top of page
"എടോ മനുഷ്യാ ഇതെന്ത് പോക്രിത്തരമാ താനീ കാണിക്കുന്നത്? തന്‍റെ ഓട്ടോയില്‍ കേറിയെന്ന അപരാധമല്ലേ ഞങ്ങള്‍ ചെയ്തുള്ളൂ. ഞങ്ങളെ ഈ വഴിയില്‍ ഇറക്കിവിടാന്‍ പോകുവാണോ?"
വഴിയില്‍ വീണുകിടക്കുന്ന ആരുടെയോ ചുറ്റും ആള്‍ക്കാര്‍ കൂടിനില്ക്കുന്നതു കണ്ട് വണ്ടി റോഡ് സൈഡില്‍ നിര്‍ത്തി ഇറങ്ങാന്‍ ഭാവിക്കുന്ന ഡ്രൈവറോടുള്ള യാത്രക്കാരന്‍റെ പ്രതിഷേധമാണിത്.
"ഒന്ന് ക്ഷമിക്ക് ചേട്ടാ ഉടന്‍ പോകാം. ആ വീണ് കിടക്കുന്നത് ആരാണെന്ന് നോക്കിയിട്ട് ഇതാ വന്നു"ഇത്രയും പറഞ്ഞ് ഡ്രൈവര്‍ ഇറങ്ങി നടന്നു.
ആരോ ഒരാള്‍ വീഴുന്നത് കണ്ട് ഓടിയടുത്തവര്‍ ചുറ്റും കാഴ്ചക്കാരായി നില്ക്കുകയാണ്. പുതിയ കാഴ്ചക്കാരന്‍റെ വരവ് കണ്ട് മറ്റുള്ളവര്‍ വഴിയൊതുങ്ങി. ഒരു വൃദ്ധനാണ് വീണ് കിടക്കുന്നതെന്ന് കണ്ട അയാള്‍ ജീവനുണ്ടോയെന്ന് നോക്കി.
പള്‍സ് ഉണ്ട്. അയാള്‍ വൃദ്ധനെ പയ്യെ താങ്ങിപ്പിടിച്ചു. ആരെങ്കിലും ഒരുകൈ സഹായിക്കുമെന്നോര്‍ത്ത് ചുറ്റും നോക്കി. കൂടിനിന്നവര്‍ ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി. ആരുമില്ലെങ്കില്‍ വേണ്ട..... അയാള്‍ ആ വൃദ്ധനെ തോളിലേറ്റി തന്‍റെ ഓട്ടോയുടെ അടുത്തെത്തി.
ഭാഗ്യം, വണ്ടിയിലുണ്ടായിരുന്ന യാത്രക്കാര്‍ സ്ഥലം വിട്ടിരുന്നു. 100 മീറ്റര്‍ കൂടി പോയിരുന്നെങ്കില്‍ 100 രൂപ വാങ്ങാമായിരുന്നതാണ്. കാശ് പോയാലും വാഹനം ഫ്രീയായല്ലോ എന്നോര്‍ത്ത് അയാള്‍ സന്തോഷിച്ചു. വൃദ്ധനെ ഓട്ടോയില്‍ കിടത്തി അടുത്ത ആശുപത്രിയിലേക്ക് പാഞ്ഞു.
ഇതു വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിലെത്തുന്നത് ഏതെങ്കിലും സിനിമയിലെ നായകന്‍റെ രൂപമായിരിക്കും. എന്നാല്‍ തെറ്റി. ഇതു സിനിമയുമല്ല സിനിമയിലെ നായകനുമല്ല. പിന്നെയോ?
കഷ്ടപ്പെടുന്നവരും ദുരിതമനുഭവിക്കുന്നവരും വിശപ്പനുഭവിക്കുന്നവരും സഹായത്തിനൊരാളില്ലാത്തവരും ഒക്കെ ഉള്‍പ്പെടുന്ന ഈ നാട്ടില്‍, അവരില്‍ കുറേപ്പേര്‍ക്ക് തന്നാലാവുംവിധം സഹായിയായി വര്‍ത്തിക്കുന്ന, അവരുടെ മനസ്സില്‍ ദൈവതുല്യമായ സ്ഥാനം അലങ്കരിക്കുന്ന അവരുടെ നായകന്‍; ചാലക്കുടി മേലൂര്‍ കെ. കുന്നില്‍ തെക്കന്‍ വീട്ടില്‍ സൈമണ്‍ T P , ഓട്ടോറിക്ഷ ഡ്രൈവര്‍, വയസ് 43.
വീട്ടമ്മയായ ഭാര്യ ലിസിയും മക്കളായ സവീന, സലീന, സാവ്യോ, സേവ്യര്‍ എന്നിവരുമടങ്ങിയ കുടുംബത്തിന്‍റെ നാഥന്‍. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട്ടുചെലവിനും വേണ്ട വരുമാനം കണ്ടെത്താന്‍ ആകെയുള്ളത് ഈ ഓട്ടോറിക്ഷ മാത്രം.
പക്ഷേ....
എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് നാല് മണിയോടെ തങ്ങളുടെ അടുത്തേക്ക് പൊതിച്ചോറുമായി എത്തുന്ന സൈമണെ കാത്തിരിക്കുന്ന 40 വയറുകളുണ്ട് . വിശപ്പടങ്ങിയ അവരുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും കണ്ട് ആ കുടുംബം സായൂജ്യമടയുന്നു.
തൊട്ടയല്‍വക്കത്തു താമസിക്കുന്നതാരെന്നു പോലും അറിയില്ലാത്ത ഒരു കാലഘട്ടത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് കേരളസമൂഹം. സ്വന്തം സഹോദരങ്ങളെപ്പോലും മറക്കുന്ന കുടുംബബന്ധങ്ങളിലെത്തി നില്ക്കുന്ന നാട്.
സ്വന്തം കാര്യം സിന്ദാബാദ് എന്ന് വിചാരിച്ച് സ്വന്തം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രം സംഭരിക്കുകയും സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യുന്ന രക്ഷിതാക്കള്‍ സൈമന്‍റെ വാക്കുകള്‍ ഒന്ന് കേള്‍ക്കൂ......'സ്വന്തം മക്കള്‍ക്ക് എന്തു കൊടുത്താലും അവര്‍ക്ക് തൃപ്തിയാവില്ല. എന്നാല്‍ ഈ പാവങ്ങളങ്ങനെയല്ല. ആഴ്ചയില്‍ ഒരു നേരത്തെ ഭക്ഷണം കൊടുക്കാനേ എനിക്കാവുന്നുള്ളു. എന്നിട്ടും അവരുടെ സംതൃപ്തി ഒന്നു കാണേണ്ടതുതന്നെയാണ്.'
സൈമണ്‍ ഒരു ഏജന്‍സിയുടേയും സഹായമില്ലാതെ, ഒരു വിദേശഫണ്ടും കൈപ്പറ്റാതെ സ്വന്തം ചെലവില്‍ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ സ്വന്തം കുടിലില്‍ ഭക്ഷണം പാകം ചെയ്ത് പാവങ്ങള്‍ക്കെത്തിച്ചു കൊടുക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി.
അദ്ദേഹം തന്‍റെ അന്നദാന യജ്ഞം ആരംഭിച്ചതിനെപ്പറ്റി പറഞ്ഞതിതാണ്: 'മൂത്തകുട്ടിയുടെ ജന്മദിനാഘോഷത്തെക്കുറിച്ചുള്ള ആലോചനക്കിടയിലാണ് ഇങ്ങനെയൊരു കാര്യം മനസ്സില്‍ എത്തിയത്. ഇക്കാര്യം ഭാര്യയോട് പറഞ്ഞപ്പോള്‍ അവള്‍ക്കും പൂര്‍ണ്ണസമ്മതം. ആദ്യ വര്‍ഷം 5 പേര്‍ക്കാണ് ഭക്ഷണപ്പൊതി കൊടുത്തത്. ആവശ്യക്കാരെ കണ്ടെത്താന്‍ അന്ന് ബുദ്ധിമുട്ടുണ്ടായി. പിന്നെപ്പിന്നെ എണ്ണം കൂടി വന്നു. ഇന്ന് 40 ല്‍ എത്തി നില്ക്കുന്നു.'
അദ്ദേഹത്തിന്‍റെ ഈ സത്കര്‍മ്മത്തില്‍ ആകൃഷ്ടരായ പലരും സഹായ വാഗ്ദാനവുമായി പലപ്പോഴും എത്തിയിട്ടുണ്ട്. അവരോട് സൈമണ്‍ ഒരു വ്യവസ്ഥ മാത്രമാണ് പറയുന്നത്. ഭക്ഷണം പാകം ചെയ്യാനും അത് വിതരണം ചെയ്യാനും ഒപ്പം നില്ക്കണം. അതിനാവില്ലെങ്കില്‍ സഹായം വേണ്ട.
അഖില കേരള മാതൃകാ ഡ്രൈവര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുള്ള ആളാണ് സൈമണ്‍. ഇദ്ദേഹത്തെ ഏഷ്യാനെറ്റ് ഉള്‍പ്പെടെ പല ചാനലുകാരും ക്ഷണിച്ചിട്ടുണ്ടെങ്കിലും പരസ്യം ആഗ്രഹിക്കാത്തതിനാല്‍ അവയൊക്കെ നിരസിച്ചു.
ഇതിനൊക്കെ പുറമേ നിര്‍ധനര്‍ക്കും ജോലി ചെയ്ത് ജീവിക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്കു മൊക്കെയായി സാമ്പത്തിക, താമസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും, ഒരു കൈ ചെയ്യുന്നത് മറു കൈ അറിയാതിരിക്കുന്നതിലാണ് അദ്ദേഹത്തിന് താത്പ്പര്യം.
'ക്രൈസ്തവത്വമില്ലാത്ത ക്രൈസ്തവരെ ക്രൈസ്തവീകരിക്കാന്‍ ദൈവമയച്ച ആളാണ് ഗാന്ധിജി' എന്ന് ഒരു പ്രഗല്ഭചിന്തകന്‍ പറഞ്ഞിട്ടുളളതുപോലെ ഒരു നല്ല സമറിയാക്കാരന്‍ എങ്ങനെയായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കാന്‍ ദൈവമയച്ച ആളാണ് സൈമണ്‍ എന്ന് നമുക്ക് കരുതാം.
Featured Posts
bottom of page