
യോഹന്നാന്റെ സുവിശേഷത്തിൽ വായിക്കാൻ എനിക്ക് തീരെ താല്പര്യം തോന്നാത്ത ഭാഗമാണ് എട്ടാം അധ്യായത്തിലെ ആദ്യത്തെ 12 വാക്യങ്ങൾ ഒഴിച്ചുള്ള ഭാഗം മുഴുവനും തന്നെ. എന്തുകൊണ്ടാണ് ഇഷ്ടം തോന്നാത്തത് എന്നല്ലേ? യേശുവും യഹൂദരും തമ്മിലുള്ള വാദപ്രതിവാദങ്ങളാണ് അവിടെയുള്ളത്. തന്നെക്കുറിച്ചുതന്നെയും തന്നെ എതിർക്കുന്ന ഹൂദരെക്കുറിച്ചും ശക്തമായ വാചകങ്ങൾ വരുന്നുണ്ട് ഈ അധ്യായത്തിൽ.
(യഹൂദർ എന്ന് യോഹന്നാന്റെ സുവിശേഷം പ്രതിപാദിക്കുന്നത് ഫരിസേയരും നിയമജ്ഞരുമടങ്ങുന്ന നേതൃഗണത്തെ ഉദ്ദേശിച്ചാണ്. സാധാരണക്കാരായ യഹൂദരെക്കുറിച്ച് പറയുമ്പോൾ "ജനം" എന്ന വാക്കാണ് യോഹന്നാൻ ഉപയോഗിക്കുന്നത്).
പ്രകാശമാണ് താൻ എന്നാണ് യേശു തന്നെത്തന്നെ ഇവിടെ വിശേഷിപ്പിക്കുന്നത്. പ്രകാശവും ഇരുളും തമ്മിലുള്ള ഒരുതരം ബലാബലമാണ് ഈ അധ്യായത്തിൽ. സ്വാഭാവികമായും ഇരുൾ എന്നത് പിശാചിനെ കുറിച്ചായിരിക്കും എന്നല്ലേ സാധാരണ എല്ലാവരും കരുതുക? എന്നാൽ അങ്ങനെയല്ല. ദൈവത്തെ അറിയുന്നു എന്ന് പറയുന്ന, ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുന്ന, ദൈവത്തെ ശുശ്രൂഷിക്കുന്നു എന്ന് പറയുന്ന ആളുകളാണ് ഇവിടെ യേശുവിനോട് എതിരിടുന്നത്. അത് ആദ്യഭാഗത്ത്.
യേശുവിന്റെ ഏറ്റവും കടുപ്പമുള്ള വചനം 8:44-ൽ ആണ്. "നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്ന് ഉള്ളവരാണ്" എന്നാണത്. ഏറ്റവും കടുപ്പമാണ് ഈ ഭാഗത്തെ ഭാഷ. യേശു ഏറ്റവും കടുപ്പമുള്ള തൻ്റെവാക്കുകൾ പറയുന്നത് ആരോടാണ് എന്ന് നോക്കിയാൽ നാം അത്ഭുതപ്പെട്ടുപോകും.
"തന്നിൽ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു" (8:31) എന്നു പറഞ്ഞാണ് ആ ഭാഗം ആരംഭിക്കുന്നത്. അതായത് യേശുവിന്റെ ഏറ്റവും ശക്തമായ കുറ്റപ്പെടുത്തലുകളും ശകാരങ്ങളും അവനിൽ വിശ്വസിക്കുന്നവരോടാണ്. 'തങ്ങൾ യേശുവിൽ വിശ്വസിക്കുന്നു', 'തങ്ങൾ യേശുവിന്റെ ശിഷ്യരാണ് ' എന്നിങ്ങനെ സ്വയം ചിന്തിക്കുകയും അവകാശപ്പെടുകയും ഏറ്റുപറയുകയും ചെയ്യുന്ന മനുഷ്യരോടുതന്നെ. ബാഹ്യമായി ദൈവത്തെ അറിഞ്ഞിട്ടും ആന്തരികമായി അവനെ അറിയാതെ പോകുന്ന ആദ്യ കൂട്ടരെപ്പോലെതന്നെയാണ്, ബാഹ്യമായി യേശുവിനെ അറിഞ്ഞിട്ടും ആന്തരികമായി അവനെ ഉൾക്കൊള്ളാൻ കഴിയാതെ പോകുന ്ന യേശുശിഷ്യരും.
അവരെയാണ് വ്യക്തമായിട്ടും 'പിശാചിന്റെ മക്കൾ' എന്ന് യേശു വിശേഷിപ്പിക്കുന്നത്!
"നിങ്ങൾ എൻ്റെ വചനത്തിൽ വസിക്കുന്നുവെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എൻ്റെ ശിഷ്യരാണ്" എന്നാണ് യേശു പ്രതിവിധി പറയുന്നത്. വസിക്കുക, നിലനിൽക്കുക എന്നെല്ലാം മൊഴിമാറ്റം ചെയ്യപ്പെടുന്ന വാക്കിന് വേരുപാകുക, അടിയുറക്കുക, ഫലംനല്കുക എന്നെല്ലാം അർത്ഥമാനങ്ങളുണ്ട്. തങ്ങുക, മനനം ചെയ്യുക, ആഴപ്പെടുക എന്നീ അർത്ഥങ്ങളാവും അതിൻ്റെ പ്രാഥമിക മാനങ്ങൾ എന്നു പറയാൻ തോന്നുന്നു.