top of page

കൂറുമാറിയ രാജസേവകന്‍ അബിയാഥര്‍

Apr 1

3 min read

ഡോ. മൈക്കിള്‍ കാരിമറ്റം
The Priest - Abiathar

"അഹിത്തൂബിന്‍റെ മകന്‍ അഹിമെലെക്കിന്‍റെ പുത്രന്മാരില്‍ ഒരുവനായ അബിയാഥര്‍ രക്ഷപെട്ട് ഓടി ദാവീദിന്‍റെ അടുത്തെത്തി... ദാവീദ് അവനോടു പറഞ്ഞു: ഭയപ്പെടേണ്ടാ, എന്നോടു കൂടെ താമസിക്കുക. എന്‍റെ അടുക്കല്‍ നീ സുരക്ഷിതനായിരിക്കും" (1 സാമു. 22: 20-23).

ബൈബിള്‍ വരച്ചുകാട്ടുന്ന പൗരോഹിത്യത്തിന്‍റെ ഗതിവിഗതികളില്‍ നീര്‍ണ്ണായകമായൊരു പ്രതിസന്ധിയിലാണ് അയാള്‍ നില്ക്കുന്നത്, അസൂയാലുവും ക്രുദ്ധനുമായ സാവൂള്‍ നടത്തിയ പുരോഹിത കൂട്ടക്കുരുതിയില്‍ നിന്ന് ഓടി രക്ഷപെട്ട്, ഒളിപ്പോരാളിയായി കഴിയുന്ന ദാവീദിന്‍റെയടുക്കല്‍ അഭയം പ്രാപിക്കുകയും പിന്നീട് ദാവീദിന്‍റെ സേവകനും ഉപദേഷ്ടാവും പ്രധാന പുരോഹിതനുമായി കഴിയുകയും ചെയ്ത അബിയാഥര്‍. അഹറോന്‍റെ പിന്‍മുറക്കാരില്‍ ഏഴാം തലമുറയില്‍ പെട്ട അയാള്‍, രാഷ്ട്രീയാധികാരം ചിറകൊടിച്ച്, മെരുക്കിയെടുത്ത പൗരോഹിത്യത്തിന്‍റെ പ്രതിനിധിയായി നിലകൊള്ളുന്നു.

ജനത്തെ പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നീ ത്രിവിധ ദൗത്യങ്ങള്‍ക്കായി ദൈവം നിയോഗിച്ച പുരോഹിതന്‍ ഏതാനും കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും രാജാവിന്‍റെ ഇഷ്ടം അനുസരിച്ച് ഉപദേശങ്ങള്‍ നല്കുകയും ചെയ്യുന്ന ഒരു രാജസേവകന്‍റെ തലത്തിലേക്ക് ഒതുങ്ങുന്നതിന്‍റെ തുടക്കം അബിയാഥറില്‍ കാണാം. പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത് ദാവീദിന്‍റെ അടുക്കല്‍ അഭയം തേടിയ അബിയാഥര്‍ ദാവീദിനോടു കൂറു പുലര്‍ത്തി ജീവിച്ചു. എന്നാല്‍ ദാവീദ് വൃദ്ധനാവുകയും മക്കള്‍ പിന്‍തുടര്‍ച്ചാവകാശത്തിനായി മത്സരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അയാള്‍ ദാവീദിനോടുള്ള കൂറു മാറി, വിമതരാജാവായി സ്വയം പ്രഖ്യാപിച്ച അദോനിയായുടെ പക്ഷം ചേര്‍ന്നു. കൂറുമാറ്റം വലിയ വിനയായി. സോളമന്‍ അയാളെ പുരോഹിത സ്ഥാനത്തു നിന്നു നീക്കം ചെയ്തു; സ്വന്തം നാടായ അനാത്തോത്തില്‍ വീട്ടുതടങ്കലിലാക്കി. അതോടെ ഏലി കുടുംബത്തിനെതിരേ പ്രവാചകന്‍ വഴി അറിയിക്കപ്പെട്ട ശിക്ഷാവിധി പൂര്‍ണമായും നിറവേറ്റപ്പെട്ടു. സംഭവബഹുലവും സംഘര്‍ഷഭരിതവുമായ ആ ജീവിതത്തില്‍ നിന്ന് സുപ്രധാനമായ ചില മുഹൂര്‍ത്തങ്ങള്‍ എടുത്തുകാട്ടാനാണ് ഇവിടെ ശ്രമിക്കുന്നത്.

കൂട്ടക്കുരുതി

പിതാവിന്‍റെ കാണാതായ കഴുതകളെ തേടി എത്തിയ സാവൂളിനെ, ദൈവകല്പന പ്രകാരം, സാമൂവേല്‍ രാജാവായി വാഴിച്ചു. ശത്രുക്കളെ തോല്പിച്ച് സാവൂള്‍ തന്‍റെ കരുത്തു തെളിയിച്ചു. ജനം ഒന്നടങ്കം സാവൂളിനെ രാജാവായി സ്വീകരിച്ചു. ആദ്യമാദ്യം സാവൂള്‍ സാമൂവേലിന്‍റെ ഉപദേശം തേടുമായിരുന്നു; വെളിപ്പെട്ടു കിട്ടുന്ന ദൈവഹിതം അനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലക്രമത്തില്‍ അധികാരം അയാള്‍ക്കു ഹരമായി, ലഹരിയായി; സ്വന്തം ഇഷ്ടം നിയമവും. സാമുവേലില്‍ നിന്ന് അയാള്‍ അകന്നു; അതോടെ ദൈവത്തില്‍ നിന്നും. ഈ സാഹചര്യത്തിലാണ് ദൈവം സാമുവേല്‍ വഴി ദാവീദിനെ രാജാവായി അഭിഷേകം ചെയ്തത്. അത് സാവൂള്‍ അറിഞ്ഞിരുന്നില്ല. ദൈവം തന്നെ തിരസ്കരിച്ചിരിക്കുന്നു എന്ന് സാമുവേലിലൂടെ കേട്ട സാവൂളിന്‍റെ മാനസിക സമനില തെറ്റി. വിഷാരോഗത്തിന് അടിമയായിത്തീര്‍ന്ന അയാള്‍ക്ക് ആശ്വാസം പകരാന്‍ വേണ്ടിയാണ് വിദഗ്ധ ഗായകനായ ദാവീദിനെ രാജകൊട്ടാരത്തിലേക്കു കൊണ്ടുവന്നത്.

സാവകാശം ദാവീദിന്‍റെ ഗാനചാതുരി മാത്രമല്ല, യുദ്ധനൈപുണ്യവും സാവൂളിന് ഇഷ്ടമായി. തന്‍റെ ഒരു സേനാധിപനായി ദാവീദിനെ നിയമിച്ചു. എന്നാല്‍, ഏറെ താമസിയാതെ അസൂയ തല പൊക്കി. സ്വന്തം അംഗരക്ഷകനെ ശത്രുവായി കാണാന്‍ തുടങ്ങി. ആദ്യമാദ്യം ഭ്രാന്തു നടിച്ചും പിന്നീട് നാട്യം കൂടാതെയും ദാവീദിനെ വധിക്കാന്‍ പലതവണ ശ്രമിച്ചു. തന്‍റെ ജീവന്‍ അപകടത്തിലാണെന്നു മനസിലാക്കിയ ദാവീദ് ഓടി ഒളിച്ചു. ഒളിവില്‍ പോകുമ്പോള്‍ കൈവശം ഒന്നും ഇല്ലാതിരുന്ന ദാവീദ് നോബിലെ പുരോഹിതാനായ അഹിമെലേക്കിന്‍റെ അടുക്കലെത്തി. തന്നെ കണ്ടു സംഭാന്തനായ പുരോഹിതനോട് ദാവീദ് നുണ പറഞ്ഞു, രാജാവു തന്നെ ഏല്പിച്ച ഒരു ദൗത്യത്തില്‍ തിരക്കിട്ടു പോരേണ്ടിവന്നതിനാല്‍ കൈവശം ഒന്നുമില്ല. വാക്കു വിശ്വസിച്ച അഹിമെലെക്ക് ദാവീദിന് അപ്പവും, തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഗോലിയാത്തിന്‍റെ വാളും കൊടുത്തു. സാവൂളിന്‍റെ സേവകനായ ഏദോംകാരന്‍ ദോയെഗ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നു.

ഒളിച്ചോടിയ ദാവീദിനെ കണ്ടെത്താന്‍ കഴിയാതെ കോപാക്രാന്തനായ സാവൂള്‍ 'തന്‍റെ സേവകര്‍ ദാവീദിനെ സഹായിക്കുന്നു, അവന്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് ആരും വെളിപ്പെടുത്തുന്നില്ല' എന്ന കുറ്റാരോപണം ഉയര്‍ത്തിയപ്പോള്‍, നോബിലെ പുരോഹിതന്‍ ദാവീദിന് അപ്പവും വാളും കൊടുക്കുന്നതു താന്‍ കണ്ടു എന്ന് ദോയെഗ് പറഞ്ഞു. ഉടനെ വന്നു രാജകല്പന: അഹിമെലേക്കിനെയും കുടുംബം മുഴുവനെയും പിടിച്ചുകെട്ടി, രാജസന്നിധിയില്‍ ഹാജരാക്കുക. മുന്നില്‍ നില്ക്കുന്ന പുരോഹിതന്മാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും തന്‍റെ ശത്രുവും സ്ഥാനമോഹിയുമായ ദാവീദിനെ സഹായിച്ചു എന്നും അവര്‍ക്കെതിരെ കുറ്റം ആരോപിച്ചു. പുരോഹിതന്മാര്‍ നല്കിയ വിശദീകരണങ്ങള്‍ ഒന്നും, അസൂയയാല്‍ സുബോധം നഷ്ടപ്പെട്ട സാവൂളിനു സ്വീകാര്യമായില്ല.

"രാജാവു പറഞ്ഞു: അഹിമെലെക്, നീയും നിന്‍റെ കുടുംബവും മരിക്കണം" (1 സാമു. 22: 16). എന്നാല്‍ ഇസ്രായേല്‍ക്കാരായ രാജസേവകരില്‍ ഒരുവന്‍ പോലും രാജകല്പന അനുസരിച്ച് ശിക്ഷാവിധി നടപ്പിലാക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ ഏദോമ്യനായ ദോയെഗ് "ചണനൂല്‍ കൊണ്ടുള്ള എഫോദ് ധരിച്ച എണ്‍പത്തഞ്ചു പേരെ ... വധിച്ചു. ആ പുരോഹിതന്മാരുടെ നഗരമായ നോബ് അവന്‍ നശിപ്പിച്ചു. ... എല്ലാറ്റിനെയും വാളിനിരയാക്കി. എന്നാല്‍ അഹിത്തൂബിന്‍റെ മകന്‍ അഹിമെലേക്കിന്‍റെ പുത്രന്മാരില്‍ ഒരുവനായ അബിയഥര്‍ രക്ഷപെട്ട് ഓടി ദാവീദിന്‍റെ അടുത്തെത്തി" (1 സാമു. 22: 18-20).

രാജത്വം പൗരോഹിത്യത്തിന്‍റെ മേല്‍ ആധിപത്യം ഉറപ്പിക്കുകയും, അക്രമാസക്തമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്‍റെ ഭീകരമായ തുടക്കം ഇവിടെ കാണാം. തന്‍റെ ശത്രുവായ ദാവീദിനോടു കൂട്ടു ചേര്‍ന്ന്, തനിക്കെതിരേ അവനേ സഹായിച്ചു എന്നതാണ് ആരോപണം. പുരോഹിതന്മാര്‍ നല്കുന്ന വിശദീകരണമൊന്നും അയാള്‍ക്കു കേള്‍ക്കേണ്ടാ. ഞാനാണു രാജാവ്. എന്‍റെ ഇഷ്ടം പ്രമാണം. എല്ലാവരും എന്‍റെ സേവകര്‍. എതിര്‍ത്താല്‍ കൊന്നു കുഴിച്ചുമൂടും. ഇതാണ് പുരോഹിതരുടെ കൂട്ടക്കുരുതിയിലൂടെ സാവൂള്‍ നല്കുന്ന സന്ദേശം.

അവിശ്വസ്തതയുടെ പേരില്‍ പുരോഹിതന്‍ ഏലിക്കും കുടുംബത്തിനും എതിരേ പ്രവാചകന്‍ വഴി ദൈവം പ്രഖ്യാപിച്ച ശിക്ഷാവിധി നടപ്പിലാക്കുന്നതിന്‍റെ ചിത്രമാണ് ഈ കൂട്ടക്കുരുതി. ഏലിയും രണ്ടു മക്കളും മരിക്കുകയും ഷീലോ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നെങ്കിലും ആ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ജറുസലെമിനടുത്തുള്ള നോബിലേക്ക് താമസം മാറ്റിയിരുന്നു. ഉടമ്പടിയുടെ പേടകം നോബില്‍ ആയിരുന്നില്ല. എങ്കിലും അത് ഒരു ആരാധനാകേന്ദ്രമായിരുന്നു. ഏലിയുടെ പിന്‍മുറക്കാര്‍ അവിടെ പുരോഹിതശുശ്രൂഷകള്‍ നടത്തിയിരുന്നു. ആ കേന്ദ്രമാണ് ഇപ്പോള്‍ ഇസ്രായേല്‍ രാജാവുതന്നെ നശിപ്പിക്കുന്നതും പുരോഹിതരെ ഒന്നടങ്കം അതിക്രൂരമായി വധിക്കുന്നതും. രാജത്വം പൗരോഹിത്യത്തിന്മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിന്‍റെ വ്യക്തവും അതിഭീകരവും ആയ ചിത്രം.

അഭയാര്‍ത്ഥി

"നിന്‍റെ പിതൃഭവനത്തില്‍ എല്ലാവരും മരിക്കുന്നതിനു ഞാന്‍ കാരണമായി. ഭയപ്പെടേണ്ടാ, എന്നോടു കൂടെ താമസിക്കുക. എന്‍റെ ജീവന്‍ അപഹരിക്കാന്‍ നോക്കുന്നവര്‍ നിന്‍റെയും ജീവന്‍ അന്വേഷിക്കുന്നു. എന്‍റെ അടുക്കല്‍ നീ സുരക്ഷിതനായിരിക്കും" (1 സാമു. 22: 23).

മാനസികവിഭ്രാന്തിക്ക് അധീനനായ സാവൂള്‍രാജാവിനെ ഭയന്ന് ഒളിച്ചോടിയ അബിയാഥര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ദാവീദിന്‍റെയടുക്കല്‍ അഭയം പ്രാപിച്ചു. ദാവീദ് ഇതിനകം ഒരു ഗ്വറില്ലാതലവനായി വളര്‍ന്നുകഴിഞ്ഞിരുന്നു. വിവിധ കാരണങ്ങളാല്‍ സാവൂളിനെ ഭയന്ന് നാട്ടില്‍ നിന്നും ഒളിച്ചോടിയ നാനൂറോളം പേര്‍ ദാവീദിനോടൊപ്പം ഉണ്ടായിരുന്നു (1 സാമു. 22: 1-2). അക്കൂട്ടത്തിലേക്കാണ് അബിയാഥര്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തത്. ദാവീദ് അവനെ സന്തോഷത്തോടെ സ്വീകരിച്ചു; സംരക്ഷണം വാഗ്ദാനം ചെയ്തു. അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്കുന്ന അഭയാര്‍ത്ഥി തലവനായ ദാവീദ് - ശ്രദ്ധേയമായൊരു മാതൃക.

അബിയാഥറിനു സുരക്ഷിതത്വം വാഗ്ദാനം ചെയ്തെങ്കിലും, സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി നിരന്തരം ഒളിച്ചോടുന്ന ദാവീദിനു നല്കാന്‍ കഴിയുന്ന സുരക്ഷിതത്വം വളരെ പരിമിതമായിരുന്നു. സാവൂള്‍ തന്നെ തേടിവരുന്നു എന്നറിഞ്ഞ "ദാവീദും അറുനൂറോളം വരുന്ന അവന്‍റെ ആള്‍ക്കാരും കെയ്ലായില്‍ നിന്നു പുറത്തു കടന്ന് എങ്ങോട്ടെന്നില്ലാതെ യാത്രയായി" (1 സാമൂ. 23: 13). ചിലരുടെ അധികാരഭ്രാന്തും അസൂയയും വിളിച്ചു വരുത്തുന്ന വിദ്വേഷവും. ക്രൂരതയും അനേകരെ വഴിയാധാരമാക്കുന്നു, നിരന്തരം ഒളിച്ചോടാന്‍ നിര്‍ബ്ബന്ധിക്കുന്നു. അഭയം തേടി അലയുന്നവന്‍ - അവനാണല്ലോ അഭയാര്‍ത്ഥി. വിവിധ കാരണങ്ങളാല്‍ നാടും വീടും നഷ്ടപ്പെട്ട് എങ്ങോട്ടെന്നറിയാതെ അലയുന്ന അഭയാര്‍ത്ഥികള്‍, ഉത്തരാധുനികം എന്ന മേനിപ്പേരില്‍ പറയുന്ന ഇന്നും കുറഞ്ഞിട്ടില്ല, കൂടിയിട്ടേ ഉള്ളു എന്നതിന് വസ്തുകള്‍ സാക്ഷി. ഇസ്രായേലിലെ പ്രധാന പുരോഹിതനായിരുന്ന ഏലിയുടെ അവശേഷിക്കുന്ന ഏക മകന്‍ അഭയാര്‍ത്ഥികളുടെ കൂടെ, ഒരഭയാര്‍ത്ഥിയായി കഴിയുന്നു എന്നതും ശ്രദ്ധേയം. പുറന്തള്ളപ്പെടുക മാത്രമല്ല, വേട്ടയാടപ്പെടുകയും ചെയ്യുവരോടൊപ്പം, അവരില്‍ ഒരുവനായി ഒരു പുരോഹിതന്‍! ദാവീദിന്‍റെയടുക്കല്‍ അബിയാഥറിനു സംരക്ഷണം കിട്ടി; അതോടൊപ്പം അബിയാഥറിന്‍റെ സാമീപ്യം ദാവീദിനു സഹായവുമായി. ദൈവത്തിന്‍റെ നിഗൂഢപദ്ധതികള്‍ ആശ്ച്യര്യാവഹം തന്നെ!

(തുടരും)


ഡോ. മൈക്കിള്‍ �കാരിമറ്റം

0

1

Featured Posts

Recent Posts

bottom of page