top of page

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍

Apr 9, 2021

2 min read

image of mother mary

'പാത്തുമ്മയുടെ ആടില്‍' ബഷീറിന്‍റെ ഒരന്തം വിടലുണ്ടല്ലോ. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചിട്ട് വന്ന് വീടിന്‍റെ പടിഞ്ഞാറേ കോലായില്‍ കിടന്നുകൊണ്ടയാള്‍ പറയുക, "ഈ സ്ത്രീകള്‍ എന്തൊരത്മഭുത ജീവികള്‍!". ശരിക്കും 'അവള്‍' ഏത് കാലത്തും നമ്മെ അതിശയിപ്പിക്കുന്നുണ്ട്. ഒരു പക്ഷേ, ധ്യാനപൂര്‍ണ്ണമായ ഒരു നോട്ടം മാത്രമാണ് അതിനവള്‍ നമ്മോട് ആവശ്യപ്പെടുക. മറിയത്തെ നോക്കുക. എത്ര നിസ്സാരയാണവള്‍: ലോകപ്രകാരമുള്ള ഗരിമകളൊന്നുമില്ലാത്തവള്‍. എന്നിട്ടും അവള്‍ കടന്നുപോയ സഹനപാതകളിലത്രയും എത്രമേല്‍ നിസ്തോഭയായി അവള്‍ നിലകൊള്ളുന്നു. സത്യത്തില്‍ എന്തൊരടക്കമാണല്ലേ! ഒറ്റശ്ലോക രാമായണം പോലെയൊരു അര്‍ത്ഥ പൂര്‍ണിമ.

പൂര്‍വ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം

വൈദേഹി ഹരണം ജടായുമരണം സുഗ്രീവ സംഭാഷണം

ബാലി നിഗ്രഹണം സമുദ്രതരണം ലങ്കാപൂരി മര്‍ദ്ദനം

കൃത്വാ രാവണ കുംഭകര്‍ണ്ണ നിധനം സമ്പൂര്‍ണ്ണ രാമായണം

രാമകഥാസംഭവങ്ങളുടെ സംഗതമായൊരു കോര്‍ത്തിണക്കല്‍. രാമന്‍റെ വനവാസം, മായപ്പൊന്‍മാന്‍ മൂലമുളവായ സീതാപഹരണം, സമുദ്രലംഘനം, ലങ്കാധിപനിഗ്രഹം എന്നിവയെല്ലാം ഒറ്റവരിയില്‍ കൊരുത്തിരിക്കുന്നു. രാമായണഭാഷ്യങ്ങളിലൊന്നിങ്ങനെയാണ്. സര്‍വ്വരിലും രമിക്കുന്ന ആത്മഭവമാണത്രേ രാമന്‍. തന്‍റെ സഹയാത്രിക സീത അഥവാ ശാന്തി. ആത്മാവിന്‍റെ സഹജഭാവമായ ശാന്തി അപഹരിക്കുന്നത് ദശമുഖനായ രാവണന്‍. കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളുമായ ദശേന്ദ്രിയങ്ങള്‍ കാമിനീകാഞ്ചനങ്ങളായ മായപ്പൊന്മാനുകള്‍ക്ക് പിന്നാലെ പായുമ്പോഴാണ് ആത്മശാന്തി നഷ്ടമാവുക. സമുദ്രലംഘനം നടത്തി ലങ്കാധിപന്മാരെ വധിച്ചാണ് അവളെ തിരികെ നേടുക. ഇളകിമറിയുന്ന മനോവികാരങ്ങളുടെ സംസാരസാഗരത്തെ ഈശ്വരവിചാരത്തിന്‍റെ പാലമിട്ടാണ് നാം മുറിച്ചുകടക്കേണ്ടത്. വൈകാരിക പ്രക്ഷുബ്ധതകളുടെ കടല്‍ കടക്കേണ്ടത് ദൈവനാമജപത്തിന്‍റെ തുടര്‍ച്ചയാലാണ്. വെള്ളത്തില്‍ തുള്ളുന്നതാണത്രേ ലങ്ക. നമ്മുടെ ഹൃദയത്തോടാണ് ഉപമിക്കുക. ലങ്കാധിപന്മാരെ ഹൃദയ പ്രകൃതികളോടും സദൃശ്യപ്പെടുത്തുന്നു. സാത്വികന്‍ വിഭീഷണന്‍ നന്മയോട് ചേര്‍ന്നിരിക്കുന്നവന്‍. 'ഞാന്‍' എന്ന അഹന്തമുറ്റുന്ന രജോഗുണവും അലസത തിങ്ങിയ തമോഗുണവും വിട്ടകലുമ്പോഴാണ് ഒരുവന് ആത്മശാന്തി പ്രാപ്യമാവുക എന്നാണ് പാഠവ്യാഖ്യാനം. ശരിക്കും ഈ ആന്തരിക സ്വാസ്ഥ്യത്തെക്കുറിച്ചാണ് പൗരസ്ത്യരുടെ കഥനങ്ങളിലേറെയും! To the mind that still, the whole Universe surrenders എന്നാണ് ലാവോത്സു പറയുക.  Be still and know that I am God എന്നാണ് സങ്കീര്‍ത്തനം. കിഴക്കന്‍ ക്രൈസ്തവ താപസന്മാരുടെ ഹെസിക്കാസ്റ്റ് പ്രസ്ഥാനം മുന്നോട്ട് വെച്ച യേശുനാമജപമൊക്കെ സംഗതമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈ നിശബ്ദ സന്യാസികള്‍ക്ക് മൗനം എന്നാല്‍ മനുഷ്യരോട് മിണ്ടാതിരിക്കലല്ല, പിന്നെയോ ദൈവത്തോടുള്ള സംഭാഷണമാണ്. ഇത്തരമൊരു അടങ്ങലാണ് ഉള്‍തെളിവിന്‍റെ ആധാരമെന്നവര്‍ ആവര്‍ത്തിച്ച് ആണയിടുന്നു. മനുഷ്യജീവിത ഗമനത്തെ രഥയാത്രയോട് ഉപമിക്കുന്ന ഗീതോപദേശം എത്ര സുന്ദരമാണ്. ശരീരം രഥം. ആത്മാവ് യാത്രികന്‍. ബുദ്ധി തേരാളി. മനസ്സെന്ന കടിഞ്ഞാണ്‍. ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ വിവേകമെന്ന സാരഥി മനസ്സാകുന്ന കടിഞ്ഞാണിനാല്‍ നിയന്ത്രിക്കുന്ന രഥയാത്രയാണ് ധര്‍മ്മാധര്‍മ്മങ്ങളുടെ കുരുക്ഷേത്ര ഭൂമിയില്‍ സ്ഥിതപ്രജ്ഞനായവന്‍ നടത്തേണ്ടതത്രേ! എസക്കിയേല്‍ കണ്ട ജഡിക രഥമേ എന്ന മറിയത്തെ വിശേഷിപ്പിക്കുന്ന പ്രാര്‍ത്ഥനകളിലൊക്കെ ഇതോര്‍ത്ത് പോകാറുണ്ട്. നിഷ്ഠാബന്ധമായൊരു ജീവിതത്താല്‍ ക്രിസ്തുവിനെ പെറ്റവള്‍ എന്നല്ലേ ഒരു പാട്ടിന്‍റെ തുടക്കം തന്നെ. ആത്മസംയമത്തിന്‍റെ അമ്മക്കടലുകളുടെ ആഴമളക്കാന്‍ ആര്‍ക്ക് കഴിയും! 'സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍' എന്ന് സമുദ്രശിലയില്‍ കൊത്തിവെച്ച സുഭാഷ്ചന്ദ്രന്‍റെ വരികളുടെ അര്‍ത്ഥമറിയാന്‍ നാമിനിയുമെത്ര കടലാഴങ്ങള്‍ താണ്ടേണ്ടതുണ്ട് സഖേ! ഉള്ളിലൊന്നുമില്ലാത്തവര്‍ എന്നല്ല ഉള്ളളക്കാനാവാത്തവള്‍ എന്നറിയുന്നതാവും ഉത്തമം.

മറിയം അവന്‍റെ അതിശയകരമായ വീര്യപ്രവൃത്തികളുടെ മാഹാത്മ്യത്തെ വാക്കുകളില്‍ കോറി അപൂര്‍ണ്ണമാക്കാതെ മൗനത്തിലൊളിപ്പിച്ച ബുദ്ധിമതിയായ കന്യക. സകലവും അവള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചുകൊണ്ടിരുന്നു.


Featured Posts

bottom of page