top of page

പ്രണയകഥയെക്കാളും സുന്ദരമായ പ്രണയബന്ധം

Feb 1, 2014

2 min read

കവിത ആര്യ
A person cremates dead bodies.

ഒരുപാടു പ്രണയകഥകള്‍ നാം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇതുപോലൊന്ന് കേട്ടിട്ടുണ്ടാകില്ലെന്ന് മിക്കവാറും ഉറപ്പാണ്.


ബീഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ സലെംപുര്‍ എന്ന ഗ്രാമത്തിലെ വളരെയധികം ആസ്തിയുള്ള ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ഏകദേശം നൂറുവര്‍ഷം മുമ്പ് മഡായി ദുബെ ജനിച്ചത്. ആ കുടുംബത്തിന് വിശാലമായ കൃഷിയിടമൊക്കെ ഗ്രാമത്തിന് വെളിയിലുണ്ട്. അവിടുത്തെ വിളവിന്‍റെ സംരക്ഷണം പ്രധാനമായും നിര്‍വഹിച്ചത് മഡായിയാണ്. ആ കൃഷിയിടത്തിന്‍റെ അരികില്‍ ഒരു ശ്മശാനമുണ്ട്. ശവങ്ങള്‍ ദഹിപ്പിക്കുന്നതും മറ്റുമായ കാര്യങ്ങള്‍ നടത്തിവന്നത് ഡോം ജാതിയില്‍പ്പെട്ടവരാണ്. ഏറ്റവും ഹീനമായ ജാതിയാണ് അതെന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ. മഡായി പ്രണയത്തിലായത് ഈ ശ്മശാനത്തില്‍ ജോലി ചെയ്യുന്ന ഒരുവന്‍റെ മകളായ സുഗ്മോണയുമായിട്ടാണ്.


എന്നും തന്‍റെ അച്ഛനുള്ള ഉച്ചഭക്ഷണവുമായി സുഗ്മോണ പോകും. പോകുന്നത് മഡായിയുടെ കൃഷിയിടത്തിലൂടെയാണ്. വിരുദ്ധ ധ്രുവങ്ങളിലെന്നപോലെ നിന്ന ജാതിയിലും നിലവാരത്തിലും പെട്ടവരായിരുന്നതുകൊണ്ട് ഇരുവരും തമ്മില്‍ ഒരു സമ്പര്‍ക്കവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരുദിവസം മഡായിയുടെ കുടിലിനടുത്തുവച്ച്, തിളക്കുന്ന വെയിലായിരുന്നുതകൊണ്ട്, സുഗ്മോണ ബോധംകെട്ടുവീണു. തീണ്ടിക്കൂടാത്തതാണ് അവളെ. എന്നിട്ടും മഡായി കുടിലിന്‍റെ തണലിലേയ്ക്ക് അവളെ എടുത്തു കൊണ്ടുവന്ന് വെള്ളവും മറ്റുംകൊടുത്ത് ശുശ്രൂഷിച്ചു.


അങ്ങനെയാണ് ഒരു സുന്ദരമായ പ്രണയബന്ധം മുളയെടുത്തത്. സാമൂഹ്യക്രമമോ ജാതിനിബന്ധനകളോ നോക്കാതെ അവര്‍ രണ്ടും പ്രണയിച്ചു തുടങ്ങി. അതും നൂറുവര്‍ഷം മുമ്പ്!


മഡായിയുടെ കുടുംബവും ബ്രാഹ്മണസമൂഹവും ഒറ്റക്കെട്ടായി സടകുടഞ്ഞെഴുന്നേറ്റു. ഈ ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ കുടുംബസ്വത്തില്‍ ഒരു തുണ്ടുപോലും ലഭിക്കില്ലെന്ന് അവര്‍ തീര്‍ത്തും പറഞ്ഞു. പക്ഷെ ഒന്നും മഡായിയെ പിന്തിരിപ്പിക്കാന്‍ പോകുന്നതായിരുന്നില്ല. സുഗ്മോണയെ മാത്രമേ താന്‍ വിവാഹം കഴിക്കൂ എന്നയാള്‍ പ്രഖ്യാപിച്ചു. അക്കാലത്ത് താഴ്ന്നജാതിക്കാരെ വെപ്പാട്ടിയായി ഉയര്‍ന്ന ജാതിക്കാര്‍ വച്ചിരുന്നു. പക്ഷെ ഇവര്‍ തമ്മിലുള്ള വിവാഹമെന്നത് അചിന്തനീയമായിരുന്നു. അതുകൊണ്ട് അവര്‍ അയാളെ പടിയടച്ചു പിണ്ഡം വച്ചു. എപ്പിസോഡിന്‍റെ ഒന്നാംഭാഗം അങ്ങനെ തീര്‍ന്നു.


കൂടുതല്‍ ദുര്‍ഘടമായത് പിന്നീടാണ് സംഭവിച്ചത്. താഴ്ന്നജാതിയിലെ പെണ്ണുങ്ങളെ ഉയര്‍ന്ന ജാതിക്കാരായ യുവാക്കള്‍ തമാശക്കുപയോഗിക്കുമെന്നതും അവരുടെ ചാരിത്ര്യം കവര്‍ന്നെടുത്തിട്ട് അവരെ തള്ളിക്കളയുമെന്നതും എല്ലാവര്‍ക്കും അറിവുള്ള കാര്യമായിരുന്നു. പക്ഷെ മഡായി അത്തരക്കാരനല്ലെന്നു സുഗ്മോണക്ക് ഉറപ്പുണ്ടായിരുന്നു.


പക്ഷേ സുഗ്മോണയുടെ അപ്പന്‍ മഡായിയുടെ വാക്കുകള്‍ മുഖവിലക്കെടുത്തില്ല. മഡായി അവള്‍ക്കു വേണ്ടിയാണ് സ്വന്തം വീട്ടില്‍നിന്നു പുറത്തായത് എന്നതുപോലും അയാളുടെ ബോധ്യത്തെ മാറ്റിയില്ല. അയാള്‍ പറഞ്ഞു: "സുഗ്മോണ ഡോം ജാതിയില്‍പെട്ടവളാണ്. ആ സംസ്ക്കാരത്തിലാണ് അവള്‍ വളര്‍ത്തപ്പെട്ടത്. ബ്രാഹ്മണരുമായി ഒരു ബന്ധവുമില്ല ആ സംസ്ക്കാരത്തിന്, അവള്‍ മാംസാഹാരം കഴിക്കുന്നവളാണ്. പന്നികളുടെ കൂടെയൊക്കെയുള്ള ജീവിതം ശീലിച്ചുപോയി. ഒരു ബ്രാഹ്മണനുമൊത്ത് ഒരുമിച്ചു കഴിയാന്‍ എങ്ങനെ അവള്‍ക്കാകും? അതുകൊണ്ട് ഡോം ജാതിയിലേക്ക് ചേരാന്‍ നിങ്ങള്‍ തയ്യാറാണോ?" ഒരുനിമിഷം പോലും വേണ്ടി വന്നില്ല മഡായിക്ക് ഉത്തരം പറയാന്‍: "തീര്‍ച്ചയായും, ഞാനതിനു തയ്യാറാണ്."


ജാതിമാറ്റത്തിന് ചുവടെ ചേര്‍ക്കുന്ന നിബന്ധനകള്‍ പാലിക്കണമെന്ന് ഡോം സമൂഹം നിര്‍ദ്ദേശിച്ചു:

- പന്നിയുടെയും ആടിന്‍റെയും മാംസം ഭക്ഷിക്കണം.

- കള്ളുകുടിക്കണം

- ശവങ്ങള്‍ ദഹിപ്പിക്കുന്നതിന് സഹായിക്കണം.

- ഗ്രാമങ്ങളില്‍ ചെന്ന് ഭിക്ഷ യാചിക്കണം

- ഡോം സ്ത്രീകള്‍ കുളിച്ചു വൃത്തികേടാക്കിയ ജലം കുടിക്കണം.

- ഡോമുകളുടെ തൊഴിലായ പന്നിവളര്‍ത്തലും മുളവെട്ടലും ശീലിക്കണം.

ഒരു ബ്രാഹ്മണനായി ജനിച്ചുവളര്‍ന്ന മഡായിക്ക് ഇവയിലൊന്നുപോലും പരിചയത്തിലുണ്ടായിരുന്നതല്ല. എങ്കിലും എല്ലാ വിലക്കുകളെയും അരുതുകളെയും അയാള്‍ തന്‍റെ പ്രണയത്തിനുവേണ്ടി അതിജീവിക്കാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. അവസാനം അയാള്‍ അതില്‍ വിജയിക്കുകതന്നെ ചെയ്തു. അങ്ങനെ സുഗ്മോണ അയാളുടെ സ്വന്തമായി.


മഡായിയുടെ ജാതിമാറ്റത്തിന് പ്രത്യേക മതകര്‍മ്മമുണ്ടായിരുന്നു. അങ്ങനെ മഡായി ദുബെ, മഡായി ഡോം ആയിത്തീര്‍ന്നു. ശിഷ്ടകാലം മുഴുവന്‍ ഡോം ജാതിയില്‍പ്പെട്ടവനായി അവരുടെ ഗ്രാമത്തില്‍ അയാള്‍ ജീവിച്ചു. പണ്ടു പരിചയത്തിലുണ്ടായിരുന്ന ആരെങ്കിലും ബ്രാഹ്മണനോടെന്നപോലെ കൈ കാണിച്ചാല്‍ അയാള്‍ പറയുമായിരുന്നത്രേ: "സാറേ ക്ഷമിക്കണം, ഞാന്‍ പഴയ മഡായി ദുബെ അല്ല മഡായി ഡോം ആണ്."


1965-ല്‍ മരിക്കുവോളം ആ ഇണക്കുരുവികള്‍ ഒരുമിച്ചു പറന്നുനടന്നു. അവരുടെ കുട്ടികള്‍ ഇന്നും ആ ഗ്രാമത്തില്‍ ജീവിക്കുന്നു.

Featured Posts

Recent Posts

bottom of page