top of page

യാക്കോബിന്‍റെ പ്രവൃത്തികള്‍

Nov 11, 2022

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jacob got a dreams in his sleep

ഉല്‍പ്പത്തി പുസ്തകത്തില്‍ കാണുന്ന ഒരു കഥാപാത്രമാണ് യാക്കോബ്. ഇസഹാക്കിന്‍റെ രണ്ടു പുത്രന്മാരിലൊരുവന്‍. ഒരു മനുഷ്യനിലുണ്ടാകാവുന്ന സ്വഭാവ പ്രത്യേകതകളുടെ പര്യായമാണ് യാക്കോബ്ബ്. പൂര്‍വ്വപിതാക്കന്മാരിലൊരാളായി എണ്ണപ്പെടുന്ന അദ്ദേഹത്തിന്‍റെ പൂര്‍വ്വകാലചരിത്രം അത്ര നല്ലതല്ലായിരുന്നു. നാം ഓരോരുത്തരിലും ഓരോ സാഹചര്യത്തിലുയരുന്ന സ്വഭാവപ്രത്യേകതകള്‍ യാക്കോബില്‍ കണ്ടെത്താന്‍ കഴിയും. ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തു മുദ്രകുത്തുന്നവരിലും മോശമായ ഭൂതകാലമുണ്ടാകുമെന്ന് ഈ വ്യക്തിത്വം നമ്മെ പഠിപ്പിക്കുന്നു. ആത്മീയജീവിതത്തിന്‍റെ വളര്‍ച്ചയില്‍ തടസ്സമായി നില്‍ക്കുന്ന ചില ശൈലികള്‍ യാക്കോബ്ബില്‍ നാം കാണുന്നു.

ചില മനുഷ്യര്‍ പുറത്തു നല്ലവരായി കാണപ്പെടും. പക്ഷേ അകത്തു നല്ലവരായിരിക്കില്ല. അഭിനയത്തിന്‍റെ ജീവിതമെന്ന് ഇതിനെ വിളിക്കാം. ഏശാവ്വിന്‍റെ മുമ്പില്‍ വിനീതനെപ്പോലെ നടിക്കുന്നു. കണ്ണിനു കാഴ്ചയില്ലാത്ത അപ്പന്‍റെ മുമ്പില്‍ ഏശാവ്വിനെപ്പോലെ അഭിനയിക്കുന്നു. ഉള്ളില്‍ ഒരു സ്വഭാവം മറച്ചുവച്ചുകൊണ്ട് മറ്റൊന്നായി നടിക്കുന്ന ജീവിതം. ചിലര്‍ വിശുദ്ധരെപ്പോലെ നടക്കുന്നതുകാണാം. നടപ്പിലും എടുപ്പിലുമെല്ലാം വിശുദ്ധിയുള്ളതായി തോന്നാം. പക്ഷേ അടുത്തിഴപഴകുമ്പോള്‍ മറ്റൊരു വ്യക്തിത്വത്തെയാണു നാം കാണുന്നത്. ആ മനുഷ്യന്‍ ഇദ്ദേഹം തന്നെയാണോ എന്നു നാം സംശയിക്കും. കുറച്ചുനാള്‍ കുറച്ചുപേരെ പറ്റിക്കാം. ദീര്‍ഘനാള്‍ എല്ലാവരെയും കബളിപ്പിക്കുക അസാധ്യമാണ്. നമ്മുടെയൊക്കെയുള്ളില്‍ ഇരട്ടമുഖം സൂക്ഷിക്കുന്ന അവസ്ഥയുണ്ടോ?

വഞ്ചിച്ചു ജീവിക്കുന്നവരെ നാം ധാരാളം കാണാറുണ്ട്. വാക്കിലും പ്രവൃത്തിയിലും മറ്റുള്ളവരെ വഞ്ചിക്കുന്നവരുണ്ട്. വിശ്വാസവഞ്ചന നടത്തുന്നവരുമുണ്ട്. എങ്ങനെയെങ്കിലും ആരെയെങ്കിലും വഞ്ചിച്ച് സ്വയം വളരുവാന്‍ ശ്രമിക്കുന്ന സ്വഭാവം മിക്ക മനുഷ്യരിലുമുണ്ട്. അപ്പനെയും ജ്യേഷ്ഠനെയും ലാബാനെയും വഞ്ചിക്കുന്ന വ്യക്തിയായിട്ടാണ് യാക്കോബ്ബ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ എല്ലാ വഞ്ചകരും അവസാനം വഞ്ചിക്കപ്പെടും. ഒരാള്‍ ചെയ്യുന്ന പ്രവൃത്തിയാല്‍ത്തന്നെ അവന്‍ വിധിക്കപ്പെടുമെന്ന് ക്രിസ്തു പറയുന്നുണ്ട്. "കൊടുത്താല്‍ കൊല്ലത്തും കിട്ടും" എന്നൊരു ചൊല്ല് നമ്മുടെ നാട്ടിലുണ്ടല്ലോ. പലരെയും വഞ്ചിച്ച യാക്കോബ്ബ് ലാബാനാല്‍ വഞ്ചിക്കപ്പെട്ടു. അനുജത്തി റേയ്ച്ചലിനെ വിവാഹം കഴിച്ചു കൊടുക്കാമെന്നു പറഞ്ഞിട്ട് മങ്ങിയ വെളിച്ചത്തില്‍ ജ്യേഷ്ഠത്തിയായ ലിയായെ വിവാഹം ചെയ്തു കൊടുത്തു. കാഴ്ചയില്ലാത്ത ഇരുട്ടില്‍ അപ്പനെ വഞ്ചിച്ചവന് മറ്റൊരു ഇരുട്ടില്‍ സ്വയം വഞ്ചിതനാകേണ്ടിവന്നു.

"കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്കു കരുണ ലഭിക്കു"മെന്ന് യേശു ഉദ്ബോധിപ്പിക്കുന്നു. കാരുണ്യം കാണിക്കാത്ത മനുഷ്യനെ ലോകം വെറുക്കും. അല്പംപോലും കരുണയില്ലാത്തവനായി യാക്കോബ്ബിനെ ദൈവം അവതരിപ്പിക്കുന്നു. കല്ലുപോലെ ഉറച്ച ഹൃദയമായിരുന്നു അദ്ദേഹത്തിന്‍റേത്. ജ്യേഷ്ഠന്‍റെ കടിഞ്ഞൂല്‍ പുത്രസ്ഥാനം ഒരു പാത്രം പായസത്തിന്‍റെ പേരില്‍ കവര്‍ന്നെടുക്കുന്നു. പരുക്കനായ ഒരു വ്യക്തിത്വമായി യാക്കോബ്ബ് നിറഞ്ഞുനില്‍ക്കുന്നു. സ്വത്തിന്‍റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും ഇതേ മനോഭാവം തുടരുന്നു. അത്യുന്നതന്‍റെ കണ്ണുകള്‍ അവനെ കാണുന്നുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം മറന്നുപോകുന്നു. അന്യന്‍റെ അല്ലലില്‍ ഉള്ളില്‍ അലിവു തോന്നാത്തവനെ ശിലാഹൃദയനെന്നു വിളിക്കാം. കാരുണ്യപ്രവൃത്തികളുടെ മേഖലയില്‍ നാം എവിടെ നില്‍ക്കുന്നു?

അര്‍ഹതയില്ലാത്തതു കൈകളില്‍ വയ്ക്കുന്നതിനെ മോഷണമെന്നാണു വിളിക്കുക. അര്‍ഹതയില്ലാത്ത സ്വത്തും കടിഞ്ഞൂല്‍ പുത്രസ്ഥാനവും യാക്കോബ്ബ് കയ്യില്‍വച്ചു. ആ പ്രവൃത്തി അദ്ദേഹത്തിന്‍റെ ജീവിതത്തെ വേട്ടയാടിക്കൊണ്ടിരുന്നു. അന്യായമായി അപരന്‍റെ സ്വത്തു കൈവശമാക്കുന്നവനെ ദൈവം പിടികൂടും. ഒരുപാടു നാള്‍ കരുണയോടെ ദൈവം ക്ഷമിക്കും. ചെറുതായി ചെവിക്കു പിടിച്ചു നോവിക്കും. ഒട്ടും വഴങ്ങുന്നില്ലെങ്കില്‍ ശക്തമായി ഇടപെടും. ഓടി ഒളിക്കുന്നതിനും രക്ഷപെടുന്നതിനുമായി തന്‍റെ കാലുകളെ ഉപയോഗിച്ച അവന്‍റെ ഇടുപ്പെല്ലുകളില്‍ ക്ഷതം വരുത്തിക്കൊണ്ട് ദൈവം യാക്കോബ്ബിനെ തിരിച്ചുനടത്തി. നമ്മുടെയൊക്കെ ജീവിതത്തില്‍ അര്‍ഹിക്കാത്ത പണമോ, പദവിയോ കൈവശം വയ്ക്കുന്നുണ്ടോ? മനസ്സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ എന്നില്‍ ജന്മമെടുക്കും.

ഒരുവന്‍റെ പ്രയാണത്തിനു തടസ്സം നിന്നവനാണ് യാക്കോബ്ബ്. ഏശാവിന്‍റെ കുതികാലില്‍ പിടിച്ചുവലിച്ചുകൊണ്ടാണ് യാക്കോബ്ബ് ജനിക്കുന്നത്. ആരുടെയെങ്കിലും വളര്‍ച്ചയില്‍ ഞാന്‍ തടസ്സം നില്‍ക്കുന്നുണ്ടോ? അപരന്‍റെ സല്‍പ്പേര് നശിപ്പിക്കുന്നുണ്ടോ? അപരന്‍റെ നന്മയില്‍ അസ്വസ്ഥതയും തകര്‍ച്ചയില്‍ ആനന്ദവും തോന്നുന്നുണ്ടോ? മറ്റുള്ളവരെ വളര്‍ത്തുവാന്‍ എനിക്കു സാധിക്കുന്നുണ്ടോ? എന്‍റെ സംസാരവും പ്രവൃത്തിയും ഏതു വിധത്തിലുള്ളതാണ്?

ഇത്രയെല്ലാം തെറ്റുകള്‍ യാക്കോബ്ബ് ചെയ്തുകൂട്ടിയെങ്കിലും അവസാനം അവന്‍ അനുതപിച്ചു. അനുതാപത്തിന്‍റെ മനസ്സു കാണിച്ചപ്പോള്‍ അവന്‍റെ ഇന്നലെകളെ ദൈവം മറന്നു. ഇസ്രായേല്‍ എന്ന പേരു നല്കി അവനെ അനുഗ്രഹിച്ചു. ഒരാള്‍ വന്ന വഴി ഏതാണെന്നുള്ളതല്ല, പിന്നെയോ അവന്‍ പോകുന്ന വഴികള്‍ എങ്ങോട്ടെന്നാണ് ദൈവവും മനുഷ്യരും ഉറ്റുനോക്കുന്നത്. പഴയ വഴികളെ വെടിഞ്ഞ് പുതിയ വഴികളിലൂടെ നമുക്കു നടക്കാം.    


ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts

bottom of page