top of page
വിമാനദുരന്തങ്ങളും അഴിമതിക്കഥകളും കുറ്റവാളികളുടെ ജീവിതപിന്നാമ്പുറങ്ങളും നിറം പിടിപ്പിച്ച അക്ഷരങ്ങളാക്കി ആഘോഷിക്കുന്ന സാധാരണക്കാരുടെ സംസ്കാരത്തില്‍നിന്നു മാറി നമുക്ക് ഒരു ധീരവനിതയെ പരിചയപ്പെടാം.
ഒബ്സ്റ്റെട്രിക് ഫിസ്റ്റുല രോഗീപരിചരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിതുറന്ന 21-ാം നൂറ്റാണ്ടിന്‍റെ മദര്‍ തെരേസ - ആസ്ട്രേലിയന്‍ ഗൈനക്കോളജിസ്റ്റ് കാതറൈന്‍ ഹാംലിന്‍. പ്രസവസമയത്ത് കുഞ്ഞ് പുറത്തേക്ക് വരാതിരിക്കുകയും തക്കസമയത്ത് സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുക്കാന്‍ കഴിയാതിരിക്കുകയും മൂലം അമ്മയിലുണ്ടാകുന്ന രോഗാവസ്ഥയാണിത്. ഈ സ്ഥിതിയിലായിരിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ ശരീര വിസര്‍ജ്ജ്യങ്ങളുടെ മേല്‍ നിയന്ത്രണം ഇല്ലാതാവുന്നു. പിന്നീടുള്ള അവരുടെ ജീവിതം പരിഹാസവും ദുര്‍ഗന്ധവും നിറഞ്ഞതാണ്.
ഡോ. ഹാംലിനും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് ആഡിസ് അബാബയില്‍ ഫിസ്റ്റുല രോഗികള്‍ക്കായി ഒരു ആശുപത്രി സ്ഥാപിച്ചു. ധാരാളം ഡോക്ടര്‍മാര്‍ക്ക് ഫിസ്റ്റുല രോഗശുശ്രൂഷയില്‍ പരിശീലനം നല്കി. ഒരുപാട് രോഗികളെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്ന രോഗാവസ്ഥയാണ് ഫിസ്റ്റുല എന്ന് അവര്‍ ലോകത്തിനു പറഞ്ഞു കൊടുത്തു.
താന്‍ സുഖപ്പെടുത്തിയ രോഗികള്‍ക്കൊപ്പമായിരുന്നു ഹാംലിന്‍റെ 90-ാം ജന്മദിനം. ആ അവസരത്തില്‍ 'ഒരു മകനും 35000 പെണ്‍മക്കളും ഉള്ള അമ്മ' എന്നാണ് ഹാംലിനെ അവരുടെ മകന്‍ വിശേഷിപ്പിച്ചത്.
ഏത്യോപ്യയിലെ ജനങ്ങളോട് ഡോ. ഹാംലിന്‍ ഒന്നുമാത്രമേ ആവശ്യപ്പെട്ടുള്ളൂ; സ്ത്രീകള്‍ക്കുമേല്‍ വന്നുവീഴാന്‍ ഇടയുള്ള ഭയാനകമായ ഈ രോഗാവസ്ഥ ഏത്യോപ്യയില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള അവരുടെ ശ്രമത്തില്‍ സഹകാരികളാവണം എന്നു മാത്രം. സര്‍ക്കാര്‍ ഈ മാസം അവരെ നോബല്‍ സമ്മാനത്തിനു ശുപാര്‍ശ ചെയ്തിട്ടുണ്ട്. കനിവാര്‍ന്ന അനേകം സുമനസ്സുകള്‍ക്കൊപ്പം ഡോ.ഹാംലിനും അവാര്‍ഡ് ലഭിക്കട്ടെ എന്നു പ്രത്യാശിക്കാം.
രോഗികള്‍ ഇവിടെ അധ്യാപകര്‍
ഡോ.ഹാംലിന്‍റെ പ്രവര്‍ത്തനങ്ങളുടെ സവിശേഷത ഒരിക്കല്‍ രോഗികളായിരുന്നവര്‍ക്കും രോഗത്തില്‍ നിന്നും മുക്തി നേടിയവര്‍ക്കും മറ്റ് രോഗികളെ പരിചരിക്കാനുള്ള അവസരം നല്കുന്നു എന്നതാണ്.
പതിമൂന്നാം വയസ്സില്‍ അറുപതുകാരന്‍റെ ഭാര്യയായി വില്ക്കപ്പെട്ട മെഹബൂബ മുഹമ്മദ് ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഒരു കുറ്റിക്കാട്ടില്‍ കുഞ്ഞിനു ജന്മം നല്കുന്നതിനിടയിലാണ് ഫിസ്റ്റുല ബാധിതയാവുന്നത്. ശപിക്കപ്പെട്ടവള്‍ എന്നു കണക്കാക്കി സമൂഹം അവളെ കാട്ടുനായ്ക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രസവത്തെതുടര്‍ന്ന് നാഡീസ്തംഭനം മൂലം കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട മെഹബൂബ ചെന്നായ്ക്കളോട് ജീവനുവേണ്ടി പോരാടി ഇഴഞ്ഞാണ് ഡോ.ഹാംലിന്‍റെ ആശുപത്രിയിലെത്തുന്നത്. അവിടുത്തെ ചികിത്സയെത്തുടര്‍ന്ന് അനാരോഗ്യത്തെ മറികടന്ന അവള്‍ ഇന്ന് ആശുപത്രി നേഴ്സുമാരുടെ സഹായിയാണ്.
രോഗബാധിതയായി എത്തിയ മാമിറ്റര്‍ ഗഷെ എന്ന നിരക്ഷരയായ സ്ത്രീ തന്‍റെ ചികിത്സാ നാളുകളിലും മറ്റ് രോഗികളെ ശുശ്രൂഷിക്കുന്നതില്‍ ഡോക്ടര്‍മാരെ സഹായിക്കുമായിരുന്നു. അവരുടെ മികവ് മനസ്സിലാക്കി ആശുപത്രി അധികൃതര്‍ പ്രോത്സാഹിപ്പിക്കുക വഴി മാമിറ്റര്‍ ഇന്ന് ലോകത്തിലെ മികച്ച ഒരു ഫിസ്റ്റുല ശസ്ത്രക്രിയ വിദഗ്ധയാണ്. ഫിസ്റ്റുല ശുശ്രൂഷയെപ്പറ്റി അറിയാനും പഠിക്കാനുമായി ലോകത്തിന്‍റെ പലഭാഗത്തുനിന്നും എത്തുന്ന പ്രസൂതി വിദഗ്ധന്മാര്‍ക്ക് ഈ പരിചരണക്രമം പഠിപ്പിച്ചുകൊടുക്കുന്നതും മാമിറ്റര്‍ ആണ്.
ആശുപത്രി ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നപ്പോഴും ഗ്രാമീണ സ്ത്രീകളെ സഹായിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍ പിന്മാറിയില്ല. ജമൈക്കയിലെ 85% പ്രസവങ്ങളും ഒരു ഡോക്ടറോ, വേണ്ടത്ര മെഡിക്കല്‍ സംവിധാനങ്ങളോ ഇല്ലാതെയാണ് നടക്കുന്നത്. ഈ തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് ശാസ്ത്രീയമായ പരിശീലനം ലഭിച്ച സ്ത്രീകളെ പ്രസവശുശ്രൂഷയ്ക്കായി ഗ്രാമപ്രദേശങ്ങളിലേക്ക് അയയ്ക്കാന്‍ ഡോ. ഹാംലിന്‍ തീരുമാനിച്ചത്.
മനുഷ്യാവകാശ ദുരന്തം
ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാന്‍ കഴിയാത്തതുമൂലം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രാജ്യങ്ങളില്‍ പ്രത്യുല്‍പ്പാദനം എന്നത് ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. ഫിസ്റ്റുല രോഗബാധിതയായ ഒരു സ്ത്രീ ഒരിക്കല്‍ പറയുകയുണ്ടായി: രോഗബാധയെത്തുടര്‍ന്ന് ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട അവളെ മാതാപിതാക്കള്‍ പോലും തുണച്ചില്ല. പകരം ഗ്രാമത്തിന്‍റെ വിജനപ്രദേശത്ത് അവള്‍ക്കായ് ഒരു കുടില്‍ നിര്‍മ്മിച്ചു നല്കി, അവളില്‍ നിന്നും പുറപ്പെടുന്ന ദുര്‍ഗന്ധം കുടുംബത്തിലുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കും ശല്യമാകാതിരിക്കാന്‍. ഡോ. ഹാംലിനെപ്പറ്റി അറിയുന്നതുവരെ രണ്ട് വര്‍ഷത്തോളം കാര്യമായി ഭക്ഷണം പോലും കഴിക്കാതെയും വീടിനുപുറത്ത് ഇറങ്ങാതെയും അവര്‍ കഴിഞ്ഞുകൂടി. കാരണം എന്ത് കഴിച്ചാലും അവയെല്ലാം അപ്പോള്‍ തന്നെ അവരുടെ ശരീരത്തില്‍ നിന്നും വിസര്‍ജ്ജിക്കപ്പെട്ടിരുന്നു.
500 മുതല്‍ ആയിരം ഡോളര്‍ വരെയാണ് ഫിസ്റ്റുല ശസ്ത്രക്രിയയുടെ ചെലവ്. ഫിസ്റ്റുല ഫൗണ്ടേഷന്‍ ലോകവ്യാപകമായി ചികിത്സാസഹായം നല്കുന്നുണ്ട്. അമേരിക്കയില്‍ ഹാംലിന്‍ ഫിസ്റ്റുല യു.എസ്.എ.യാണ് ധനസഹായം നല്കുന്നത്.
ഈ ലോകത്തില്‍ ഒരു സ്ത്രീക്കു ചെയ്യാവുന്ന ഏറ്റവും വലിയ സാഹസമാണ് ഗര്‍ഭം ധരിക്കുക എന്നത്. കുഞ്ഞിനു ജന്മം നല്കുന്നതിനോടനുബന്ധിച്ച് പ്രതിദിനം 800-ല്‍ അധികം അമ്മമാരാണ് മരിക്കുന്നത്. പ്രസവാനന്തര ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുടെ എണ്ണം അതിലും കൂടുതലാണ്. ഭരണത്തിലിരിക്കുന്നവര്‍ - ലിബറല്‍ ആയാലും കണ്‍സര്‍വേറ്റീവായാലും - അബോര്‍ഷന്‍ നിയമഭേദഗതികള്‍ക്കുമേല്‍ വഴക്കടിക്കുന്നതല്ലാതെ തീരുമാനമൊന്നും എടുക്കുന്നില്ല. പ്രസവം സുരക്ഷിതമാക്കാനുള്ള നടപടികള്‍ക്ക് വേണ്ടത്ര ശ്രദ്ധയോ വിഭവങ്ങളോ ലഭ്യമാകുന്നില്ല.
ആഗോളതലത്തില്‍ ഈ പ്രശ്നം ഉയര്‍ത്തിക്കാട്ടിയത് ഡോ. ഹാംലിന്‍ ആണ്. ആ ശ്രമങ്ങളില്‍ നിന്നും അവര്‍ ഇന്നും വിരമിച്ചിട്ടില്ല. വില്ലന്മാരെയും കുറ്റവാളികളെയും ഒഴിവാക്കി നമുക്ക് ഈ ഡോക്ടറുടെ നന്മയെ ആഘോഷിക്കാം.
കടപ്പാട് : ന്യൂയോര്‍ക്ക് ടൈംസ്
Featured Posts
bottom of page