top of page
2012 ഡിസംബര്‍ 2. ദാരുണമായ ഒരു രക്തസാക്ഷിത്വത്തിന്‍റെ ദിനം. എന്തൊക്കെയോ നിക്ഷിപ്ത താല്‍പര്യങ്ങളുള്ളവരുടെ പ്രേരണയാല്‍ ജനങ്ങള്‍ അനാവശ്യമായി ഭീരുക്കളാകുകയും അക്രമാസക്തരായി ഒരു ജീവിയെ - ഇന്ത്യയുടെ ദേശീയമൃഗമായ കടുവയെ മയക്കുമരുന്ന് നല്‍കി തളര്‍ത്തിയശേഷം വെടിവെച്ചുകൊന്ന ദിനം. മുഴുവന്‍ ജീവവംശങ്ങള്‍ക്കും ജീവനീതിയിലൂന്നി സ്വാതന്ത്ര്യത്തോടെ സമാധാനത്തോടെ, സ്നേഹത്തോടെ ജീവിക്കാന്‍ ഇനിയും ഈ ഭൂമിയില്‍ സാധിക്കേണ്ടതില്ലേ? അല്ല മനുഷ്യനുമാത്രം അവകാശപ്പെട്ടതാണോ ഈ ഭൂമി? ഈ ചോദ്യമാണ് വയനാട്ടില്‍ വെടിവെച്ചിട്ട കടുവയുടെ കണ്ണില്‍നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെയാണ് ഈ കടുവ മനുഷ്യനടക്കമുള്ള മൊത്തം ജീവജാലത്തിനുവേണ്ടി രക്തസാക്ഷിയായി എന്ന് വിശേഷിപ്പിക്കുന്നത്.
ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു കടുവ. ഒപ്പം അപസ്മാരബാധയേറ്റപോലെ ഇളകിയ ഒരു കൂട്ടം മനുഷ്യര്‍. ഇവര്‍ക്കിടയില്‍ 'അരുതേ' എന്ന് വിളിച്ചു പറയുന്ന മറ്റൊരു കൂട്ടം-മനസ്സാക്ഷി നഷ്ടപ്പെടാത്തവര്‍. ഒടുവില്‍ നിസ്സഹായനായ കടുവ വെടിയേറ്റ് വീഴുന്നു. കലിയിറങ്ങാത്തവര്‍ വടിയും കുന്തവുമായി ആ മൃതശരീരത്തെ വീണ്ടും വീണ്ടും ആക്രമിക്കുന്നു. ലോകത്തെങ്ങും സ്വയബോധം നഷ്ടപ്പെട്ടവര്‍ മൃഗങ്ങളുടെ മേല്‍ മാത്രമല്ല മനുഷ്യരുടെമേലും ഹീനമായവിധം ചാടി വീഴുകയാണ്. ധീരരായ രക്തസാക്ഷികളെന്ന് സമൂഹം വിലയിരുത്തുന്ന മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂതര്‍കിംഗ് തുടങ്ങിയവരെ അനശ്വരരാക്കുമ്പോള്‍ത്തന്നെ അവരുടെ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍പോലും തയ്യാറല്ലാത്തവരാണ്. അതുകൊണ്ടാണ് നമുക്ക് രക്തസാക്ഷി മതി അവരുടെ ആദര്‍ശമാവശ്യമില്ലെന്ന് ആധുനിക മനുഷ്യസമൂഹം തീരുമാനിച്ചത്. അതുകൊണ്ടാണ് കവലകള്‍തോറും രക്തസാക്ഷിമണ്ഡപങ്ങള്‍ ഉയരുന്നത്. സ്വാര്‍ത്ഥത്തിനുവേണ്ടി എതിരാളിയെ വകവരുത്തുന്നവര്‍ ചാവേറായാലും രക്തസാക്ഷി പട്ടികയില്‍ വരുന്നത് ആധുനിക രാഷ്ട്രീയ അപചയം മാത്രം.
കടുവ എന്ന രക്തസാക്ഷി
നവംബര്‍ മാസത്തിന്‍റെ പകുതിയായപ്പോഴാണ് വയനാട്ടിലെ തിരുനെല്ലിക്കടുത്ത അപ്പപ്പാറയില്‍ മനുഷ്യവാസമുള്ളിടത്തേക്ക് ഒരു കടുവ ഇറങ്ങി പശുക്കളെ കൊന്നത്. ഏതാനും ദിവസങ്ങള്‍ക്കകം അതിനെ കെണിവെച്ച് പിടിക്കുകയും ദൂരെ കാടിന്‍റെ മറ്റൊരു മൂലയില്‍കൊണ്ടുപോയി വിടുകയും ചെയ്തു. മറ്റൊരു കടുവയുടെ അധീശശക്തിയിടത്തേക്ക് വിട്ട പുതിയ കടുവയ്ക്ക് പഴയതുമായി മല്ലിടാനും ആഹാരം തേടാനും കഴിയാതെ 13 ദിവസത്തോളം അലഞ്ഞുനടക്കേണ്ടിവന്നു. ആഹാരമില്ല. വെള്ളമില്ല, ഒളിത്താവളമില്ല. നിറഞ്ഞ പട്ടിണി. മൂന്ന് ദിവസം കൂടുമ്പോള്‍ ശരാശരി ഇരുപത് കിലോ ആഹാരം വേണ്ട ഒരു ജീവി വിശന്നുവലഞ്ഞ് നായ്ക്കട്ടിയിലും മൂലങ്കാവിലും ഒക്കെയെത്തുന്നു. മോണയ്ക്ക് പരിക്കുപറ്റിയതിനാലും ആരോഗ്യം ക്ഷയിച്ച് ക്ഷീണിച്ചതിനാലും കാടിനോട് ചേര്‍ന്ന് ജനവാസകേന്ദ്രങ്ങളിലെ വളര്‍ത്തുമൃഗങ്ങളെ ഭക്ഷണമാക്കാന്‍ അത് കിണഞ്ഞു ശ്രമിച്ചിരുന്നു. കടിച്ചു കൊല്ലാനല്ലാതെ ഒരു തുണ്ട് മാംസംപോലും അതിന് കഴിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ കടുവ പിടിച്ച കന്നുകാലികളെ പ്രദര്‍ശിപ്പിച്ച് ഊട്ടി-മൈസൂര്‍ റോഡ് ഉപരോധിച്ചു. ഗതാഗത തടസ്സം നേരിട്ട അയ്യപ്പഭക്തന്മാരടക്കം അയ്യപ്പന്‍റെ വാഹനമായ കടുവയെ ഒരു നിമിഷം ശപിച്ചു. സ്വാര്‍ത്ഥതാല്പര്യങ്ങളുള്ളവര്‍ വീടുവീടാന്തരം കയറി നോട്ടീസ് നല്‍കി കാട്ടിലേക്കിറങ്ങാന്‍ പ്രേരണ നല്‍കി. വയനാട് കടുവസങ്കേതമാക്കുന്നു എന്ന വാര്‍ത്തയ്ക്ക് വ്യാപകപ്രചരണം നല്‍കി. പശ്ചിമഘട്ടത്തിലെ 44420 ഹെക്ടര്‍ വനം കയ്യേറ്റക്കാരില്‍നിന്ന് സമയബന്ധിതമായി തിരിച്ചുപിടിക്കണമെന്ന കേന്ദ്രറിപ്പോര്‍ട്ടും ഈ കടുവപ്പേടിക്കിടയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. മാധവ ഗാഡ്ഗില്‍ കമ്മറ്റിറിപ്പോര്‍ട്ട് പഠനത്തിനും ചര്‍ച്ചക്കും വിഷയമാക്കാതെതന്നെ പൂര്‍ണ്ണമായും തള്ളിക്കളയണമെന്ന പ്രചരണം ജനങ്ങള്‍ക്കിടയില്‍ ഇക്കാലത്തുതന്നെ വ്യത്യസ്ത ഇടങ്ങളില്‍നിന്ന് വ്യാപകമായി. വയനാട്ടിലെ വന്യമൃഗസങ്കേതങ്ങളിലെ റോഡുകളിലൂടെയുള്ള രാത്രികാല യാത്രാനിരോധം ചിലരിലുണ്ടാക്കിയ വിഷമങ്ങളും ഒക്കെ ചേര്‍ന്നപ്പോള്‍ ഒരു പൂച്ച ഇറങ്ങിയാല്‍പ്പോലും ജനങ്ങള്‍ ഭയചകിതരാകുന്ന അവസ്ഥ വയനാട്ടിലുണ്ടായി.
പത്രങ്ങളുടെ തലക്കെട്ടുകള്‍ ശ്രദ്ധിക്കുക.
"നാട്ടില്‍ കടുവ ഇറങ്ങി കന്നുകാലികളെ പിടിച്ചു"
"കടുവപ്പേടിയില്‍ വിറങ്ങലിച്ച് വയനാടന്‍ ഗ്രാമങ്ങള്‍"
"മനുഷ്യജീവനു ഭീഷണിയായി കടുവയുടെ വിളയാട്ടം"
'കടുവവേട്ട' ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചചെയ്തു. ജനക്കൂട്ടങ്ങളെ സാക്ഷിനിര്‍ത്തി കടുവയെ വെടിവെച്ചുകൊല്ലുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. കടുവയെ വെടിവെക്കില്ലെന്ന് വനം മന്ത്രി പറഞ്ഞെങ്കിലും വാക്കു പാലിക്കാനദ്ദേഹത്തിനായില്ല.
വയനാടും കടുവയും
നീലഗിരിക്ക് ചുറ്റുമുള്ള അന്തര്‍സംസ്ഥാന വനശ്രേണിയില്‍ കടുവകള്‍ക്ക് ജീവിക്കാന്‍ കഴിയുന്നത് 344 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രമാണ്. ഇവിടെ കാടുതന്നെ പരസ്പരം ബന്ധമില്ലാതെ മുറിഞ്ഞ് രണ്ട് തുണ്ടങ്ങളായി കിടക്കുന്നു. ഉള്ള കാടുതന്നെ വര്‍ഷംതോറും കത്തിക്ഷയിച്ചവയുമാണ്. കാട് എന്നു പറയുന്നതില്‍ നല്ലൊരുഭാഗം അടിക്കാടും ഇടക്കാടുമില്ലാത്ത തേക്കിന്‍തോട്ടങ്ങളും യൂക്കാലിപ്റ്റസ് തോട്ടങ്ങളുമാണ്. മരങ്ങള്‍ മാറി സൂര്യപ്രകാശം കിട്ടുന്നിടത്തൊക്കെ അരിപ്പൂച്ചെടിയും മറ്റു കളസസ്യങ്ങളും വ്യാപിക്കുകയാണ്. സ്വാഭാവികമായുണ്ടായ കാട്ടു വയലുകളും നീര്‍ത്തടങ്ങളും വരണ്ട് പോയിരിക്കുന്നു. വേനല്‍ക്കാലത്ത് വരണ്ട ബന്ദിപൂര്‍ മുതുമലൈ വന്യമൃഗസങ്കേതങ്ങളില്‍നിന്ന് വയനാട്ടിലെത്തുന്ന മൃഗങ്ങള്‍ക്ക് ഒരു തുള്ളി വെള്ളമോ ആഹാരമോ ഇല്ല. മുത്തങ്ങയാണെങ്കില്‍ ടൂറിസത്തിന് തുറന്നിട്ടിരിക്കയാണ്. പത്ത് വര്‍ഷംമുന്‍പ് നടന്ന ആദിവാസി ഭൂസമരം മനുഷ്യക്കുരുതിയിലാണ് അവസാനിച്ചത്. ഈ കുരുതിയും മുത്തങ്ങ ടൂറിസവും കൂട്ടിച്ചേര്‍ത്തുള്ള വായന കടുവയുടെ രക്തസാക്ഷിത്ത കഥയോളം നീളും.
ദേശാടനത്തിനെത്തുന്ന മൃഗങ്ങള്‍ വെള്ളത്തിനായി ഒരു നിയോഗംപോലെ നൂല്‍പ്പുഴയിലെത്തും. നൂല്‍പ്പുഴയില്‍ ഒരു തുള്ളിവെള്ളമില്ല. തുടര്‍ന്ന് അവയുടെ യാത്ര കബനിയിലേക്ക് നീളും. കബനിയും വറ്റുന്നു. ആനയും കടുവയും നാട്ടിലേക്കിറങ്ങിയാല്‍ പ്രക്ഷുബ്ധരാകുന്നജനമെന്തേ പുഴവറ്റുമ്പോള്‍ രോഷം പ്രകടിപ്പിക്കുന്നില്ല? വായുവിലും കുടിവെള്ളത്തിലും ആഹാരത്തിലും കീടനാശിനി വര്‍ഷിച്ച് ജനിതക വൈകല്യം വരുത്തിയ ഒരു ജനതതിയെ സൃഷ്ടിച്ച കൃഷിവകുപ്പിനെതിരെ ഒരു രോഷപ്രകടനവും കാണുന്നില്ലല്ലോ? അങ്ങിനെ നോക്കിയാല്‍ ഏത് സര്‍ക്കാര്‍ വകുപ്പാണ് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടുക. ഒരു നേരത്തെ ഭക്ഷണത്തിന് ഗതിയില്ലാത്ത നാട്ടില്‍ അരിയടക്കം കത്തിച്ചു കളയുമ്പോള്‍ എന്തേ ജനത്തിന് രക്തം തിളക്കുന്നില്ല? ഉത്തരം ഇത്രയേയുള്ളൂ. കാട് കയ്യേറാനുള്ളതാണ്. വെട്ടിച്ചുടാനുള്ളതാണ്. പട്ടയം കിട്ടാനുള്ളതാണ്. ഇത്തരം ചിന്തകള്‍ വളമിട്ട് വിളയിക്കാന്‍ ഇവിടെ സ്വാധീനവും അധികാരവും ഉള്ളവരുണ്ടുതാനും. വയനാട് കടുവസങ്കേതമായാല്‍ വീടിന് പച്ചച്ചായമടിക്കണമെന്നും രാത്രി വിളക്കണക്കണമെന്നും ഉച്ചത്തില്‍ സംസാരിക്കാന്‍ പറ്റില്ലെന്നും ഒക്കെ നടത്തിയ പ്രചരണത്തിന്‍റെ അന്തര്‍നാടകത്തിലെ വില്ലന്‍മാരുടെ ലക്ഷ്യം തിരിച്ചറിയേണ്ടതുണ്ട്.
വയനാടന്‍ മനസ്സ്
വയനാടിന്‍റെ സ്വത്വഗുണമുള്ള ജനത അവിടുത്തെ ആദിമവര്‍ഗ്ഗക്കാരാണ്. അവരുടെ മനസ്സാക്ഷി കടുവക്കൊപ്പമായിരുന്നു എന്നും. കന്നിമാസത്തിലെ മകം നെല്ലിന്‍റെ പിറന്നാളായി ആഘോഷിക്കുന്നവരാണ് വയലിന്‍റെ നാട്ടിലെ ആദിവാസികള്‍. അന്ന് നെല്‍ക്കതിര്‍ അകത്ത് കയറ്റുന്നതിന് മുന്‍പായി അരിമാവ് കൊണ്ട് കോലങ്ങള്‍ വരക്കും. അത്തരം കോലങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകളും വരക്കാറുണ്ട്. കാട്ടില്‍നിന്ന്, തന്‍റെ വീട്ടുമുറ്റത്ത് ഇറങ്ങിവന്ന് സര്‍വ്വ ഐശ്വര്യവും വിതച്ച് ഇറങ്ങിപ്പോകുന്ന ഒരു കടുവയുടെ കാല്പാട്. അതിമഹത്തായ ഒരു ദര്‍ശനമാണ് ഈ കാല്‍പ്പാട് പിന്‍തലമുറകളിലേക്ക് പകരുന്നത്.
ഈ രക്തസാക്ഷി നല്‍കുന്ന പാഠങ്ങള്‍
മനുഷ്യനെയും പ്രകൃതിയെയും വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ആരാധനയുടെയും പേരില്‍ കൂട്ടിയോജിപ്പിച്ചിരുന്ന നൂലുകളെല്ലാം ഈ സ്വാര്‍ത്ഥ യാന്ത്രിക ലോകത്തില്‍ അറ്റുപോകുകയാണ്. നമ്മുടെ രാജ്യത്തിന്‍റെ സ്വാഭാവിക പൈതൃകമായ കടുവ ആവാസസ്ഥാനങ്ങള്‍ ശുഷ്കിച്ചതുകൊണ്ടും വേട്ടയാടല്‍കൊണ്ടും മറ്റെന്തൊക്കെയോ കാരണങ്ങളാല്‍ വംശനാശത്തെ നേരിടുകയാണ്. വയനാടടക്കമുള്ള കാടുകളുടെ പുനരുജ്ജീവനത്തിന് നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും? മുഖത്ത് മുറിപ്പാടും പുറത്ത് മയക്കുമരുന്ന് പാടുകളും വെടിയുണ്ടയുമേറ്റ് ചേതനയറ്റ കടുവ പറമ്പിക്കുളത്തെ മ്യൂസിയത്തില്‍നിന്ന് പളുങ്ക് കണ്ണുകളിലൂടെ നമ്മെ തുറിച്ചുനോക്കിക്കൊണ്ട് ചോദിക്കുന്ന ചോദ്യമാണത്. ഉത്തരമില്ലെങ്കില്‍ ദുരന്തം പല രീതിയിലായിരിക്കും ആവര്‍ത്തിക്കുക.
Featured Posts
bottom of page