top of page

എവിടമിവിടം

Mar 15, 2021

2 min read

ഡോ. റോയി തോമസ്

a novel of kalpatta narayanan

സവിശേഷമായ കാഴ്ചകളും കേള്‍വികളും തൊട്ടറിവുകളുമുള്ള എഴുത്തുകാരനാണ് കല്പറ്റ നാരായണന്‍. കവിതകളിലൂടെ എഴുതുന്ന, സംസാരിക്കുന്ന അദ്ദേഹം ഭാഷയെയും ചിന്തയെയും അഗാധവും സൂക്ഷ്മവുമാക്കുന്നു. കല്പറ്റ നാരായണന്‍റെ പുതിയ നോവല്‍  'എവിടമിവിടം' അസാധാരണമായ ജീവിതമാണ് വെളിവാക്കുന്നത്. കവിഞ്ഞു നില്‍ക്കുന്നതാണ് കവിത എന്ന് കുറിച്ച എഴുത്തുകാരന്‍ കവിഞ്ഞു നില്‍ക്കുന്ന കവിതാത്മകമായ രചനയിലൂടെ സ്ത്രീഹൃദയത്തിന്‍റെ സൂക്ഷ്മസഞ്ചാരങ്ങള്‍ പിടിച്ചെടുക്കുന്നു. "ഒരാസിഡ് വിക്ടിമിന്‍റെ ഉയിര്‍ത്തെഴുന്നേല്പ് മാത്രമല്ല എനിക്കീ നോവല്‍. ഈ സഞ്ചാരപഥത്തിലൂടെയല്ലാതെ, എനിക്കെത്തിച്ചേരുവാനാവാത്ത ചില അപൂര്‍വയിടങ്ങളുടെ ആവിഷ്കാരവുമാണ്. ഇടയ്ക്ക് ഇളവേറ്റ് തുടരാവുന്നൊരു ദീര്‍ഘദൂര ഓട്ടത്തേക്കാള്‍ എനിക്കിഷ്ടം ഓരോ കുതിപ്പും അടുത്ത കുതിപ്പിലേക്കുള്ള കുതിപ്പാവുന്ന ഒരു ഹ്രസ്വദൂര ഓട്ടമാണ്. മൂന്നു ചുവടുകള്‍ കൊണ്ട് മൂവുലകും അധീനത്തിലാക്കുന്ന ത്രിവിക്രമം" എന്ന് നോവലിസ്റ്റ് ആമുഖത്തില്‍ തന്‍റെ വഴി തുറന്നിടുന്നു. "മുറ്റിത്തഴച്ചു വളര്‍ന്ന ഒരു ചെടിയാണെന്‍റെ ശില്പമാതൃക. ഓരോ ചില്ലയിലും തുടിച്ചു നില്‍ക്കുന്ന യൗവനം. ഒരു വരിയും ഉറങ്ങിക്കൂടാ' എന്നു പറയുന്നതു ശരിയാണെന്ന് നാം തിരിച്ചറിയുന്നു.

സ്വന്തം ഭര്‍ത്താവാണ് സുലഭയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. അവളുടെ ജീവിതത്തെ മാറ്റിമറിച്ച ദുരന്തം. ബാഹ്യവും ആന്തരവുമായി ആസിഡാക്രമണത്തിന് ഇരയാകുന്ന സ്ത്രീകളുടെ ജീവിതത്തിലേക്കാണ് ജാഗ്രതയോടെ നോവലിസ്റ്റ് കടന്നുചെല്ലുന്നത്. സുലഭയുടെ മാനസ്സികസഞ്ചാരങ്ങള്‍ അതിതീവ്രവും അഗാധവും സൂക്ഷ്മവുമാണെന്നു നാമറിയുന്നു. സുലഭ പുതിയൊരേകാന്തതയിലേക്കു നിപതിക്കുന്നു. 'പുതുതായി കൈവന്ന ഏകാന്തത സുലഭയോടിണങ്ങാന്‍ കാലമെടുത്തു' എന്നതാണ് സത്യം. ഒരു നിമിഷം കൊണ്ട് അവളുടെ ജീവിതത്തിന്‍റെ നിറങ്ങള്‍ അപ്രത്യക്ഷമാകുന്നു. മുഖത്തു നോക്കാന്‍ ഏവരും ഭയക്കുന്നവളായി സുലഭ മാറുന്നു. കുത്തിനോവിക്കുന്ന ഏകാന്തതയുടെ ഭൂഖണ്ഡങ്ങള്‍ താണ്ടി അവള്‍ മറ്റൊരു തീരത്തെത്തുന്നു. 

'ആസിഡിരയോളം ശൂന്യത അറിഞ്ഞവരില്ല' എന്നു നാം മനസ്സിലാക്കുന്നു. "എന്നില്‍ എന്‍റെ ഭര്‍ത്താവില്ലാതാക്കിയത് സൗന്ദര്യം മാത്രമല്ല, അനുകമ്പയ്ക്കോ സ്നേഹത്തിനോ രക്ഷയ്ക്കോ ഉള്ള അര്‍ഹതയുമാണ്. ഒരാളെറിഞ്ഞു തുടങ്ങിയാല്‍ തുരുതുരെ ആളുകളെന്നെ എറിഞ്ഞുതുടങ്ങും എന്ന ഭയം തോന്നാറുണ്ടെനിക്ക്, തെരുവിലൂടെ നടക്കുമ്പോള്‍" എന്ന ചിന്ത സുലഭയില്‍ വല്ലാത്തൊരു നിസ്സഹായത നിറയ്ക്കുന്നുണ്ട്. 'ഭൂമിയില്‍ മനുഷ്യസ്ത്രീക്കു മാത്രം വിധിക്കപ്പെടുന്ന ഈ കൊടുംശിക്ഷ സ്ത്രീയില്‍ പോലും ഒരു നീതിബോധം ഉണര്‍ത്താത്തതെന്ത്?' എന്ന് അവള്‍ ചോദിക്കുന്നു. ഇത് സമൂഹത്തോടു മുഴുവനുമുള്ള ചോദ്യമാണ്. 'ഞങ്ങളെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ ക്രമീകരണം സമൂഹത്തില്‍ നടന്നിട്ടില്ല. പെരുമാറ്റക്രമം രൂപപ്പെടുത്തിയപ്പോള്‍ പരിഗണനയില്‍ ഞങ്ങളെ ഉള്‍ക്കൊള്ളിച്ചില്ല. ഡിസൈനര്‍ പൊതുവായ കാര്യങ്ങളേ പരിഗണിച്ചുള്ളു' എന്നതാണ് സുലഭ തിരിച്ചറിയുന്ന സത്യം.

  യാതനയുടെ ദേവതയുടെ സംരക്ഷണയിലുള്ള ചിലരെ നാം ഈ നോവലില്‍ കണ്ടുമുട്ടുന്നു. 'സ്ത്രീകളായതുകൊണ്ട് കൂടുതല്‍ വലിയ വീതം കിട്ടിയവരാണ് എല്ലാവരും' എന്നാണ് നോവലിസ്റ്റ് കുറിക്കുന്നത്. യാതനയുടെ വലിയ വീതമാണ് അവര്‍ക്കെല്ലാം കിട്ടിയതെന്നറിയുമ്പോഴാണ് നാം ഞെട്ടുന്നത്. 'കൂടുതല്‍ കൂടുതല്‍ വേദനിക്കുന്നവരിലേക്കുള്ള യാത്രയാവാം പരിണാമം. ജീവന്‍ പടിപടിയായി ഉയര്‍ന്നത് വേദനിക്കാനുള്ള അതിന്‍റെ ശേഷിയിലൂടെയാണ്' എന്ന നിരീക്ഷണം അവതരിപ്പിക്കുമ്പോള്‍ നോവലിസ്റ്റ് മറ്റൊരു ദര്‍ശനം വെളിവാക്കുകയാണ്. വേദനയില്‍ നിന്നാണ് പുതിയ ആവിഷ്കാരങ്ങള്‍ പിറവി കൊള്ളുന്നത്.ആസിഡാക്രമണം നേരിട്ടവള്‍ക്ക് കണ്ണാടി പേടിസ്വപ്നമാണ്. തന്‍റെ രൂപം ചിതറിപ്പോയത് അവള്‍ക്ക് താങ്ങാനാവില്ല. "കണ്ണാടിയിലെ പ്രതിബിംബം കേവലമായ നിഴലിക്കലല്ല, ഒരാവിഷ്ക്കാരമാണ്. ഉള്ളറിഞ്ഞ ഒരു പ്രകാശനം." അതാണ് തനിക്കു നഷ്ടമായതെന്ന് സുലഭ അറിയുന്നു. ആ അറിവ് അവളെ തളര്‍ത്തുന്നു. 'ഒരുവള്‍ അവളുടെ മുഖമാണ്. ഒരുവള്‍, അവളുടെ മുഖത്തെ സ്നേഹാര്‍ഹതയാണ്, സൗന്ദര്യത്തെക്കാള്‍ അധികമാണത്... ജീവിതത്തിന്‍റെ ഇരിപ്പിടമാണയാള്‍ ചവിട്ടിത്തെറിപ്പിച്ചത്. ഇപ്പോഴെനിക്ക് ഇരിക്കാനിടമില്ല; എന്‍റെ സ്വപ്നങ്ങളില്‍പ്പോലും" എന്നാണ് സുലഭ ചിന്തിക്കുന്നത്. ചിന്താവിഷ്ടയായ സുലഭയായി അവള്‍ മാറുന്നത് നാം കാണുന്നു. 'പോരായ്മക്ക് ഒപ്പമെത്താനാവില്ല. ഒപ്പമായിരിക്കുമ്പോഴും അത് മറ്റുള്ളവര്‍ക്ക് ഒപ്പമല്ല' എന്നതാണ് അവളുടെ ജീവിതസത്യം.

'ഇന്ത്യ അനുഭവത്തില്‍ എത്ര ചെറിയ രാജ്യമാണെന്ന് ഓരോ ആസിഡ് വിക്ടിമിന്‍റെ മുഖവും ലോകത്തോട് പറയുന്നുണ്ട്' എന്നാണ് കല്പറ്റ നാരായണന്‍ നിരീക്ഷിക്കുന്നത്. 'മരിക്കുന്നതായിരുന്നു നല്ലത് എന്ന് മറ്റുള്ളവര്‍ കരുതുന്ന ജീവിതത്തിന്‍റെ വലിയ ഏകാന്തത'യാണ് ഇരകളെ നരകത്തിലാക്കുന്നത്. 'ഒരുപുല്ലും മുളയ്ക്കാത്ത തരിശുനിലത്തിന്‍റെ ഏകാന്തത, പാറപ്പുറത്തു വിതച്ച വിത്തിന്‍റെ ഏകാന്തത' എന്ന് പറയുമ്പോള്‍ ഇരയുടെ ഏകാന്തത എത്ര ഭീകരമാണെന്ന് മനസ്സിലാകും.

വേദന അനുഭവിക്കുന്നവര്‍ സമയത്തെ ആരോ പിന്നിലേക്കു വലിച്ചുകെട്ടിയിരിക്കുകയാണെന്നു വിശ്വസിക്കുന്നു. സുലഭയും അങ്ങനെയാണ് കരുതുന്നത്. കാലം ഇഴഞ്ഞു നീങ്ങുന്ന അനുഭവം. 'സമ്പൂര്‍ണമായി ഡൊമസ്റ്റിക്കേറ്റ് ചെയ്യപ്പെട്ട മൃഗം സ്ത്രീയാണ്' എന്നാണ് നോവലിസ്റ്റ് എഴുതുന്നത്. തീര്‍ത്തും മെരുങ്ങിയ അവള്‍ക്ക് ഉറങ്ങിക്കിടക്കുന്ന വന്യതയ്ക്ക് ആവിഷ്കരിക്കാന്‍ ഒരവസരവുമില്ല. സുലഭയുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാവുന്നത് നാം കാണുന്നു.

ആസിഡാക്രമണത്തിന് ഇരയായ സുലഭയുടെ ജീവിതാവിഷ്കാരത്തിലൂടെ കല്പറ്റ നാരായണന്‍ സ്ത്രീജീവിതത്തിന്‍റെ അകപ്പൊരുളുകളാണ് തുറന്നിടുന്നത്. സ്ത്രീപക്ഷ രചനയുടെ സാക്ഷാത്കാരമാണിത്. 'ചിന്താവിഷ്ടയായ സുലഭ' നിലനില്‍ക്കുന്ന വ്യവസ്ഥയെ ചോദ്യം ചെയ്യുന്നു. സ്ത്രീയുടെ ഇടം ഇപ്പോഴും എങ്ങനെ ചുരുങ്ങിപ്പോകുന്നു എന്ന് അദ്ദേഹം കാണിച്ചുതരുന്നു.

 

(എവിടമിവിടം - കല്പറ്റ നാരായണന്‍ - മാതൃഭൂമി ബുക്സ്)

 

 


ഡോ. റോയി തോമസ്

0

0

Featured Posts

Recent Posts

bottom of page