അവളിൽ നിന്നാണ് പുതിയ ആദമായ യേശുവിനെ ജനിപ്പിക്കുന്നത്. "അവൻ സ്ത്രീയിൽനിന്ന് ജാതനായി" (ഗലാ. 4:4) എന്നാണ് പൗലോസും എഴുതുന്നത്. സ്നാപകനെക്കുറിച്ച് യേശു പറയുന്നതും അങ്ങനെതന്നെയാണ്: "സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ സ്നാപകയോഹന്നാനെക്കാൾ വലിയവൻ ഇല്ല" (മത്താ. 11:11).
പുരുഷന്മാരും സ്ത്രീകളിൽനിന്ന് ജനിക്കുന്നു പുതിയ നിയമത്തിൽ. അവളിലാണ് പുതിയ നിയമം ആരംഭിക്കുന്നത്.
"ഭൂമി (tohu-va-bohu) കുഴഞ്ഞുമറിഞ്ഞതായിരുന്നു. ആഴത്തിനുമുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനുമുകളിൽ ചലിച്ചുകൊണ്ടിരുന്നു" എന്നാണ് സൃഷ്ടിയുടെ ആരംഭത്തെക്കുറിച്ച് ഉല്പത്തി പുസ്തകം നൽകുന്ന ആദ്യസൂചന (1:2).
"നീ ഒരു പുത്രനെ പ്രസവിക്കും" എന്ന് ദൂതൻ മറിയത്തോട് പറയുമ്പോൾ അവൾ ചോദിക്കുന്നു: "ഇത് എങ്ങനെ സംഭവിക്കും?" ദൂതന്റെ മറുപടി: "പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിനക്കുമുകളിൽ നിഴലിടും" എന്നാണ്.
നോക്കൂ, സൃഷ്ടി വീണ്ടും നടക്കുകയാണ്. അവൾ തന്നെയാണ് പുതിയ ഭൂമിയും.
ദൈവത്തെ ഒഴിവാക്കി നന്മതിന്മകളെ അറിയാൻ പോയി സ്വാതന്ത്ര്യം ദുരുപയോഗിച്ചവൾ ഹവ്വാ. ദൈവത്തോടൊപ്പം നന്മയെ അറിയാൻ പോയി "ദൈവഹിതം പോലെ" എന്നുപറഞ്ഞ് സ്വതന്ത്ര്യം ശരിയായി ഉപയോഗിച്ചവൾ മറിയം!
അങ്ങനെ പുതിയ മനുഷ്യകുലത്തിൻ്റെ മാതാവും അവൾ!
ദൈവം അവളെ കുഴച്ച് ഉണ്ടാക്കിയതാണ് പുതിയ മാനവൻ - ക്രിസ്തു. അതിനാൽ, ക്രിസ്തുത്വത്തിൽ ആയവരോട്, "മനുഷ്യാ നീ മറിയമാകുന്നു; മറിയത്തിലേക്ക് തന്നെ നീ മട ങ്ങും" എന്നു പറഞ്ഞാലും ശരിയായിരിക്കും!