top of page
"ഒരു രാത്രിയില്‍ അസ്സീസി നഗരവീഥികളിലൂടെ അലയുകയായിരുന്നു ഫ്രാന്‍സിസ്. പൂര്‍ണ്ണചന്ദ്രന്‍ ആകാശമധ്യത്തില്‍ തൂങ്ങിനില്ക്കുന്നതുപോലെ. ഭൂമിയാകെ വായുവില്‍ പൊങ്ങിയൊഴുകുന്നു. അദ്ദേഹം നോക്കി വീട്ടുവാതിലുകളില്‍ വന്നു നിന്ന് ആ മഹാത്ഭുതം ആസ്വദിക്കുന്ന ആരേയും കാണാഞ്ഞ് അദ്ദേഹം പള്ളിയിലേക്ക് ഓടി, മണിമാളികയില്‍ കയറി, എന്തോ അത്യാഹിതം സംഭവിച്ചാലെന്നവണ്ണം മണിയടിക്കാന്‍ തുടങ്ങി. ഞെട്ടിയുണര്‍ന്ന ജനങ്ങള്‍ എവിടെയോ തീ പിടിച്ചെന്നു കരുതി പേടിച്ച് ശരിക്കു വസ്ത്രം ധരിക്കാന്‍ പോലും മറന്ന് സാന്‍ റുഫീനോ പള്ളിമുറ്റത്തു പാഞ്ഞെത്തി. അപ്പോള്‍ അവര്‍ കണ്ടത് ഫ്രാന്‍സിസ് ആവേശത്തോടെ മണിയടിച്ചുകൊണ്ട് നില്ക്കുന്നതാണ്. "എന്തിനാ മണിയടിക്കുന്നത്? എന്തു പറ്റി?" അവരാക്രോശിച്ചു. "സഹോദരന്മാരെ, കണ്ണു തുറന്നു മുകളിലേക്കു നോക്കിക്കേ ചന്ദ്രന്‍റെ നേരെ!" ഫ്രാന്‍സിസ് മണിമാളികയില്‍ നിന്നു വിളിച്ചു പറഞ്ഞു. ഇതായിരുന്നു ഫ്രാന്‍സിസ് എന്ന മനുഷ്യന്‍."
(സെന്‍റ് ഫ്രാന്‍സിസ്, കസാന്‍ദ്സാക്കീസ്)
ഏതാനും വര്‍ഷംമുമ്പ് മലയാളത്തിലെ ഒരു പ്രമുഖവാരികയില്‍ ഒരു ഐ.ടി. ശിശുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരു മുഴുവന്‍ പേജ് കാര്‍ട്ടൂണ്‍ ചിത്രകഥ പ്രസിദ്ധീകരിച്ചിരുന്നു. അതിലെ കഥാനായകന്‍ മുലക്കുപ്പിയുമായി ബിസിനസ് അഡ്മിനിസ്ട്രേഷന്‍ നടത്തുന്നവനും സമൂഹത്തിലെ ഏറ്റവും മുതിര്‍ന്നവരുടെ ഡിസ്കോഴ്സില്‍ സംസാരിക്കുന്നവനുമായിരുന്നു. നമ്മെയെല്ലാം ഒരേസമയം ആ അത്ഭുത ശിശുവിന്‍റെ കഥാപാത്രം ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും കരയിപ്പിക്കുകയും ചെയ്തു. ഐ.ടി. ശിശുമാത്രം ചിരിക്കുകയോ അത്ഭുതപ്പെടുകയോ കരയുകയോ ചെയ്തില്ല. ഒരുപക്ഷേ നമ്മുടെ കാലത്തിന്‍റെ ദുരന്തം നാമൊക്കെ ഐ.ടി. ശിശുക്കളായിപ്പോയതാകാം.
അസ്സീസിയിലെ ഫ്രാന്‍സിസ് ഒരു മൂഢനും കിറുക്കനും ആകുന്നകാലം ഐ.ടി. ശിശുക്കളുടെ ലോകമാണ്. എത്ര വേഗത്തിലാണ് നാമൊക്കെ ഐ.ടി. ശിശുക്കളായി മാറുന്നത്. മാധ്യമം തന്നെയാണ് സന്ദേശം എന്നുപറഞ്ഞ മാര്‍ഷല്‍ മക്ലൂഹാനെ പരിഹസിക്കാന്‍ വരട്ടെ. ടെക്നോളജി തന്നെയാണ് മനുഷ്യന്‍ എന്ന് അതിനൊരു വ്യാഖ്യാനമാകാം.
ഒരു മൈക്രോ ചിപ്പിനകത്തൊളിച്ചിരിക്കുന്ന ചിത്രങ്ങളും വിവരങ്ങളും നമ്മെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തുന്നുണ്ട്. സൈബര്‍ സ്പെയ്സിന്‍റെ വ്യാപ്തിയും വിശ്വവ്യാപകവലയുടെ വൈപുല്യവും നമ്മെ അത്ഭുതപ്പെടുത്തുന്നു. ലോകത്തിലെ ഏതു രാജ്യക്കാരനെയും നേരിട്ട് വിളിച്ച് സംസാരിക്കാന്‍ കഴിയുന്ന, ഇന്‍സ്റ്റന്‍റ് തര്‍ജ്ജമ നടത്തി നമ്മുടെ ശബ്ദം അയാളെയും അയാളുടെ ഭാഷയില്‍ അയാള്‍ സംസാരിക്കുന്ന കാര്യം നമ്മുടെ ഭാഷയില്‍ നമ്മെയും കേള്‍പ്പിക്കാന്‍ കഴിയുന്ന അഭിനവ പെന്തക്കുസ്താ ഫോണ്‍ ഗൂഗിള്‍ വിപണിയിലിറക്കാന്‍ പോകുന്നു എന്ന് കേള്‍ക്കുമ്പോള്‍ നാം അത്ഭുതസ്തബ്ധരാകുന്നു. ചുരുക്കത്തില്‍ മനുഷ്യന്‍റെ മസ്തിഷ്കം ചെയ്തുകൂട്ടുന്ന ഇന്ദ്രജാലങ്ങളെക്കുറിച്ച് അത്ഭുതപ്പെടാനും അതില്‍ ഊറ്റംകൊള്ളാനും നമ്മളൊക്കെ എത്ര ശുഷ്കാന്തി കാട്ടുന്നു. എന്നാല്‍ പ്രപഞ്ചത്തിലെ ഒരു പൂ വിടരുന്ന അത്ഭുതത്തെ, ഒരു പച്ചക്കുതിര തുള്ളുന്ന അത്ഭുതത്തെ, ഒരു വവ്വാല്‍ ഇരതേടുന്ന അത്ഭുതത്തെ, ഒരു ഇളംനാമ്പ് അടുത്ത നാമ്പിനെ ഉണ്ടാക്കുന്ന അത്ഭുതത്തെ ഒക്കെ കണ്ടും കേട്ടും ആശ്ചര്യം കൂറാന്‍ നമ്മില്‍ എത്ര പേര്‍ക്കിന്നു കഴിയുന്നു! ചുരുക്കത്തില്‍ ദൈവം വിരചിക്കുന്ന അത്ഭുതങ്ങളെ ഓര്‍ത്ത് അത്ഭുതപ്പെടാന്‍ നമുക്കു കഴിയാതെ പോകുന്നു, പ്രത്യേകിച്ചും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ, ഒരു തുന്നാരന്‍ കുരുവിയുടെ കൂട്ടിലെ അത്ഭുതത്തിന്‍റെ അനക്കം കാണാന്‍ കുട്ടികള്‍ക്കിന്നാവുന്നില്ല. അവരെല്ലാം മലര്‍ന്നുകിടന്ന് അമ്മിഞ്ഞ നുകരുന്ന പ്രായത്തില്‍ത്തന്നെ മെഷീന്‍ഗണ്ണില്‍ നിന്ന് കോംപ്ലാന്‍ പാല്‍ നുകരുകയല്ലോ!
അത്ഭുതം എന്നത് ആത്മീയതയുടെ ഏറ്റവും മര്‍മ്മപ്രധാനമായ പ്രകാശനമാണ്. അത് ആധ്യാത്മിക ശിശുത്വത്തിന്‍റെ ലക്ഷണമത്രെ. ജൈവികമായ സെന്‍സിറ്റിവിറ്റിയുള്ള ഒരു മനസ്സില്‍നിന്നു മാത്രമേ അത്ഭുതത്തിന്‍റെ ഭാവം പുറത്തുവരൂ. ആത്മീയത എന്നതുതന്നെ സെന്‍സിറ്റിവിറ്റിയുടെ സ്ഫുടതയാര്‍ന്ന രൂപമാണല്ലോ.
അസ്സീസിയിലെ ഫ്രാന്‍സിസ് സഹജീവികളോടും പ്രകൃതിയോടും തന്നോടുതന്നെയും അതിനെക്കാളൊക്കെ ഏറെ ദൈവമനസ്സിനോടും സെന്‍സിറ്റിവിറ്റി സൂക്ഷിച്ചു എന്നിടത്താണ് അദ്ദേഹത്തിലെ വിശുദ്ധന്‍ ഉപവിഷ്ടനായിരിക്കുന്നത്. ഫ്രാന്‍സിസില്‍ എത്രവലിയ അളവിലാണ് നാം അത്ഭുതപ്പെടുന്ന ഒരു ബാലനെ കാണുന്നത്! ദൈവം അദ്ദേഹത്തെ വിടാതെ അത്ഭുതപ്പെടുത്തുന്നു. സ്നേഹം അതിലേറെ അദ്ദേഹത്തെ വിസ്മയിപ്പിക്കുന്നു. ദൈവത്തെ മുലയൂട്ടുന്ന സ്ത്രീയും അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഒരു കുരുവിയുടെ ചിലപ്പിലും ഒരു പ്രാവിന്‍റെ കുറുകലിലും ഒരു ഇലയുടെ മര്‍മ്മരത്തിലും അദ്ദേഹം അത്ഭുതത്തോടെ ദൈവനിസ്വനം കേള്‍ക്കുന്നു.
ഈ സെന്‍സിറ്റിവിറ്റിയും അതില്‍നിന്ന് ഉദ്ഭൂതമാകുന്ന വിസ്മയവും അദ്ദേഹത്തില്‍ വലിയ പ്രത്യാശ നിറയ്ക്കുന്നതു നാം കാണുന്നു. ഇന്ന് മനുഷ്യജാതി ആകെ പ്രത്യാശ നശിച്ചതായി കാണപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം മനുഷ്യന്‍, തന്‍റെ ബുദ്ധി നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങളിലും അവയുടെ ടെക്നോളജികളിലും അത്ഭുതപ്പെടുകയും ദൈവത്തിന്‍റെ കരം നിര്‍വ്വഹിക്കുന്ന അനന്ത വിസ്മയങ്ങള്‍ കാണാതെ പോകുകയും ചെയ്യുന്നതുകൊണ്ടാണ്.
നമുക്ക് കസാന്‍ദ്സാക്കീസിന്‍റെ ഫ്രാന്‍സിസിലേക്കു മടങ്ങാം.
"നിങ്ങളെന്തിനാണ് അവിശ്വസിക്കുന്നത്? എല്ലാം അത്ഭുതമാണ്. നാം കുടിക്കുന്ന ജലം, നടക്കുന്ന ഭൂമി, നക്ഷത്രങ്ങളുമായി ഭൂമിക്കുമേല്‍ ഇറങ്ങി വരുന്ന രാത്രി, സൂര്യന്‍, ചന്ദ്രന്‍, എല്ലാം അത്ഭുതമല്ലേ? ഏറ്റവും ചെറിയ ഒരില പറിച്ച് സൂര്യന്‍റെ പ്രകാശത്തില്‍ നോക്കൂ. ഒരു വശത്ത് ക്രൂശാരോഹണ ചിത്രം കാണാം. മറുവശത്ത് ഉത്ഥാനവും. അത് വെറുമൊരു ഇലയല്ല. നമ്മുടെ ഹൃദയമാണ്."
(സെന്‍റ് ഫ്രാന്‍സിസ്, കസാന്‍ദ്സാക്കീസ്)
Featured Posts
bottom of page