top of page

പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ അപമാനവീകരിക്കപ്പെടുന്ന പുരുഷന്‍

May 1, 2014

5 min read

ഡോ. സണ്ണി കുര്യാക്കോസ്
A boy feeding the dog.

ഫ്ളാഷ് ബാക്ക് 1


മലബാറിന്‍റെ കിഴക്കന്‍ മലയോരമേഖലകളിലെ ഗ്രാമങ്ങളിലൊന്ന്. എട്ടുവയസ്സുമാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി തൊട്ടടുത്ത ദിവസം അവന്‍റെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന ഒരു സംഭവത്തിന്‍റെ തീവ്രസംഘര്‍ഷം താങ്ങാനാവാതെ അവന്‍റെ വീടിനുള്ളിലെ 'മുറി' എന്നൊന്നും പറയാനാവാത്ത അവന്‍റെ ഇത്തിരി സ്വകാര്യതയില്‍ തനിച്ചിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി അവന്‍റെ ഒഴിവുസമയങ്ങളില്‍ മുറ്റത്തും തൊടിയിലും പറമ്പിലുമൊക്കെ അവനോടൊപ്പം ചിക്കിച്ചികഞ്ഞു കളിച്ചിരുന്ന അരുമയായ അവന്‍റെ പൂവന്‍കോഴി നാളെ കൊല്ലപ്പെടുന്നു. തീരുമാനം അപ്പന്‍റേതാണ്. എതിര്‍പ്പിനും പ്രതിഷേധത്തിനും വീടിന്‍റെ ഇറയത്ത് തിരുകിവെച്ചിരുന്ന ആറ്റുവഞ്ചിവടിയുടെ ഓര്‍മ്മക്കപ്പുറം ആയുസ്സില്ല. മാസങ്ങള്‍ക്കുമുമ്പ് ഒരു തോരാമഴ ദിവസം ആട്ടിന്‍കൂടിനുള്ളിലെ ഇത്തിരി ചൂടില്‍നിന്നും ഒരു പഞ്ഞിത്തുണ്ടുപോലെ അവന്‍റെ കൈവെള്ളയിലേക്ക് പിച്ചവച്ചതാണ് ആ കുഞ്ഞുകോഴി. നടക്കാന്‍ പഠിച്ചതും ചികയാന്‍ പഠിച്ചതും ചിറകുമുളച്ചതും അവന്‍റെ കണ്‍മുന്നില്‍. പരുന്തിന്‍ കാലിന്‍റെ നിഴലുകള്‍ക്കു മുകളില്‍ തള്ളക്കോഴി ചിറകു വിടര്‍ത്തുമ്പോള്‍ ജാഗ്രതയോടെ അവനും ഒപ്പമുണ്ടായിരുന്നു. ഏഴു നിറങ്ങളില്‍ അങ്കവാല്‍ മുളച്ചതും തീനാമ്പുപോലെ തലപ്പാവു വളര്‍ന്നതും ആദ്യം അവന്‍റെ സ്വപ്നങ്ങളിലും പിന്നെയവന്‍റെ കണ്‍മുമ്പിലും. അവന് സങ്കടം സഹിക്കാനാവുന്നില്ല. വാര്‍ത്ത കേട്ട് വിതുമ്പിയ അനിയത്തിയെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിക്കുമ്പോഴും കണ്‍നിറച്ചു നിന്ന തന്നോട് 'ഇത്രയും നിസ്സാരകാര്യത്തിനു ആണ്‍കുട്ടികള്‍ കരയുമോ' എന്ന് ശാസിക്കുകയായിരുന്നു, അമ്മ. 'കോഴിയെ കൊല്ലുമ്പോള്‍ കരയുന്ന നീയൊരു ആണാണോ' എന്ന ജ്യേഷ്ഠന്‍റെ പരിഹാസവും. പൗരുഷത്തിനും കണ്ണീരിനുമിടയില്‍ ശിഥില വ്യക്തിത്വംപോലെ അവന്‍. അവന് ഒന്ന് കരയാനാവുന്നില്ല... (മൂന്നു പ്രാവശ്യം കൂവാന്‍ പോലുമാവാതെ കോഴി കൊല്ലപ്പെടുംമുമ്പ് ചിറ്റപ്പന്‍റെ വീട്ടിലേക്ക് ഒളിച്ചോടിപ്പോയ അവന്‍റെ പുരുഷത്വത്തിനേറ്റ കളങ്കം ഒരിക്കലും അവനെ വിട്ടുപോയില്ല).


പിന്നീടൊരിക്കല്‍ വഴിതെറ്റിയലഞ്ഞ് വീട്ടില്‍ വന്നു കയറിയ (ഗ്രാമപ്രദേശങ്ങളില്‍ അതത്ര സാധാരണമല്ല) ഗര്‍ഭിണിയായ ഒരു നായക്കുവേണ്ടി ചകിരിയും ഓലയും കൊണ്ട് ആട്ടിന്‍കൂടിനോട് ചേര്‍ന്ന് ലേബര്‍ റൂം ഉണ്ടാക്കിയതിന്‍റെ പേരില്‍ അവന്‍ കേട്ട പരിഹാസത്തിനു കണക്കില്ല. 'പട്ടിയുടെ കെട്ടിയവന്‍' എന്ന് സഹോദരങ്ങള്‍ പരിഹസിച്ചപ്പോള്‍ 'മനസ്സിന്, കട്ടിയില്ലാത്ത ഇവന്‍ ഒരു ആണ്‍കുട്ടിയായി എങ്ങനെ ജീവിക്കു'മെന്നായിരുന്നു മാതാപിതാക്കന്മാരുടെ ആധി.


മുട്ടത്തുവര്‍ക്കിയും കാനം ഇ. ജെ. യും വല്ലച്ചിറ മാധവനുമൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ പുത്തനൊരു ലാവണ്യബോധം അവന്‍റെ സ്വപ്നങ്ങളില്‍ വെയിലായി തെളിയാനും മഴയായി പെയ്യാനും തുടങ്ങും മുമ്പുള്ള ആകുലനാളുകളായിരുന്നു അവയൊക്കെ. പിന്നീട് കൗമാരത്തിന്‍റെ ആധികള്‍. പെണ്‍കുട്ടികളുടെ മുമ്പില്‍ പൗരുഷം കാട്ടാന്‍ അപ്പന്‍റെ പെട്ടിയില്‍ നിന്നു കട്ടെടുത്ത കാശുകൊടുത്തു വാങ്ങുന്ന സിഗരറ്റു വലിക്കാത്തതിന്‍റെ പേരില്‍, പള്ളി ഗായകസംഘത്തില്‍ കൂടെപ്പാടുന്ന കൂട്ടുകാരിയെപ്പറ്റി അശ്ലീലം പറയാത്തതിന്‍റെ പേരില്‍, തുലാമഴയില്‍ കൂലംകുത്തിയൊഴുകുന്ന പുഴയില്‍ ചാടി കസര്‍ത്തു കാട്ടാത്തതിന്‍റെ പേരില്‍, മധ്യവേനലവധിക്ക് സ്കൂളടയ്ക്കുന്ന ദിവസം 'ശത്രു'ക്കളെയൊക്കെ തല്ലി നിരത്താത്തതിന്‍റെ പേരില്‍... - പിന്നെയും ഒട്ടനവധി കാരണങ്ങളുടെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന അവന്‍റെ പൗരുഷം.


ഫ്ളാഷ് ബാക്ക് 2


കിടക്കയിലേക്ക് ഓടിക്കയറി വന്ന പാറ്റയെക്കണ്ട് അലറിവിളിച്ചു കരയുന്ന അഞ്ചുവയസ്സുകാരി മകള്‍. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് പാറ്റയെ കൊല്ലാന്‍ ആവശ്യപ്പെടുന്ന ഭാര്യ. കയ്യില്‍ കിട്ടിയ എന്തോ വസ്തുകൊണ്ട് പാറ്റയെ തലങ്ങും വിലങ്ങും തല്ലുകയാണയാള്‍. ജീവനുവേണ്ടിയുള്ള പാറ്റയുടെ പിടച്ചില്‍ കണ്ട് പേടിച്ചരണ്ട് അഞ്ചുവയസ്സുകാരി. ഒടുവില്‍ പാറ്റ ചത്തു എന്നുറപ്പായപ്പോള്‍ കുഞ്ഞിന്‍റെ ആത്മഗതം, "എന്തൊരു ദുഷ്ടനാണീ അച്ഛന്‍..."


ഫ്ളാഷ് ബാക്കുകള്‍ നിരവധി ഇനിയുമുണ്ട്. അവയ്ക്കെന്താണ് പ്രസക്തി - സ്ഥലവും കാലവും വ്യക്തിയും മാറുന്നു എന്നതിനപ്പുറം? പുരുഷകേന്ദ്രീകൃതമായ ഇന്ത്യന്‍ സമൂഹത്തില്‍ ഇതിനേക്കാള്‍ മോശമായ ആയിരക്കണക്കിന് സംഭവങ്ങള്‍ ഓരോ നിമിഷവും സംഭവിച്ചുകൊണ്ടേയിരിക്കുന്നുമുണ്ടല്ലോ.


മനുഷ്യന്‍ പ്രകൃതിയുടെ ചോദനകളാല്‍ മാത്രം നയിക്കപ്പെടുന്ന ഹ്രസ്വനാളുകളാണ് അവളുടെ/അവന്‍റെ ശൈശവം. ആ ശൈശവത്തിന്‍റെ നിഷ്കളങ്കതയില്‍ വച്ചുതന്നെ അവരെ സ്ത്രീയും പുരുഷനുമായി വേര്‍തിരിച്ചറിയാനും അറിയിക്കാനും ലൈംഗികതയുടെ അടയാളങ്ങളില്‍ അവരെ വളര്‍ത്താനും നമ്മുടെ സമൂഹം ശ്രദ്ധിക്കുന്നു. പുരുഷന്‍റെ അടയാളങ്ങളും സ്ത്രീയുടെ അടയാളങ്ങളും സൂക്ഷ്മമായി നിര്‍വ്വചിക്കപ്പെടുന്നു. കരുത്തുറ്റ ശരീരവും കര്‍ക്കശ നിലപാടുകളും പരുക്കന്‍ ഭാവവും അടിച്ചമര്‍ത്തുകയും ആധിപത്യം പുലര്‍ത്തുകയും (പ്രത്യേകിച്ചും സ്ത്രീയുടെ മേല്‍) ചെയ്യുന്ന സ്വഭാവവും ഇവയ്ക്കെല്ലാം വളവും വെള്ളവുമാകാന്‍ ക്രൂരതയുടെ ഒരു സ്പര്‍ശവും അവന്‍റെ സ്വാഭാവിക പ്രകൃതിയുടെ അടയാളമായി സമൂഹം നിശ്ചയിക്കുകയും അതവനെ ചെറുപ്പം മുതല്‍ത്തന്നെ പരിശീലിപ്പിച്ചു തുടങ്ങുകയും ചെയ്യുന്നു. കരുണ, സഹാനുഭൂതി, സഹജീവിസ്നേഹം തുടങ്ങിയ ആര്‍ദ്രവികാരങ്ങള്‍ രോഗാതുരമായ പുരുഷവ്യക്തിത്വത്തിന്‍റെ അധമമായ അടയാളങ്ങളാണെന്ന് ചെറുപ്പത്തില്‍തന്നെ അവനറിഞ്ഞു തുടങ്ങുന്നു. 'സ്നേഹം' ലൈംഗികതയുടെ മറുപദമാണെന്നും 'കരുതല്‍' ദുര്‍ബലമായ സ്ത്രീവ്യക്തിത്വത്തെ 'സംരക്ഷിച്ച്' അതുവഴി ലൈംഗികതയിലേക്കെത്താനുള്ള കുറുക്കുവഴിയാണെന്നും അവന്‍ പഠിക്കുന്നു.


പുരുഷാധിപത്യ സ്വഭാവമുള്ള സമൂഹത്തിന്‍റെ കര്‍ക്കശ മൂശകളില്‍ ഉരുക്കിയൊഴിച്ചും ഉടച്ചുവാര്‍ത്തും തേച്ചുമിനുക്കിയും മൂന്നോ നാലോ വയസ്സുമുതല്‍ തുടങ്ങുന്ന ഈ പരിശീലനം കൗമാരത്തിന്‍റെ ആദ്യനാളുകളിലേക്കെത്തുമ്പോഴേക്കും അവനെ ഒരു 'പുരുഷ'നാക്കി മാറ്റുന്നു. ഇനിയവന്‍ ചോര കണ്ട് പേടിക്കരുത്. കോഴിയെയും ആടിനെയും കൊല്ലാന്‍ അറവുകത്തിയേന്തുന്ന കൈയ്യാളായി കൂടെയുണ്ടാവണം. കൊലയുടെ ആദ്യപങ്കില്‍നിന്ന് പങ്കിട്ടനുഭവിക്കണം. ഇനിയവന്‍ അലഞ്ഞെത്തുന്ന പട്ടിയെ കല്ലെറിയണം, പാറ്റയേയും പല്ലിയേയും പാമ്പിനെയും അടിച്ചുകൊല്ലണം. ഇനിയവന്‍ സ്നേഹത്തെപ്പറ്റി പറയുന്നതെല്ലാം ഒച്ചതാഴ്ത്തിയും കുറ്റബോധം നിറഞ്ഞ ഒരു അശ്ലീല ചിരിയോടെയുമാവണം, അപരിചിതന്‍റെ ആംഗിള്‍ തെറ്റിയ നോട്ടത്തിനു നടുവില്‍ കൂട്ടുകാരിക്കു മറയാവണം, അപരന്‍റെ അര്‍ത്ഥം തെറ്റിയ വാക്കില്‍നിന്ന് അവളെ (അവള്‍ സ്ത്രീയാണ്!) സംരക്ഷിക്കണം, കഴിയുമെങ്കില്‍ അംഗവാലുയര്‍ത്തി, തലപ്പാവു കുടഞ്ഞ് ആ വില്ലന്‍റെ നെഞ്ചില്‍ ആഞ്ഞുകൊത്തണം. പുരുഷാധിപത്യ സമൂഹത്തില്‍ യഥാര്‍ത്ഥ പുരുഷന്‍റെ അപമാനവീകരണം ആരംഭിക്കുന്നതിങ്ങനെയാണ്.


പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയെ അടിമയായും അനുസരിക്കേണ്ടവളായും ഉപഭോഗവസ്തുവായും ലൈംഗികോപകരണമായും മാറ്റിത്തീര്‍ക്കുന്നു. മനുസ്മൃതിയും ബൈബിളും ഖുറാനുമൊക്കെ സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കപ്പെടുന്നു. മതഗ്രന്ഥ വ്യാഖ്യാനങ്ങളില്‍ പാപം എന്ന വാക്കിനോട് ഏറ്റവുമരികെ ചേര്‍ത്തുവയ്ക്കപ്പെട്ടിരിക്കുന്നത് സ്ത്രീ എന്ന നാമമാണ്. പൊതു ഇടങ്ങളിലും സ്വകാര്യതകളിലും അവള്‍ക്ക് ഭിന്നവേഷങ്ങള്‍ ആടേണ്ടതുണ്ട്. പൊതു ഇടങ്ങളില്‍ ഒരു നോട്ടം കൊണ്ടോ ശരീരചലനം കൊണ്ടോ പുരുഷന്‍റെ നിഷ്ഠാപരമായ 'ശുദ്ധി' യെ ഇളക്കാന്‍ അവള്‍ കാരണമായിക്കൂടാ. പക്ഷേ സ്വകാര്യതകളില്‍ കര്‍മ്മം കൊണ്ട് അവന്‍റെ ദാസിയും കാര്യവിചാരത്തില്‍ മന്ത്രിയും അവന്‍റെ ശരീരത്തിന്‍റെ ഉല്‍സവങ്ങളെ ശരീരം കൊണ്ട് വിരുന്നൂട്ടുന്ന വേശ്യയായും മാറണം (അവന്‍ വെറും മന്ദബുദ്ധി, മാംസപിണ്ഡം!).


പുരുഷാധിപത്യ സമൂഹം സ്ത്രീക്കുമേല്‍ പ്രയോഗിക്കുന്ന കാട്ടുനീതിയുടെ ഇരുതലവാള്‍ പുരുഷനുമേല്‍ തിരിഞ്ഞുകൊള്ളുന്നത് അവന്‍റെ വ്യക്തിത്വത്തിനേല്‍ക്കുന്ന മാരകമുറിവുകളായാണ്. പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു സ്വാഭാവിക ജന്മം ആഘോഷിച്ചു മടങ്ങേണ്ട, സ്ത്രീവ്യക്തിത്വത്തിന് അനുപൂരകം മാത്രമാകേണ്ട, പുരുഷവ്യക്തിത്വം മ്യൂട്ടേഷനു വിധേയമായി സ്വന്തം വംശത്തിന്‍റെ അന്തകജന്മങ്ങളാകുന്നു. ഇരയും വേട്ടക്കാരനുമെന്ന തരത്തില്‍ സ്ത്രീയെയും പുരുഷനെയും അടയാളപ്പെടുത്തുന്ന പതിവു ക്ലീഷേയ്ക്ക് ചില തിരുത്തലുകള്‍ ആവശ്യമുണ്ടെന്നര്‍ത്ഥം. സ്ത്രീ മാത്രമല്ല, പുരുഷാധിപത്യ വ്യവസ്ഥിതിയില്‍ പുരുഷനും ഇരയാക്കപ്പെടുന്നുണ്ട് എന്നും കൂടി അര്‍ത്ഥം.


ഇതെഴുതുമ്പോള്‍ എന്‍റെ മനസ്സു കലങ്ങുന്നുണ്ട്. പരുക്കന്‍ വസ്ത്രവും പറ്റെ വെട്ടിയ മുടിയുമൊക്കെയുള്ള അദൃശ്യരൂപികളായ ചില ടീച്ചറുമാര്‍ എന്നെ നോക്കി പല്ലിറുമ്മതുപോലെ ഒരു തോന്നല്‍ (കളിയാക്കിയതല്ല, പേടികൊണ്ട് പറയുന്നതാണ്). 'മെയ്ല്‍ ഷോവനിസ്റ്റ് പിഗ്' എന്ന് ദയവായി തെറി വിളിക്കരുത്. പുരുഷകോയ്മയുടെ അടയാളങ്ങളൊന്നും ശരീരത്തിലോ മനസ്സിലോ പേറുന്ന ഒരാളല്ല ഇതെഴുതുന്നത്. സ്ത്രീവാദിയോ പുരുഷവാദിയോ അല്ലാത്ത മനുഷ്യവാദി മാത്രമായ ഒരു വെറും മനുഷ്യന്‍. 'അമ്മയായും ദേവത'യായുമല്ല (എന്തു മനോഹരമായ പച്ചക്കള്ളം!) സഖിയായും സുഹൃത്തായും സഹപ്രവര്‍ത്തകയായും സഹജീവിയായും അവളുടെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ കഴിയുന്ന ഒരു സാധാരണ മനുഷ്യന്‍. സമൂഹം അളക്കുന്ന ഏത് അളവുകോലുകൊണ്ടളന്നാലും ഒരു വെറും രണ്ടാംതരം പുരുഷന്‍. ആറടി നീളത്തില്‍ ആറ് പായ്ക്കുകളുള്ള ശരീരമില്ല, നല്ലൊരു നോവല്‍ വായിച്ചാല്‍ ഒരാഴ്ച നന്നായി ഉറങ്ങില്ല, സങ്കടം വരുന്നൊരു സിനിമ കണ്ടാല്‍ വെറുതെ കണ്ണു നനയും (പെണ്ണുങ്ങളെപ്പോലെ!) പാത്രം കഴുകാനും വീടു തുടയ്ക്കാനും വസ്ത്രം കഴുകാനും സഹായിക്കും, ഉച്ചത്തില്‍ തര്‍ക്കിക്കാന്‍ വരുന്നവരെ നിശ്ശബ്ദതകൊണ്ട് നേരിടും (പേടിത്തൊണ്ടന്‍!) അതുകൊണ്ട് മുഴുവന്‍ പറയുംമുമ്പ് ജാമ്യത്തിനപേക്ഷിക്കുകയാണ്. തെറ്റിദ്ധരിച്ചോളൂ, കല്ലെറിയരുത്, പാവമാണ്.


പ്രകൃതിയൊരുക്കുന്ന പ്രസാദാത്മകമായ പുരുഷവ്യക്തിത്വത്തിനുമേല്‍ സമൂഹവ്യക്തിത്വം നടത്തുന്ന ആഭിചാരകര്‍മ്മങ്ങള്‍ വളരെ കുരുന്നിലേ തന്നെ അവനെ നിഷേധാത്മകമായ സ്വത്വത്തിനുടമയാക്കുന്നു. കരച്ചില്‍ എന്ന സ്വാഭാവികമായ സേഫ്റ്റി വാല്‍വുപോലും അവന് നിഷിദ്ധമാണ്. നിര്‍മ്മല ഭാവങ്ങള്‍ അവന് ചേരില്ല, മൃദുലവികാരങ്ങള്‍ അവന്‍ പ്രകടിപ്പിച്ചുകൂടാ. അവന്‍ കാര്‍ക്കശ്യം കാണിക്കണം, പരുക്കനാവണം. പ്രതികരിക്കേണ്ടതും പ്രതികാരം ചെയ്യേണ്ടതുമവന്‍. അവന്‍ - പുരുഷന്‍- പാറ്റായേയും പല്ലിയേയും കോഴിയേയും ദയയില്ലാതെ കൊല്ലുന്നു, പട്ടിയെ തല്ലിയോടിക്കുന്നു, വീട്ടുമുറ്റത്ത് ശല്യം ചെയ്യുന്ന ഭിക്ഷക്കാരനെ ശകാരിച്ചോടിക്കുന്നു, വഴിയിറമ്പത്ത് തടസ്സമായി നില്‍ക്കുന്ന മദ്യപാനിയെ തള്ളിവീഴ്ത്തുന്നു. അവന്‍ - പുരുഷന്‍ - സഹജമായ മൃദുലഭാവങ്ങളില്‍ കഴിവുകെട്ടവനെന്ന് അപഹസിക്കപ്പെടുന്നു. എതിര്‍ഭാവങ്ങളില്‍ ക്രൂരനെന്നും അധമനെന്നും അവമതിക്കപ്പെടുന്നു. കിടക്കയില്‍ കടന്നാക്രമിക്കാത്തവന്‍ പുരുഷത്വമില്ലാത്തവന്‍, പുരുഷത്വം തെളിയിക്കാനായി ആക്രമണകാരിയാകുന്നവന്‍, 'മെയ്ല്‍ ഷോവനിസ്റ്റ് മൃഗം.' അവന്‍ - പുരുഷന്‍ - നീചവാസനകളുടെ ഉറവിടം, മനുഷ്യത്വമില്ലാത്തവന്‍. അവന്‍ - പുരുഷന്‍- അപമാനവീകരിക്കപ്പെട്ട മനുഷ്യന്‍.


പുരുഷാധിപത്യമൂല്യങ്ങള്‍ സ്ത്രീയെ ഇരയും ഉപഭോഗവസ്തുവുമായി കരുതുമ്പോള്‍ അത് പുരുഷവ്യക്തിത്വത്തിന്‍റെ അപമാനവീകരണത്തിനും അതു വഴി വീണ്ടും സ്ത്രീത്വത്തിനെതിരെയുള്ള കടന്നുകയറ്റത്തിനും ഇടയാക്കുന്ന വിചിത്രമായൊരു സിനര്‍ജിസത്തിന് കാരണമാകുന്നു. സഹജനന്മകള്‍ പ്രകടിപ്പിക്കാനാവാതെ അപമാനവീകരിക്കപ്പെടുന്ന ഒട്ടനവധി പുരുഷജന്മങ്ങളുണ്ട്. പ്രകടിപ്പിക്കാത്ത 'ആഢ്യത്വമുള്ള' നന്മകളെയും സ്നേഹത്തെയും കരുണയേയും പറ്റിയുള്ള ക്ലീഷേകളോളം വലിയ കളവില്ല. സ്ത്രീക്കു മാത്രമല്ല, പുരുഷനും ഒരുപകാരവും ചെയ്യാത്ത അത്തരം നന്മകള്‍കൊണ്ടാര്‍ക്കെന്തു ഗുണം. സമൂഹം സൃഷ്ടിക്കുന്ന ഇത്തരം വാര്‍പ്പു രൂപങ്ങളില്‍ നിന്നും പുറത്തുവരാത്ത പുരുഷവ്യക്തിത്വം സമൂഹത്തിന്‍റെ ക്വട്ടേഷന്‍ പണിക്കാരനെ മാത്രമാണോര്‍മ്മിപ്പിക്കുന്നത്. സ്ത്രീക്കും പുരുഷനും പീഢകരായി മാറുന്ന, സ്ത്രീയും പുരുഷനുമല്ലാത്ത 'ഏതു സമൂഹം' എന്ന ലളിതവത്കരിക്കപ്പെട്ട ചോദ്യം കൊണ്ട് കല്ലെറിയരുത്.


ആര്‍ദ്രമായതെന്തും സ്ത്രൈണമാണെന്നും ആസുരമായതൊക്കെ പുരുഷഭാവമെന്നും വേര്‍തിരിച്ചതാരാണ് - സ്ത്രീയും പുരുഷനുമല്ലാത്ത, സ്ത്രീയും പുരുഷനുമടങ്ങുന്ന ഈ സമൂഹമല്ലാതെ? അമ്മയും ദേവതയുമെന്ന ബോണ്‍സായി കൂടുകളിലാക്കി, ഭാരതസ്ത്രീയുടെ ഭാവശുദ്ധിയെന്ന ആഡംബരനൂലില്‍ കെട്ടി സ്ത്രീത്വത്തെ ആട്ടിയും തെളിച്ചും നൂറ്റാണ്ടുകളായി ചൂഷണം ചെയ്ത സമൂഹം തന്നെയല്ലേ പുരുഷനെക്കൊണ്ട് വീണ്ടും വീണ്ടും മീശ പിരിച്ചും അരയില്‍ കത്തിയും തോക്കും തിരുകിയും ചിരിയുടെ പിന്നില്‍ ക്രൗര്യമൊളിപ്പിച്ചും കത്തിവേഷം കെട്ടിച്ചത്? ഉള്ളിലൊരു കരച്ചിലൊളിപ്പിച്ചുവച്ച് സിനിമയിലും സാഹിത്യത്തിലും ജീവിതത്തിലും അവന്‍ മീശപിരിച്ച് ഒരു ആറാം തമ്പുരാനായി നില്‍ക്കണമെന്ന് ശഠിച്ചത് അവനല്ലല്ലോ - അല്ലെങ്കില്‍ അവന്‍ മാത്രമല്ലല്ലോ.


പൗരുഷ്യനാട്യത്തിന്‍റെ നൂലിഴ പൊട്ടിയ ഒരു 'ദുര്‍ബല' നിമിഷത്തില്‍ ഒന്നു കരഞ്ഞുപോയ ഒരു യുവ രാഷ്ട്രീയ നേതാവിനെ കേരളസമൂഹവും മാധ്യമങ്ങളും കൊണ്ടാടിയതെങ്ങനെയെന്ന് മറക്കാറായിട്ടില്ല. പുരുഷനെപ്പറ്റി, പുരുഷത്വത്തെപ്പറ്റിയുള്ള നമ്മുടെ സങ്കല്പം എത്രമേല്‍ വികലവും പിന്തിരിപ്പനുമാണെന്നതിന് മറ്റെന്തൊക്കെ തെളിവുവേണം?


വീടുകളിലും തൊഴിലിടങ്ങളിലും - എവിടെയും - സ്ത്രീത്വം - ചവിട്ടിയരയ്ക്കപ്പെടുമ്പോള്‍ സഹോദരന്‍റെയും അച്ഛന്‍റെയും മേലധികാരിയുടെയും സുഹൃത്തിന്‍റെയുമൊക്കെ രൂപത്തില്‍ നരാധമന്‍മാരുടെ നിഴലുകള്‍ ആ സ്ത്രീത്വത്തിനു മേല്‍ പതിയുന്നുണ്ട്. പത്രദൃശ്യമാധ്യമങ്ങളിലെ ഉള്ളുരുക്കുന്ന വാര്‍ത്തകള്‍ കണ്ട് നെഞ്ചുനുറുങ്ങിപ്പോകുന്നത് സ്ത്രീയും പുരുഷനുമെന്ന വ്യത്യാസമേതുമില്ലാതെയാണ്. പക്ഷേ ഓരോ വാര്‍ത്തയും പുരുഷന് - യഥാര്‍ത്ഥ പുരുഷന് - ഒരു പ്രതിസന്ധികൂടിയാണ്. സംശയത്തോടെയുള്ള ഒരു നോട്ടം ഏതു നിമിഷവും അവന്‍റെ മേല്‍ വീഴാം. അവനൊരു പുരുഷന്‍ മാത്രമല്ല, സഹോദരനും അച്ഛനും സുഹൃത്തും വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും പുരോഹിതനുമൊക്കെയാണ്. ഒരു കൈത്താങ്ങിനായി കരം നീട്ടുന്ന സഹോദരിയും നെറുകയിലൊരു മുത്തം നല്‍കി യാത്രയാക്കുന്ന മകളും സാന്ത്വനമായി കൂടെ നില്‍ക്കുന്ന കൂട്ടുകാരിയും അറിവുതേടി മുമ്പിലിരിക്കുന്ന ശിഷ്യയും അറിവിന്‍റെ നന്മക്കഥകള്‍ പറയുന്ന അദ്ധ്യാപികയും ഒരു കുമ്പസാരക്കൂടിനപ്പുറം കണ്ണീരൊഴുക്കി നില്‍ക്കുന്ന വിശ്വാസിയും. അല്ലെങ്കില്‍, തൊഴിലിടങ്ങളിലും യാത്രാവേളകളിലും നമ്മള്‍ കണ്ടുമുട്ടുന്ന ആയിരക്കണക്കിന് സ്ത്രീകളിലാരെങ്കിലും സംശയത്തോടെ, ഭയത്തോടെ ഒരു നിമിഷം, ഒരൊറ്റ നിമിഷം, തന്നെ നോക്കിയിട്ടുണ്ടാവുമോ ഈശ്വരാ... നടുക്കമുണ്ടാക്കുന്ന ഈ ഓര്‍മ്മയുടെ ഇരയാണ് ഓരോ നിമിഷവും ഇന്ത്യന്‍ പുരുഷത്വം.


യേശുവിനെ സ്ത്രീകള്‍ ആദ്യന്തം പിന്‍തുടര്‍ന്നിരുന്നതിനു കാരണം അവനിലെ സ്ത്രൈണതയായിരുന്നു എന്ന് ഒരു എഴുത്തുകാരി ഈയിടെ എഴുതിക്കണ്ടു. യേശു എന്ന പുരുഷന്‍, വയല്‍പൂവിന് സോളമനെക്കാള്‍ മഹത്വമുണ്ടെന്നു പറഞ്ഞവന്‍. പാപിനിയെന്ന് ലോകം കല്ലെറിഞ്ഞവളെ ഒരു സാന്ത്വനം കൊണ്ട് വിശുദ്ധയാക്കിയവന്‍, കൂട്ടുകാരിയായി കൂടെ കൊണ്ടു നടന്നവന്‍. സിംഹാസനങ്ങളെ വെറുത്തവന്‍, അധികാരത്തിന്‍റെ അലങ്കാരങ്ങള്‍ക്ക് ശവംനാറി പൂക്കളുടെ ഗന്ധമാണെന്നറിഞ്ഞവന്‍. ആധിപത്യത്തിന്‍റെയും ആണ്‍കോയ്മയുടെയും ചിഹ്നങ്ങളെ തിരസ്കരിച്ചവന്‍, കാല്‍കഴുകി ദാസ്യഭാവം സ്വീകരിച്ചവന്‍ - ഇവനല്ലേ യഥാര്‍ത്ഥ പുരുഷന്‍? ഇതല്ലേ എല്ലാം തികഞ്ഞ പുരുഷത്വം? ഈ ആര്‍ദ്രനന്മകളൊക്കെ സ്ത്രൈണതയാണെങ്കില്‍ ആ സ്ത്രൈണത മാറ്റിനിര്‍ത്തിയാല്‍ യേശു പിന്നെ എന്താണ,് ആരാണ്, വെറുമൊരു ജീവശാസ്ത്ര സാധ്യതയല്ലാതെ? ഇവനാണ് യഥാര്‍ത്ഥ പുരുഷന്‍ എന്ന് എന്തുകൊണ്ട് നമുക്ക് പറയാനാവുന്നില്ല? ആര്‍ദ്രത സ്ത്രൈണവും ആസുരത പൗരുഷവുമെന്ന ഇമേജറികള്‍ പുരുഷാധിപത്യമൂല്യവ്യവസ്ഥിതിയുടെ കാണാപ്പൂട്ടുകളാണെന്ന് നാമെന്തുകൊണ്ട് അറിയാതെ പോകുന്നു? ഋതുപര്‍ണ്ണഘോഷിനെപ്പോലൊരു വലിയ പ്രതിഭയ്ക്കുപോലും തന്നില്‍ സ്ത്രീ വ്യക്തിത്വവും സ്ത്രീ ലൈംഗികതയുമുണ്ടെന്ന് കുമ്പസാരിക്കേണ്ടി വന്നതെന്തുകൊണ്ടാണ്? ഇക്കാണുന്നതാണ് താന്‍ - തന്‍റെ വ്യക്തിത്വം, തന്‍റെ പച്ചയായ പുരുഷവ്യക്തിത്വം- എന്ന് എന്തുകൊണ്ട് അദ്ദേഹത്തിന് പറയാനായില്ല?


ഫ്ളാഷ് ബാക്ക് 3


ജോലി കഴിഞ്ഞെത്തിയ ഒരു വൈകുന്നേരം. പുറത്തെ പോര്‍ച്ചിനരികെയുള്ള വൈദ്യുതി മീറ്റര്‍ ബോര്‍ഡില്‍ അസാധാരണമായി എന്തോ ഒന്ന്. തുറന്നു നോക്കിയപ്പോള്‍ നിറയെ ഉണങ്ങിയ പുല്ലും ഇലയും നാരും മറ്റു പലതും. ഒരു കിളിക്കൂടാണ്. ബോര്‍ഡിലെ ഒരു ദ്വാരത്തിലൂടെ കടന്നെത്തിയ ഒരു അടയ്ക്കാക്കിളി മുട്ടയിടാനൊരുക്കിയ കൂട്. ദിവസങ്ങളായുള്ള അതിന്‍റെ അധ്വാനമാണെന്നുറപ്പ്. അത് വല്ലാത്തൊരു പ്രതിസന്ധിയായിരുന്നു. മീറ്റര്‍ ബോര്‍ഡിനുള്ളില്‍ ഒരു സ്പാര്‍ക്കുണ്ടായാല്‍ വലിയ അപകടത്തിന് കാരണമാകുമത്. അതിനെ പ്രതിരോധിക്കേണ്ടത് കുടുംബനാഥനായ പുരുഷന്‍റെ കടമയാണ്. ഉള്ളിലൊരു കരച്ചിലോടെ ആ കിളിക്കൂടിന്‍റെ പുല്ലും നാരും പുറത്തുകളഞ്ഞ് വൃത്തിയാക്കി ദ്വാരമടച്ച് സുരക്ഷിതമാക്കി. എല്ലാം കഴിഞ്ഞ് വീടിനുള്ളിലേക്കു കയറാനൊരുങ്ങുമ്പോള്‍ ചുണ്ടിലൊരു പുല്‍നാമ്പും കൊത്തി ആ അടയ്ക്കാക്കിളി പറന്നെത്തുന്നു. മീറ്റര്‍ ബോര്‍ഡിനു ചുറ്റും തലങ്ങും വിലങ്ങും പറന്നു നടന്ന്, എല്ലാം മനസ്സിലായതുപോലെ ഒരു നിമിഷം നിന്ന് തല ചെരിച്ച് എന്നിലേക്കൊരു നോട്ടമെറിഞ്ഞ് അത് പറന്നകലുന്നു. ദൈവമേ ഇത്രയും തീക്ഷ്ണമായ, ഇത്രയധികം എന്നെ ഉലച്ചുകളഞ്ഞ ഒരു നോട്ടം ജീവിതത്തിലിന്നോളം എനിക്കു നേരിടേണ്ടിവന്നിട്ടില്ല. ആ കിളിയുടെ മുമ്പില്‍ ഞാനെത്ര ചെറുതായിപ്പോയി. അപമാനവീകരിക്കപ്പെടുന്ന എന്‍റെ പുരുഷത്വത്തിന് ആ അടയ്ക്കാക്കിളി എന്തു വിലയിട്ടിരിക്കും...?

Featured Posts

Recent Posts

bottom of page