top of page

കൗതുകങ്ങളുടെ കാലം

Dec 1, 2021

2 min read

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍

the Christmas eve

കുട്ടിക്കാലങ്ങളില്‍ ക്രിസ്തുമസ്, ഈസ്റ്റര്‍ ദിവസങ്ങളില്‍ രാത്രിയില്‍ത്തന്നെ പള്ളിയില്‍ പോകുകയെന്നതു സന്തോഷകരമായിരുന്നു. തിക്കിത്തിരക്കി മുന്‍വശത്തുതന്നെ ഉറക്കമിളച്ചിരുന്ന് എന്താവും സംഭവിക്കുക എന്ന് കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്. പുല്‍ക്കൂട്ടില്‍ ഈശോ പിറക്കുന്നതും ഗുഹയില്‍നിന്ന് വലിയ  ശബ്ദത്തോടെ ഈശോ ഉയിര്‍ക്കുന്നതുമൊക്കെ വിസ്മയത്തോടെയാണ് കണ്ടിരുന്നത്. ആ ദിവസമാണ് ഈശോ ജനിച്ചത്, ഉയിര്‍ത്തത് എന്നു കുഞ്ഞുമനസ്സില്‍ വിചാരിച്ചിട്ടുമുണ്ട്. കുട്ടിക്കാലം കൗതുകങ്ങളുടെ കാലംകൂടിയായിരുന്നു.

ഭര്‍ത്താവിന്‍റെ ആകസ്മികമായ മരണത്തിന് ഒരാഴ്ച ശേഷമാണ് ഞാനാ വീട്ടില്‍ ചെല്ലുന്നത്. എങ്ങനെ ആ സാഹചര്യത്തില്‍ സംസാരിച്ചുതുടങ്ങുമെന്നു വിഷമിച്ചിരുന്ന ആ സമയത്ത് അവര്‍ പറയുവാ: "കുറച്ചുകാലമായി ജീവിക്കണമെന്ന് ഒരാഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നതായി തോന്നിയിട്ടില്ല. ജീവിതത്തില്‍ വിരസത അനുഭവപ്പെടുന്നു, ജീവിതത്തോട് ഒരു കൗതുകവും തോന്നുന്നതേയില്ല എന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. വളരെ നേരത്തെതന്നെ ജോലി മതിയാക്കി കസേരയില്‍ വെറുതെയിരുന്നു സമയം ചെലവഴിച്ച മനുഷ്യനാണ്.  യാത്ര, സിനിമ, മക്കള്‍, പുസ്തകങ്ങള്‍, കൃഷി തുടങ്ങിയവയൊന്നും ജീവിതത്തോടുള്ള കൗതുകത്തെ ഉണര്‍ത്തിയില്ല. വെറുതെ മരിച്ചുജീവിച്ചുവെന്നു മാത്രം." കൗതുകങ്ങള്‍ ജീവിതത്തിന്‍റെ പ്രസരിപ്പിനെ പ്രോജ്വലിപ്പിക്കുന്നുണ്ട്. ജീവിതമെന്ന സഞ്ചാരം വിരസതയിലേക്ക്, വിഷാദത്തിലേക്ക് വഴിതെറ്റി യാത്രയാകുന്നത് കൗതുകങ്ങള്‍ നഷ്ടപ്പെടുന്നതു കൊണ്ടുകൂടിയാവണം. ഉപ്പിന് ഉറകെട്ടപോലെ ജീവിതത്തോടുള്ള ലഹരി നഷ്ടപ്പെട്ട്, കൗതുകങ്ങളില്ലാതെ മരിച്ചുജീവിക്കുന്നവര്‍, പടിയിറങ്ങിപ്പോകുന്നവര്‍.

92 വയസ്സ് തികഞ്ഞ സന്ന്യാസവൈദികന്‍ ആശ്രമത്തിനകത്തുള്ള അക്വേറിയത്തിലെ മീന്‍ കുഞ്ഞുങ്ങളോടൊപ്പം മണിക്കൂറുകള്‍ ചെലവഴിക്കുന്നതു കണ്ടിട്ടുണ്ട്. ആദ്യം കാണുന്ന കൗതുകവും കുഞ്ഞിന്‍റെ ജിജ്ഞാസയും നിഷ്കളങ്കതയും ആ മുഖത്തു പ്രതിഫലിക്കുന്നതു കാണാം. ചെറുതുകളെ ആഘോഷിക്കുന്ന വലിയ മനുഷ്യന്‍. ജീവിക്കാന്‍ വലിയ കാരണങ്ങളൊന്നും വേണ്ടതില്ല. ചെറിയതിന്‍റെ തമ്പുരാന്‍ കൂടിയാണ് നമ്മുടെ ദൈവം എന്നോര്‍മ്മിപ്പിക്കുന്ന സന്ന്യാസി, ജീവിതം ആഘോഷമാക്കുന്നു.

അസ്സീസി ആശ്രമത്തില്‍ ജീവിതത്തിന്‍റെ അവസാന നാളുകള്‍ ചെലവഴിച്ച ഹിപ്പോളിറ്റസ് കുന്നുങ്കല്‍ പിതാവ് ആശ്രമത്തിലെ ചെടികളെയും വളര്‍ത്തു മൃഗങ്ങളെയും വളര്‍ന്നുനില്ക്കുന്ന പച്ചക്കറികളെയും കൗതുകത്തോടെ കണ്ടാസ്വദിക്കുന്നത് കണ്ടിട്ടുണ്ട്.  Wonderful എന്ന് ഇടയ്ക്കിടെ പറയുന്നതും കേള്‍ക്കാം. കൗതുകം നിറഞ്ഞ ആത്മീയമനുഷ്യന്‍. ചെറുതിലും ഈശ്വരസാന്നിദ്ധ്യം കാണാന്‍ ശ്രമിച്ച്, സംതൃപ്തിയോടെ ജീവിച്ച് കടന്നുപോയി.

 

ജീവിതയാത്ര വിരോധാഭാസം നിറഞ്ഞതാണെന്ന് ഞാന്‍ ഓര്‍ത്തിട്ടുണ്ട്. ജീവിക്കാന്‍ വേണ്ടതെല്ലാം ആവശ്യത്തിലധികമുണ്ടെന്നു നമ്മള്‍ കരുതുന്ന ചില മനുഷ്യര്‍ ജീവിതത്തോടുള്ള കൗതുകം  നഷ്ടപ്പെട്ട്, സ്വയം ഇല്ലായ്മചെയ്ത് പരാജിതനെപ്പോലെ പടിയിറങ്ങിപോകുന്നു. "ഇയാള്‍ക്ക് എന്തിന്‍റെ കുറവായിരുന്നു ഉള്ളത്" എന്ന് അടക്കം പറയുന്നതു ശ്രദ്ധിച്ചാല്‍ കേള്‍ക്കാം. രോഗശയ്യയിലായിരിക്കുമ്പോഴും മരണം ഉറപ്പിച്ച് മുന്നോട്ടു പോകുമ്പോഴും ജീവിതം ജീവിക്കുന്നവരുണ്ട്. ജീവിതത്തോടുള്ള കൊതി തീരാത്തവര്‍, യാത്രയെ, പുസ്തകങ്ങളെ, ബന്ധങ്ങളെ, പ്രാണനോളം ചേര്‍ത്തുപിടിച്ച് ആനന്ദലഹരിയില്‍ മരണത്തെ ആഘോഷമാക്കുന്നവര്‍. എല്ലാവരെയും കൗതുകത്തോടെ നോക്കി കാണുന്നവര്‍. ഓരോ പ്രഭാതവും പുതിയതാണെന്ന ബോധ്യം ഉള്ളാലെ ചേര്‍ത്ത്, മരണത്തെ തെല്ലകറ്റിനിര്‍ത്തി ജീവിതം പ്രകാശമാനമാക്കുന്നവര്‍.

ഉപരിപഠനത്തിനായി വിദേശത്തായിരിക്കുന്ന  സുഹൃത്ത് പറയുന്നു, അനിയത്തി വിളിക്കുന്നതാണ് ഏറ്റവും സന്തോഷം. വീട്ടിലെ ചെടികളെക്കുറിച്ച്, സുഹൃത്തുക്കളെക്കുറിച്ച്, മീന്‍കുഞ്ഞുങ്ങളെക്കുറിച്ച്, സംഭവിച്ച രസിപ്പിച്ച അനുഭവങ്ങളെക്കുറിച്ചൊക്കെ വാതോരാതെ സംസാരിക്കും. ഞാന്‍ പറയുന്നതൊക്കെ അത്ഭുതത്തോടെ കേട്ടുകൊണ്ടിരിക്കും. ഇത്തരം സാധാരണ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ഇത്രയേറെ കൗതുകത്തോടെ പങ്കുവയ്ക്കാനും അവള്‍ക്കെങ്ങനെ കഴിയുന്നുവെന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. ആശ്രമങ്ങളില്‍ ആരാലും അറിയപ്പെടാതെ തികഞ്ഞ ആനന്ദത്തോടെ പകല്‍ മുഴുവന്‍ അദ്ധ്വാനിച്ചും പ്രാര്‍ത്ഥിച്ചും ആയാസരഹിതമായി ജീവിച്ചു, കടന്നുപോയ ബ്രദര്‍(മാര്‍) എന്നില്‍ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. പൗരോഹിത്യത്തിന്‍റെ ആകര്‍ഷണംപോലും വേണ്ട എന്നുവച്ചവര്‍. ശരിക്കും വിസ്മയത്തോടെയും ആദരവോടെയും അവരുടെ ജീവിതചര്യകളെയും ബോധ്യങ്ങളെയും ശ്രദ്ധിച്ചിട്ടുണ്ട്. കൗതുകങ്ങളുടെ വാതിലുകള്‍ തുറന്നിടുന്ന ഇത്തരത്തിലുള്ള മനുഷ്യര്‍ കൂടെയുണ്ടാവുക, കൂട്ടായി ഉണ്ടാവുക നമ്മുടെ ഭാഗ്യമാണ്.  അത്തരത്തിലുള്ള ബന്ധങ്ങളെ സ്ഥാപിക്കുക തന്നെ വേണം.

നാഗരികനായ മനുഷ്യന്‍ തന്‍റെ അറിവിന്‍റെ ഭൂതകണ്ണാടിയിലൂടെയാണ് എല്ലാത്തിനെയും വീക്ഷിക്കുന്നത്. ആവശ്യമില്ലാത്ത ഭാരങ്ങള്‍ മുതിര്‍ന്നവര്‍ തുടങ്ങി കുട്ടികള്‍ വരെ വഹിക്കുന്നു. എന്തിനാണിത്ര ഗൗരവം? വിവിധതരത്തിലുള്ള ചട്ടക്കൂടുകള്‍ വിസ്മയലോകത്തെ കൂട്ടിലടയ്ക്കുന്നു. കുട്ടികള്‍ പെട്ടെന്നു മുതിരുന്നു.

കോവിഡ്, കൂട്ടിലടയ്ക്കപ്പെട്ട കാലംകൂടിയായിരുന്നു. കുപ്പിയില്‍ വളരുന്ന ഗപ്പി മുതല്‍ ചെറുതും വലുതുമായ എല്ലാവരോടും സ്നേഹവും അടുപ്പവും കൗതുകവും വളര്‍ത്താന്‍ സാധിച്ചാല്‍ അകന്നിരിപ്പോ, രോഗമോ ഒന്നും തളര്‍ത്തില്ല, മറിച്ച് വിസ്മയത്തിന്‍റെ ലോകം വളര്‍ത്തപ്പെട്ട് ഹൃദയം ആകാശത്തോളം വലുതാകും. *** *** ***

അകം പൊള്ളയും സര്‍വ്വത്ര സുഷിരങ്ങളുമാണെന്നു കരുതി പുല്ലാങ്കുഴല്‍ എറിഞ്ഞുകളയുന്നില്ല. അതില്‍ സംഗീതംകൊണ്ടു നിറയ്ക്കുന്നു. ക്രിസ്തുമസ് നിറയപ്പെട്ട സംഗീതമാണ്. ഭൂമി മുഴുവന്‍ നിറഞ്ഞുനില്ക്കേണ്ട സ്നേഹത്തിന്‍റെ, മനുഷ്യത്വത്തിന്‍റെ ആഘോഷമാണെന്ന് ചരിത്രത്തിന്‍റെ പിന്‍ബലത്തോടെ ജോര്‍ജ് വലിയപാടത്ത്, കപ്പൂച്ചിന്‍ സ്ഥാപിക്കുന്നു. സമ്മാനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നവരുടെ പ്രതിബിംബം സമ്മാനത്തിലും ഹൃദയത്തിലും പതിയണമെന്ന് ക്രിസ്തുമസ് സമ്മാനങ്ങളുടെ പ്രസക്തിയെക്കുറിച്ച് ഷാജി CMI യും അഭയാര്‍ത്ഥിയായ ദൈവപുത്രന്‍ എല്ലാത്തരം വിഭാഗീയതകള്‍ക്കും ഉയരെ നില്‍ക്കുന്നുവെന്ന് മ്യൂസ് മേരി ടീച്ചറും ഓര്‍മ്മിപ്പിക്കുന്നു. ദൈവം മനുഷ്യനായി 33 വര്‍ഷം ഈ ഭൂമിയിലൂടെ നടന്നു എന്ന വിസ്മയകരമായ സംഭവത്തെ വചനങ്ങളിലൂടെയും, കാവ്യഭംഗിയോടെ രചിക്കപ്പെട്ട  ക്രിസ്തുചരിതത്തിലൂടെ 'കാണാകേണം' എന്ന് ആവര്‍ത്തിച്ചും ഹൃദ്യമായി പങ്കുവയ്ക്കുന്നു ഫാ. ആന്‍റണി CMI.  ട്യൂര്‍ണറിന്‍റെ 'നാല് ജ്ഞാനികള്‍' എന്ന ക്രിസ്തുമസ്നോവലിലെ കഥാപാത്രങ്ങളെ കാലഘട്ടത്തോടു ചേര്‍ത്തു ഭംഗിയുള്ള മാതൃഭാഷയില്‍ അവതരിപ്പിക്കുന്നു ഫാ. ജോസ് സുരേഷ്. ദൈവദാസി പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട 'മണിയംകുന്നിലെ മാണിക്യം' എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊളേത്താമ്മയെ പരിചയപ്പെടുത്തുന്നു സി. ലിയോബാ. ഈ ലക്കം അസ്സീസി ക്രിസ്മസിന് ഒരുക്കമായി ചില ചിന്തകളും ജീവിതശൈലികളുമാണ് പങ്കുവയ്ക്കുന്നത്.

പുതുതലമുറയിലേക്ക് ക്രിസ്തുമസിന്‍റെ കൗതുകം പകര്‍ന്നുകൊടുക്കുവാന്‍ ഈ ഡിസംബറില്‍ സാധിക്കട്ടെ. ഈ ക്രിസ്തുമസ് അകത്തെ പ്രകാശിപ്പിക്കുകയും മനുഷ്യത്വത്തെ ഉണര്‍ത്തുകയും ചെയ്യട്ടെ.


അസ്സീസിയുടെ പ്രിയപ്പെട്ട എല്ലാവര്‍ക്കും ക്രിസ്തുമസ് മംഗളങ്ങള്‍.


പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍

0

1

Featured Posts

Recent Posts

bottom of page