top of page

ഒരു ജാതി ക്രിസ്മസ് ട്രീ

Dec 9, 2024

2 min read

ഫാ. ഷാജി CMI


ഒരിക്കല്‍ ഒരു മഞ്ഞുകാലത്ത് രാത്രിയില്‍ ഒരു കൊച്ചുകുട്ടി കാട്ടില്‍ ഒറ്റപ്പെട്ടുപോയി. നടന്നുനടന്ന് കുട്ടി ഒരു മരംവെട്ടുകാരന്‍റെ കുടിലില്‍ എത്തി. മരംവെട്ടുകാരനും ഭാര്യയും ആ കുട്ടിയെ സ്വീകരിച്ച് കഴിക്കാന്‍ ചൂടുള്ള ഭക്ഷണവും, കിടക്കാന്‍ മെത്തയും കൊടുത്തു. രാവിലെ കുട്ടി അവര്‍ക്കൊരു 'ഫിര്‍' മരത്തിന്‍റെ ചില്ല കൊടുത്തിട്ട് പറഞ്ഞു:

"ഇതാ, ഇത് കുഴിച്ചിട്ടുകൊള്ളൂ, എല്ലാ ക്രിസ്മസിനും ഇതില്‍ നിറയെ പഴങ്ങളുണ്ടാവും."


അടുത്ത നിമിഷം കുട്ടി ഒരു മാലാഖയായി അപ്രത്യക്ഷനായി. കുട്ടി പറഞ്ഞപോലെ മരംവെട്ടുകാരനും ഭാര്യയും ഫിര്‍ മരത്തിന്‍റെ ചില്ല കുഴിച്ചിട്ടു. അടുത്ത ക്രിസ്മസ്സായപ്പോള്‍ അതില്‍ നിറയെ സ്വര്‍ണ്ണ ആപ്പിളുകളും വെള്ളിക്കായ്കളും ഉണ്ടായി. അതാണത്രേ ആദ്യത്തെ ക്രിസ്മസ് ട്രീ!


വളരെ രസകരമാണ് ഈ കഥയെങ്കിലും മരക്കൊമ്പുകള്‍ അലങ്കരിക്കുന്ന പതിവ് ക്രിസ്തുവിനും 2000 കൊല്ലം മുമ്പേ റോമാക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പിന്നീട് ക്രിസ്മസ് വന്നപ്പോള്‍ ഈ ആചാരമായിരിക്കാം ക്രിസ്മസ് ട്രീയുടെ വരവിനു വഴി തെളിച്ചത്. പശ്ചിമ ജര്‍മ്മനിയിലെ സ്ട്രാസ്ബാര്‍ഗാണ് ക്രിസ്മസ് ട്രീയുടെ ജന്മനാട്. 1605 ലാണ് ആദ്യമായി ക്രിസ്മസ് ട്രീ ഉണ്ടാക്കിയത്. ചെറി മരങ്ങളില്‍ വര്‍ണക്കടലാസുകളും ബലൂണുകളും നക്ഷത്രവിളക്കുകളും തൂക്കിയാണ് അന്ന് ക്രിസ്മസ് ട്രീ ഉണ്ടാക്കിയത്. ഇന്ന് ഫിര്‍, പൈന്‍, ദേവദാരു എന്നീ മരങ്ങളാണ് പ്രധാനമായും ക്രിസ്മസ് ട്രീയായി ഉപയോഗിക്കുന്നത്.


നാട്ടില്‍ ഇപ്പറഞ്ഞ മരങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഏതെങ്കിലും ഒരു മരത്തില്‍ നാല് ബലൂണുകളും രണ്ടു സീരിയല്‍ ബള്‍ബും, കുറച്ച് വര്‍ണ്ണക്കടലാസുമൊക്കെ ചുറ്റി അങ്ങ് തട്ടിക്കൂട്ടും. ഏറ്റവും മുകളിലായി വലിയൊരു നക്ഷത്രവും ഉണ്ടാകും. പള്ളിയില്‍ ക്രിസ്മസ് ട്രീ ഒരുക്കല്‍ ഇന്ന് വലിയൊരു മത്സരം തന്നെയാണ്. അതിനായി ഏതെങ്കിലും പറമ്പില്‍ കയറി ഒത്തൊരു മരം വെട്ടിയെടുത്ത് ക്രിസ്മസ് ട്രീ ആക്കും. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന അധ്വാനം വേണം അതിന്. അങ്ങനെ വെട്ടിയെടുത്ത് കൊണ്ടുവന്ന മരത്തില്‍ ലൈറ്റും ബലൂണും നക്ഷത്രവുമൊക്കെ തൂക്കി അത് മനോഹരമാക്കുന്നു. പാതിരാകുര്‍ബ്ബാനക്ക് വന്ന എല്ലാവരും കുര്‍ബ്ബാന കഴിഞ്ഞ് ക്രിസ്മസ് ട്രീക്ക് ചുറ്റും കൂടി അതാസ്വദിക്കുകയും കുശലം പറയുകയും ചെയ്യുന്നു. ഇത്രയും നല്ല പച്ചപ്പുള്ള, ലക്ഷണമൊത്ത ഒരു ക്രിസ്മസ് ട്രീ അടുത്തനാളിലൊന്നും ഒരുക്കിയിട്ടില്ല എന്ന് അഭിപ്രായം പറയുന്നു. അപ്പോഴാണ് ഒരു അലര്‍ച്ച കേള്‍ക്കുന്നത്:


"നീയൊക്കെക്കൂടി ഈ ക്രിസ്മസ് ട്രീ ഉണ്ടാക്കി വെച്ചേക്കുന്നതേ, എന്‍റെ പറമ്പില്‍ നിന്ന ജാതിമരത്തിലാ..."


പൂവിട്ട് കായ്ക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന, നിറയെ ഇലകളുള്ള ഒരു ജാതിമരം. ആ വര്‍ഷത്തെ ക്രിസ്മസ് ട്രീയെ ജീവന്‍ കൊടുത്ത് സുന്ദരമാക്കിയ ഒരു ജാതിമരം. അന്നേരം മനസ്സില്‍ വന്നത് ഒരു ബൈബിള്‍ വാക്യമാണ്, 'തന്‍റെ ഏകജാതനെ നല്‍കാന്‍ മാത്രം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു'.


'അതേ, ഒരു ക്രിസ്മസായിപ്പോയി, ഒരു നല്ല കാര്യത്തിനായിപ്പോയി, അല്ലെങ്കില്‍ ഞാന്‍ ....' ജാതിയുടെ ഉടമ പിറുപിറുക്കുന്നുണ്ടായിരുന്നു. 'ചേട്ടാ, ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നല്ലേ....'


നെറ്റ്ഫ്ളിക്സില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയ ഒരു വെബ് സീരീസായിരുന്നു 'കാലാപാനി'. അതിന്‍റെ രണ്ടാമത്തെ എപ്പിസോഡ് 'ദ് സ്വിച്ച്' എന്ന പേരിലാണ്. ഒരു റെയില്‍വേട്രാക്കില്‍ പണിയെടുക്കുന്ന കുറെ തൊഴിലാളികളെ നാം ഇവിടെ കാണുന്നു. ട്രാക്ക് പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഞ്ച് തൊഴിലാളികള്‍ ഒരു ട്രാക്കിലും, മറ്റൊന്നില്‍ മറ്റൊരാളും. ഒറ്റക്ക് പണിയെടുക്കുന്ന തൊഴിലാളി ക്യാബിനില്‍ ഇരുന്ന് ട്രെയിനുകള്‍ ട്രാക്ക് മാറ്റിവിടുന്ന ഓഫീസറുടെ മകനാണ്. ദൂരെനിന്നും ട്രെയിന്‍ വരുന്നു. സ്വിച്ചിംഗ് കാബിനില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ ട്രെയിന്‍ എങ്ങോട്ട് സ്വിച്ച് ചെയ്യും? തന്‍റെ മകനെ രക്ഷിക്കാന്‍വേണ്ടി അഞ്ചുപേര്‍ പണിയെടുക്കുന്ന ട്രാക്കിലേക്കോ അതോ അഞ്ചുപേരെ രക്ഷിക്കാന്‍ വേണ്ടി തന്‍റെ മകന്‍ ജോലി ചെയ്യുന്ന ട്രാക്കിലേക്കോ?


ഒരു ട്രാക്കില്‍ മാനവകുലവും മറ്റേ ട്രാക്കില്‍ മകനായ യേശുവും. മകനെ ബലിചെയ്ത് ദൈവം മാനവകുലത്തെ രക്ഷിക്കുന്നു. ദൈവം നടത്തിയ സ്വച്ചിംഗ് ആണ് ക്രിസ്മസ്. കാരണം, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ഈ ഉത്സവത്തെ കളറാക്കാന്‍ ക്രിസ്മസ് ട്രീകള്‍ സ്വന്തം ജീവനെ നല്‍കുന്നു.

Featured Posts

Recent Posts

bottom of page