top of page

ലൈംഗികത ഒരു മനശ്ശാസ്ത്ര സമീപനം

Mar 1, 2011

3 min read

ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Image : Symbolic representation of sex and love in relationship
Image : Symbolic representation of sex and love in relationship

ലൈംഗികത അടിസ്ഥാനപരമായി ഒരു ശാരീരികപ്രക്രിയയാണ്. എങ്കിലും മറ്റുജീവികളില്‍നിന്നും വ്യത്യസ്തമായി സാമൂഹികവും മാനസികവുമായ തലങ്ങള്‍ക്ക് മനുഷ്യലൈംഗികതയില്‍ വന്‍സ്വാധീനമാണുള്ളത്. ലൈംഗിക താത്പര്യം പ്രകൃതിദത്തമാണെങ്കിലും അതുമായി ബന്ധപ്പെട്ട സ്വഭാവം ഒരു വ്യക്തിയുടെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉരുത്തിരിയുന്നതാണ്. അതുകൊണ്ടുതന്നെ മറ്റുജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യലൈംഗികത (Sexual Behaviours) കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ജീവിതസാഹചര്യങ്ങള്‍ (മതം, കുടുംബസാഹചര്യം, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം) അവനില്‍ രൂപപ്പെടുത്തുന്ന ചിന്തകള്‍ അവന്‍റെ ലൈംഗിക സ്വഭാവത്തത്തല്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. അതുകൊണ്ടുതന്നെ സ്ത്രീ-പുരുഷന്‍മാര്‍ തമ്മിലും വിവിധ സംസ്കാരങ്ങളിലുള്ളവര്‍ തമ്മിലുമെല്ലാം ലൈംഗിക സ്വഭാവത്തില്‍ വ്യത്യസ്തതകളുണ്ട്. നമ്മുടെ സംസ്കാരത്തിലെ ലൈംഗിക സ്വഭാവത്തിന്‍റെ മനശ്ശാസ്ത്ര വിശകലനത്തിനാണിവിടെ ശ്രമിക്കുന്നത്.

ജന്മനാ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ചിന്താധാരകളില്‍ വലിയ വ്യത്യാസമൊന്നുമില്ല. എന്നാല്‍ ക്രമേണ വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സമൂഹം അവരെ പഠിപ്പിക്കുന്നു. ലൈംഗിക സ്വഭാവത്തിലും ഈ വ്യത്യസ്തതയുണ്ട്. ഇത് മനസ്സിലാക്കുന്നത് ലൈംഗിക ജീവിതത്തിലെ ആരോഗ്യകരമായ പൊരുത്തപ്പെടലിന് സഹായകമാണ്.

പുരുഷനെ സംബന്ധിച്ചിടത്തോളം ലൈംഗികത കൂടുതലും ശാരീരിക ചോദനയാണ്. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുകയും ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുകയും ചെയ്യുന്നതുപോലെയുള്ള ഒരു പ്രാഥമിക ആവശ്യം. എന്നാല്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം ലൈംഗികത കൂടുതലും ഒരു മാനസികവ്യാപാരമാണ്. മാനസികമായി അടുപ്പവും താത്പര്യവും ഉള്ള ഒരാള്‍ക്കു മാത്രമേ അവളില്‍ ലൈംഗിക താത്പര്യവും സംതൃപ്തിയും ജനിപ്പിക്കാനാവൂ. "സഹകരിക്കുന്നില്ല, രതി താത്പര്യമില്ല" എന്നിങ്ങനെ ഭാര്യയെപ്പറ്റി പരാതി പറയുന്ന ഭര്‍ത്താക്കന്മാര്‍ ഭാര്യയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങളെപ്പറ്റി അത്രയൊന്നും ബോധവാന്‍മാരല്ല. അതുകൊണ്ടുതന്നെ പലപ്പോഴും നീലച്ചിത്രങ്ങളൊ, ലൈംഗിക ചുവയുള്ള കഥകളൊ, പടങ്ങളൊ ഒക്കെ ഉപയോഗിച്ച് ഭാര്യയെ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ ഇതൊക്കെ തീര്‍ത്തും പ്രയോജനരഹിതമാണ്! ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പരസ്പര സ്നേഹവും തീവ്രമായ അനുരാഗവും എത്രമാത്രം വര്‍ദ്ധിക്കുന്നുവോ അത്ര അധികം ഭാര്യയുടെ ലൈംഗിക താത്പര്യവും വര്‍ദ്ധിക്കും. 'മുസ്ലിപവറ'ല്ല, പ്രേമത്തിന്‍റെ പവര്‍ ആണ് സ്ത്രീക്കുവേണ്ട ലൈംഗിക ഉത്തേജകം.

ലൈംഗികതയോട് ആരോഗ്യകരമായ ഒരു സമീപനം വളരെയേറെ ആവശ്യമാണ്. ബഹുഭൂരിപക്ഷം സ്ത്രീകളിലും പ്രായമാകുന്നതോടെ ലൈംഗികതയെ ആത്മീയവത്കരിക്കാനുള്ള പ്രവണത കാണാറുണ്ട.് ലൈംഗികത പ്രത്യുത്പാദനത്തിനു മാത്രമാണെന്ന ചിന്ത പലപ്പോഴും മതപ്രഘോഷകര്‍ പ്രചരിപ്പിക്കാറുണ്ട.് അതുകൊണ്ടുതന്നെ 'എന്‍റെ ഭര്‍ത്താവിനോട് സഹോദരബന്ധമേ ഉള്ളൂ' എന്നു പറയാന്‍ പലരും വിവരക്കേട് കാണിക്കാറുമുണ്ട്. എന്നാല്‍ സത്യമെന്താണ്? ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹപ്രകടനത്തിന്‍റെ കാതലാണ് ലൈംഗികബന്ധം. അത് ദൈവഹിതമാണ്, ദൈവതാത്പര്യവുമാണ്. പ്രായം വര്‍ദ്ധിക്കുന്നതോടെ ലൈംഗിക ഹോര്‍മോണുകളുടെ അളവ് കുറയുകയും ലൈംഗികതയുടെ ശാരീരിക താത്പര്യം കുറയുകയും ചെയ്യുന്നു. മാനസികമായ അടുപ്പം ഭര്‍ത്താവുമായി കുറഞ്ഞുപോകുന്നതാണ് സത്യത്തില്‍ ലൈംഗികതയുടെ ആത്മീയവത്കരണത്തിനു കാരണം. അതോടെ 'പുറത്താകുന്ന' ഭര്‍ത്താക്കന്മാര്‍ പരസ്ത്രീബന്ധത്തിലേക്കോ, ദേഷ്യപ്രകൃതിയിലേക്കോ തിരിയുന്നു. അങ്ങനെ കുടുംബാന്തരീക്ഷം കൂടുതല്‍ അനാരോഗ്യകരവും കുടുംബബന്ധങ്ങള്‍ ശിഥിലവുമായിത്തീരും. ആത്മീയ വളര്‍ച്ച നേടുന്ന സ്ത്രീകള്‍ ഭര്‍ത്താവുമായി തങ്ങളുടെ പ്രേമാതുരതയും ലൈംഗിക ആകര്‍ഷണവും വര്‍ദ്ധിപ്പിക്കുകയും അതുവഴി കുടുംബബന്ധം കൂടുതല്‍ ദൃഢവും കുടുംബാന്തരീക്ഷം കൂടുതല്‍ ഊഷ്മളമാക്കുകയുമാണ് വേണ്ടത്. അതാണ് ദൈവതാത്പര്യം. ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്കുവേണ്ടി തിരക്കുകളുടെ മദ്ധ്യത്തിലും സമയം കണ്ടെത്തുക; ആവോളം സ്നേഹം പ്രകടിപ്പിക്കുക; അവര്‍ക്കിഷ്ടമില്ലാത്ത ശീലങ്ങള്‍ ഉപേക്ഷിക്കുക. അപ്പോള്‍ ഭാര്യമാര്‍ കപട ആത്മീയ മുഖംമൂടി ഉപേക്ഷിക്കും. രതി രണ്ടുപേര്‍ക്കും ആത്മീയ വര്‍ദ്ധനക്ക് കാരണമാകുകയും ചെയ്യും.

നമ്മുടെ സമൂഹത്തില്‍ ലൈംഗികതയെ കൂടുതല്‍ ഗോപ്യവും ലജ്ജാകരവുമായ ഒരു സംഗതിയായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ലൈംഗികതയെക്കുറിച്ചുള്ള ചര്‍ച്ചകളും പഠനവും നന്നേ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെയാണ് ഇത് ഏറെ ബാധിച്ചിരിക്കുന്നത്. മനഃശാസ്ത്രജ്ഞന്മാരുടെ ഭാഷയില്‍ പുരുഷന്‍മാരേക്കാളേറെ Sexual inhibition ഉള്ളത് സ്ത്രീകള്‍ക്കാണ്. അതുകൊണ്ടു തന്നെ ലൈംഗികപരമായി ഉത്തേജിക്കപ്പെടാന്‍ സ്ത്രീകള്‍ ഏറെ സമയമെടുക്കും. പുരുഷപങ്കാളിയുടെ സ്നേഹപ്രകടനങ്ങളും തുടരെയുള്ള പ്രോത്സാഹനങ്ങളും വഴി പുരുഷനുമായി മാനസികമായ അടുപ്പത്തില്‍ എത്തിയശേഷം മാത്രമേ ലൈംഗിക പ്രക്രിയയില്‍ പങ്കാളിയാകാന്‍ സ്ത്രീക്ക് സാധിക്കൂ എന്നത് പുരുഷന്മാര്‍ മനസ്സിലാക്കണം. പലപ്പോഴും മനഃശാസ്ത്രജ്ഞന്മാര്‍ പറയാറുണ്ട്: 'പുരുഷന്‍റെ ലൈംഗിക ഉത്തേജനം കിടക്കയില്‍ എത്തുമ്പോള്‍ ആരംഭിക്കുന്നെങ്കില്‍ സ്ത്രീയുടേത് രാവിലെ കിടക്കയില്‍നിന്ന് ഉണരുമ്പോഴേ ആരംഭിക്കുന്നുവെന്ന്.' രാവിലെ മുതല്‍ ഭാര്യയുമായുള്ള നല്ല സ്നേഹബന്ധത്തിന്‍റെ, തുടര്‍ച്ചയായുള്ള സ്നേഹപ്രകടനത്തിന്‍റെ ഗുണം വൈകിട്ട് കിടക്കയില്‍ ലഭിക്കും എന്നു സാരം. പകരം രാവിലെ മുതല്‍ വഴക്കും വക്കാണവുമായി ജീവിച്ചാല്‍ വൈകിട്ട് ഭാര്യയില്‍ ലൈംഗികമായ താത്പര്യക്കുറവും തണുപ്പന്‍ ഇടപെടലും ഉണ്ടാവുന്നതു സ്വാഭാവികം.

പുരുഷലൈംഗികതയുടെ ഏറ്റവും വലിയ പ്രത്യേകത പൊടുന്നനവെയുള്ള ലൈംഗിക ഉത്തേജനമാണ്. ലൈംഗിക ഉത്തേജനത്തിന് കാരണമാകുന്ന സാഹചര്യങ്ങള്‍ വളരെപ്പെട്ടെന്ന് ലൈംഗിക ഉത്തേജനം പ്രാപിക്കുന്നതിന് പുരുഷനെ അനുവദിക്കുമെങ്കില്‍, സ്ത്രീകള്‍ക്കു സാവധാനത്തില്‍ മാത്രമേ ലൈംഗിക ഉത്തേജനം പ്രാപിക്കുന്നതിനാവൂ. അതുകൊണ്ടു തന്നെ സ്വന്തം ചോദനയ്ക്കനുസരിച്ച് മാത്രം പുരുഷന്‍ ലൈംഗിക പ്രക്രിയയിലേക്കു കടന്നാല്‍ അതുമായി സഹകരിക്കാനും രതിമൂര്‍ച്ഛയിലെത്താനും സ്ത്രീകള്‍ക്കു സാധിക്കാതെ വരും. സ്നേഹപൂര്‍ണ്ണമായ സംസാരവും പെരുമാറ്റവും അടുത്ത ഇടപഴകലുകളും ക്രമേണയുള്ള ശാരീരികമായ അടുപ്പവും സ്ത്രീയില്‍ സാവധാനം ലൈംഗിക ഉത്തേജനം ഉളവാക്കുന്നു. അതുകൊണ്ട് സ്ത്രീ ലൈംഗിക ബന്ധത്തിന് പൂര്‍ണ്ണമായി സജ്ജമാകുന്നതുവരെ പരിലാളനയോടും ക്ഷമയോടുംകൂടെ കാത്തിരിക്കാന്‍ പുരുഷന്‍ ശ്രമിക്കേണ്ടതാണ്.

പുരുഷനേക്കാള്‍ ലൈംഗികതയ്ക്ക് സ്വകാര്യതയും ഗോപ്യതയും കല്പിക്കുന്നവരാണ് സ്ത്രീകള്‍. മറ്റാരും കാണുന്നില്ല, കേള്‍ക്കുന്നില്ല, മനസ്സിലാക്കുന്നില്ല എന്ന തോന്നല്‍ ഉണ്ടായാല്‍ മാത്രമേ ഒട്ടുമിക്ക സ്ത്രീകളിലും ലൈംഗിക താത്പര്യം ഉണരുകയുള്ളൂ. അതുകൊണ്ട് കിടപ്പുമുറിയുടെ സ്വകാര്യതയും അവര്‍ക്കു പ്രധാനമാണ്. അതോടൊപ്പം കാണുന്നതിനേക്കാളും സ്പര്‍ശനവും സാമീപ്യവും അവര്‍ക്ക് രതിയുടെ വിഭവങ്ങളാണ്. എന്നാല്‍ പുരുഷന്‍ രതിയുടെ സ്വകാര്യത അത്ര കാര്യമാക്കാറില്ല. അതുപോലെ കാഴ്ചയാണ് അവന് ഏറ്റവും ഉത്തേജനജനകമായ ഇന്ദ്രിയം. ആയതിനാല്‍ സ്ത്രീ അവളുടെ സൗന്ദര്യവും വശ്യതയും പരിപാലിച്ച് സംരക്ഷിക്കേണ്ടത് ലൈംഗിക ജീവിതത്തിന്‍റെ ആരോഗ്യകരമായ നിലനില്പിന് സുപ്രധാനമാണ്. ഏതു പ്രായത്തിലും സൗന്ദര്യമുണ്ട്. അത് എത്ര ഭംഗിയായി സൂക്ഷിക്കാമോ അത്രയും ഭംഗിയായും വൃത്തിയായും സൂക്ഷിക്കുകയും അത് ഇണയ്ക്കായി സമര്‍പ്പിക്കുകയും ചെയ്യേണ്ടത് ദൈവതാത്പര്യമാണ്. ഭര്‍ത്താവിനോട് ഭാര്യയും തിരിച്ചും വശ്യമായി പെരുമാറുകയും, പരസ്പരം സൗന്ദര്യം ആസ്വദിക്കുകയും ചെയ്യണം. അത് ആരോഗ്യകരമായ കുടുംബജീവിതത്തിന് ഏറെ സഹായിക്കും. രതിമൂര്‍ച്ഛയ്ക്കുശേഷം സ്ത്രീ, പുരുഷസാമീപ്യവും പുരുഷന്‍റെ സ്നേഹപരിലാളനയും ഏറെ ആഗ്രഹിക്കുന്നു. ആ സമയത്ത് പലപ്പോഴും അനാവശ്യമായ കുറ്റബോധം അവരെ വല്ലാതെ ശല്യപ്പെടുത്താറുണ്ട്. പക്ഷേ രതിമൂര്‍ച്ഛയ്ക്കുശേഷം പുരുഷന്മാര്‍ക്ക് രതിവിരക്തിയുടെ സമയമാണ്. സ്ത്രീയോട് അടുപ്പവും സ്നേഹവും പ്രകടിപ്പിക്കുന്നതിന് ഏറെ വൈമുഖ്യമുള്ള സമയമാണിത്. അതുകൊണ്ടുതന്നെ പരസ്പരം ഇതിനെപ്പറ്റി അറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും ലൈംഗികബന്ധത്തിനുവേണ്ടി മാത്രമാണ് പുരുഷന്‍ തന്നെ സ്നേഹിക്കുന്നത് എന്നും രതിമൂര്‍ച്ഛയ്ക്കുശേഷം നിര്‍ദ്ദാക്ഷിണ്യം തന്നെ അവന്‍ ഉപേക്ഷിച്ചുപോകുന്നു എന്നും പരാതിപ്പെടുന്ന സ്ത്രീ, പുരുഷന്‍റെ രതിവിരക്തി ഘട്ടത്തിലുള്ള മാനസികാവസ്ഥയെപ്പറ്റി തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

പലപ്പോഴും ലൈംഗിക പരാജയത്തിന്‍റെ അടിസ്ഥാനകാരണം ഉത്കണ്ഠയും അജ്ഞതയും ആണ്. സങ്കീര്‍ണ്ണമായ ശാരീരിക-മാനസിക പ്രക്രിയ ലൈംഗികതയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ലൈംഗികബന്ധം എപ്പോഴും വിജയിക്കണമെന്നില്ല. മാനസിക പിരിമുറുക്കം, ശാരീരിക ക്ഷീണം, ദേഷ്യം തുടങ്ങിയവയെല്ലാം താത്കാലികമായ ലൈംഗികപരാജയത്തിനും ഉത്തേജനക്കുറവിനും കാരണമാകുന്നു. ഒരിക്കല്‍ പരാജയപ്പെട്ടാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന 'പരാജയ ഭീതി'യാണ് പലപ്പോഴും പിന്നീടുണ്ടാകുന്ന ലൈംഗികപരാജയത്തിനു കാരണം. അതുകൊണ്ട് ഇത്തരം ഉത്കണ്ഠയില്‍നിന്ന് മോചനം നേടിയതിനുശേഷം മാത്രമേ വീണ്ടും ഒരു ശ്രമത്തിന് മുതിരേണ്ടതുള്ളൂ. രതി ഒരു സ്വതസ്സിദ്ധമായ പ്രക്രിയയാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്നേഹപ്രകടനത്തിന്‍റെ പാരമ്യത്തില്‍ മനഃപൂര്‍വ്വമല്ലാതെ പ്രകൃതിദത്തമായി സംഭവിക്കേണ്ട ഒന്നാണ് ലൈംഗികബന്ധം. അതുകൊണ്ട് ഉത്തേജനമുള്‍പ്പെടെയുള്ള സ്വന്തം ശരീരത്തിന്‍റെ മാറ്റങ്ങളെപ്പറ്റിയോ ലൈംഗികബന്ധത്തിന്‍റെ വിജയത്തെപ്പറ്റിയോ ആരും വ്യാകുലപ്പെടേണ്ടതില്ല. സ്വതസ്സിദ്ധമായ സ്നേഹപ്രകടനത്തിന് തയ്യാറാകുന്ന പങ്കാളികള്‍ തമ്മില്‍ ലൈംഗികബന്ധം താനേ നടന്നുകൊള്ളും. അതുപോലെ, തുടര്‍ച്ചയായി ലൈംഗിക പരാജയം ഉണ്ടായാല്‍ മനശ്ശാസ്ത്രജ്ഞനെയോ, സെക്സോളജിസ്റ്റിനെയോ കാണാന്‍ ഏതു പ്രായത്തിലും മടിക്കേണ്ടതില്ല. മറ്റു ശാരീരിക വൈഷമ്യംപോലെ ഇതിനേയും കാണാനും ചികിത്സിക്കാനും നമുക്കാവണം.

പ്രായം അധികരിക്കുന്നതിനനുസരിച്ച് ലൈംഗികചോദനയും കുറയുക എന്നത് സ്വാഭാവികമാണ്. എങ്കിലും മറ്റ് ജീവജാലങ്ങളില്‍നിന്നും ഏറെ വ്യത്യസ്തനാണ് മനുഷ്യന്‍ ഇക്കാര്യത്തില്‍. ശരീരമല്ല (ഹോര്‍മോണുകളും ലൈംഗികാവയവും) മനസ്സാണ് മനുഷ്യന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം. അതുകൊണ്ടുതന്നെ പ്രായമല്ല റൊമാന്‍റിക്കായ മനസ്സാണ് മനുഷ്യനില്‍ ലൈംഗിക താത്പര്യം നിശ്ചയിക്കുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം റൊമാന്‍റിക്കായി നിലനില്‍ക്കുന്നിടത്തോളം കാലം പ്രായവും ശാരീരിക ക്ഷീണവും മറികടന്ന് സന്തോഷകരമായ ലൈംഗികജീവിതത്തില്‍ അവര്‍ക്കു തുടരാനാവും. (മുസ്ലിപവറിന്‍റെ സഹായമില്ലാതെ തന്നെ).

സജീവമായ ലൈംഗികജീവിതം മനുഷ്യന്‍റെ ആരോഗ്യത്തെ ഉത്തേജിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ലൈംഗികബന്ധത്തിലൂടെ ഓജസ്സും കഴിവും നഷ്ടപ്പെടുമെന്ന ചിന്ത സത്യവിരുദ്ധമാണ്. മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യവും ഉന്മേഷവും സജീവമായ ലൈംഗിക ജീവിതം മനുഷ്യനു നല്‍കുന്നു. ആരോഗ്യമേഖലയിലെ മിക്കവാറും പഠനങ്ങള്‍ തെളിയിക്കുന്നത് സജീവമായ ലൈംഗിക ജീവിതം ഉള്ളവര്‍ക്ക് മാനസികാരോഗ്യവും ശാരീരികാരോഗ്യവും മറ്റുള്ളവരേക്കാളും പതിന്മടങ്ങ് കൂടുതലാണെന്നാണ്. അതുകൊണ്ട് ഏതുപ്രായത്തിലും ലൈംഗികത ആസ്വാദ്യകരമാക്കാന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ശ്രമിക്കേണ്ടതുണ്ട്.

ദൈവതാത്പര്യം മനുഷ്യനന്മയാണ്, ആരോഗ്യമാണ്. ഭാര്യാഭര്‍തൃബന്ധം വിശുദ്ധമാണ്. ആ ബന്ധത്തിന്‍റെ കാതല്‍ ലൈംഗികബന്ധം തന്നെയാണ്. തെറ്റായ ആത്മീയ ബോധനവും ലൈംഗികതയുടെ അനാരോഗ്യകരമായ ആത്മീയവത്കരണവും ദൈവനിന്ദയാണ്. സ്നേഹത്തിന്‍റെ പങ്കിടല്‍ ദൈവികമാണ്. അതിന്‍റെ ഏറ്റവും ഉദാത്തമായ പ്രകടനമാണ് ലൈംഗികബന്ധം. അത് ഏറ്റവും സന്തോഷകരമായും ആരോഗ്യകരമായും സംരക്ഷിക്കേണ്ടത് മനുഷ്യധര്‍മ്മമാണ്. അതിനായുള്ള ആത്മീയബോധനം സഭയുടെ കര്‍ത്തവ്യവും.

Featured Posts

Recent Posts

bottom of page