

മോറി ഷ്വാര്‍ട്സ് 1995 നവംബര്‍ 4-ാം തീയതി മരിച്ചു. അമിനോട്രോഫിക് ലാറ്റെറല്‍ സ്ക്ലെരോസിഡ് (ALS) എന്ന ശാസ്ത്രനാമമുള്ള അപൂര്‍വ്വ രോഗമായിരുന്നു കാരണം. മരണത്തില്‍ നിന്നുവേണം മോറി ഷ്വാര്‍ട്സ് എന്ന മനുഷ്യന്‍റെ ജീവിത സന്ദേശം വായിച്ചു തുടങ്ങാന്‍, എന്തെന്നാല്‍ മരണത്തിന്‍റെ പൂമുഖത്തിരുന്നുകൊണ്ടാണ് അദ്ദേഹം തന്‍റെ ശിഷ്യനായ മിച് ആല്‍ബോമിന് ജീവിത പാഠങ്ങള്‍ പകര്‍ന്നു കൊടുത്തത്. ലോകമെമ്പാടും വമ്പിച്ച പ്രചാരണം നേടിയ "റ്റ്യൂസ്ഡേയയ്സ് വിത് മോറി" എന്ന ചെറിയ പുസ്തകത്തിന്‍റെ ഉള്ളടക്കം ഇതാണ്.
റഷ്യയില്‍ നിന്ന് യഹൂദ വിദ്വേഷത്തിന്‍റെ ഇരയായി അമേരിക്കയില്‍ അഭയം തേടിയ ചാര്‍ളി എന്ന തൊഴിലാളിയുടെ മകനായിരുന്നു മോറി. ബാല്യത്തില്‍തന്നെ അനുഭവിച്ച ദാരിദ്ര്യവും അനാഥത്വവും മോറിയുടെ ജീവിത വീക്ഷണത്തിന്‍റെ അടിത്തറയായി. രണ്ടാനമ്മയുടെ സ്നേഹവും പ്രോത്സാഹനവും കഠിനാദ്ധ്വാനത്തിലൂടെ പഠിച്ചുയരാനുള്ള പ്രേരണയായി. മാസ്സച്യുസെറ്റ്സിലെ ബ്രാന്‍ഡെയ്സ് യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജി പ്രൊഫസറായി. 1970 കളുകളില്‍ അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിയായിരുന്നു മിച് ആല്‍ബോം. തന്‍റെ വിദ്യാര്‍ത്ഥികളുമായി ഊഷ്മളമായ സ്നേഹബന്ധം നിലനിര്‍ത്തിയിരുന്ന പ്രൊഫസര്‍ മോറിയെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു.
വിദ്യാര്‍ത്ഥി കാലഘട്ടിത്തിനുശേഷം ഇരുപതു വര്‍ഷത്തോളം മിച് മോറിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. സംഗീതജ്ഞനാകാന്‍ ശ്രമിച്ച് വലിയ വിജയമൊന്നും കാണാതെ ഒടുവില്‍ ഒരു പത്രസ്ഥാപനത്തില്‍ സ്പോര്‍ട്സ് റിപ്പോര്‍ട്ടറായി. ജീവിത വ്യഗ്രതകളുടെ നടുവില്‍ ഒരിക്കല്‍ ആദര്‍ശവാനും സ്നേഹസമ്പന്നുമായിരുന്ന മിച് മറ്റൊരു മനുഷ്യനായി മാറിയിരുന്നു. കരുണയില്ലാത്ത ജീവിതമത്സരഗോദയിലെ ഹൃദയം നഷ്ടപ്പെട്ട മറ്റൊരു പോരാളി.
ഈയവസ്ഥയിലാണ് ആകസ്മികമായി ഒരു ദിവസം ടി വി ചാനലുകള്‍ മാറുന്നതിനിടയില്‍ തന്‍റെ പഴയ പ്രൊഫസറുടെ മുഖം മിച് കണ്ടത്. റ്റെഡ് കോപ്പല്‍ എന്ന ടി. വി. അവതാകരകന്‍റെ 'നൈറ്റ് ലൈന്‍' എന്ന പരിപാടിയില്‍ മോറിയുമായി ഒരു ഇന്‍റര്‍വ്യൂ. ശരീരത്തിലെ മാംസപേശികള്‍ ദുര്‍ബലമായി, പടിപടിയായി മരണത്തിലേയ്ക്കു നീങ്ങുന്ന പ്രൊഫസര ് മോറിക്ക് ലോകത്തോടു ചിലതെല്ലാം പറയാനുണ്ട്. അതുകേട്ടപ്പോള്‍ മിച്ചിന് വീണ്ടും തന്‍റെ പഴയ പ്രൊഫസറെ കാണുവാന്‍ മോഹമുണ്ടായി. അങ്ങനെ മിച് മാസ്സച്യു സെറ്റ്സിലേയ്ക്കു തിരിച്ചു.
