top of page

പരദേശിയായ ഒരു ദൈവപുത്രന്‍

Dec 5, 2021

2 min read

മജ

shepherds came to see the new born baby Jesus

ക്രിസ്തുമസ് സീസണ്‍ പൊതുവേ ലോകമെമ്പാടും സന്തോഷത്തിന്‍റെ സമയമാണ്. ക്രിസ്തുമസ് മരവും ക്രിസ്തുമസ് നക്ഷത്രവും പാട്ടും ആരാധനകളുമൊക്കെ ഈ സന്തോഷത്തിന്‍റെ വ്യാഖ്യാനഭേദങ്ങളാണ്. പക്ഷേ, കഴിഞ്ഞ ക്രിസ്തുമസും ഈ ക്രിസ്തുമസുമൊക്കെ രോഗത്തിന്‍റെയും ദുരിതത്തിന്‍റെയും  മരണങ്ങളുടെയും കാലത്തോട് ലോകജനത ഇടപെട്ടുകൊണ്ടിരുന്ന/ ഇടപെട്ടുകൊണ്ടിരിക്കുന്ന അനുഭവങ്ങളെയാണ് മുന്നോട്ടുവയ്ക്കുന്നത്. വ്യാധിയുടെ പിടിയില്‍നിന്നു ജനത പിടഞ്ഞെണീക്കുന്ന ദൃശ്യം ഇന്നു കാണാന്‍ സാധിക്കും. അതിജീവനത്തിന്‍റെയും ആത്മവിശ്വാസം വീണ്ടെടുക്കലിന്‍റെയും ഇക്കാലത്തു കേരളം പ്രകൃതിദുരന്തങ്ങളുടെ പിടിയിലുമാണ്. വെള്ളപ്പൊക്കവും മരണവും നഷ്ടങ്ങളുമൊക്കെക്കൂടി കണ്ണീരിന്‍റെ തോരാമഴക്കാലത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.

ദുരിതാശ്വാസക്യാമ്പുകളില്‍ അഭയാര്‍ത്ഥികളെപ്പോലെ ജീവിക്കേണ്ടിവരുന്ന വര്‍ക്കിടയിലാണ് ഇത്തവണ ക്രിസ്തുമസിന്‍റെ നക്ഷത്രവിളക്കു തെളിയുന്നത്. പകര്‍ച്ചവ്യാധികളുടെ ആഘാതത്തില്‍ ആശുപത്രിക്കിടക്കയില്‍ പരദേശികളായി കഴിയുന്നവരും കുറവല്ല. ഞാന്‍ ക്രിസ്തുമസിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആഹാരത്തിന്‍റെ രുചികള്‍ക്കും ആഘോഷങ്ങളുടെ ആരവങ്ങള്‍ക്കും ഒപ്പം അഭയാര്‍ത്ഥിയായി ജീവിക്കേണ്ടിവന്ന ദൈവപുത്രനെക്കുറിച്ചുള്ള ചിന്തകളില്‍ മനസ്സുടക്കി നില്ക്കുന്നു. നമ്മള്‍ ജീവിക്കുന്ന കാലം ലോകമെമ്പാടും അഭയാര്‍ത്ഥികളോ കുടിയേറ്റക്കാരോ (എന്ന് ഏതു പേരിട്ടു വിളിച്ചാലും) ആയി മാറ്റപ്പെടുന്ന മനുഷ്യരുടെ എണ്ണം ദിനംതോറും വര്‍ദ്ധിച്ചുവരികയാണ്. പ്രകൃതിദുരന്തങ്ങള്‍, പാരിസ്ഥിതികപ്രശ്നങ്ങള്‍, യുദ്ധം, വംശീയകലാപങ്ങള്‍, വര്‍ഗ്ഗീയലഹളകള്‍, നിലനില്‍പ്പിനു ഭീഷണിയാകുന്ന വികസനപ്രവര്‍ത്തനങ്ങള്‍, ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍മൂലം മനുഷ്യര്‍ക്കു ജന്മദേശം വിട്ടോടിപ്പോകേണ്ടിവരുന്നു. മനുഷ്യവംശത്തിന്‍റെ ചരിത്രംതന്നെ അഭയാര്‍ത്ഥിപറ്റങ്ങളുടെ ചരിത്രത്തോടൊപ്പമാണ് വളര്‍ന്നത്. ക്രിസ്തുമസ് വേളയിലും നമ്മുടെ വിശുദ്ധഗ്രന്ഥവായനകള്‍ ഒരു അഭയാര്‍ത്ഥി കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നുണ്ട്.

വിശുദ്ധ മത്തായിയുടെ സുവിശേഷം രണ്ടാം അധ്യായത്തില്‍ കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ യൗസേപ്പിതാവിനു പ്രത്യക്ഷനായി ശിശുവിനെയും അമ്മയെയും കൂട്ടി സ്വന്തദേശം വിട്ടുപോയി മിസ്രയിമീല്‍ (ഈജിപ്തില്‍) പാര്‍ക്കാന്‍ ആവശ്യപ്പെടുന്നതായി നാം വായിക്കുന്നുണ്ട്. യഹൂദന്മാരുടെ നാടല്ല ഈജിപ്ത്. യഹൂദന്മാരില്‍ നിന്നു ഭിന്നമായ ദൈവസങ്കല്പവും ആരാധനാരീതികളും ഭരണാധികാരഘടനയുമുള്ള നാട്ടിലേയ്ക്കാണ് ആ കുടുംബം അഭയാര്‍ത്ഥിയായി എത്തുന്നത്. ദൈവപുത്രന്‍ വിജാതീയരുടെ ഇടയില്‍ പാര്‍ത്ത ആ കാലത്തെക്കുറിച്ച് ക്രിസ്തുമതവിശ്വാസികള്‍ ചിന്തിക്കാറുണ്ടോ? യാക്കോബിന്‍റെയും ജോസഫിന്‍റെയും കാലം മുതല്‍തന്നെ സമ്പല്‍സമൃദ്ധമായ ഈജിപ്ത് ഇസ്രായേല്‍ക്കാരുടെ അഭയാര്‍ത്ഥിജീവിതകാല സങ്കേതമായിരുന്നു. യഹോവയായ ദൈവത്തെ ആരാധിക്കുന്നവര്‍ വിഗ്രഹാരാധനയും ഉര്‍വ്വരദേവതാസാന്നിധ്യവും സൂര്യന്‍റെ പ്രതിപുരുഷനായി തന്നെത്തന്നെ വ്യാഖ്യാനിക്കുന്ന ഭരണാധികാരികളും ഒക്കെയുണ്ടായിരുന്ന ആ നാടിനെ അഭയസങ്കേതമാക്കിയിരുന്നു. ഓര്‍ത്തുനോക്കിയാല്‍ വിചിത്രമെന്നു തോന്നാവുന്ന നിരവധി ഘട്ടങ്ങള്‍ പഴയനിയമത്തിലെ ഇസ്രായേല്‍ ജീവിതത്തിലുണ്ട്. വിജാതീയനായ സൈറസ് ആണ് ബാബേല്‍ പ്രവാസത്തിനുശേഷം ഇസ്രായേല്‍ ജനതയ്ക്ക് അവരുടെ ദൈവത്തിന് ആലയം പണിയാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തത്. പുതിയ നിയമത്തില്‍ ദൈവപുത്രനെത്തന്നെ പ്രവാസിയായി/അഭയാര്‍ത്ഥിയായി അന്യസംസ്ക്കാരം നിലനില്‍ക്കുന്ന നാട്ടിലേക്കു ദൈവം അയയ്ക്കുന്നു. ഈ ദിവ്യശിശുവിന്‍റെ ബാല്യകാലജീവിതത്തിനു വേണ്ടുന്ന വിഭവങ്ങള്‍ നേടിയതും കണ്ടെത്തിയതും അന്യസംസ്കാരം/അന്യദൈവം കുടികൊള്ളുന്ന ഈജിപ്തില്‍ നിന്നാണെന്നത് വിശുദ്ധ ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്. മിസ്രയിം നാട്ടില്‍ ആ ശിശു യഹൂദനായിത്തന്നെയാവണം ജീവിച്ചത്. ദൈവപരിപാലനയുടെ കരങ്ങള്‍ ഏതേതു നാട്ടിലോളം ഏതേതു സംസ്കാരങ്ങളോളം വിസ്തൃതമാക്കപ്പെട്ടിരിക്കുന്നു എന്നതു മനുഷ്യബുദ്ധിക്ക് അളക്കാന്‍ കഴിയില്ല എന്നാണെനിക്കു തോന്നുന്നത്.

സംഗീതം, സമാധാനം, സന്തോഷം ഈ മൂന്നു കാര്യങ്ങള്‍ തിരുപ്പിറവിയില്‍ മാലാഖമാര്‍ പാടുന്ന പാട്ടുകളിലുണ്ട്. ഈ സമാധാനമെന്നത് ഏതെങ്കിലുമൊരു ജനവിഭാഗത്തിനായി പരിമിതപ്പെടുത്തിയിട്ടുള്ളതല്ല. അതു സന്മനസ്സുള്ള സകല ജനതകള്‍ക്കുമായുള്ള സന്തോഷവാര്‍ത്തയാണ്. എത്ര ഹൃദ്യമായാണ് സങ്കുചിതഭാവനയുടെ മതിലുകളെ ദൈവം പൊളിച്ചുകളയുന്നത്. സന്മനസ്സുള്ളവര്‍ക്കായി നിറയുന്ന സമാധാനസംഗീതമാണ് ക്രിസ്തുമസ്. തന്‍റെ ഏകജാതനെ ഭൂമിയിലേയ്ക്കയയ്ക്കുവാന്‍ തക്കവിധത്തില്‍ ലോകത്തെ സ്നേഹിച്ച ദൈവത്തിന്‍റെ സ്നേഹസമ്മാനമാണ് തിരുപ്പിറവിയില്‍ നാം ഓര്‍മ്മിച്ചാചരിക്കുന്നത്. സ്നേഹം, സമാധാനം, സന്തോഷം എന്നിവയാല്‍ ഇഴചേര്‍ക്കപ്പെട്ട ദിവ്യസംഗീതം മാലാഖമാര്‍ ആലപിക്കുന്നു. അറിയാനും അതു പാലിക്കുവാനുമുള്ള ഉത്തരവാദിത്തം കൂടി ക്രിസ്തുമസ് മുന്നോട്ടുവയ്ക്കുന്നുണ്ട്. നമ്മുടെ ജീവിത ഇടങ്ങളിലേയ്ക്ക് അഭയാര്‍ത്ഥികളായി/ ദുരിതം അനുഭവിക്കുന്നവരായി എത്തുന്നവര്‍ക്കിടയില്‍ സ്നേഹസമാധാനങ്ങളുടെ വക്താക്കളും പ്രയോക്താക്കളുമായി ഇടപെടാന്‍ തിരുപ്പിറവി നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അഭയാര്‍ത്ഥികള്‍ ഏതു മതത്തിലും ജാതിയിലും പെട്ടവരാണെങ്കിലും അഭയാര്‍ത്ഥിയായി അന്യനാട്ടില്‍ ജീവിതം തേടി വന്ന ദിവ്യശിശുവിനെയാണ് അവരൊക്കെ ഓര്‍മ്മിപ്പിക്കുന്നത്.

പരസ്പരവിദ്വേഷപ്രചരണത്തിന്‍റെ പുസ്തകത്താളുകള്‍ ഓണ്‍ലൈന്‍ വിനിമയങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന കാലത്തു ജീവിക്കുന്നവരാണ് നമ്മള്‍. ഇക്കാര്യത്തില്‍ ഒരു മതവും ജാതിയും പിന്നിലല്ല. ഞാന്‍, ഞാന്‍ എന്ന രീതിയില്‍ ഓരോ വിഭാഗവും മുന്നിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, ക്രിസ്തുമസ് എല്ലാത്തരം വിഭാഗീയതകളെയും സന്മനസ്സുള്ളവര്‍ എന്ന ഏകവിഭാഗത്തിലേക്ക് അടുപ്പിച്ചുനിര്‍ത്തുന്നു. സമാധാനം സംഗീതം പൊഴിക്കുന്നു. ലോകത്തിനെല്ലാം സന്തോഷം നല്കുന്ന സദ്വാര്‍ത്ത വിനിമയം ചെയ്യപ്പെടുന്നു. ഇതിനൊപ്പം ദൈവപുത്രന് അന്യനാട്ടില്‍ അഭയാര്‍ത്ഥി ജീവിതകാലവും നല്കുന്നു. വിചിത്രഭംഗി നിറഞ്ഞ ഈ ക്രിസ്തുമസ് അനുഭവം നമ്മുടെ സമകാലിക ജീവിത ഇടങ്ങളെ കൂടുതല്‍ വിവേകപൂര്‍ണവും ഭക്തിനിര്‍ഭരവും ആക്കട്ടെ. 


മജ

0

0

Featured Posts

bottom of page