
കഴിഞ്ഞൊരു ദിവസം 1992 ലെ ഒരു ചിത്രം കണ്ടു: "A River Runs Through It" -'അതിലൂടെ ഒരു പുഴയൊഴുകുന്നു'
പ്രസിദ്ധ നടനും ചലച്ചിത്രകാരനുമായ റോബർട്ട് റെഡ്ഫോർഡ് സംവിധാനം ചെയ്ത ചലച്ചിത്രം. ബ്രാഡ് പിറ്റിൻ്റെ ആദ്യകാല ചലച്ചിത്രങ്ങളിൽ ഒന്ന്. ഇത്രകണ്ട് അയത്നലളിതമായി ആഴങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന ചലച്ചിത്രങ്ങൾ വേറെയധികം ഞാൻ കണ്ടിട്ടില്ല.
മൊൺടാനയിലെ മസ്സൂള എന്ന ചെറുപട്ടണത്തിലൂടെ ഒഴുകുന്ന ബിഗ്ഫൂട്ട് പുഴ. "മതവും ചൂണ്ടയിടലും തമ്മിൽ വലിയൊരു വേർതിരിവ് ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നില്ല" എന്നു പറഞ്ഞാണ് ആദ്യ സീനിലെ നറേഷൻ തുടങ്ങുന്നതുതന്നെ. പ്രസ്ബിറ്റേറിയൻ സഭയിലെ പാസ്റ്റർ റവ. മക്ലീന് രണ്ടാൺമക്കളാണ്: നോർമനും പോളും. പ
അപ്പൻ തന്നെയാണ് വീട്ടിലിരുത്തി ബാലനായ നോർമനെ പഠിപ്പിക്കുന്നത്. ഈച്ചയുടെയോ നീർപ്പാറ്റയുടെയോ കൃത്രിമാനുകരണരൂപം ചൂണ്ടയിൽ കെട്ടി ഏറെ ദൂരത്തേക്ക് ചുഴറ്റിയെറിഞ്ഞ് മീൻ പിടിക്കുന്ന രീതിയാണ് ദിവസവും പാസ്റ്റർ മക്കളെ വിശദമായി പഠിപ്പിക്കുന്നത്. ജലോപരിതലത്തിലൂടെ തെന്നിമാറുന്ന 'ഇര' കെട്ടാനും ചുഴറ്റി വീശിയെറിയാനും നല്ല വൈദഗ്ദ്ധ്യം തന്നെ വേണം. നാലു വയസ്സുകാരനായ പോളുമുണ്ട് അപ്പൻ്റെ ചൂണ്ടയിടൽ ക്ലാസ്സിൽ. കണിശക്കാരനാണ് അപ്പൻ.
ഒരുനാൾ ഉച്ചകഴിഞ്ഞ് മരത്തണലിലെ പുല്ലിൽ കിടക്കുന്ന സഹോദരങ്ങൾ. അനിയൻ ചേട്ടനോട് ചോദിക്കുന്നു: "വലുതാകുമ്പോൾ ചേട്ടന് ആരാകാനാണ് ആഗ്രഹം?"
"ഒരു പാസ്റ്റർ. അതല്ലെങ്കിൽ ഒരു ബോക്സർ. നിനക്കോ?"
"ഒരു പ്രൊഫഷണൽ ചൂണ്ടക്കാരൻ"
"അങ്ങനെ ഒരു പ്രൊഫഷണൽ ഇല്ലല്ലോ"
"ഇല്ലേ? എന്നാൽ ഒരു ബോക്സർ."
വലുതായപ്പോൾ ദൂരെയുള്ള നഗരത്തിൽ പോയി നോർമൻ ബിരുദം നേടി തിരിച്ചു 'വന്നു. പോൾ എവിടെയും പോയില്ല. ചൂണ്ടയിടലിൽ തന്റെതായ നൈപുണ്യം അവൻ വികസിപ്പിച്ചു. അടുത്തുള്ള പട്ടണത്തിലെ പത്ര സ്ഥാപനത്തിൽ റിപ്പോർട്ടറായി ജോലിയിൽകയറി. പലപ്പോഴും രാത്രിയിൽ സ്വന്തം വീട്ടിലെത്താറില്ല. മദ്യമുണ്ട്, കൂട്ടുകാരുണ്ട്, ഓരോ കാലത്ത് ഓരോ സ്ത്രീ ബന്ധങ്ങൾ ഉണ്ട്, ചിലപ്പോൾ മറ്റ് തമാശകളും. ഏതു മേഖലയിലും തിളങ്ങും. കഴിവും ആത്മാർത്ഥതയും ആകർഷണീയതയും കൂടപ്പിറപ്പാണ്. ചീട്ടുകളി സംഘത്തിൽ കടമുണ്ട്. അങ്ങിങ്ങ് അടിപിടിയും.
നോർമൽ ആവട്ടെ, സാഹിത്യത്തിലാണ് അഭിരുചി. മറ്റെല്ലാ മേഖലയിലും ഒരു ശരാശരിക്കാരൻ. ഒരു ഡാൻസ് പാർട്ടിയിൽ വച്ചാണ് നോർമൻ ജെസ്സിയെ കാണുന്നത്. പതുക്കെ പതുക്കെ അവർ അടുക്കുന്നു, ഹൃദയം പങ്കിടുന്നു. ആയിടെ ജെസ്സിയുടെ സഹോദരൻ കാലിഫോർണിയിൽ നിന്ന് നാട്ടിലെത്തുന്നു. അതീവ സുന്ദരൻ. മദ്യവും മദിരാക്ഷിയും അയാളെയും കെടുത്തിയിരുന്നു എന്ന് നാമറിയുന്നു.
കുറച്ചു ദിവസം വീട്ടുകാരുമൊത്ത് അവധി ചെലവഴിച്ച ശേഷം അയാൾ തിരിച്ചുപോകുന്നു. അയാളെ തീവണ്ടി കയറ്റിയതിനുശേഷം നീരണിഞ്ഞ മിഴികളോടെ ജെസ്സി നോർമനോട് ചോദിക്കുന്നുണ്ട്: "ഏറ്റവും സഹായം ആവശ്യമുള്ളവർ അത് സ്വീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?"
"എനിക്കറിയില്ല"
ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി നിയമിച്ചുകൊണ്ടുള്ള കുറിമാനം തപാലിൽ നോർമനെ തേടിയെത്തുന്നു. വധുവുമൊത്ത് അങ്ങോട്ട് യാത്രയാകേണ്ടതിൻ്റെ തലേനാൾ വെളുപ്പാൻ കാലത്ത് പോലീസ് നോർമനെ വിളിച്ചുണർത്തുന്നു. പോൾ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. അയാളുടെ വലതു കൈയ്യിൻ്റെ അസ്ഥികൾ അവർ തകർത്തുകളഞ്ഞിരുന്നു.
ആ അപ്പനും അമ്മയും ആ വേദനയിൽ നിന്ന് പിന്നീടൊരിക്കലും മുക്തരാകുന്നില്ല. വർഷങ്ങൾക ്കുശേഷം പാസ്റ്റർ മക്ളീൻ പള്ളിയിൽ പറയുന്ന പ്രസംഗം നാം കേൾക്കും:
"ഇന്നിവിടെയിരിക്കുന്ന നാമോരോരുത്തരും, നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും, സഹായം ആവശ്യമുള്ള ഒരു പ്രിയപ്പെട്ട വ്യക്തിയെ നോക്കി ഇതേ ചോദ്യം ഒരുപക്ഷേ ചോദിച്ചിരിക്കും. 'കർത്താവേ, ഞങ്ങൾ സഹായിക്കാൻ ഒരുക്കമാണ്, പക്ഷേ, എന്തെങ്കിലും ആവശ്യമുണ്ടായിട്ടു വേണ്ടേ?!'
നമുക്കേറ്റം പ്രിയപ്പെട്ടവരെ അപൂർവ്വമായിട്ടേ നമുക്ക് സഹായിക്കാൻ പറ്റൂ എന്നത് ശരിയാണ്. നമ്മുടെ ഏത് ഭാഗമാണ് അവർക്ക് നൽകേണ്ടതെന്ന് ഒരുപക്ഷേ നമുക്കറിയില്ല, അഥവാ, പലപ്പോഴും നാം നൽകേണ്ടുന്ന ഭാഗമാകട്ടെ അവർ താല്പര്യപ്പെടാത്തതുമാണ്. അതുപോലെ, നമ്മോടൊപ്പം ജീവിക്കുന്നവരും നാം അറിയേണ്ടവരുമാണ് നമ്മളെ പലപ്പോഴും ഒഴിവാക്കുന്നത്. പക്ഷേ, അപ്പോഴും നമുക്കവരെ സ്നേഹിക് കാൻ പറ്റും. പൂർണ്ണമായി അറിഞ്ഞില്ലെങ്കിലും പൂർണ്ണമായി സ്നേഹിക്കാൻ നമുക്ക് സാധിക്കും.'
കൂടുതൽ വിസ്തൃതമായ ഒരു പുഴയിൽ ചൂണ്ടലിടുന്ന ഒരു വൃദ്ധന്റെതാണ് ചിത്രത്തിന്റെ ആരംഭത്തിൽ നാം കേൾക്കുന്ന നറേഷൻ. അത് നോർമനാണ്. അന്ത്യത്തിലും നാം അയാളെ കേൾക്കുന്നു. അയാൾ പറഞ്ഞവസാനിപ്പിക്കുകയാണ്:
"ഒടുവിൽ എല്ലാം ഒന്നിലേക്ക് വിലയം പ്രാപിക്കുന്നു; ഒരു പുഴ അതിലൂടെ ഒഴുകുന്നു.
ലോകത്തിലെ മഹാപ്രളയത്താൽ പുഴ മുറിഞ്ഞുപോയതാണ്. കാലത്തിന്റെ നിലവറയിൽനിന്നാരംഭിച്ച് പാറക്കല്ലുകൾക്ക് മുകളിലൂടെ അതൊഴുകുന്നു, ചില കല്ലുകളിൽ കാലാതീതമായ മഴത്തുള്ളികളുണ്ട്. കല്ലുകൾക്കടിയിൽ വചനങ്ങളുണ്ട്; അതിൽ ചില വചനങ്ങൾ അവരുടേതാണ്:
"ജലം എന്നെ ആവേശിച്ചിരിക്കുന്നു!"
പുഴയെന്നത് ഈ ചലച്ചിത്രത്തിൽ വലിയൊരു രൂപകമാണ്. അത് ജീവിതമാണ്, കാലമാണ്, പ്രപഞ്ചമാണ്, ഭൗതികതയുടെ ആത്മീയതയാണ്, സ്നേഹമാണ്, ദൈവകൃപയാണ്. അതിൽ താളമുണ്ട്, സംഗീതമുണ്ട്, വചനമുണ്ട്.
മത്സ്യവും പ്രധാനപ്പെട്ട ഒരു രൂപകംതന്നെ. അതെപ്പോഴും അവിടെയുണ്ട്. മിക്കവാറും അത് പിടിതരാതെ ഒഴിഞ്ഞുമാറും, ഒളിച്ചിരിക്കും, മുങ്ങാങ്കുളിയിടും, വഴുതിപ്പോകും. വലിയ തോതിലുള്ള ക്ഷമ ഉണ്ടെങ്കിലേ ഒന്ന് നമ്മിലേക്ക് വരൂ.
ബാല്യത്തിൽ അപ്പനെപ്പോലെ ഒരു പാസ്റ്റർ ആവാൻ ആഗ്രഹിച്ചെങ്കിലും അപ്പനിലെ സാഹിത്യാഭിരുചിയെ സ്വായത്തമാക്കുകയാണ് നോർമൻ ചെയ്തത്. തന്റെ നിയമന വിശേഷം അത്താഴമേശയിൽ പങ്കുവയ്ക്കുമ്പോൾ അപ്പൻ അഭിമാനത്തോടെ ഇങ്ങനെ പറയുന്നു: "ഞാൻ സംതൃപ്തനായി."
ജീവിതത്തിൽ താളം പിഴയ്ക്കുമ്പോഴും, അപ്പനിൽ നിന്ന് ലഭിച്ച ചൂണ്ടയിടൽ പോൾ അതിന്റെ പൂർണ്ണതയിൽ എത്തിക്കുമ്പോൾ അപ്പൻ സംതൃപ്തിയോടെ പറയുന്നു: "നീ നല്ലൊരു മീൻപിടുത്തക്കാരനാണ്." ഈയപ്പനും രണ്ടു മക്കളും നമ്മെ മറ്റൊരു കഥയിലേക്ക് എത്തിക്കുന്നുണ്ട്. യേശുവായിരുന്നു ആ കഥ പറഞ്ഞത്. ധൂർത്ത പുത്രന്റെ കഥ എന്ന പേരിലാണ് നാമതോർക്കുക. ചെറിയ വ്യത്യാസങ്ങൾ ഇവിടെയുണ്ട്. അസഹിഷ്ണുവല്ല ഇവിടെ മൂത്തമകൻ. ഇളയ മകൻ ശാരീരികമായി പുറപ്പെട്ടു പോകുന്നുമില്ല തിരിച്ചുവരുന്നുമില്ല. എങ്കിലും കഥയതുതന്നെ.
സത്യം പറയട്ടെ. ഈ കഥയെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു. മൂത്തമകനിൽ അപ്പൻ സ ംപ്രീതനാണ്. ഇളയവനാകട്ടെ, അപ്പന് എന്നും വിട്ടുപോവാത്ത നോവുള്ള സ്നേഹമാണ്.
അവൻ സൗന്ദര്യമായിരുന്നു. കാരണം, "ജലം അവനെ ആവേശിച്ചിരുന്നു"!
അത് ഞാനായിരുന്നല്ലോ. നീയും.