top of page

ഫ്രാന്‍സിസിനൊരു കത്ത്

Oct 1, 2015

1 min read

ഐസക്ക് കപ്പൂച്ചിന്‍
Drawing of Francis Assisi.

പ്രിയ സഹോദരന്‍ ഫ്രാന്‍സിസ്,


സഹോദരായെന്നെന്നെ വിളിച്ച നിന്നെ സഹോദരായെന്നു തിരിച്ചുവിളിക്കുവാന്‍ ഞാനും മുതിരട്ടെ. ഉലകം ചുറ്റുന്ന വായുസഹോദരനാണു ഞാന്‍. ചരിത്രത്തിന്‍റെ ഇടനാഴികളിലൂടെയലയുന്ന നിതാന്തസഞ്ചാരി.


കാലങ്ങള്‍ക്കിപ്പുറം അസ്സീസിയിലെ മഞ്ഞും നിന്‍റെ വിശ്വാസങ്ങളുമൊക്കെ പേറിനടന്ന ഞാന്‍ ഒടുക്കമെത്തിനില്ക്കുന്നത് ദൈവത്തിന്‍റെ സ്വന്തം നാടെന്നറിയപ്പെടുന്ന ഈ കൊച്ചുപ്രദേശത്താണ്. ഒന്നോര്‍ത്തുനോക്കിയാലേതാണ് ദൈവത്തിന്‍റെ സ്വന്തം നാടല്ലാത്തത്? എങ്കിലും, മസ്ജിദും പള്ളിയും ക്ഷേത്രവുമൊക്കെ ഒരുമിച്ച് തലയുയര്‍ത്തി നില്ക്കുന്ന ഈ നാടിനെ ദൈവത്തിന്‍റെ സ്വന്തം നാടെന്നു വിളിക്കുന്നതില്‍ അതിശയോക്തിയില്ല. തിരക്കേറുന്ന ഈ തെരുവിലിരുന്ന് നിന്‍റെ പ്രസക്തിയെക്കുറിച്ചാലോചിക്കുകയായിരുന്നു ഞാന്‍.


ഇവിടെ നിനക്കൊരിക്കലും കല്ലുചുമന്ന് പള്ളിപണിയേണ്ടിവരില്ല ഫ്രാന്‍സിസ്. കാരണം ഇവിടുത്തെ ദേവാലയങ്ങളൊക്കെ വിലയേറിയ കല്ലു പതിച്ചവയും ആകാശം മുട്ടുന്നവയുമാണ്. പുതുക്കിപ്പണിയേണ്ടത് സര്‍വ്വശക്തന്‍ മണ്ണുകുഴച്ചുണ്ടാക്കിയ പഴയ ദേവാലയങ്ങളെയാണ്. നിനക്കു കെട്ടിപ്പിടിക്കാനും മുറിവില്‍ ചുംബിച്ചു ക്രിസ്തുവാക്കാനും ഇവിടെ കുഷ്ഠരോഗികളില്ല ഫ്രാന്‍സിസ്, മരുന്നും മന്ത്രവും കൈവശമുള്ള ഇവര്‍ക്ക് കുഷ്ഠരോഗത്തെ പേടിയുമില്ല. പക്ഷേ, അഴുകിത്തുടങ്ങുന്ന തീരാവ്യഥകളുടെ രക്തം വമിക്കുന്ന ഈ മുറിവുകളൊന്നു ചുംബിച്ചുണക്കുവാന്‍ ഒരു പുണ്യാളന്‍റെ ആവശ്യമുണ്ട്. തെരുവില്‍ പുക നിറയുകയാണ്. ശ്വസിക്കാന്‍പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന പുക. സഹോദരീയെന്നു നീ വിളിച്ച ജലമാകെ വിരൂപയായി ഈ തെരുവിന്‍റെയോടകളിലൂടെയൊഴുകുന്നതു കാണാം, ആധുനിക ജീവിതത്തിന്‍റെ സകലമാലിന്യങ്ങളെയും തെരുവിന്‍റെ കണ്ണീരും ചുമക്കുന്ന പാവം.


ജലത്തിനു മാത്രമല്ല മരത്തിനുമിവിടെ രക്ഷയില്ല. കാരണം ഇരുകരങ്ങളിലും കാലിലും വിലാവിലും ക്രൂശിതന്‍റെ രക്തമുദ്രകളേറ്റുവാങ്ങി, നിന്നെപ്പോലെ ജീവിക്കുന്ന കുരിശാകാനിവര്‍ക്കു ഭയമായതുകാരണം ഇവരിപ്പോഴും കുരിശുണ്ടാക്കുന്നത് മരങ്ങള്‍ വെട്ടിയാണ്.


വീടിനും കുരിശിനും പള്ളിയില്‍ പതിയ്ക്കാനുമൊക്കെ മരം വെട്ടിയതുകൊണ്ട് ചേക്കേറാനിടമില്ലാതെ നിന്‍റെ കുരുവികളില്‍ പലതും ചത്തൊടുങ്ങിപ്പോയി. ചാകാത്തവയൊക്കെ കൂട്ടിനുള്ളിലാണ്.


പ്രകൃതിസ്നേഹികളെന്ന് കൊട്ടിഘോഷിക്കുന്ന, നീളനുടുപ്പും അരക്കെട്ടും ചുറ്റിയ നിന്‍റെ പിന്‍ഗാമികള്‍പോലും കിളികളെ വളര്‍ത്തുന്നതു കൂട്ടിലാണ്. അഴിച്ചുവിട്ടാല്‍ പിന്നെ ഇവറ്റകള്‍ തിരിച്ചുവന്നില്ലെങ്കിലോ?.... ആകാശത്തു പറന്നുനടക്കുന്ന പക്ഷികള്‍ക്കു വന്നിരിക്കാന്‍ മാത്രം വിസ്താരമുള്ള നിന്‍റെപ്പോലത്തെ ചുമലുകളും കയ്യും ഇവര്‍ക്കില്ലാതെപോയി. ചെന്നായയെ ഇണക്കിക്കൂടെക്കൂട്ടിയ നിന്‍റെയാശ്ര മത്തിലിവിടെയൊരു പട്ടിക്കുഞ്ഞിനെ ഇണക്കാന്‍ പെടുന്ന പെടാപ്പാട്. പാല്, ബോള്‍, ബിസ്ക്കറ്റ്.... നിന്‍റെ പഴയ ട്രിക്കൊക്കെ ഇവരെയുമൊന്നു പഠിപ്പിച്ചുകൊടുക്കണം.


വി. ഫ്രാന്‍സിസ്, നൂറ്റാണ്ടുകള്‍ കടന്നുപോയിട്ടും പ്രഭ മങ്ങാത്ത മഹാവിശുദ്ധാ, കുഷ്ഠരോഗികളെ കെട്ടിപ്പിടിച്ച നിന്‍റെ കരം കാട്ടിയിവരെ അപരനെ സ്നേഹിക്കാനും ആശ്ലേഷിക്കാനും പഠിപ്പിക്കുക, അങ്ങനെയിവര്‍ ജീവിക്കുന്ന ദേവാലയങ്ങളാകട്ടെ. മരങ്ങള്‍ക്കും പക്ഷികള്‍ക്കും സകല ജീവജാലങ്ങള്‍ക്കും ഇടമുള്ള നിന്‍റെ ഹൃദയമിവരെയൊന്ന് കാണിക്കുക, ചുറ്റുമുള്ളവയ്ക്കിടനെഞ്ചിലിടം കൊടുത്ത് ഇവരുമൊത്ത് വലിയവരാകട്ടെ, സങ്കടപ്പെടുന്നവരുടെയും മുറിവേറ്റവരുടെയും നൊമ്പരങ്ങളൊക്കെ സ്വന്തം ശരീരത്തിലാവാഹിച്ച് ഇവരും ക്രൂശിതന്‍റെ പഞ്ചമുദ്രകള്‍ വഹിക്കുന്ന ജീവിക്കുന്ന ക്രൂശിതന്‍റെ രൂപങ്ങളാകട്ടെ.



സ്നേഹപൂര്‍വ്വം,

വായുസഹോദരന്‍

Featured Posts

Recent Posts

bottom of page