top of page

ഒരു അദ്ധ്യാപകന്‍റെ അനുഭവകഥ

Apr 7, 2022

2 min read

ഡോ. റോയി തോമസ്
cover page of a book

ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ചര്‍ച്ചയാണ്, ഒരദ്ധ്യാപകന്‍റെ തലയ്ക്കിട്ട്  സോഡാകുപ്പിവെച്ച് അടിച്ച പഴയ വിദ്യാര്‍ത്ഥിയുടെ പ്രവൃത്തി. രണ്ടു വശത്തുനിന്നും ആളുകള്‍ അനുഭവങ്ങള്‍ വിവരിക്കുന്നു. പലപ്പോഴും രണ്ടുഭാഗത്തും ശരികളുമുണ്ട്. ഈ സന്ദര്‍ഭത്തില്‍ പ്രൊഫ. ശോഭീന്ദ്രന്‍ എന്ന അദ്ധ്യാപകശ്രേഷ്ഠന്‍റെ അനുഭവകഥ നമുക്ക് ഒരു മാര്‍ഗ്ഗദര്‍ശിയാകുന്നു. ഗുരുശിഷ്യബന്ധത്തിന്‍റെ ഉദാത്തമാതൃകയാണ് പരിസ്ഥിതി സ്നേഹിയായ ഈ ഗുരുനാഥന്‍ നമുക്കു മുന്‍പില്‍ തുറന്നിടുന്നത്. കര്‍ണാടകത്തിലെ മൊളക്കാല്‍മുരുവെന്ന ഗ്രാമത്തില്‍ അദ്ധ്യാപകനായി ചെന്ന കാലത്തെ അനുഭവങ്ങള്‍ വളരെക്കാലത്തിനുശേഷം അദ്ദേഹം ഓര്‍ത്തെടുക്കുകയാണ്. വിദ്യാര്‍ത്ഥികളോടും നാട്ടുകാരോടുമൊപ്പം അവരിലൊരാളായി ജീവിച്ച കാലം നമ്മെ പലതും പഠിപ്പിക്കുന്നു.

"ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്കു തോന്നിയ ഒരു കാര്യം ഇതു ഭൂതകാലത്തിലെ ഓര്‍മ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണര്‍ത്താന്‍ പ്രേരിപ്പിക്കുന്നു എന്നുള്ളതാണ്. കുട്ടികളുമായി ഒരധ്യാപകന്‍ ഇടപെടുന്നതിന്‍റെ മിഴിവാര്‍ന്ന അനുഭവചിത്രങ്ങള്‍ ഇതിലുണ്ട്. അതുകൊണ്ടുതന്നെ 'മൊളക്കാല്‍മുരുവിലെ രാപകലുകള്‍' എന്ന ഈ ജീവിതമെഴുത്തു പുസ്തകം അധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തിന്‍റെ വിലപ്പെട്ട ഒരു മാതൃകാപുസ്തകമായിത്തീരുന്നു. വിദ്യാഭ്യാസം എന്നതിന്‍റെ കൃത്യവും സമഗ്രവുമായ അര്‍ത്ഥം പറഞ്ഞുതരാന്‍ മാത്രമല്ല അതേറ്റവും നന്നായി അനുഭവിപ്പിക്കാനും ഈ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്" എന്നാണ് ശോഭീന്ദ്രകുമാറിന്‍റെ പുസ്തകത്തെക്കുറിച്ച് എം. ടി. വാസുദേവന്‍നായര്‍ കുറിക്കുന്നത്.

മൊളക്കാല്‍മുരുവെന്ന പാഠപുസ്തകത്തില്‍നിന്ന് താന്‍ പഠിച്ച കാര്യങ്ങള്‍ എന്തെല്ലാമെന്നാണ് ഗ്രന്ഥകാരന്‍ വിവരിക്കുന്നത്. "ജീവിതം ഒരിക്കലും ക്ലാസുമുറികളിലല്ല. ക്ലാസ് മുറിയിലെ ഇത്തിരിവട്ടത്തില്‍നിന്ന് പ്രപഞ്ചത്തോളം വളരാനുള്ള ഒരു  കാഴ്ചയും കാഴ്ചപ്പാടുമാണ് കുട്ടികള്‍ക്കു കിട്ടേണ്ടത്" എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ പുസ്തകം 'സിലബസിനു പുറത്തു ജീവിച്ച ഒരു അധ്യാപകജീവിതത്തിന്‍റെ ആത്മരേഖകളാണ്.' അതോടൊപ്പം നന്മനിറഞ്ഞ മനസ്സുള്ള കുറെ കുട്ടികളും വ്യക്തികളും കടന്നുവരുന്നു. പ്രകാശത്തിന്‍റെ സഞ്ചാരപഥങ്ങളാണ് ശോഭീന്ദ്രന്‍മാഷ് കാണിച്ചുതരുന്നത്.

കഥപോലെ ഓരോ അനുഭവവും ഗ്രന്ഥകാരന്‍ വിവരിക്കുന്നു. മനുഷ്യസ്നേഹത്തിന്‍റെ ഗാഥകളാണ് ഓരോ അധ്യായവും. മനുഷ്യനും പ്രകൃതിയുമെല്ലാം  ഒന്നുചേരുന്ന അനുഭവം. അധ്യാപനം ഇവിടെ ഒരു തീര്‍ത്ഥാടനമാകുന്നു; ആത്മാവുകൊണ്ടുള്ള ആരായലാകുന്നു. ബാംഗ്ളൂര്‍ നഗരത്തിന്‍റെ സൗകര്യങ്ങള്‍ ഉപേക്ഷിച്ചാണ് മൊളക്കാല്‍മുരുവിന്‍റെ നന്മയിലേക്ക് മാഷ് ചേക്കേറുന്നത്. "പ്രകൃതിക്കൊപ്പവും കുട്ടികളോടൊപ്പവുമുള്ള യാത്രകളാണ് എന്നെ ജീവിതത്തിലെ വിലയേറിയ പല അനുഭവപാഠങ്ങള്‍ പഠിപ്പിച്ചു തന്നത്. പാഠപുസ്തകങ്ങളില്‍നിന്നു പല അറിവുകളും കിട്ടുമായിരിക്കും. പക്ഷേ, സ്നേഹത്തിന്‍റെ നിറവും അനുഭവത്തിന്‍റെ തികവും ഇത്രത്തോളം മറ്റെവിടുന്നാണു കിട്ടുക! ഞാന്‍ മൊളക്കാല്‍മുരുവിലെ കുട്ടികള്‍ക്കു കൊടുത്തതെന്താണെന്ന് എനിക്കറിയില്ല. പക്ഷേ, ആ കുട്ടികള്‍ തിരിച്ചുതന്നതിന്‍റെ ഓര്‍മ്മകളിലാണ് ഞാന്‍ പിന്നീടുള്ള കാലം ജീവിച്ചതും ഇപ്പോഴും ജീവിക്കാന്‍ ശ്രമിക്കുന്നതും" എന്ന് പ്രൊഫ. ശോഭീന്ദ്രന്‍ പറയുന്നു.

മൊളക്കാല്‍മുരുവിലെ കുട്ടികള്‍ തനിക്ക് സ്നേഹവും ഭാഷയും തന്നു എന്ന് ഗ്രന്ഥകാരന്‍ പറയുന്നു. "ഞാനതു സ്വീകരിക്കുകയാണ് ചെയ്തത്.  എന്നെ അവരും ഞാന്‍ അവരെയും പരസ്പരം ചേര്‍ത്തുനിര്‍ത്തിയതിന്‍റെ സ്നേഹസമവാക്യം മാത്രമാണ് ഈ ഓര്‍മ്മകള്‍" എന്ന് അദ്ദേഹം കുറിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ അധ്യാപകനെ നാം തിരിച്ചറിയുന്നു. "സ്നേഹമെന്ന പാഠപുസ്തകമാണ്" ശോഭീന്ദ്രന്‍ മാഷ് തുറക്കുന്നത്. "ഇന്നോര്‍ക്കുമ്പോള്‍ മൊളക്കാല്‍മുരു എനിക്ക് വെറുമൊരു കലാലയമായിരുന്നില്ല. അറിവും അനുഭവവും പരസ്പരം കൈമാറുകയും സ്വീകരിക്കുകയും ചെയ്ത ഒരു ഗുരുകുലമായിരുന്നു." പരസ്പരം വളര്‍ത്തുന്ന ബന്ധത്തില്‍നിന്നാണ് ഹൃദ്യമായ ഈ ഓര്‍മ്മകള്‍ ഉറവെടുക്കുന്നത്.

"നമ്മുടെ വാഹനം നമ്മള്‍ ജീവിക്കുന്ന ഈ ഭൂമിയാണ്. സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ഭൂമിയാകുന്ന വാഹനത്തിലേറി ഈയൊരു കാലത്ത് നമ്മളൊന്നിച്ച് ഒരു യാത്ര ചെയ്യുകയാണ്. അടുത്തകാലത്ത് നമ്മളിവിടെ ഉണ്ടാവില്ല. അതുകൊണ്ട് ഇത് മറ്റൊരിക്കലും ആവര്‍ത്തിക്കാത്ത ഒരു ജീവിതയാത്രയാണ്. ഭൂമിയോടൊപ്പം നമ്മള്‍ സഞ്ചരിക്കുന്ന ദൂരത്തിന്‍റെ പേരാണ് ജീവിതം. ഇതുമാത്രമാണ് ജീവിതത്തിന്‍റെ പരമമായ സത്യം" എന്ന് ശോഭീന്ദ്രന്‍ മാഷ്  കുട്ടികളോട് പറഞ്ഞതാണ് അദ്ദേഹത്തിന്‍റെ ജീവിതദര്‍ശനം. "കണ്ണുകളടച്ച് മനസ്സിന്‍റെ ഉള്ളറകളിലേക്കു നോക്കുമ്പോള്‍ വിശ്വപ്രപഞ്ചത്തെയും അതിലൊന്നായ നിങ്ങളെയും ഏറ്റവും വ്യക്തമായിത്തന്നെ കാണാന്‍ കഴിയും. അവിടെ ദേശവും രാജ്യവും ജാതിമതങ്ങളും അതിരുകളും ഒന്നുമില്ല. നാമജപാദികള്‍ക്കപ്പുറം നമ്മള്‍ ജീവനെന്ന പരമമായ സത്യം മാത്രമായിത്തീരുന്നു. ജീവിതത്തിന്‍റെയും അറിവിന്‍റെയും ഒരേയൊരു വഴിയതാണ്. സ്നേഹത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും വഴിയും അതുതന്നെയാണ്" എന്ന് അദ്ദേഹം തുടരുന്നു. കുട്ടികളെ ശരിയായ ദര്‍ശനത്തിലേക്കു നയിക്കുകയാണ് ഈ അധ്യാപകന്‍.

"നിങ്ങളോരോരുത്തരും ജീവിതത്തെ ഇതുപോലെ ഉളികൊണ്ടു കൊത്തി കാലത്തിലേക്ക് അടയാളപ്പെടുത്തണം. അല്ലെങ്കില്‍ നമ്മളും ഈ കൂട്ടത്തിലുള്ള കല്ലുകള്‍പോലെ നാമമോ രൂപമോ വ്യക്തിത്വമോ ഇല്ലാത്ത ഒന്നുമാത്രമായിപ്പോകും" എന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തുകയാണ് പ്രൊഫ. ശോഭീന്ദ്രന്‍.

വ്യക്തിത്വ മുള്ളവരായി വളര്‍ന്നുവരാനാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.

മൊളക്കാല്‍മുരുവെന്ന നാടിനോട് യാത്രപറയുന്ന രംഗം വികാരസാന്ദ്രമാണ്. "ബസിനൊപ്പം മൊളക്കാല്‍മുരുവിലെ സ്നേഹഭരിതമായ രാപകലുകളില്‍നിന്ന് ഞാന്‍ അകന്നുപോയി. എന്നെന്നേക്കുമായി" എന്നു പറഞ്ഞ് നിര്‍ത്തുമ്പോള്‍ നാം ഈ ഗുരുനാഥനെ മനസ്സുകൊണ്ടു വന്ദിക്കും.

നാല്പതുവര്‍ഷങ്ങള്‍ക്കുശേഷം മൊളക്കാല്‍മുരുവിലേക്ക് സഞ്ചരിക്കുന്ന ശോഭീന്ദ്രന്‍ മാഷ് ഓര്‍മ്മകള്‍ തിരിച്ചെടുക്കാനും പഴയ സൗഹൃദങ്ങള്‍ കണ്ടെത്താനും ശ്രമിക്കുന്നു. എങ്കിലും ചില ഓര്‍മ്മകള്‍ സജീവമായിരിക്കുന്നു. "ഓര്‍മ്മയുടെ കാല്പാടുകളൊക്കെയും മറവിവന്നു മായ്ച്ചുകളയുകയും അവിടങ്ങളിലൊക്കെ പുതിയ ഓര്‍മ്മകള്‍ മുളച്ചുപൊന്തുകയും ചെയ്യുന്നു. മനുഷ്യവംശത്തോളം നീണ്ടുനില്‍ക്കുന്ന ഒരു തനിയാവര്‍ത്തനമായി അതു മാറുന്നുണ്ടായിരിക്കണം" എന്ന് അദ്ദേഹം സ്വയം ആശ്വസിക്കുന്നു.

(മൊളക്കാല്‍മുരുവിലെ രാപകലുകള്‍ - പ്രൊഫ. ശോഭീന്ദ്രന്‍ - ഡി. സി. ബുക്സ്) 


Featured Posts

bottom of page