
ഗലീലിയിലെ കാനായിലെ വിവാഹ വിരുന്നിനെയും അവിടെ യേശു പ്രവർത്തിച്ച ഒരു അടയാളത്തെയുമാണ് അടയാളങ്ങളുടെ പുസ്തകത്തിലെ ആദ്യ അടയാളമായി യോഹന്നാൻ വരച്ചിടുന്നത്. മുമ്പ് എപ്പോഴോ അതേക്കുറിച്ച് എഴുതിയിരുന്നു എന്നാണ് ഓർമ്മ. ഇപ്പോൾ നോക്കിയിട്ടാവട്ടെ, കാണുന്നുമില്ല. അതുകൊണ്ടുതന്നെ എഴുതുകയാണ്.
കാനായിൽ സംഭവിക്കുന്നത്: വിവാഹവിരുന്നിനിടെ വീഞ്ഞ് തീർന്നുപോകുന്നു. (വീട്ടുകാർ അങ്കലാപ്പിലാണ്). തൻ്റെ അമ്മയുടെ പ്രാർത്ഥനയാൽ യേശു ചിത്രത്തിലേക്ക് കടന്നുവരുന്നു. ആറ് കൂറ്റൻ കല്ഭരണികൾ ഉണ്ടവിടെ. അവയിൽ വെള്ളം നിറക്കാൻ പരിചാരകരോട് പറയുന്നു യേശു. അവർ അവ വക്കോളം നിറക്കുന്നു. ഇനി പകർന്ന് കലവറക്കാരൻ്റെ അടുത്ത് കൊണ്ടുചെല്ലാൻ പറയുന്നു. അവർ അതുപോലെ ചെയ്യുന്നു. ഏറ്റവും നല്ലതരം വീഞ്ഞ് രുചിച്ച് കലവറക്കാരൻ ആശ്ചര്യപ്പെടുന്നു.
വിശേഷപ്പെട്ട മുന്തിരിയായിരുന്നു യഹൂദ ജനത. ദൈവം പ്രത്യേകം തെരഞ്ഞെടുത്ത് നട്ടുപാലിച്ചത്.
വീഞ്ഞ് കല്ഭരണികളിലല്ല സൂക്ഷിക്കുക, തോല്ക്കുടത്തിലാണ്. "യഹൂദരുടെ ശുദ്ധീകരണത്തിനുള്ള വെള്ളം നിറച്ച്" വച്ചിരുന്നവയാണ് കല്ഭരണികൾ. എന്നു വച്ചാൽ, കല്യാണപന്തലിലേക്ക് കയറും മുമ്പ് കൈ യ്യും കാലും കഴുകാൻ വെള്ളം വച്ചിരുന്നത്. സ്വാഭാവികമായും കല്യാണപ്പന്തലിന് വെളിയിലാണ് അവയുടെ സ്ഥാനം. കലവറയിലാണ് വീഞ്ഞിൻ്റെ സൂക്ഷിപ്പ്. അസാധാരണത്വങ്ങളിൽ നിന്ന് മനുഷ്യർ ഉണ്ടാക്കി കലവറയിൽ വച്ച വിശുദ്ധിയുടെ വീഞ്ഞെല്ലാം തീർന്നു കഴിഞ്ഞു. പന്തലിനുവെളിയിലെ സാധാരണത്വത്തിൻ്റെ മേഖലയിൽ നിന്ന്; കിണറ്റിലെ വെള്ളത്തിൻ്റെ സാധാരണത്വത്തിൽ നിന്ന് - ക്രിസ്തുവിലൂടെ വരണം അസാധാരണത്വം അഥവാ ദൈവികത, കൃപാസമൃദ്ധി, ആനന്ദ സമൃദ്ധി.
വീഞ്ഞ് ലഭ്യമാക്കേണ്ടയാൾ മണവാളനാണ്. അതിനാലാണ് "അവർക്ക് വീഞ്ഞില്ല" എന്ന് അമ്മ പറയുമ്പോൾ "എൻ്റെ സമയം ഇനിയും ആയിട്ടില്ല" എന്ന് മകൻ ഉത്തരിക്കുന്നത്. തൻ്റെ വിവാഹ മുഹൂർത്തത്തെ കുറിച്ചാണ് മകൻ്റെ സൂചന. യഥാർത്ഥ മണവാളൻ ഇപ്പോൾ അദൃശ്യനാണ്. മനുഷ്യരാശിയുടെ സംഭരണികൾ വറ ്റിപ്പൊയ്കൊള്ളട്ടെ.വിവാഹ നാൾ വരും. മണവാളൻ അത് സമൃദ്ധമായി നല്കും.
ഇതാ അടയാളം.