top of page

അടിയോ, വടിയോ?

Mar 6

3 min read

ഫാ. ജോസ് വെട്ടിക്കാട്ട്

രാത്രി പത്തുമണിയൊക്കെ കഴിഞ്ഞാല്‍ ഏറ്റവും അടുപ്പമുള്ളവര്‍ മാത്രമെ ഫോണ്‍ വിളിക്കാറുള്ളു. അങ്ങനെ ആരെങ്കിലുമായിരിക്കുമെന്നു കരുതിയാണ് പരിചയമില്ലാത്ത നമ്പരായിരുന്നെങ്കിലും പത്തരകഴിഞ്ഞുവന്ന ഫോണ്‍ അറ്റന്‍റു ചെയ്തത്.


"അസമയത്താണെന്നറിയാം, സോറി. ബൈബിള്‍ കണ്‍വന്‍ഷനൊക്കെ നടത്തുന്ന ജോസച്ചനല്ലേ?"


"അല്ല."


ഒരു സോറികൂടി പറഞ്ഞ് ഫോണ്‍ കട്ടായി. അഞ്ചുമിനിറ്റു കഴിഞ്ഞ് വീണ്ടും ഫോണടിച്ചു. നോക്കിയപ്പോള്‍ അതേനമ്പരില്‍നിന്നുതന്നെ. എന്തെങ്കിലുമാകട്ടെ എന്നുകരുതി വീണ്ടും ഫോണെടുത്തു. നേരത്തെ ചോദിച്ച അതേ ചോദ്യംതന്നെ ആവര്‍ത്തിച്ചു. അതേ മറുപടിതന്ന ഞാനും കൊടുത്തു. കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഒരിടവകയില്‍ നടത്തപ്പെട്ട ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ഒന്നുരണ്ടു പ്രസംഗങ്ങള്‍ ഞാന്‍ നടത്തിയിരുന്നു. അതു നടത്തിയതു ഞാനല്ലായിരുന്നോ എന്നായിരുന്നു അടുത്ത ചോദ്യം. അതേ എന്നു പറഞ്ഞപ്പോള്‍ പിന്നെയെന്താണ് ആദ്യം ഞാന്‍ കള്ളംപറഞ്ഞതെന്നായി അന്വേഷണം. എനിക്കരിശംവന്നു.


"ഇദ്ദേഹം ആരാണെന്നെനിക്കറിഞ്ഞുകൂടാ. ഞാന്‍ കള്ളംപറഞ്ഞു എന്നു പറഞ്ഞത് മനസ്സിലായില്ല. ഞാന്‍ ഇന്നുവരെ ഒരു ബൈബിള്‍ കണ്‍വന്‍ഷനും ഒരിടത്തും നടത്തിയിട്ടില്ല. ആ എന്നോടു ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തുന്ന ജോസച്ചനാണോ എന്നു ചോദിച്ചാല്‍ അല്ല എന്നല്ലാതെ ഇയാളോടു ഞാന്‍ പിന്നെ എന്താ പറയേണ്ടത്? എന്‍റെ പ്രഘോഷണശൈലി ജനപ്രിയമല്ലാത്തതുകൊണ്ട് കണ്‍വന്‍ഷനുകളില്‍ പ്രസംഗിക്കാന്‍ എന്നെ ആരും വിളിക്കാറുമില്ല. കഴിഞ്ഞദിവസം എന്നെ ഒരിടത്തുവിളിച്ചു, അവിടെ ഞാന്‍ പോയി, പ്രസംഗിച്ചു. അതിലെന്താ ഇത്ര ചോദിക്കാന്‍? ഇദ്ദേഹം വിളിച്ചതെന്തിനാണെന്നു പറഞ്ഞില്ല. എന്തായാലും ഈ അസമയത്ത് കൂടുതല്‍ സംസാരിക്കാനും താത്പര്യമില്ല."


സംസാരത്തിന്‍റെ ധ്വനിയില്‍നിന്നും അത്ര സുഖമുള്ള കാര്യമല്ല അയാള്‍ സംസാരിക്കാന്‍ പോകുന്നത് എന്നുതോന്നിയതുകൊണ്ട് ഒഴിവായിപ്പോകട്ടെ എന്നുകരുതി ഞാന്‍ പറഞ്ഞുനിര്‍ത്തി.


"ഇപ്പോള്‍ വേണമെന്നില്ല, എപ്പോള്‍ വിളിച്ചാല്‍ സാധിക്കും എന്നറിയാന്‍ വിളിച്ചതാണ്. അച്ചന്‍റെ സൗകര്യം പറഞ്ഞാല്‍മതി."


"ഇപ്പോള്‍ പറഞ്ഞു തീര്‍ക്കാനുള്ള കാര്യമെ ഉള്ളുവെങ്കില്‍ പറഞ്ഞോളൂ."


"ഞാനൊരു സത്യക്രിസ്ത്യാനിയാണ്. അദ്ധ്യാപകനായിരുന്നു. വായന ഇഷ്ടമായതുകൊണ്ട് റിട്ടയര്‍ചെയ്തുകഴിഞ്ഞ് വായിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ട്. നല്ല ആരോഗ്യമുള്ളതുകൊണ്ട് അടുത്തെവിടെയെങ്കിലും ബൈബിള്‍ കണ്‍വന്‍ഷനുണ്ടെങ്കില്‍ അത് ഏതു സഭയുടേതാണെങ്കിലും കേള്‍ക്കാന്‍ പോകാറുണ്ട്. അങ്ങനെയാണ് അച്ചന്‍റെ ടോക്കു കേള്‍ക്കാന്‍ ഇടയായത്. സാധാരണകേള്‍ക്കുന്നതില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നതു സത്യമാണ്. പക്ഷെ അച്ചന്‍തന്നെ പറഞ്ഞതുപോലെ അത്ര ജനപ്രിയമല്ലായിരുന്നു എന്നു പറയാനാണ് ഞാന്‍ വിളിച്ചത്. എനിക്കച്ചന്‍റെ പ്രസംഗം കേട്ടപ്പോള്‍ തോന്നിയതെന്താണെന്നു പറഞ്ഞാല്‍, വചനമില്ലാത്ത വചനപ്രഘോഷണമായിരുന്നു എന്നാണ്. ബൈബിള്‍ കണ്‍വന്‍ഷനായിരുന്നെങ്കിലും രണ്ടുമണിക്കൂറിനിടയില്‍ രണ്ടോമൂന്നോ വചനങ്ങള്‍ മാത്രമാണ് അച്ചന്‍ വായിച്ചതും പറഞ്ഞതും. ബൈബിള്‍ കണ്‍വന്‍ഷനു വരുന്നവര്‍ അച്ചന്മാരുടെ വചനം കേള്‍ക്കാനല്ലല്ലോ, ദൈവവചനം കേള്‍ക്കാന്‍ വരുന്നവരല്ലേ?"


"സാധാരണ ആരുമിങ്ങനെ നേരിട്ടുവിളിച്ചു പ്രസംഗം മോശമായിരുന്നു എന്നു പറയാറില്ല. എന്തായാലും അപാകത എന്നു താങ്കള്‍ക്കു തോന്നിയതു ചൂണ്ടിക്കാണിച്ചതിനു നന്ദി. ഗുഡ് നൈറ്റ്."


"കട്ടുചെയ്യരുതച്ചാ. പറഞ്ഞുതീര്‍ന്നില്ലായിരുന്നു. അതിലും സീരിയസ്സായ ഒന്നുരണ്ടു കാര്യങ്ങള്‍കൂടി പറയാനുണ്ട്."


"പറഞ്ഞുതീര്‍ന്നതാണെന്നു കരുതിയാണ് കുറ്റസമ്മതവുംനടത്തി ഞാന്‍ ഗുഡ്നൈറ്റടിച്ച് ഒഴിവായത്. പക്ഷെ ഇനി വല്ലതും പറയാനുദ്ദേശിക്കുന്നെങ്കില്‍ ഇദ്ദേഹം പറഞ്ഞതിനു ശരിക്കുള്ള എന്‍റെ മറുപടി കേട്ടിട്ടു തീരുമാനിച്ചാല്‍മതി. ഞാന്‍ ചെയ്തെന്ന് ഇദ്ദേഹം പറഞ്ഞ ആ തെറ്റുണ്ടല്ലോ, അതു തിരുത്താന്‍ ഞാന്‍ തീരെ ഉദ്ദേശിക്കുന്നില്ല എന്നുമാത്രമല്ല, പൂര്‍വാധികം ശക്തിയോടെ അതു തുടരാന്‍തന്നെയാണ് എന്‍റെ തീരുമാനം. കാരണം, ബൈബിള്‍ കണ്‍വന്‍ഷനു വരുന്നവര്‍ ദൈവവചനം കേള്‍ക്കാനല്ല, അതവരു വീട്ടിലിരുന്നു വായിച്ചോളും, അവരു വരുന്നത് വചനസന്ദേശം കേള്‍ക്കാനാണ്. സാറൊരു മാഷാരുന്നെന്നല്ലെ പറഞ്ഞത്, മാഷു ക്ലാസ്സില്‍ ചെല്ലുമ്പോള്‍ മുതല്‍ എല്ലാദിവസവും ടെക്സ്റ്റുബുക്ക് തന്നേംപിന്നേം വായിച്ചുകേള്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നോ കുട്ടികളെ? എങ്കില്‍പിന്നെ ഡിഗ്രി പഠിച്ചതു വെറുതെ ആയിപ്പോയില്ലേ? എഴുത്തും വായനയും മാത്രം പഠിച്ചാല്‍ മതിയാരുന്നല്ലോ അദ്ധ്യാപകനാകാന്‍!"


"ഗുഡ് നൈറ്റ്." അപ്പുറത്തു ഫോണ്‍ കട്ടായി. മാരണം ഒഴിവായി.


രണ്ടു ദിവസംകഴിഞ്ഞ് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം മുറിയിലെത്തിയപ്പോള്‍ ഫോണ്‍ബെല്ലടിച്ചു. പരിചയമില്ലാത്ത നമ്പര്‍ ആയിരുന്നെങ്കിലും എടുത്തു.


"ഇതെന്‍റെ വേറൊരു നമ്പരാണ്. കഴിഞ്ഞദിവസം വിളിച്ച നമ്പരില്‍നിന്നു വിളിച്ചാല്‍ അച്ചന്‍ മിക്കവാറും ഫോണ്‍ എടുക്കാന്‍ സാദ്ധ്യതയില്ലെന്നെനിക്കുതോന്നി. അതുകൊണ്ടാണ് നമ്പരു മാറിവിളിക്കുന്നത്. അച്ചന്‍ പെട്ടെന്നു വല്ലാതെ ചൂടായതുകൊണ്ടാണ് ഞാനന്നു ഫോണ്‍ കട്ടാക്കിയത്. എനിക്കു പറയാനുള്ളതു ബാക്കികൂടെ കേള്‍ക്കാന്‍ അച്ചനു മനസ്സുണ്ടോന്നറിയാനാ ഇപ്പോള്‍ വിളിച്ചത്. ചില സംശയങ്ങള്‍ തീര്‍ക്കാനാണ്."


"സത്യം പറയാമല്ലോ, കഴിഞ്ഞദിവസം ഇദ്ദേഹം വിളിച്ചനമ്പര്‍ ഞാന്‍ ബ്ലോക്കുചെയ്തിരിക്കയാണ്. ഏതായാലും നമ്പര്‍മാറ്റിവിളിച്ചു കിട്ടിയസ്ഥിതിക്ക് സംസാരിക്കാം. പറഞ്ഞോളൂ. ഞാന്‍ കേള്‍ക്കാം."


"അച്ചന്‍റെ അന്നത്തെ പ്രസംഗത്തില്‍ പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ചാണ്. കുറച്ചുകാലംമുമ്പുവരെയും സ്വമനസ്സാലെ പള്ളീപ്പോക്കും പ്രാര്‍ത്ഥനയുമൊക്കെയുണ്ടായിരുന്നവരായിരുന്നു ഞങ്ങളുടെ മക്കള്‍. ഇപ്പോള്‍ എത്രനിര്‍ബ്ബന്ധിച്ചാലും പോകാതെയായി. അവര്‍ക്ക് അതിന് ആരുകേട്ടാലും സമ്മതിച്ചുപോകുന്ന കാരണങ്ങളും പറയാനുണ്ട്. എന്നാല്‍പിന്നെ പള്ളീല്‍കേറണ്ട, പള്ളിയുടെ പുറത്തിരുന്നായാലും കൂടിയാല്‍മതി എന്നുപറഞ്ഞ് ഒരുതരത്തില്‍ നിര്‍ബ്ബന്ധിച്ചാണ് അവരെ ബൈബിള്‍ കണ്‍വന്‍ഷനു കൊണ്ടുവന്നത്. ആ പള്ളീലുണ്ടായിരുന്ന ആള്‍ക്കാരത്രയും സക്രാരീലും കുരിശുരൂപത്തിലും കര്‍ത്താവിനെ കണ്ട് കുര്‍ബ്ബാനയും അര്‍പ്പിച്ച്, ഒരുമണിക്കൂര്‍ ആരാധനയും കഴിഞ്ഞയുടനെയായിരുന്നു അച്ചന്‍റെ പ്രസംഗം. പള്ളീലും സക്രാരീലും കുരിശുരൂപത്തിലുമൊന്നുമല്ല തമ്പുരാനിരിക്കുന്നതെന്നു പറഞ്ഞുകൊണ്ടായിരുന്നു അച്ചന്‍റെ തുടക്കംതന്നെ. പിന്നെ വചനം വ്യാഖ്യാനിച്ച് അച്ചന്‍ പൊളിച്ചടുക്കിയത് ഞങ്ങളു സാധാരണക്കാരുടെയൊക്കെ ഉറച്ചവിശ്വാസത്തെയാണ്. അച്ചനൊന്നു മനസ്സിലാക്കണം. അച്ചനൊക്കെ എത്ര ദൈവശാസ്ത്രം പറഞ്ഞാലും മോങ്ങാനിരുന്ന നായുടെ തലേല്‍ തേങ്ങാവീണെന്നു പറഞ്ഞപോലെ, പള്ളീം പ്രാര്‍ത്ഥനേം വേണ്ടെന്നുപറഞ്ഞു പള്ളിമുറ്റത്തിരുന്ന അവരുടെ കൈയ്യിലേക്കു വടിയിട്ടുകൊടുത്തിട്ടാ അച്ചന്‍ വണ്ടിക്കൂലീം വാങ്ങിച്ചു പൊടീംതട്ടി പോയത്. തിരിച്ചടിക്കാനല്ല, പിടിച്ചുനില്‍ക്കാനെങ്കിലുമുള്ള വഴിയൊന്നും പറഞ്ഞതുമില്ല."


തല്‍ക്കാലം നിര്‍ത്തിയെന്നു തോന്നിയതുകൊണ്ട് ഞാനും പ്രതികരിച്ചു.


"ഒരുപാട് ആരോപണങ്ങളാണ് എന്‍റെനേരെ ഇദ്ദേഹം നിരത്തിയിരിക്കുന്നത്. ഓരോന്നിനും മറുപടിപറയാനോ, എല്ലാത്തിനും തൃപ്തികരമായ ഉത്തരംതരാനോ പ്രയാസമാണ്. ആദ്യംതന്നെ പറയട്ടെ ഞാനൊരു ദൈവശാസ്ത്രവും പറഞ്ഞില്ല. കര്‍ത്താവിന്‍റെ വചനത്തിന്‍റെ ഈ കാലഘട്ടത്തിനുള്ള സന്ദേശം അത്രമാത്രം. അതത്ര അംഗീകരിക്കാന്‍ സുഖമുള്ള കാര്യമല്ലെന്നറിഞ്ഞുകൊണ്ടുതന്നെ ആയിരുന്നുതാനും. എനിക്കു പറയാനുള്ളതു പെട്ടന്നുമനസ്സിലാക്കാന്‍വേണ്ടി, എന്നോ കേട്ടിട്ടുള്ള പുരാണത്തിലെ ഒരു കഥ, എന്‍റെതായ അഡീഷന്‍സും ചേര്‍ത്ത് പറഞ്ഞുനോക്കാം. രാഹുകാലം എന്നു കേട്ടിട്ടുണ്ടല്ലോ, ദേവന്മാര്‍ക്കും രാഹുകാലം ബാധകമാണുപോലും. ദേവപ്രമുഖനായ ഇന്ദ്രനുമുണ്ട് രാഹുഗ്രഹണം. തല്‍ക്കാലത്തേക്കു വേഷംമാറുക എന്നതായിരുന്നു രാഹുവില്‍നിന്നും രക്ഷപെടാനുള്ള ഒരേയൊരുമാര്‍ഗ്ഗം. ദേവലോകത്ത് ഒരുചെളിക്കുളമുണ്ടാക്കി പന്നിരൂപം ധരിച്ച്, ഇന്ദ്രന്‍ അതില്‍ മുങ്ങിക്കിടന്നു. രാഹുഗ്രഹണകാലം കഴിഞ്ഞിട്ടും ദേവലോകത്തേക്കാളും സുഖം അവിടെയാണ് എന്നുപറഞ്ഞ് ദേവേന്ദ്രന്‍ ചെളിക്കുളം വിട്ടുപോരാന്‍ കൂട്ടാക്കിയില്ല. പിന്നെ ദേവലോകവാസികളെല്ലാം ചേര്‍ന്നു വളരെ പണിപ്പെട്ടാണ് ശുദ്ധികര്‍മ്മം നടത്തി അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നതുപോലും!! ദേവനായാലും ചെളിക്കുണ്ടിലായാല്‍ അതില്‍ രമിക്കാനാകും കൗതുകം, പിന്നെയാണോ മനുഷ്യന്‍റെകാര്യം എന്നു കഥാസാരം!


അലറിവിളിച്ചും അട്ടഹസിച്ചുമല്ല, മൃദുവായി വിളിച്ചാലും വിളികേള്‍ക്കുന്ന ദൈവത്തെ ജീവിതംകൊണ്ടു കാണിച്ചതന്നിരുന്ന, പരിഷ്ക്കാരികളല്ലായിരുന്നെങ്കിലും പാവം മാതാപിതാക്കളുണ്ടായിരുന്നു പണ്ട്. എന്‍റെ കുട്ടിക്കാലത്തൊരു സന്ധ്യയ്ക്ക് ഒരുപേമാരിയും കൊടുങ്കാറ്റുമുണ്ടായതോര്‍മ്മയുണ്ട്. വീടിനുചുറ്റുമുണ്ടായിരുന്ന മരങ്ങളുടെ കൊമ്പുകള്‍ അടിച്ചുതല്ലി മുറ്റത്തുവീണപ്പോള്‍ പേടിച്ചരണ്ടുപോയി. മുറ്റത്തരികില്‍നിന്ന കൊന്നത്തെങ്ങ് ആടിയുലഞ്ഞ് പുരപ്പുറത്തേക്ക് ചായുന്നതുകണ്ടിട്ടു പേടിച്ചു നിലവിളിച്ച ഞങ്ങള്‍ മക്കളെ, ഒന്നുംപേടിക്കേണ്ട എന്നുപറഞ്ഞു തിരുഹൃദയരൂപത്തിനുമുമ്പില്‍ നിര്‍ത്തിയിട്ട് 'എന്‍റെമാതാവേ, എന്‍റെദൈവമേ' എന്നു നേര്‍ത്തസ്വരത്തില്‍ നെഞ്ചുരുകിവിളിച്ചുകൊണ്ട് ധൈര്യംതന്ന ഒരപ്പനുണ്ടായിരുന്നു എനിക്ക്. കടപുഴകിയ തെങ്ങ് പുരയില്‍തട്ടാതെ മുറ്റത്തുവീണപ്പോള്‍ 'മാതാവേനന്ദി' എന്നുപറഞ്ഞു ഞങ്ങളെ കെട്ടിപ്പിടിച്ച ഒരമ്മയുണ്ടായിരുന്നെനിക്ക്. അവരിലൂടെ ഉള്ളില്‍ കുടിയിരുത്തപ്പെട്ട കര്‍ത്താവും മാതാവുമൊന്നും തുമ്മിയാല്‍ തെറിച്ചുപോകുന്ന മൂര്‍ത്തികളല്ല. കാലംമാറി, കോലോം മാറി എന്നു പറഞ്ഞതുപോലെയായില്ലേ ഇന്ന്? അല്‍പംമുമ്പ് ഇദ്ദേഹം പറഞ്ഞതുപോലെ വമ്പന്‍ അള്‍ത്താരയില്‍ വമ്പന്‍ അരളിക്കായില്‍ വമ്പന്‍ തിരുവോസ്തിയില്‍ വമ്പന്‍ വാദ്യസ്വരമേളങ്ങളോടെ വമ്പിച്ച ജനാവലി അലറിവിളിക്കുമ്പോള്‍മാത്രം വമ്പിച്ച ദൈവാനുഭവം കിട്ടുന്ന കാലത്തു ജീവിക്കേണ്ടി വന്നവരല്ലേ ഇന്നു നമ്മുടെ മക്കള്‍? അവരുടെ കൈയ്യിലേക്ക് ആരും വടി വച്ചുകൊടുക്കേണ്ട ആവശ്യമില്ലല്ലോ, കെട്ടുകണക്കിനു ചുറ്റും കിടക്കുന്ന വടികളുള്ളപ്പോള്‍.  അവരുടെയുള്ളില്‍ ഇളകാത്ത പ്രതിഷ്ഠകളെ കുടിയിരുത്താന്‍ സാധിക്കാതെപോയെങ്കില്‍ നെഞ്ചത്തുകൈവച്ച് എന്‍റെ പിഴ എന്നു പറയുന്നതല്ലെ യോഗ്യത?


അന്നത്തെ ആ തലമുറയ്ക്ക് ഉത്തേജനവും ഊര്‍ജ്ജവും പകര്‍ന്നുകൊടുത്തിരുന്ന, പണ്ഡിതരല്ലായിരുന്നെങ്കിലും, ആടിന്‍റെ ചൂരറിയുന്ന വിശുദ്ധിയും വിവേകവുമുണ്ടായിരുന്ന ഇടയന്മാരും വല്യഇടയന്മാരുമുണ്ടായിരുന്നു. അവിടെയും കാലവും കോലവും മാറി. ഭക്തിയുടെ ആധിക്യത്തില്‍, ഭക്തിയുടെയല്ലാം ആധാരമായ ദൈവത്തെ മൂലയ്ക്കിരുത്തി, ആ ദൈവത്തെ ആരാധിക്കാനുള്ള ക്രമങ്ങളോടും ചട്ടങ്ങളോടുമുള്ള ഭക്തിയില്‍ മുങ്ങിപ്പോയ കാലഘട്ടത്തില്‍ ജീവിക്കേണ്ടിവന്ന ഗതികേടിലായിപ്പോയി നമ്മളൊക്കെ. അതിനെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്, ചട്ടക്കൂടിലും പാരമ്പര്യങ്ങളിലും ആചാരങ്ങളിലും വസിക്കുന്ന ദൈവത്തെക്കണ്ട് ആരാധിക്കുന്ന ഭക്തിയല്ല, ഉള്ളില്‍വസിക്കുന്ന ദൈവത്തെ ചട്ടക്കൂടിലും പാരമ്പര്യങ്ങളിലും ആചാരങ്ങളിലും കണ്ടുമുട്ടാന്‍ സാധിക്കുമ്പോളുണ്ടാകുന്ന ഭക്തിയോടെയാണ് ദൈവത്തെ ആരാധിക്കേണ്ടത്. ഏതായാലും പെട്ടെന്നു ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് ഞാന്‍ പറഞ്ഞത് എന്നെനിക്കറിയാം. സമയമെടുക്കുക. വേണമെങ്കില്‍ പിന്നെയും വിളിക്കാം."



ഫാ. ജോസ് വെട്ടിക്കാട്ട്

0

37

Featured Posts

bottom of page