top of page

ഇത്തിരി പിറുപിറുപ്പ്

Apr 1, 2012

2 min read

ഫാ. ജോസ് വെട്ടിക്കാട്ട്
A view through a google to a busy street image

അധികം വിദൂരമല്ലാത്ത ഭാവിയില്‍ പത്രങ്ങളില്‍ വാര്‍ത്തയായും വാരികകളില്‍ ഫീച്ചറായും ഫോട്ടോസഹിതം വരാന്‍പോകുന്നതെന്തൊക്കെയായിരിക്കും? ഒരമ്മ കുഞ്ഞിനെ കുളിപ്പിക്കുന്നതും കുഞ്ഞിനമ്മിഞ്ഞ കൊടുക്കുന്നതുമൊക്കെ താമസിയാതെ വലിയ വാര്‍ത്തകളാകാന്‍ പോവുകയാണ്. കാരണം കുഞ്ഞിനെ കുളിപ്പിച്ച്, തുവര്‍ത്തി, പൗഡറുമിട്ട്, ഉടുപ്പുമിടീച്ചു കിടത്തുന്ന പുതിയ ഇലക്ട്രോണിക് യന്ത്രം കണ്ടുപിടിച്ചുകഴിഞ്ഞു. അത് ഇന്‍ഡ്യയിലെത്തുമ്പോഴേയ്ക്കും പൊട്ടും കൂടെ തൊടീക്കാനുള്ള എക്സ്ട്രാ ഫിറ്റിംഗ്സു കണ്ടുപിടിച്ചാല്‍മതി! സ്വിച്ചമര്‍ത്തിയാല്‍, തൊട്ടിയില്‍ കിടക്കുന്ന കുഞ്ഞിനെ തൊടുകപോലുംചെയ്യാതെ, കമ്പ്യൂട്ടര്‍വഴി കുഞ്ഞിനു മുലകൊടുക്കാനുള്ള സംവിധാനം കണ്ടുപിടിക്കാന്‍ ഒരു പരിഷ്കൃതരാജ്യത്തിലെ സ്ത്രീവിമോചനക്കാര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു! അപ്പനുമമ്മയും തമ്മില്‍ കാണുകയോ അറിയുകയോപോലും ചെയ്യാതെ മക്കളെ ടെസ്റ്റ്ട്യൂബില്‍ ജനിപ്പിക്കാനുള്ള സമ്പ്രദായം നടപ്പിലാക്കിക്കഴിഞ്ഞ ഈ ഇലക്ട്രോണിക് യുഗത്തില്‍ ഇനി എന്തെല്ലാം കാണാന്‍കിടക്കുന്നു! ആയുസ്സുതരണേ തമ്പുരാനേ അതെല്ലാമൊന്നു കണ്ടിട്ടു കണ്ണടയാന്‍ എന്നാണ് ദിവസോം കിടക്കാന്‍നേരത്തെ അവസാനത്തെ പ്രാര്‍ത്ഥന. ചുമ്മാതിരുന്നപ്പം ഇങ്ങനെയൊക്കെയങ്ങോര്‍ത്തുപോയതാ. പ്രായം കൂടുന്തോറും ഇങ്ങിനത്തെ ഓര്‍മ്മകളൊക്കെ കൂടിക്കൂടി വരുമെന്നിന്നാളൊരാളു പറഞ്ഞുതന്നാരുന്നു.

എന്നാലും ഇപ്പോളിങ്ങനൊരു ചിന്ത വരാനൊരു കാരണമുണ്ട്. കഴിഞ്ഞമാസം ആദ്യവാരത്തിലെ സണ്‍ഡേശാലോം വാരികപ്പത്രത്തിലെ ഒരു ലേഖനമാണ് ഈ ചിന്തകള്‍ക്കു തിരികൊളുത്തിയത്. ജോസ് പറപ്പള്ളിയച്ചനെപ്പറ്റിയുള്ള ഫീച്ചറായിരുന്നു. കണ്ടപ്പോള്‍തന്നെ മുഴുവന്‍ വായിച്ചു. വിശ്വാസികളുടെ പരിരക്ഷയോടൊപ്പം ജാതിമതഭേദമില്ലാതെ ഇടവകാതിര്‍ത്തിക്കുള്ളിലുള്ള എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു. എല്ലാവരുടെയും ഭവനത്തിലെത്തുന്നു, മാലിന്യസംസ്ക്കരണവൂം, പ്ളാസ്റ്റിക് നിരോധനവും നടപ്പാക്കുന്നു തുടങ്ങി കുറെക്കാര്യങ്ങള്‍. വായിച്ചുകൊണ്ടിരുന്നപ്പോള്‍തന്നെ, ഇങ്ങിനെയുള്ള അച്ചന്മാരും ഉണ്ടല്ലോ എന്നോര്‍ത്ത് തന്നെയിരുന്നു കോള്‍മയിരുകൊണ്ടു. അങ്ങനെയതുകൊണ്ടപ്പോഴാണ് മുമ്പേപറഞ്ഞ കൊച്ചിനെകുളിപ്പിക്കുന്ന കാര്യമൊക്കെയോര്‍മ്മിച്ചത്. ഈ കാലത്ത് ശരിക്കും ഒരു കത്തോലിക്കാഅച്ചന്‍ ചെയ്യേണ്ടകാര്യങ്ങള്‍ മാത്രമാണ് അച്ചന്‍ ചെയ്യുന്നത്. എന്നിട്ടും അതുവലിയ വാര്‍ത്തയായെങ്കില്‍ അതെന്തുകൊണ്ടെന്നങ്ങു ചിന്തിച്ചുപോയതാണ്.

കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചറിയേണ്ടവനാണു പുരോഹിതന്‍. അതിനോടു ക്രിയാത്മകമായി പ്രത്യുത്തരിക്കുന്നവനാണു കര്‍മ്മയോഗി. പറപ്പള്ളിയച്ചന്‍ കര്‍മ്മയോഗിയായ പുരോഹിതനാണ്. അന്തിയാകുമ്പോള്‍ ചെമ്മാനംകണ്ടാല്‍ പ്രശാന്തമായ രാത്രിയുടെയും, പ്രഭാതത്തിലെ ചെമ്മാനം പ്രക്ഷുബ്ധമാകാന്‍ പോകുന്ന പ്രകൃതിയുടെയും ലക്ഷണമാണെന്നു വായിച്ചറിഞ്ഞിരുന്ന യോഗ്യന്മാരോട്, എന്തുകൊണ്ട് ആകാശത്തിന്‍റെ ഭാവഭേദങ്ങള്‍ വായിച്ചറിയുന്ന നിങ്ങള്‍ കാലത്തിന്‍റെ ഭാവഭേദങ്ങളെ തിരിച്ചറിയുന്നില്ല, എന്ന കര്‍ത്താവിന്‍റെ ചോദ്യമാണിവിടെ ഓര്‍മ്മവരിക.

അപ്പസ്തോലപ്രവര്‍ത്തനം ആറാമദ്ധ്യായത്തില്‍ പറയുന്നത്, ജനത്തിനിടയില്‍ 'പിറുപിറുപ്പു' കേട്ടപ്പോള്‍തന്നെ അപ്പസ്തോലന്മാര്‍ തിരിച്ചറിഞ്ഞു എവിടെയോ പന്തികേടുണ്ടെന്ന്, എന്നാണ്. അവര്‍ക്കെവിടെയോ തെറ്റുപറ്റിഎന്നവര്‍ തിരിച്ചറിഞ്ഞു, ഉടനവരതു തിരുത്തി. ഇന്നു ജനത്തിനിടയില്‍ പിറുപിറുപ്പല്ല, കൂട്ടനിലവിളി കേട്ടാല്‍പോലും സെന്‍സുചെയ്യാന്‍ ആവാത്തവിധം സെന്‍സറുകള്‍ക്കു ക്ളാവുപിടിച്ചിരിക്കുന്നു. ക്ളാവുപിടിക്കാത്തതും തുരുമ്പിക്കാത്തതും എവിടെയൊക്കെയോ ഉണ്ടെന്ന് വെളിപ്പെടുകയാണ് പറപ്പള്ളിയച്ചനിലൂടെ. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചറിയുന്നതിനുപകരം കാലത്തിന്‍റെ ഈണത്തിനൊത്തു തുള്ളാനാണല്ലോ മനുഷ്യനിലെ ജ്വരം. ജ്വരബാധയേല്‍ക്കാത്ത നേതൃത്വത്തിനുമാത്രമേ ജനത്തിന്‍റെ പിറുപിറുപ്പു കേള്‍ക്കാനാവൂ. ജ്വരബാധയുടെ ബാഹ്യലക്ഷണം പിറുപിറുപ്പുകളെ അടിച്ചമര്‍ത്തുകയാണ്. ആരും കാണുന്നതിനുമുമ്പേ കാണുന്നതുകൊണ്ടാണല്ലോ പട്ടി കുരയ്ക്കുന്നത്. എച്ചിലുകൊടുത്താലും വിശക്കുന്ന പട്ടി കുര നിര്‍ത്താറുമുണ്ട്. ഭിന്നസ്വരങ്ങളെ തല്ലിക്കെടുത്തുന്നത് തത്ക്കാലത്തേയ്ക്കൊരു ശാന്തിയാകും, വിയോജിച്ചു സ്വരമുയര്‍ത്തുന്നവരെ 'റിബല്‍സ്' എന്നു മുദ്രയടിച്ച് അമര്‍ച്ചചെയ്യാം. പക്ഷെ അതു സമൂഹത്തിന്‍റെ മുരടിപ്പും തളര്‍ച്ചയുമായിരിക്കും ഉറപ്പുവരുത്തുക. ഭിന്നസ്വരങ്ങള്‍ സൂചനകളാണ്, പിറുപിറുപ്പുകള്‍ ചുവരെഴത്തുകളാണ്!!

കാലത്തിന്‍റെ ചുവരില്‍മാത്രമല്ല, പൊതുവഴികളിലെ ഭിത്തികളിലും, പത്രത്താളുകളിലും വലിയക്ഷരത്തില്‍ എഴുത്തൊത്തിരി എഴുതിയിട്ടും കാണാതെ, വേറെ ഒത്തിരിക്കാര്യങ്ങള്‍ ചെയ്യുന്ന നേതൃത്വം, കാലഘട്ടത്തിന്‍റെയും, ജനസാമാന്യത്തിന്‍റെയും സ്വരവും കൈയൊപ്പും തിരിച്ചറിയാഞ്ഞിട്ടോ, മനപ്പൂര്‍വ്വം കണ്ണടച്ചിട്ടോ? ഒരു കൊച്ചിടവകയിലെ മാലിന്യങ്ങളും പ്ളാസ്റ്റിക്കും ക്ഷേമവിഭവങ്ങളാക്കാന്‍ അനായാസം സാധിക്കുമെന്ന് ബ. പറപ്പള്ളിയച്ചന്‍ തെളിയിച്ചെങ്കില്‍, കല്പന കിട്ടിയാല്‍ കാര്യനിര്‍വ്വഹണത്തിനു സംവിധാനങ്ങളും, കര്‍മ്മശേഷിയും, വിഭവസമൃദ്ധിയുമുള്ളവര്‍ മൂഢസ്വര്‍ഗ്ഗങ്ങളല്ലെ പണിതുകൊണ്ടിരിക്കുന്നതെന്ന് ഉറക്കെച്ചോദിച്ചാല്‍ ഞാനും 'റിബലാ'യി. കേരളത്തിലെ സഭാനേതൃത്വം മാത്രം നോക്കിയാല്‍ ഒറ്റമാസംകൊണ്ട് കേരളത്തിലെ മുഴുവന്‍ മാലിന്യവും സംസ്കരിക്കപ്പെടും, ഒറ്റ പ്ളാസ്റ്റിക് തുണ്ടില്ലാതെ കേരളത്തിലെ മണ്ണ് മുക്തമാകും. ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരിനെപ്പഴിച്ചിട്ടെന്തു കാര്യം? ഇച്ഛിക്കുന്നതുപോലെ ചെയ്യുവാന്‍ ആമ്പിയറുള്ളവര്‍ അറിയാത്തമട്ടു നടിക്കുന്നതല്ലെ കഷ്ടം!!!

Featured Posts

bottom of page