top of page
പ്രസന്ന വിത്തനാഗെയുടെ മനോഹരമായ സിംഹള സിനിമയാണ് 'പുരഹന്ദ-കലുവാര' (പൗര്‍ണ്ണമിയിലെ മരണം). പട്ടാളക്കാരനായ മകന്‍റെ മൃതദേഹവുമായി അപ്രതീക്ഷിതമായി പട്ടാള അധികാരികള്‍ വന്നിഹാമിയുടെ ഭവനത്തിലെത്തുകയാണ്. അന്ധനായ വന്നിഹാമിക്ക് തന്‍റെ മകന്‍ ബണ്ടാമ മരിച്ചുപോയി എന്ന് വിശ്വസിക്കാനാകുന്നില്ല. അതുകൊണ്ടുതന്നെ മൃതസംസ്കാരകര്‍മ്മങ്ങള്‍ കഴിഞ്ഞിട്ടും മകന്‍റെ പേരിലുള്ള ധനസഹായവും അദ്ദേഹം വാങ്ങാന്‍ ആഗ്രഹിക്കുന്നില്ല. വീട്ടില്‍ സാമ്പത്തിക ഞെരുക്കം അസഹ്യമായപ്പോള്‍ മക്കളും ബന്ധുക്കളും അദ്ദേഹത്തെ സഹായധനം വാങ്ങുവാന്‍ നിര്‍ബന്ധിക്കുകയാണ്. വൈകാതെ, മരിച്ചത് മകന്‍തന്നെയാണോ എന്നു തീര്‍ച്ചപ്പെടുത്താന്‍ അന്ധനായ വന്നിഹാമി തീരുമാനിക്കുകയാണ്. മകന്‍റെ ശവശരീരം അടക്കം ചെയ്ത സ്ഥലത്തെ മണ്ണുമാറ്റി അവര്‍ ശവപ്പെട്ടി പുറത്തെടുത്തു. എന്നാല്‍ അതിനകത്തുണ്ടായിരുന്നത് വാഴപ്പിണ്ടിയും കല്ലുകളുമായിരുന്നു.
ചിരിക്കുന്ന വന്നിഹാമിയുടെ മുഖം കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. തന്‍റെ മകനുവേണ്ടി ഇനിയും കാത്തിരിക്കാമല്ലോ എന്നതാകാം വന്നിഹാമിയുടെ പുഞ്ചിരിയുടെ കാരണം. ശ്രീലങ്കയുടെ ആരും കേള്‍ക്കാത്ത കഥ പറഞ്ഞ ഈ സിനിമ വളരെ പ്രതിബന്ധങ്ങള്‍ അതിജീവിച്ചാണ് അഭ്രപാളികളില്‍ എത്തിയത്. അന്തര്‍ദേശീയമായി ഈ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും ഭൂമിയുടെ പല കോണുകളിലും വന്നിഹാമിമാര്‍ ബണ്ടാരയ്ക്കുവേണ്ടി കാത്തിരിക്കുകയായിരിക്കും.
പിന്നെയും കാത്തിരിപ്പുകളുടെ സുകൃതവുമായി ഒരു ക്രിസ്തുമസ്സ് കാലം കൂടി എത്തുകയായി. ക്രിസ്തുമസ്സ് എത്രയോ അധികംപേരുടെ കാത്തിരിപ്പുകള്‍ക്കുള്ള ഉത്തരമായിരുന്നു. ഇന്നും അത് ഒത്തിരി ആത്മാക്കള്‍ക്ക് ഉത്തരമായി, ഉന്മേഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇനിയെത്തുന്ന ക്രിസ്തുമസ്സുകളും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട സ്വപ്നം കാണാന്‍പോലും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ക്രിസ്തുമസ്സ്.
റോമാക്കാരുടെ കിരാതവാഴ്ചയില്‍ സ്വത്വവും സ്വത്വബോധവും നഷ്ടപ്പെട്ട പാവം യഹൂദര്‍ മുതല്‍ യേശുവിലൂടെ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കി കടന്നുപോയ എല്ലാവരും അവന്‍റെ വരവിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഭൂമിപോലും സ്വഗര്‍ഭത്തില്‍ അവനുള്ള ഇടമൊരുക്കാന്‍ അവനെ പ്രതീക്ഷിച്ചു കഴിയുകയായിരുന്നിരിക്കണം. എല്ലാ കാത്തിരിപ്പുകളെയും ഫലവത്താക്കിക്കൊണ്ട് ക്രിസ്തു ഭൂമിയില്‍ അവതരിച്ചു. ക്ഷമയോടെ കാത്തിരുന്നവര്‍ക്കെല്ലാം അവന്‍ രക്ഷയുടെ വാതില്‍ തുറന്നുകൊടുത്തു.
കാത്തിരിപ്പ് നന്മയെ സ്വപ്നം കാണുന്നവരുടെ അവകാശമാണ്, ഭൂമി, രാത്രിയുടെ മൂടുപടം ഉപേക്ഷിച്ച് പ്രഭാതമാകാനും ഒരു പൂമൊട്ട് വിടര്‍ന്ന് പുഷ്പിക്കാനും മഴ പെയ്ത് മണ്ണ് തണുക്കാനും ഒരു പക്ഷിക്കുഞ്ഞ് മുട്ടയില്‍നിന്ന് പുറത്തുവരാനുമൊക്കെ കാത്തിരിക്കുന്നതുപോലെ മനോഹരമാണത്. ദൈവം നല്കിയ അനുഗ്രഹങ്ങളെല്ലാം എപ്പോഴും കാത്തിരിപ്പുകളുടെ അകമ്പടിയോടെയായിരുന്നു. തേനും പാലുമൊഴുകുന്ന വാഗ്ദത്തനാട്ടിലേക്കെത്താന്‍ നീണ്ട നാല്പത് വര്‍ഷങ്ങളുടെ കാത്തിരിപ്പ്. ഇസ്രായേലിനു സ്വന്തം ദേവാലയത്തെ നിര്‍മ്മിച്ചെടുക്കാന്‍ പിന്നെയും നാല്പത് സംവത്സരങ്ങളുടെ കാത്തിരിപ്പ്. ഇങ്ങനെ ഇസ്രായേല്‍ ചരിത്രം മുഴുവന്‍ കാത്തിരിപ്പുകളുടെ അടയാളപ്പെടുത്തലുകളാണ്.
പൂര്‍വ്വപിതാക്കന്മാരുടെയും രാജാക്കന്മാരുടെയും പ്രവാചകന്മാരുടെയും ജീവിതവും വ്യത്യസ്മായിരുന്നില്ല. വിശ്വാസികളുടെ പിതാവായ അബ്രഹാം ദൈവിക ഇടപെടലിനായി കാത്തിരുന്നത് തന്‍റെ വാര്‍ദ്ധക്യം വരെയാണ്. യാക്കോബ് തന്‍റെ പ്രിയസഖിയെ സ്വന്തമാക്കാന്‍ ലാബാന്‍റെ ലാവണത്തില്‍ ജോലിചെയ്തതും ഒരു കാത്തിരിപ്പായിരുന്നു.
ഗുഹകളിലും മരുഭൂമികളിലും ദൈവിക ദര്‍ശനങ്ങള്‍ക്കായി കാത്തിരിക്കുന്ന ഇസ്രായേലിന്‍റെ പ്രവാചകരും ദൈവിക ഇടപെടലുകള്‍ക്കായി പ്രാര്‍ത്ഥിച്ചു കാത്തിരിക്കുന്ന ന്യായാധിപന്മാരും പ്രവാചകന്മാരുടെ ആഹ്വാനപ്രകാരം ചെയ്തുപോയ പാപങ്ങള്‍ക്ക് പരിഹാരം അനുഷ്ഠിച്ച് ചാക്കുടുത്ത്, ചാരം പൂശി അനുതപിച്ച് കാത്തിരിക്കുന്ന ജനങ്ങളുമെല്ലാം ഇസ്രായേലിന്‍റെ ചരിത്രത്തിലെ കാത്തിരിപ്പിന്‍റെ നേര്‍ചിത്രങ്ങളാണ്.
പുതിയ നിയമത്തിലെയും കഥകള്‍ വ്യത്യസ്തമല്ല. സഖറിയായും എലിസബത്തും കാത്തിരിക്കുന്നു. പ്രതീക്ഷകള്‍ വീണുടഞ്ഞിട്ടും വിശ്വാസത്തില്‍ വീഴ്ചപറ്റാതെ. മറിയവും കാത്തിരിക്കുകയായിരുന്നു ദിവ്യപുത്രന് ജന്മം നല്‍കുവാന്‍. സുവിശേഷത്തിന്‍റെ താളുകളൊക്കെയും പിന്നെയും പറയുന്നത് കാത്തിരിപ്പുകളുടെ കഥകള്‍ തന്നെ. ബെത്സെയ്ദാ കുളക്കരയുടെ പടികളില്‍ നീണ്ട വര്‍ഷങ്ങള്‍ കാത്തിരിക്കുന്ന തളര്‍വാതരോഗി. ഗനേസരത്തിന്‍റെ ഇടുങ്ങിയ വീഥികളില്‍ ശവകുടീരങ്ങളില്‍ നിന്ന് ഇറങ്ങിവന്ന് ഭയപ്പെടുത്തുന്ന ലെഗിയോന്‍, ജറുസലേമിലേക്കുള്ള വഴിയരികില്‍ പുറങ്കുപ്പായം വിരിച്ച് കാത്തിരിക്കുന്ന ബര്‍ത്തിമേയൂസ്, ഒരു തീണ്ടാപ്പാടകലെ എല്ലാവരും അകറ്റിനിറുത്തിയ, ഇനിയെന്നു സ്വന്തം രക്തബന്ധങ്ങളെ, മക്കളെ, പ്രാണസഖിയെ വീണ്ടും കാണുമെന്നോര്‍ത്ത്, സൗഖ്യത്തിനായി കൊതിച്ച കുഷ്ഠരോഗികള്‍, എത്ര കുടിച്ചിട്ടും ദാഹം തീരാതെ ക്രിസ്തു നല്കുന്ന ജലത്തിനായി കിണറിനരികെ അണഞ്ഞവള്‍, ഏക സുതനെ നഷ്ടപ്പെട്ട് ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും മരവിച്ചുപോയ വിധവ, നീണ്ട പന്ത്രണ്ടു വര്‍ഷം കയ്യിലെ അവസാന ചെമ്പുതുട്ടുപോലും നല്കി ചികിത്സിച്ചിട്ടും ജീവന്‍ നഷ്പ്പെട്ടുകൊണ്ടിരിക്കുന്ന രക്തസ്രാവക്കാരിയുമെല്ലാം കാത്തിരിപ്പിന്‍റെ സുവിശേഷങ്ങളാണ് പങ്കുവയ്ക്കുക.
കര്‍ത്താവ് പറഞ്ഞ കഥകള്‍ക്കും കാത്തിരിപ്പിന്‍റെ സുഗന്ധമാണ്. വിളക്കുമായി കാത്തുനില്‍ക്കുന്ന കന്യകകള്‍, മുന്തിരിത്തോപ്പില്‍ വേലചെയ്ത് സായന്തനത്തില്‍ കൂലിക്കായി കാത്തുനില്‍ക്കുന്ന ജോലിക്കാര്‍, ആടിനെത്തേടി അലഞ്ഞുവലഞ്ഞ ഇടയന്‍, ദൂരേക്ക് കണ്ണും നട്ട് പ്രഭാതം മുതല്‍ പ്രദോഷം വരെ വാതില്‍പ്പടിയില്‍ കാത്തിരിക്കുന്ന ധൂര്‍ത്തപുത്രന്‍റെ പിതാവ്, നല്ല മണ്ണില്‍ വീണു നൂറുമേനി വിളവുനല്‍കാനായി മണ്ണില്‍ സുഷുപ്തിയിലായ വിത്ത്, ഇവരില്‍ ആരാണ് കാത്തിരിപ്പിന്‍റെ പ്രവാചകരല്ലാത്തത്?
ജായ്റോസും സക്കേവൂസും കാനാന്‍കാരിയും ലാസറുമെല്ലാം കാത്തിരിപ്പുകളെ സുകൃതമാക്കിയവരാണ്. യേശുവിനു ചുറ്റും കൂടിയിരുന്നത് എന്നും കാത്തിരിക്കുന്നവരായിരുന്നു. അപ്പത്തിനുവേണ്ടി കാത്തിരിക്കുന്നവര്‍. സൗഖ്യത്തിനും സാമീപ്യത്തിനും വേണ്ടി കണ്ണില്‍ എണ്ണയൊഴിച്ച് അലഞ്ഞുനടന്നവര്‍. ഉപദേശത്തിനും വാക്കുകള്‍ക്കുമായി അവനു ചുറ്റും തടിച്ചുകൂടിയവര്‍. പോകുന്നിടത്തെല്ലാം അവനെ അനുഗമിച്ചവരെല്ലാവരും കാത്തിരിപ്പിന്‍റെ നേര്‍രൂപങ്ങള്‍ ആയിരുന്നു.
ഇവിടെയും കാത്തിരിപ്പുകള്‍ അവസാനിക്കുന്നില്ല. ഉയിര്‍പ്പിനുശേഷവും അവന്‍ തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് കാത്തിരിപ്പിന്‍റെ സുവിശേഷം കൈമാറിയിട്ടാണ് യാത്രയാകുന്നത്. പരിശുദ്ധാത്മാവിന്‍റെ ആവാസത്തിനായി തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ കാത്തുസൂക്ഷിക്കുന്നതുപോലെ, ശിഷ്യന്മാരെയെല്ലാം ചേര്‍ത്തുപിടിച്ച് സെഹിയോന്‍ മാളികയില്‍ കാത്തിരിക്കുന്ന പരി. അമ്മ, അതിനു തയ്യാറായത് അവള്‍ കാത്തിരിപ്പിന്‍റെ അമ്മയായതുകൊണ്ടുകൂടിയാണ്. ദേവാലയത്തില്‍ യേശുവിനെ നഷ്ടപ്പെട്ടപ്പോള്‍ മുതല്‍ അവളും കാത്തിരിപ്പിന്‍റെ അര്‍ത്ഥം ഗ്രഹിക്കാന്‍ തുടങ്ങി. മകനുവേണ്ടി മുനിഞ്ഞു കത്തുന്ന വിളക്കുമായി, ഭോജനമൊരുക്കി, കണ്ണടയ്ക്കാതെ ചാരിയിരുന്നുറങ്ങിയത് കുറച്ചു രാത്രികളല്ലായിരുന്നു. അവനെ അന്വേഷിച്ചലഞ്ഞത് ഏതാനും ഇടങ്ങളില്‍ മാത്രമല്ലായിരുന്നു. ക്രിസ്തുവിനെ സ്വന്തമാക്കുന്നവരുടെ അവകാശമാണ് കാത്തിരിപ്പെന്ന് ആദ്യം ജീവിതത്തില്‍ തിരിച്ചറിഞ്ഞവളാണ് അമ്മ.
ഇതെല്ലാം ഈശോയ്ക്കുവേണ്ടിയുള്ള മറ്റുള്ളവരുടെ കാത്തിരിപ്പുകളായിരുന്നു. എന്നാല്‍ ഈശോയും നമുക്കുവേണ്ടി കാത്തിരിക്കുന്നുണ്ട്. ഭൂമിയില്‍ അവതരിക്കാനായി, മനുഷ്യന് രക്ഷ പകരാനായി അവനും കാത്തിരിക്കുകയായിരുന്നു. ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ അവന്‍ ആട്ടിടയരെയും ജ്ഞാനികളെയും കാത്തിരുന്നു. പാലസ്തീനായുടെ തെരുവീഥികളില്‍ അവന്‍ കാരുണ്യത്തിന്‍റെയും ആശ്വാസത്തിന്‍റെയും വറ്റാത്ത നീരുറവകളൊഴുക്കിക്കൊണ്ട് പതിതരെയും വീണുപോയവരെയും കാത്തിരുന്നു. അവനെ സമീപിച്ച ആരാണ് കരുണയുടെ കാണാക്കയങ്ങളില്‍ മുങ്ങിനിവരാതിരുന്നത്. പാപിനിയായ സ്ത്രീയും ധൂര്‍ത്തപുത്രനും നല്ല കള്ളനും ആലയില്‍ നിന്നിറങ്ങിയോടിയ ആടുമെല്ലാം അവന്‍റെ കരുണയുടെ വേലിയേറ്റങ്ങളില്‍ കുതിര്‍ന്നു നനഞ്ഞവരല്ലേ? അവരെല്ലാം സുവിശേഷത്തിന്‍റെ താളുകളില്‍ നിന്ന് എത്രയോ വട്ടം നമ്മുടെ ജീവിതങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിവന്നു?
കര്‍ത്താവിനെ കാത്തിരുന്നവരാരും നിരാശരായിട്ടില്ല. അളന്നുനിറച്ച്, മതിയാകുവോളം സ്നേഹം നല്കിയാണ് അവന്‍ ഓരോരുത്തരെയും പറഞ്ഞയച്ചത്. അവന്‍ നിറച്ചതുപോലെ, അവന്‍ തൃപ്തിപ്പെടുത്തിയതുപോലെ ആരും നമ്മെ തൃപ്തിപ്പെടുത്തിയിട്ടില്ല. ഇന്നും കുമ്പസാരക്കൂടിന്‍റെ ഇരുട്ടുകളിലും ദിവ്യസക്രാരിക്ക് ചുറ്റിലുമുയരുന്ന കുന്തിരിക്കപ്പുകകള്‍ക്കിടയിലും അവന്‍ നമ്മെ കാത്തിരിക്കുന്നുണ്ട്.
ക്രിസ്തുമസ്സ് ഹൃദയത്തില്‍ അവനെ കാത്തിരിക്കുന്നവരുടെ ഈറ്റുനോവാണ്. എപ്പോഴെല്ലാമാണോ അവനുവേണ്ടി മനുഷ്യന്‍ വേദനയോടെ കാത്തിരിക്കുക അപ്പോഴെല്ലാം ഹൃദയം പുല്‍ക്കൂടായി. ക്രിസ്തുമസ്സായി മാറുകയാണ്. അതെ, അവനെ കാത്തിരിക്കാനും സ്വീകരിക്കാനും തയ്യാറാകുന്നവര്‍ക്ക് ക്രിസ്തുമസ്സ് ഹൃദയത്തിലാണ്. ക്രിസ്തുമസ്സ് ആശംസകള്‍.
Featured Posts
bottom of page