top of page

യഥാര്‍ത്ഥ ജ്ഞാനി

Oct 1, 2010

1 min read

പി. എന്‍. ദാസ്
Drawing of the two characters from the story
Drawing of the two characters from the story

ഹാറൂണ്‍ അല്‍ റഷീദിന്‍റെ കൊട്ടാരത്തില്‍ വിദ്വല്‍സഭയുടെ നേതൃത്വം വഹിക്കുന്ന ഒരു മഹാജ്ഞാനിയുണ്ടായിരുന്നു. അയാള്‍ മരിച്ചപ്പോള്‍ ആ സ്ഥാനം അലങ്കരിക്കാന്‍ പറ്റിയ ഒരാളെ കിട്ടാന്‍ അദ്ദേഹം വളരെയേറെ ശ്രമിച്ചെങ്കിലും അതിനായി കിട്ടിയവരെയെല്ലാം ഒഴിവാക്കുകയായിരുന്നു. ഒടുവില്‍ യുവരാജാവ് പറ്റിയ ഒരാളെ കണ്ടുപിടിക്കാനായി വേഷംമാറി നാടിന്‍റെ പലഭാഗങ്ങളില്‍ ചുറ്റിത്തിരിഞ്ഞു. ഒരു രാത്രി അദ്ദേഹം ദരിദ്രര്‍ പാര്‍ക്കുന്ന ഒരു തെരുവിലൂടെ പോകുകയായിരുന്നു. അവിടെ ഒരു ദരിദ്രന്‍ പട്ടിണിക്കാരെ ഊട്ടുകയും അനന്തരം ബാക്കി സമയം മുഴുവന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് അദ്ദേഹം കണ്ടു. "ഇതാ തേടി നടന്ന ജ്ഞാനിയായ മനുഷ്യന്‍!" യുവരാജാവ് അദ്ദേഹത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം ആ പുണ്യവാനെ സമീപിക്കുകയും ഇപ്രകാരം ചോദിക്കുകയും ചെയ്തു: "പുണ്യാത്മാവേ അങ്ങയോട് ഞാന്‍ മൂന്നു ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ഇവയ്ക്കുള്ള ഉത്തരങ്ങളാണ് എനിക്കു വേണ്ടത്. ഒന്നാമത്, മനുഷ്യന്‍ മഹത്ത്വമുള്ളവനാകുന്നത് എപ്പോഴാണെന്നാണ് താങ്കള്‍ കരുതുന്നത്?" ആ പാവം മനുഷ്യന്‍റെ ഉത്തരം വളരെപെട്ടെന്നായിരുന്നു. "ഒരാള്‍ തന്‍റെ കണ്ണീരിനിടയ്ക്കും ചിരിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, ദുരിതം പേറിക്കൊണ്ടിരിക്കുമ്പോഴും മൂകനാണെങ്കില്‍, തനിക്ക് മതിയായ വേതനം ലഭിക്കുന്നില്ലെന്ന് അറിഞ്ഞിട്ടും പണിയെടുത്തുകൊണ്ടിരിക്കുകയാണെങ്കില്‍."

"സ്ത്രീ എവിടെയാണു ഏറെ മഹത്ത്വമുള്ളവളാകുന്നത്?"

യുവരാജാവ് അടുത്ത ചോദ്യം ഉന്നയിച്ചു. "തന്‍റെ മരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിന്‍റെ പിള്ളത്തൊട്ടിലിനരികെ ഇരിക്കുമ്പോഴും ഒരമ്മ ഈശ്വരന്‍റെ പാദങ്ങളില്‍തന്നെയാണെങ്കില്‍ അവളൊരു മഹതിയാകുന്നു."

"ഈശ്വരന്‍ എപ്പോഴാണ് മഹോന്നതനാകുന്നത്?"

"ഈശ്വരന്‍റെ മഹിമയ്ക്ക് വകഭേദങ്ങളില്ല. അദ്ദേഹം സദാ മഹത്തമനും മഹോന്നതനും ആകുന്നു."

തുടര്‍ന്ന് ഹാറൂണ്‍ അല്‍ റഷീദ് ദരിദ്രനായ ആ മനുഷ്യനെ ആലിംഗനം ചെയ്യുകയും തന്നോടൊത്ത് തന്‍റെ കൊട്ടാരത്തിലേക്കു വരാനായി ക്ഷണിക്കുകയും ചെയ്തു. താന്‍ വര്‍ഷങ്ങളായി തേടിനടന്ന ഒരു യഥാര്‍ത്ഥജ്ഞാനിയെ കണ്ടെത്തിയെന്ന് അദ്ദേഹത്തിനപ്പോള്‍ തോന്നി.

Featured Posts

Recent Posts

bottom of page