top of page

വത്സരം

7 days ago

1 min read

George Valiapadath Capuchin

ഒരു കാലത്ത് പല നവവൈദികരുടെയും പ്രഥമ ദിവ്യബലിയിൽ വായിക്കാൻ അവർ തെരഞ്ഞെടുത്തിരുന്നത് ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള ഒരു ചെറിയ ഭാഗമായിരുന്നു (4:18,19). യേശു നസ്രത്തിൽ വന്ന് ഷബാത്തിൽ സിനഗോഗിൽ പോകുന്നതും ഏശയ്യായുടെ പുസ്തകത്തിൽ നിന്ന് വായിക്കുന്നതുമായ ഭാഗം. ഗ്രന്ഥച്ചുരുൾ തുറന്ന യേശുവിൻ്റെ കണ്ണിൽ തടയുന്നത് ഏശയ്യാ പ്രവാചകൻ്റെ പുസ്തകം 61-ാം അധ്യായത്തിൻ്റെ ആദ്യ വചനങ്ങളാണ്. "കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം' അറിയിക്കാൻ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും, കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടന്ന് എന്നെ അയച്ചിരിക്കുന്നു" - ഇത്രയുമാണ് യേശു വായിക്കുന്നതായി ലൂക്കാ രേഖപ്പെടുത്തുന്നത്. വായനക്ക് ശേഷം, "നിങ്ങൾ ഇത് കേട്ടിരിക്കേത്തന്നെ ഈ തിരുലിഖിതം നിറവേറിയിരിക്കുന്നു" എന്ന് യേശു പ്രഖ്യാപിക്കുന്നുമുണ്ട്.


താനാണ് 'അഭിഷിക്തൻ' - 'മിശിഹാ' അഥവാ 'ക്രിസ്തു' എന്നും 'മിശിഹാ കാലഘട്ട'ത്തിൻ്റെ ഉദ്ഘാടനമാണ് താൻ ഇപ്പോൾ നടത്തിയത് എന്നും അവൻ്റെ പ്രഖ്യാപനത്തിൽ ഉൾച്ചേർന്നിട്ടുണ്ട്.


'ബന്ധിതർക്ക് മോചനം, അന്ധർക്ക് കാഴ്ച, അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം, കർത്താവിന് സ്വീകാര്യമായ വത്സരം എന്നിവയുടെ പ്രഖ്യാപനമാണ് മിശിഹായുടെ ദൗത്യം. മേല്പറഞ്ഞവ യാഥാർത്ഥ്യമാവുകയാണ് ' മിശിഹാ-കാലഘട്ട'ത്തിൻ്റെ അടയാളങ്ങൾ. അതെല്ലാം ദരിദ്രർക്കുള്ള സുവിശേഷത്തിന്റെ ഭാഗമാണ്.


യേശുവിൻ്റെ ദൗത്യ ജീവിതത്തിൻ്റെ മധ്യത്തിൽ "വരാനിരിക്കുന്നവൻ നീ തന്നെയോ?" എന്ന ചോദ്യവുമായി കാരാഗൃഹത്തിലായിരിക്കുന്ന സ്നാപകൻ തൻ്റെ രണ്ട് ശിഷ്യരെ യേശുവിൻ്റെ അടുത്തേക്ക് പറഞ്ഞയക്കുന്നുണ്ട്. അവരോട് യേശുവിന്റെ ഉത്തരം, "അന്ധർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ സുഖപ്പെടുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു; ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു" എന്ന് യോഹന്നാനോട് റിപ്പോർട്ട് ചെയ്യാനാണ് (ലൂക്കാ 7:22).


യേശുവിൻ്റെ വായനയിൽ (ഏശയ്യാ 61 - ലൂക്കാ 4) കർത്താവിന് സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുക എന്നു കൂടിയുണ്ട്. കർത്താവിന് സ്വീകാര്യമായ വത്സരം ജൂബിലി വത്സരമാണ് ( ലേവ്യാ 25). പൊറുതി നല്കുന്നതും കാരുണ്യം കാണിക്കുന്നതും അടിമകളെയും തടവുകാരെയും സ്വതന്ത്രരാക്കുന്നതും കടങ്ങൾ എഴുതിത്തള്ളുന്നതും പിടിച്ചുവക്കപ്പെട്ട ഭൂമി അതിൻ്റെ യഥാർത്ഥ അവകാശികളായ ദരിദ്രർക്ക് മടക്കിക്കൊടുക്കുന്നതുമാണ് ജൂബിലി വർഷത്തിൽ സംഭവിക്കേണ്ടത്. അവയാണ് ജൂബിലി വർഷത്തെ കർത്താവിന് സ്വീകാര്യമായ വത്സരമാക്കുന്നത്.


എന്നുവച്ചാൽ, ജൂബിലിയെന്നത് ഒരു വർഷമല്ല. മറിച്ച് ജൂബിലിയെന്നാൽ മൈശിഹാനിക കാലഘട്ടം തന്നെയാണ്.


Featured Posts

bottom of page