top of page

പേരില്ലാത്തവന്‍റെ പേരിനെപ്പറ്റി

Apr 1, 2012

4 min read

പോള്‍ തേലക്കാട്ട്
Faceless Image

വിക്തോര്‍ ഹ്യൂഗോയുടെ "പാവങ്ങളി"ലെ മെത്രാന് ഒരു പേരുണ്ട്: "മോണ്‍സിഞ്ഞോര്‍ സ്വാഗതം". കള്ളന്‍ എന്നു മുദ്രകുത്തി എല്ലാവരും അടിച്ചുപുറത്താക്കിയവനെ സ്വന്തം വീട്ടിലേക്കു സ്വാഗതം ചെയ്തത് അദ്ദേഹം മാത്രമാണ്. അതിനു കാരണമുണ്ട്. പാവങ്ങളുടെ പാപങ്ങള്‍ പണക്കാരുടെ പിഴകളാണ് എന്നും ദൈവം എല്ലാ മനുഷ്യര്‍ക്കും ദാനമായി കൊടുക്കുന്ന വായു നിയമം കാശിനു വില്ക്കുന്നു എന്നും അദ്ദേഹം കരുതുന്നു. ഈ മെത്രാന്‍ ഒഴിവുസമയങ്ങളില്‍ ദീര്‍ഘനേരം വായിക്കുകയും ധ്യാനിക്കുകയും വായിക്കുന്ന പുസ്തകത്തില്‍ത്തന്നെ വല്ലപ്പോഴും ചിലതു കുറിക്കുകയും ചെയ്യും. അങ്ങനെയൊരു കുറിപ്പ്:

"ഹോ, നീ ആരാണ്? സഭാപ്രസംഗകന്‍ നിന്നെ സര്‍വ്വശക്തന്‍ എന്നു വിളിക്കുന്നു; മക്കബയക്കാരുടെ പുസ്തകം നിന്നെ സ്രഷ്ടാവ് എന്നും എഫേസൂസുകാര്‍ക്കെഴുതിയ ലേഖനം സ്വാതന്ത്ര്യം എന്നും. ബാറൂക്കിന് നീ അധിക്യമാണ് എന്നു പറയുമ്പോള്‍ സങ്കീര്‍ത്തനം വിജ്ഞാനം എന്നും സത്യം എന്നും, യോഹന്നാന്‍ നിന്നെ വെളിച്ചം എന്നും വിളിക്കുമ്പോള്‍, രാജാക്കന്മാരുടെ പുസ്തകം നിന്നെ കര്‍ത്താവ് എന്നാണ് വിളിക്കുന്നത്. ലേവായ പുസ്തകം വിശുദ്ധി എന്നും എസ്ദ്രാസ് നീതിയെന്നും പറയുന്നു. സൃഷ്ടിയുടെ പുസ്തകം നിന്നെ ദൈവം എന്നും മനുഷ്യന്‍ നിന്നെ പിതാവ് എന്നും വിളിക്കുമ്പോള്‍ സോളമന്‍ നിന്നെ കാരുണ്യം എന്നാണ് വിളിക്കുന്നത്. ഇതാണ് ഏറ്റവും സുന്ദരമായ പേരും."

ഭൂമിയില്‍ വസിച്ച മനുഷ്യന്‍ എല്ലാറ്റിനും പേരിട്ടു. അവന്‍ ദൈവത്തിനും പേരിട്ടു. പക്ഷേ, എല്ലാവരും ഒരു പേരല്ല ഇട്ടത്. പേരില്‍ എന്തിരിക്കുന്നു? ഒന്നുമില്ല, എന്നാല്‍ എല്ലാമാണുതാണും. ഇന്നലത്തെ റോസാപ്പൂവിന് എന്തുപറ്റി? പീറ്റര്‍ അബലാര്‍ഡ് എഴുതി: Nulla est rosa - പേരുകള്‍ ശൂന്യമാണ്. ഇന്നലെ പെയ്ത മഴയും അതില്‍ മുളച്ച തകരയും എവിടെ? എല്ലാം പോയി. പേരുകള്‍ - ഉള്ളതിനും ഇല്ലാത്തതിനും. പേരുകള്‍ മാഞ്ഞുപോകുന്നു.

പേരിടുന്ന വിധിയുടെ കേളി തുടരുന്നു. പണ്ട് ഫൊയര്‍ബാക് എഴുതി: "മോഹങ്ങളില്ലാത്തവര്‍ക്ക് ദൈവങ്ങളില്ല... ദൈവങ്ങള്‍ മനുഷ്യരുടെ ആഗ്രഹങ്ങളുടെ മൂര്‍ത്തരൂപമാണ്." 1835-ല്‍ സ്ട്രാവൂസ് "യേശുവിന്‍റെ ജീവിതം" രചിച്ചപ്പോള്‍ സുവിശേഷങ്ങള്‍ യഹൂദജനതയുടെ മോഹങ്ങളുടെ കെട്ടുകഥകളാണ് (myths)എന്നെഴുതി. ക്രൈസ്തവ ദൈവം "മനുഷ്യന്‍റെ കണ്ണാടി"യാണ്. ദൈവമാണ് "മനുഷ്യന്‍റെ മഹത്തായഗ്രന്ഥം. അതില്‍ മനുഷ്യന്‍ തന്‍റെ ഏറ്റവും ഉദാത്തമായ ചിന്തകളും ശുദ്ധമായ അനുഭവങ്ങളും പ്രകാശിപ്പിക്കുന്നു." മനുഷ്യനാണ് മനുഷ്യനു ദൈവം (Homo hominis Deus). ഈ കാഴ്ചപ്പാട് പൂര്‍ണമായി സ്വീകരിച്ച മാര്‍ക്സ് എഴുതി: "മതം മനുഷ്യസത്തയുടെ ഭാവനാത്മകമായ രൂപമാണ്. കാരണം സത്തയ്ക്ക് ശരിയായ വസ്തുതയില്ല. മതത്തിന്‍റെ ദുഃഖം ഒരേ സമയം യഥാര്‍ത്ഥ ദുഃഖത്തിന്‍റെ പ്രകാശനവും അതോടൊപ്പം അതിനെതിരായ പ്രതിഷേധവുമാണ്. മതം അസന്തുഷ്ടരുടെ നെടുവീര്‍പ്പാണ്, ആത്മാവില്ലാത്ത ലോകത്തിന്‍റെ ഹൃദയമാണ്; ചിന്തയില്ലാത്ത കാലത്തിന്‍റെ ആത്മാവാണ്; അതു മനുഷ്യനെ മയക്കുന്ന കറുപ്പാണ്."

ദൈവത്തെക്കുറിച്ചു പറയുമ്പോള്‍ രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്. നാം എഴുതുന്നതും പറയുന്നതും മനസ്സാണ്, മനസ്സുകൊണ്ടുമാണ്. മനസ്സില്‍ ഉള്ളതാണല്ലോ എഴുതുന്നത്. ദൈവത്തെക്കുറിച്ചുള്ള പറച്ചിലിന്‍റെ അടിസ്ഥാനം മനസ്സ് തന്നെ. പ്രജ്ഞയെ പുറത്താക്കുന്ന കര്‍മ്മമാണ് പറച്ചിലും എഴുത്തും. എന്നാല്‍ പ്രജ്ഞ പുറത്തേക്ക് ഭാഷയിലൂടെയാണ് വരുന്നത്. ഭാഷയിലൂടെയാണ് മനസ്സ് ആവിഷ്കരിക്കുന്നത്. അകം പുറത്തേക്ക് വാക്കുകളായി ഒഴുകി വരുന്നു.

ഈ രണ്ടു പരിമിതികളിലൂടെ മാത്രമാണ് ദൈവത്തെക്കുറിച്ചു പറയുന്നതും എഴുതുന്നതും. ദൈവം മനസ്സിനകത്താണ്. മനസ്സിനു പുറത്തുള്ളത് മനസ്സിലാകാതെ പുറത്തേക്കു വരില്ല. നീ എന്നിലായിരുന്നു, പക്ഷേ, ഞാന്‍ നിന്നിലല്ലായിരുന്നു; നീ എന്നോടുകൂടെയായിരുന്നു, പക്ഷേ, ഞാന്‍ നിന്നോടു കൂടിയല്ലായിരുന്നു എന്ന അഗസ്റ്റിന്‍റെ ആത്മരോദനവും ഇതുതന്നെ വ്യക്തമാക്കുന്നു. മനസ്സിലുള്ളതെല്ലാം മനസ്സിലാണ് എങ്കിലും എല്ലാം മനസ്സിനു പുറത്തുള്ളതാകണമെന്നില്ല. മനസ്സ് സ്വയം സൃഷ്ടിച്ചതും കല്പനകളും വെറും മനക്കാഴ്ചകള്‍ മാത്രമാണ്. മനസ്സിലുള്ള എന്തിനെയാണ് മനുഷ്യന്‍ ദൈവമെന്നു വിളിക്കുന്നതെന്നതിന് ലളിതമല്ല ഉത്തരം.

വളരെ ശ്രദ്ധേയമായ വീക്ഷണം വി. ആന്‍സ്ലത്തിന്‍റെയാണ്. എന്തിനുപരിയായി ഒന്നിനെക്കുറിച്ച് ചിന്തിക്കാനാവില്ലയോ അതാണ് ദൈവം (that beyond which nothing can be thought of). ചിന്തയുടെ പരിധികടക്കുന്ന ചിന്തയാണിത്. ഈ അതീത ചിന്തക്ക് ദൈവം എന്ന് അദ്ദേഹം പേരിടുന്നു. അക്വിനാസാകട്ടെ ദൈവമുണ്ട് എന്നതിന്‍റെ തെളിവുകള്‍ നിരത്തി അവസാനിപ്പിക്കുന്നത് "ഇതിന് എല്ലാവരും ദൈവം എന്നു വിളിക്കുന്നു" എന്ന് എഴുതിക്കൊണ്ടാണ്. ഈ "അത്" എന്നത് എന്താണ് എന്ന ചോദ്യമുണ്ട്. അത് മനസ്സില്‍ മാത്രമുള്ളതാണോ, അതോ മനസ്സിനു പുറത്ത് അതിനടിസ്ഥാനമുണ്ടോ? വെറും മനക്കാഴ്ച മാത്രമോ? ഇവിടെയാണ് നമ്മുടെ ഭാഷയുടെ പരിമിതിയെക്കുറിച്ചു ചിന്തിക്കേണ്ടത്.

അനുദിന ജീവിതത്തിന്‍റെ കാര്യവിവരണമാണ് സാധാരണ ഭാഷയില്‍ പറയുന്നത്. ഇവിടെയില്ലാത്ത ഒന്നിനെക്കുറിച്ചും അഥവാ ഇവിടെയുള്ളതിന്‍റെ അടിസ്ഥാനങ്ങളെക്കുറിച്ച് പറയാന്‍ ഈ ഭാഷയ്ക്കു സാധിക്കുമോ? ഇല്ലാത്തതിനെക്കുറിച്ച് പറയാന്‍ കഴിയും. ഒരുവിധത്തില്‍ ഇല്ലാത്തതും വേറൊരു വിധത്തില്‍ കണ്ടതും ആയതിനെക്കുറിച്ച് എങ്ങനെ പറയും? അതു പറയാന്‍ നാം ഭാഷയെ വളച്ച് തിരിക്കാറുണ്ടോ? മറിയം അടുക്കളയിലേക്കു പോയി എന്നു പറഞ്ഞാല്‍ നമുക്കു കൃത്യമായി മനസ്സിലാകും. മറിയം സ്വര്‍ഗ്ഗത്തിലേക്കു പോയി എന്നു പറഞ്ഞാലോ? അതു പോക്കല്ലാത്ത ഏതോ പോക്കാണ്. അവിടെ ഭാഷ വിവരിക്കുകയല്ല ചൂണ്ടുകയാണ്. ധ്വനിയുണ്ടിവിടെ. മാമ്പഴത്തെക്കുറിച്ചും, വീണ പൂവിനെക്കുറിച്ചും കവിത വായിക്കുമ്പോള്‍ ധ്വനിയുടെ ലോകത്തില്‍ നാം പ്രവേശിക്കുന്നു. ഭാഷയ്ക്കും കാവ്യഭാവം വരുന്നു. ഈ കാവ്യഭാവത്തിനും ധ്വനിക്കും പല തലങ്ങളുണ്ട്. കാവ്യസുന്ദര ധ്വനികളുണ്ടാകാം, കാവ്യം ഉദാത്തമായതിനെ ധ്വനിപ്പിക്കാം. കാരുണ്യവും നിത്യതയും ഔന്നത്യവും മൂര്‍ത്തമായ ചക്കയോ മാങ്ങയോ പോലെയല്ല. അതു മനസ്സിലാണ് - അതു ജീവിതത്തിന്‍റെ ഏതോ വിശുദ്ധ മാനവുമാണ്. അതു കഴുകി മാറ്റിയ ജീവിതത്തിലോ ഭാഷയിലോ ജീവിതം ശാസ്ത്രീയമായി അര്‍ത്ഥശൂന്യമാകും. അതു മൂര്‍ത്തമായ യാഥാര്‍ത്ഥ്യങ്ങളുമായി തട്ടിക്കുമ്പോള്‍ മറ്റൊരു മണ്ഡലമാണ്. സത്യം മണ്ണുപോലെ മൂര്‍ത്തമെന്നു പറഞ്ഞാല്‍ സ്നേഹം സങ്കല്പമാണ് എന്ന് പറയേണ്ടി വരും. പക്ഷേ, ഈ മിഥ്യയില്ലാതെ ജീവിതമുണ്ടോ?

ചില മനഃപായസ്സങ്ങള്‍ ജീവിതത്തിനു അനിവാര്യമാകും. ഈ മിഥ്യകളില്ലാതെ ജീവിതമില്ല. കാവ്യഭാഷ മിഥ്യയല്ലേ? ഇന്നലെകള്‍ പോയി മറയുന്നു, നാളെ ജനിച്ചിട്ടുമില്ല. ഇന്ന് എന്നു പറയുന്നത് എന്ത് എന്നറിയാന്‍ ഇല്ലാത്തതു കെട്ടിയുണ്ടാക്കി പേരുചൊല്ലി ജീവിതത്തിലേക്കു വിളിച്ചുവരുത്തേണ്ടി വരും.

അങ്ങനെ ദൈവത്തെ വിളിച്ചുവരുത്തി ജീവിക്കുന്നവരോട് ദൈവം ക്രിസ്ത്യാനിയാണോ എന്നു ചോദിക്കരുത്. പക്ഷേ, ആ ദൈവത്തിന്‍റെ മുഖം കാണാന്‍ എനിക്കു സാധിച്ചത് ക്രിസ്തു സംഭവത്തിലാണ്. എല്ലാ മനുഷ്യസംഭവത്തിലും അവന്‍റെ സംഭവത്തിന്‍റെ പരിപ്രേക്ഷ്യത്തില്‍ കാണാനും മോസസ് മുള്‍പ്പടര്‍പ്പിനു മുമ്പില്‍ പാദുകങ്ങള്‍ മാറ്റിയതുപോലെ കുമ്പിടാനും എനിക്കു വെളിവ് ലഭിച്ചത് ഈ സംഭവത്തിലാണ്. എല്ലാ മനുഷ്യസംഭവങ്ങളേയും ദൈവസംഭവങ്ങളാക്കാനായി യേശുശിഷ്യര്‍ സമാരംഭിച്ച ആത്മീയതയുടെ രൂപമായിരുന്നു സഭ. പക്ഷേ, ചരിത്രത്തില്‍ സഭയില്‍ 'അനാത്തമ' എന്ന ശാപത്തിന്‍റെ പദങ്ങള്‍ പിറന്നു. ക്രിസ്തുവിന്‍റെ പിന്‍ഗാമി എന്ന വിശ്വാസത്തില്‍ ഞാന്‍ വിമര്‍ശിക്കുന്നു. കാരണം വിമര്‍ശനത്തില്‍ നന്മയുടെ പ്രതീക്ഷയും ആദരവുമുണ്ട്. ശാപത്തില്‍ അതില്ല. അവിടെ യുദ്ധത്തിന്‍റെ ദൈവശാസ്ത്രവും കളപറിക്കലും സംജാതമായി. അവിടെ ആത്മാര്‍ത്ഥത മരിക്കുകയും അതിന്‍റെ രൂപങ്ങള്‍ വിഗ്രഹങ്ങളാകുകയും ചെയ്തു. സഭ സമുദായമായി, സഭ സഭയ്ക്കു വേണ്ടിയായി - 'ഞങ്ങള്‍', 'നിങ്ങള്‍' എന്ന പദപ്രയോഗങ്ങള്‍ ഉണ്ടായി. ദൈവശാസ്ത്രങ്ങള്‍ വിഗ്രഹനിര്‍മ്മാണമാണ്. കത്തോലിക്കാ സഭ എല്ലാവരുടേതുമാകാതെ കുറച്ചുപേരുമായി ചുരുങ്ങുമ്പോള്‍ "കത്തോലിക്കന്‍" വര്‍ഗ്ഗീയവാദിയാകുന്ന വീഴ്ചയുണ്ടാകും. ഇത്തരം വിഗ്രഹങ്ങളെ ഉടയ്ക്കാന്‍ ധൈര്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണം. എന്‍റെ ദൈവവിശ്വാസം ദൈവത്തിന് ഒരു പേരും വിളിക്കാത്തവരെയും ദൈവനാമം ഉപേക്ഷിക്കുന്നവരെയും ഉള്‍ക്കൊള്ളുന്നു. ക്രൈസ്തവികതയ്ക്ക് മതനിരാപേക്ഷ സ്വഭാവം കാണുന്നവര്‍ മതവിമര്‍ശകരാകുമ്പോള്‍ ദൈവത്തിന്‍റെ ദൈവത്വം മലിനമാകാതിരിക്കാന്‍ വേണ്ടി നിലകൊള്ളുന്നവരെ മതം വേട്ടയാടരുത്.

ഏറ്റവും പ്രധാനമായ അറിവ് സകല പാപബീജങ്ങളും എന്നിലും വസിക്കുന്നു എന്നതാണ്. മാംസം എന്നിലിരുന്ന് "ഞാന്‍, ഞാന്‍" എന്ന് മോങ്ങുമ്പോള്‍ സംഘബോധം "ഞങ്ങള്‍" എന്നാണ് കരയുന്നത്. ഈ വര്‍ഗ്ഗ-മാംസ പിശാചുക്കള്‍ ദൈവങ്ങളെ പടച്ചുണ്ടാക്കാന്‍ അതിസമര്‍ത്ഥമാണ്. തന്നില്‍ ദൈവത്തെ കണ്ടെത്തുന്നവര്‍ തന്നോടും തന്‍റെ ചുറ്റിലെ ആള്‍ക്കൂട്ടത്തോടും ഇടയുന്നു. നാം മുകളിലേയ്ക്കല്ല നടക്കുക, മുന്നോട്ടാണ്. ദൈവത്തെ കാണാന്‍ നോട്ടത്തിന്‍റെ കണ്ണുകളാണ് ഉയര്‍ത്തേണ്ടത്. ദൈവത്തിന്‍റെ അസാന്നിദ്ധ്യം അറിയിക്കുന്നവരെ കാണാന്‍ കണ്ണുമാത്രം പേരാ മൂന്നാം കണ്ണുവേണം. അസാന്നിദ്ധ്യത്തിന്‍റെ അവബോധം കുരിശിന്‍റെ യോഹന്നാന്‍ എഴുതിയതുപോലെ രാത്രിയാണ്. ഈ രാത്രിയിലായ അവിശ്വാസികളുമുണ്ട്. ആത്മാവ് ഉറപ്പായി അറിയുന്നതു വിശപ്പുമാത്രമാണ്. വിശപ്പാണ് ദൈവവിളി - പക്ഷേ, എല്ലാവരും അതു പറയില്ല. നീതിക്കുവേണ്ടി സമാധാനത്തിനുവേണ്ടി, മനുഷ്യനുവേണ്ടി എന്നൊക്കെയാണ് ചിലപ്പോള്‍ പറയുക. ദൈവത്തിനുവേണ്ടി വിശക്കുകയും മറ്റെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നവനാണ് സായൂജ്യം. ഇവിടെ മതപാരമ്പര്യം കോവണിയാണ് - യാക്കോബ് കണ്ട കോവണി. കോവണിയല്ല രക്ഷിക്കുന്നത് എന്നറിയണം. പാപം അകന്നുപോകല്‍ എന്നതിനെക്കാള്‍ കാഴ്ചയുടെ ദിശ തെറ്റലാണ്. സങ്കല്പത്തിലെ മാത്രം ദൈവത്തിലേക്കു തിരിയല്‍. അതു കെട്ടിയുണ്ടാക്കുന്ന വ്യാജമാണ്. ജോബിന്‍റെ നിര്‍വ്യാജ സത്യസന്ധത വേണം. സഹിക്കുന്നവരില്‍ ശ്രദ്ധിക്കുക - അതാണ് പ്രാര്‍ത്ഥന. സഹനത്തില്‍ പങ്കാളിയാകുക; അതൊരു അത്ഭുതമാണ്. അവിടെ വിഗ്രഹങ്ങള്‍ ഉരുകി വീഴുന്നു.

1983-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ സ്ഥാനം നല്കിയ ഹെന്‍ട്രി ഡി ലൂബാക്ക് എഴുതി: "ദൈവവിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് നിരീശ്വരനാകാന്‍ കഴിയും. നിരീശ്വരനായി കൊണ്ട് വിശ്വാസിയാകാനും കഴിയും." ദൈവത്തോട് ദൈവമില്ലാത്തതുപോലെ ജീവിക്കാന്‍ പ്രാര്‍ത്ഥിക്കുന്ന ഒരു നിലപാടാണിത്. മാത്രമല്ല ദൈവങ്ങളായി പറഞ്ഞുണ്ടാക്കുന്നതൊക്കെ വിഗ്രഹങ്ങളാണ് എന്ന സത്യസന്ധമായ അറിവ് വിഗ്രഹങ്ങളെ ഉടയ്ക്കാന്‍ നിര്‍ബന്ധിക്കും. മതങ്ങളുടെ ചരിത്രത്തില്‍ വിഗ്രഹാരാധനയുടെ പ്രലോഭനം യഹൂദരെപ്പോലെ തിരിച്ചറിഞ്ഞവരില്ല. അവര്‍ക്ക് ദൈവം തന്‍റെ പേര് വെളിപ്പെടുത്തി എന്നവകാശപ്പെട്ടപ്പോഴും ആ പേര് പറയാതെ അവര്‍ കഴിഞ്ഞു. പറഞ്ഞ പേരുകളൊന്നുമല്ല അവന്‍റെ പേര് എന്ന് പറഞ്ഞു. പേരുകളൊന്നും സത്യമല്ലെന്നും അതൊക്കെ വെറും പേരുകള്‍ മാത്രമാണെന്നും തിരിച്ചറിയാത്തവന്‍ വിഗ്രഹാരാധനയില്‍ വീഴുന്നു. പേരു പറയുന്നവന്‍ നേരു പറയുന്നില്ല എന്നു തിരിച്ചറിഞ്ഞതിന്‍റെ പ്രതിസന്ധി ചെറുതല്ല. അറിയുന്നവന്‍ പറയുന്നില്ല, പറയുന്നവന്‍ അറിയുന്നുമില്ല എന്നു വന്നാലോ? എല്ലാ പേരുകളും അവന്‍റെ പേരില്‍ നിന്നടര്‍ന്നു വീഴുന്നു. അതുകൊണ്ട് എല്ലാ പേരുകള്‍ക്കും പേരുദോഷങ്ങളുമുണ്ട്. വിഗ്രഹാരാധകരുടെ കൂട്ടത്തിലല്ല നിരീശ്വരരുടെ ഗണത്തിലാണ് ക്രൈസ്തവര്‍ എണ്ണപ്പെട്ടത് എന്നതും മറക്കാനാവില്ല.

ക്രിസ്തുവിനെ ദൈവമാക്കുന്നവര്‍ക്ക് ദൈവശാസ്ത്രം മാനവികതയാണ് - ക്രൈസ്തവികത ചിറകുവച്ച മാനവികതയാണ്. ദൈവം മനുഷ്യരിലൂടെ സംഭവിക്കുന്നതാണ് ക്രൈസ്തവ ആദ്ധ്യാത്മികത. മദര്‍ തെരേസയിലൂടെ സംഭവിച്ച ദൈവമല്ല അഗസ്റ്റിനില്‍ സംഭവിച്ച ദൈവം, അതു രണ്ടുമല്ല അസ്സീസിയില്‍ സംഭവിച്ചത്. പക്ഷേ, ഈ ദൈവങ്ങളുടെ മാറ്റുരയ്ക്കുന്നത് ക്രിസ്തുവിലാണ്.

Featured Posts

bottom of page