top of page
പുതുമയെ തന്‍റെ സിനിമകളുടെ നിര്‍മ്മാണ തത്വമായി കാണുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 'നായകന്‍' മുതല്‍ 'അങ്കമാലി ഡയറീസ്' വരെയുള്ള ഓരോ സിനിമയിലും തന്നെത്തന്നെ അനുകരിക്കാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട് ഇദ്ദേഹം. ലിജോയുടെ ഓരോ സിനിമയും വ്യത്യസ്ത ദൃശ്യാനുഭവങ്ങളാണ്. അതുകൊണ്ടു തന്നെയാണ് സിനിമാ വ്യവസായത്തിന്‍റെ കമ്പോള യുക്തികളെ ധീരമായി വെല്ലുവിളിക്കാന്‍ ഇദ്ദേഹത്തിന് സാധിക്കുന്നത്. സവിശേഷമായ ആഖ്യാനരീതി കൊണ്ടും സിനിമ എന്ന സാങ്കേതിക മാധ്യമത്തിന്‍റെ സൂക്ഷ്മമായ പ്രയോഗം കൊണ്ടും മലയാളത്തിലെ സമകാലിക സംവിധായകരില്‍ സ്വന്തം ഇടം അദ്ദേഹം ഇതിനോടകം തന്നെ ഉറപ്പിച്ചു കഴിഞ്ഞു. സാങ്കേതികത എന്നത് ലിജോ ജോസ് സിനിമകളില്‍ ആര്‍ഭാടമല്ല മറിച്ച് ആഖ്യാനത്തിന്‍റെ അവിഭാജ്യഘടകമാണ്.
പേരു സൂചിപ്പിക്കുന്നതുപോലെ ഒരു പ്രദേശത്തിന്‍റെ ഡയറിക്കുറിപ്പുകളാണ് 'അങ്കമാലി ഡയറീസ്.' അങ്കമാലി എന്ന സ്ഥലത്തേയും അവിടുത്തെ വിനിമയങ്ങള്‍ രൂപപ്പെടുത്തുന്ന അങ്കമാലി എന്ന ഇടത്തേയും സിനിമ സൂക്ഷ്മതയോടെ അവതരിപ്പിക്കുന്നു. 'സ്ഥലം' എന്നത് ഒരു ഭൗതിക പ്രത്യക്ഷമാകുമ്പോള്‍ 'ഇടം' ഒരു സാംസ്കാരിക നിര്‍മ്മിതിയാകുന്നു.
ഈ ഇടത്തിന്‍റെ ആഖ്യാനമാണ് സിനിമ. സിനിമയിലെ പ്രാദേശികതയെ ഇവിടെ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. സവിശേഷമായ ഒരു ചരിത്ര സന്ദര്‍ഭത്തിന്‍റെ നിര്‍മ്മിതിയാണ് അത്. ആഗോളവല്‍ക്കരണത്തിന്‍റെ മാനക യുക്തികള്‍ പ്രാദേശിക ഭേദങ്ങളെ പലപ്പോഴും തിരസ്കരിക്കുന്നു. ഇതിനെതിരായ ചെറുത്തു നില്‍പ്പുകള്‍ സമീപകാലത്ത് സജീവമായിട്ടുണ്ട്. ഗ്ലോബലൈസേഷനു ശേഷമുള്ള ഗ്ലോക്കലൈസേഷന്‍റെ കാലത്താണ് അങ്കമാലിയിലെ പ്രാദേശിക ആഖ്യാനം വിഷയമാകുന്നത്.
വിന്‍സെന്‍റ് പെപ്പെ എന്ന മുഖ്യ കഥാപാത്രത്തിന്‍റെ ജീവിതത്തിലൂടെയാണ് ഈ ചലച്ചിത്രത്തിന്‍റെ ആഖ്യാനം വികാസം പ്രാപിക്കുന്നത്. പെപ്പെ അങ്കമാലിയിലെ ഒരു ഇടത്തരം കുടുംബത്തിലെ അംഗമാണ്, പ്രാദേശികമായ അനുഭവ പരിസരങ്ങളുടെ സ്വാധീനഫലമായി അയാളില്‍ ഒരു സാധാരണക്കാരനായ അങ്കമാലിക്കാരന്‍ രൂപം കൊള്ളുന്നു. അയാള്‍ അങ്കമാലി എന്ന 'ഇട'ത്തിന്‍റെ ഉത്പന്നമാണ്. ബാല്യകൗമാരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പെപ്പെ അനുഭവിക്കുന്ന വിവിധ അനുഭൂതികളും അനുഭവങ്ങളുമാണ് അയാളിലെ സ്വത്വരൂപീകരണം സാധ്യമാക്കുന്നത്. തികച്ചും പ്രാദേശികമായ അനുഭവങ്ങളുടെ സ്വാധീനത്തിന്‍ കീഴില്‍ നിന്നും പുതിയ ഒരു ഇടത്തിലേക്കുള്ള പെപ്പെയുടെ പലായനത്തെ ഈ ചിത്രം അവതരിപ്പിക്കുന്നുണ്ട്. നാടന്‍ രുചികളും നാട്ടിലെ ചട്ടമ്പിമാരായ ചേട്ടന്മാരുടെ കായിക ബലത്തിലൂടെയുള്ള അധികാര നിര്‍മ്മിതിയും, പെരുന്നാളുകളും സിനിമയും ഒക്കെ കണ്ടും കേട്ടും അനുഭവിച്ചും വളരുന്ന പെപ്പെ യൗവനത്തിലേക്ക് പ്രവേശിക്കുന്നതോടെ തന്‍റെ മനസ്സില്‍ രൂപം കൊണ്ട ചില നാട്ടു പുരുഷന്മാരെ അനുകരിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയിലും പ്രണയാനുഭൂതികളിലൂടെ കടന്നുപോകുന്ന പെപ്പെയില്‍ ഒരു കാല്പനികനായ അപരനെയും കണ്ടെത്താം. എന്നാല്‍ തന്‍റെ ആദ്യ പ്രണയം പെപ്പെയ്ക്ക് നഷ്ടമാകുന്നു.
പിന്നീട് അയാള്‍ വിദ്യാസമ്പന്നയായ മറ്റൊരുവളുമായി പ്രണയത്തിലാകുന്നുണ്ടെങ്കിലും, അപ്രതീക്ഷിതമായി ഒരു കൊലക്കുറ്റത്തില്‍ പെട്ട പെപ്പെ, ആ കേസില്‍ നിന്നും രക്ഷപെടാന്‍ കൊലചെയ്യപ്പെട്ട ആളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുവാന്‍ നിര്‍ബന്ധിതനാകുന്നു. അതിനുള്ള പണം കണ്ടെത്താന്‍ പെപ്പെയും കൂട്ടരും ആദ്യം തെരഞ്ഞെടുത്തത് അധാര്‍മ്മികമായ ചില മാര്‍ഗ്ഗങ്ങളായിരുന്നു. ഈ സന്ദര്‍ഭത്തില്‍ പ്രണയത്തിന്‍റെ കാല്പനികഭാവം അദ്ദേഹത്തിന്‍റെ വഴികളുമായി ചേര്‍ന്നു പോകുന്നതല്ലെന്ന് തിരിച്ചറിയുന്ന പെപ്പെ തന്‍റെ രണ്ടാം പ്രണയവും ബോധപൂര്‍വ്വം പൊട്ടിച്ചെറിയുന്നു. തന്‍റെ മനസ്സിലെ ധീരതയുടെ ആള്‍രൂപത്തെ കൊന്ന രവി എന്ന ആളുമായും പെപ്പെയും സംഘവും പല തവണ കൊമ്പു കോര്‍ക്കുന്നുണ്ട്. എന്നാല്‍ ഉപജീവനമാര്‍ഗ്ഗം എന്ന നിലയില്‍ പന്നിക്കച്ചവടം തുടങ്ങുന്നതോടെ രവിയുമായി സൗഹൃദം സ്ഥാപിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നു. വഴക്കടിച്ചും കൂട്ടുകൂടിയും മുന്നേറുന്ന ഒരു ഗ്രാമീണ മനഃശാസ്ത്രം ഈ സിനിമയില്‍ കണ്ടെത്താം. ഈ സൗഹൃദത്തിനു പിന്നില്‍ ഒരു 'കച്ചവട'യുക്തിയും ഉണ്ട്. ലാഭത്തിന്‍റെ ഗ്രാഫിലുള്ള വ്യതിചലനങ്ങളാണ് ഈ സൗഹൃദത്തിന്‍റെ ദൈര്‍ഘ്യത്തെ നിയന്ത്രിക്കുന്ന ഘടകം. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ആദിമ തത്വശാസ്ത്രം ഇവിടെയും കടന്നുവരുന്നു. പെപ്പെയുടെ ജീവിതത്തിലേക്ക് ഒടുവില്‍ കടന്നു വരുന്ന ലില്ലി എന്ന സ്ത്രീ അയാളുടെ വഴിത്തിരിവിന് കൂടി കാരണക്കാരിയാകുന്നു. ഗ്രാമീണ ജീവിതത്തിന്‍റെ കച്ചവടയുക്തികളില്‍ കുടുങ്ങിയുള്ള ജീവിതം പെപ്പെയില്‍ തീര്‍ക്കുന്ന അന്തര്‍സംഘര്‍ഷങ്ങളാണ് ഒരു പുതുവഴി വെട്ടിത്തെളിക്കുവാന്‍ അയാളെ പ്രേരിപ്പിക്കുന്നത്. സിനിമയുടെ അവസാനത്തില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന പെപ്പെയുടെ ദൃശ്യം അയാളുടെ പുതു ജീവിതത്തിന്‍റെ ശുഭസൂചനയാണ് പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കുന്നത്. ക്രെയിനിലിരുന്ന് ജോലി ചെയ്യുന്ന പെപ്പെയുടെ ആകാശ ദൃശ്യം അയാളുടെ മനോഘടനയില്‍ തന്നെ സംഭവിച്ച മാറ്റത്തിന്‍റെ സൂചനയായി കാണാം.
ധാര്‍മ്മികതയെയും അതിനെ സംബന്ധിക്കുന്ന അതിര്‍വരമ്പുകളെയും കുറിച്ചുള്ള സമൂത്തിന്‍റെ പതിവു ധാരണകള്‍ക്കു മേലുള്ള ഒരു ചുറ്റിക പ്രയോഗമായി ഈ സിനിമ മാറുന്നു. നമുക്ക് അപരിചിതമായ ജീവിതത്തെ വെറും കെട്ടുകഥകളായി മാത്രം കാണേണ്ടതില്ലെന്ന വസ്തുതയെ ഈ സിനിമ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വൈവിധ്യങ്ങള്‍ സൗന്ദര്യത്തിന്‍റെ മാനദണ്ഡങ്ങളിലൊന്നാണ്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മനസ്സിനെ സജ്ജീകരിക്കുമ്പോള്‍ മാത്രമേ 'അങ്കമാലി ഡയറീസ്' മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാനാവൂ.
നന്മ, തിന്മ തുടങ്ങിയ സങ്കല്പങ്ങളുടെ ദാര്‍ശനികമായ വിശകലനത്തിന് ഈ സിനിമ പ്രേരണ നല്‍കുന്നുണ്ട്, മറ്റൊരര്‍ത്ഥത്തില്‍ പരിഷ്കൃതം, അപരിഷ്കൃതം എന്ന ധാരണകളെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകളെ നവീകരിക്കാന്‍ കൂടിയുള്ള പ്രേരണ ഈ സിനിമ നല്‍കുന്നു. കേരളം വൈവിധ്യങ്ങളുടെ നാടാണ്, വിവിധ വിശ്വാസങ്ങളും സങ്കല്പങ്ങളും ആഘോഷങ്ങളും രുചിഭേദങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും കൂടിച്ചേരുന്ന ഈ നാടിന്‍റെ വൈവിധ്യങ്ങള്‍ക്കിടയില്‍ നിന്നും ചീന്തിയെടുത്ത ഒരു അടരു മാത്രമാണ് അങ്കമാലി ഡയറീസ്. ആഗോളവല്‍ക്കരണത്തിന്‍റെ കാലത്ത്, അതു സൃഷ്ടിക്കുന്ന പുതിയ അറിവുകളെയും അനുഭൂതികളെയും മറികടന്ന് പ്രാദേശികതയുടെ തനിമയേയും അതിന്‍റെ സമ്പന്നമായ വൈവിധ്യങ്ങളെയും ഖനനം ചെയ്ത് സൂക്ഷിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഈ സിനിമയിലൂടെ ചെയ്തത്. പ്രാദേശികതയിലൂന്നിയ അറിവിടങ്ങള്‍ നമുക്ക് കൈമോശം വന്നുപോകുന്നു. ഓരോ നാടിനെയും സൂചിപ്പിക്കുന്ന അടയാളവാക്യങ്ങളും ബിംബങ്ങളും പുത്തന്‍ കാലത്ത് മറയ്ക്കപ്പെട്ടു പോകുമ്പോള്‍ നഷ്ടമാകുന്ന ഇടത്തെ വീണ്ടെടുക്കാനും, ഓര്‍ത്തെടുക്കാനും ഉള്ള ശ്രമമാണ് ഈ സിനിമാ സംരംഭം.
'മറവി' എന്ന സാമൂഹ്യശാപത്തെ മറികടക്കാനുള്ള ഉപാധിയായി സിനിമ മാറേണ്ടതിന്‍റെ പ്രസക്തി അങ്കമാലി ഡയറീസ് അവതരിപ്പിക്കുന്നുണ്ട്. മുഖ്യധാരയില്‍ ഇടം ലഭിക്കാതെ പോയിട്ടുള്ള ഒത്തിരി സാംസ്കാരിക വൈവിധ്യങ്ങള്‍ ഇനിയും ഉണ്ടെന്നും അതിനാല്‍ കലയുടെയും സംസ്കാരത്തിന്‍റെയും രുചിയുടെയും ഒരു സമാന്തര പാത അഭ്രപാളികളിലൂടെ അവതരിപ്പിക്കപ്പടേണ്ടതിന്‍റെ പ്രാധാന്യത്തെയും വളരെ ഗൗരവത്തോടെ സിനിമ ലോകം പരിഗണിക്കേണ്ടതുണ്ടെന്നും, ഒരു സമാന്തര ചരിത്രരേഖയായി സിനിമ എന്ന കലാരൂപത്തിന് മാറുവാന്‍ കഴിയുമെന്നും അങ്കമാലി ഡയറീസ് ഓര്‍മ്മപ്പെടുത്തുന്നു.
ഈ ചിത്രത്തിലുപയോഗിച്ചിരിക്കുന്ന പാട്ടുകള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നവയാണ്. ഇത്രയേറെ പുതുമുഖങ്ങളെ വച്ചുകൊണ്ടുള്ള സാഹസികമായ ഈ സിനിമാ പ്രവര്‍ത്തനം മലയാള സിനിമയുടെ വരുംകാലത്തെക്കുറിച്ചുള്ള ശുഭ സൂചനകൂടിയാണ്. നിലനില്‍ക്കുന്ന സിനിമ സങ്കല്പങ്ങളെയും താര സങ്കല്പങ്ങളെയും അടിമുടി ഉടച്ചു വാര്‍ക്കുന്നുണ്ട് ഈ സിനിമ. വാണിജ്യ സിനിമയായിരിക്കുമ്പോള്‍ തന്നെ എപ്രകാരം ഒരു സിനിമയ്ക്ക് സാംസ്കാരികമായും കലാപരമായും കുലീനത്വം കാത്തു സൂക്ഷിക്കാനാകുമെന്നു സിനിമയെ സംബന്ധിക്കുന്ന പുതിയ തത്വശാസ്ത്രത്തെ കൂടിയാണ് ഈ ചിത്രത്തിലൂടെ ലിജോ അവതരിപ്പിക്കുന്നത്.
ഓരോ കഥാപാത്രങ്ങള്‍ക്കും പൂര്‍ണ്ണത നല്‍കുന്നതില്‍ സംവിധായകന്‍ പുലര്‍ത്തിയിരിക്കുന്ന ശ്രദ്ധ അഭിനന്ദനാര്‍ഹമാണ്. ഏറെ സിനിമകളിലൂടെ സുപരിചിതനായ ചെമ്പന്‍ വിനോദാണ് ഈ ചിത്രത്തിന്‍റെ തരിക്കഥ ഒരുക്കിയിരിക്കുന്നത്. മലയാള ചലച്ചിത്ര ചരിത്രത്തില്‍ സവിശേഷമായ ഒരിടം 'അങ്കമാലി ഡയറീ'സിനും ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. സമാന്തരമായ ജീവിതാനുഭവങ്ങളെയും സാംസ്കാരിക ഭൂമിശാസ്ത്രത്തെയും ഇടങ്ങളെയും വിവിധ അനുഭൂതി മണ്ഡലങ്ങളെയും അടയാളപ്പെടുത്തുന്നു.
ചിത്രങ്ങള്‍ കാലഘട്ടത്തിന്‍റെ ആവശ്യം കൂടിയാണ്. ഇത്തരം സിനിമകള്‍ സാംസ്കാരിക ചരിത്ര രചനയുടെ ദൗത്യം കൂടിയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് നിസ്സംശയം പറയാം.
Featured Posts
bottom of page