top of page
സെമിനാരിക്കാലത്ത് തൃശ്ശൂരിൽ ആയിരുന്നപ്പോൾ സമൂഹത്തിൽ ഞങ്ങൾ നൂറുപേരോളം ഉണ്ടായിരുന്നു. ഉച്ചക്കും രാത്രിയിലും ഊണിൻ്റെ നേരത്ത് ഊട്ടുമുറിയിൽ എല്ലാവരും സംസാരിക്കുകയല്ലേ? കലപില ശബ്ദം നല്ല ഉച്ചത്തിൽ ആയിരിക്കും. എങ്ങനെ എന്നറിയില്ല, വല്ലപ്പോഴും അത് സംഭവിക്കാറുണ്ട്. ഒരു സെക്കൻ്റ് - ഒരൊറ്റ സെക്കൻ്റ് മാത്രം എല്ലാവരും സ്വിച്ചിട്ടതുപോലെ നിശ്ശബ്ദരാകും. എല്ലാവരും പരസ്പരം നോക്കും. സാധാരണ ഗതിയിൽ റെക്ടച്ചന് എന്തെങ്കിലും ഒരു അറിയിപ്പ് നടത്തണമെന്നുണ്ടെങ്കിൽ സർക്കാർ ഓഫീസുകളിലോ ആസ്പത്രികളിലോ അറ്റൻ്ററെയോ നഴ്സിനെയോ വിളിക്കാൻ ഉപയോഗിക്കുന്ന തരം മണിയുണ്ട്. അതടിച്ച് ഒന്നോ രണ്ടോ സെക്കൻ്റ് കഴിയുമ്പോഴേക്ക് എല്ലാവരും നിശ്ശബ്ദരാകുകയാണ് പതിവ്. എന്നാൽ, ഇതങ്ങനെയല്ല, ആരും മണിയടിച്ചിട്ടല്ലാതെ ഏതോ വിധേന, സ്വിച്ച് ഓഫാക്കിയാൽ എന്ന പോലെ നൂറുപേരും ഒറ്റയടിക്ക് നിശ്ശബ്ദരാകും. "An Angel passed by" എന്ന് ചിലപ്പോൾ ആരെങ്കിലും കമൻ്റ് പറഞ്ഞെന്നുവരും. ഇല്ലെങ്കിലും, ഇതെന്തു സംഭവിച്ചു എന്ന മട്ടിൽ എല്ലാവരും ചുറ്റും നോക്കിയ ശേഷം അവരവരുടെ സംഭാഷണങ്ങളിലേക്ക് തിരിച്ചു പോകും.
ചില ചലച്ചിത്രങ്ങൾ അത്തരം നിശ്ശബ്ദത നമ്മെ അനുഭവിപ്പിക്കാറുണ്ട്. 'എ് ഥിൻ റെഡ് ലൈൻ' - ശബ്ദമുഖരിതമായ യുദ്ധക്കൊടുമ്പിരി പൊടുന്നനെ നിലച്ച് അത്തരം ഒരു അഗാധ നിശ്ശബ്ദത നമ്മെ വലിയ തോതിൽ അനുഭവിപ്പിക്കുന്നുണ്ട്. ജീവനും മരണവും തമ്മിൽ ശബ്ദജഡിലമായ പോരാട്ടത്തിനൊടുവിൽ 'ടൈറ്റാനിക് ' -ലും കാതടപ്പിക്കുന്ന നിശ്ശബ്ദത നാം അനുഭവിക്കുന്നുണ്ട്. അത്തരം ചിത്രങ്ങളിൽ പൊടുന്നനെയുള്ള അഗാധ നിശ്ശബ്ദത അനുഭവത്തെ ആഴപ്പെടുത്താനുള്ള ഒരു സങ്കേതമായിത്തന്നെയാണ് ഉപയോഗിതപ്പെടുന്നത്.
ഇത്തരം ഒരു സ്വാഭാവിക പ്രതിഭാസം വനത്തിലും പ്രകൃതിയിലും സംഭവിക്കാറുണ്ട് എന്ന് ഞങ്ങളുടെ അധ്യാപകൻ ഡോ. കെ. ലൂക്ക് പറഞ്ഞു കേട്ടിട്ടുണ്ട്. വൈകാരികമായും ആധ്യാത്മികമായും വലിയൊരു അനുഭവത്തിൻ്റെ നിമിഷമാണതെന്ന് നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്. എല്ലാ ദിവസമോ ആഴ്ചയിലൊരിക്കലോ ഒന്നും അങ്ങനെ സംഭവിക്കണമെന്നില്ല. ഇപ്പോൾ ഗൂഗിളിൽ പരതുമ്പോൾ ഹിംസ്രമൃഗങ്ങളുടെ സാന്നിധ്യത്തിൽ മറ്റു മൃഗങ്ങളും പക്ഷികളും ചെറു ജീവികളും ജാഗ്രത്താവുന്നതാണ് അത്തരം അഗാധ നിശ്ശബ്ദതയുടെ കാരണം എന്നാണ് കാണുന്നത്. (അതിനോട് അത്രകണ്ട് യോജിപ്പ് തോന്നുന്നില്ല. കിലോമീറ്ററോളം ചുറ്റുവട്ടത്തിൽ ചീവീടുകളും ഷട്പദങ്ങളും മരങ്ങളും ഇലകളും കാറ്റും ഒറ്റയടിക്ക് കുറേ മിനിറ്റുകളോളം നിശ്ചലമാകും എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്!)
ഏതായാലും അത്തരം ഒരു പ്രതിഭാസം ഒട്ടേറെപ്പേർ അനുഭവിക്കുന്നുണ്ട്. പ്രകൃതി ഒന്നാകെ ജാഗ്രത്താവുകയാണ്. മിക്കവാറും സന്ദർഭത്തിൽ മനുഷ്യരെ അത്തരം ഒരനുഭവം വലിയ തോതിൽ ഭീതിപ്പെടുത്തുകയാണ് പതിവ്.
എന്നാൽ, ചുരുക്കം ചിലരെ അവബോധത്തിൻ്റെ ഉയരത്തിലേക്ക് നയിക്കും പ്രകൃതിതാളത്തിൻ്റെ അത്തരം താത്ക്കാലിക വിരാമം. പ്രപഞ്ചവുമായും സ്വന്തം ആന്തരിക സ്വത്വവുമായും ദൈവികതയുമായും ഒരു മിന്നൽ ചാലകത്വത്തിന് വഴിവെക്കും പ്രകൃതി നിശ്ചലമാകുന്ന അത്തരം സമ്പൂർണ്ണ നിശ്ശബ്ദതയുടെ നിമിഷങ്ങൾ.
പ്രകൃതിയിലെ ഏറ്റവും മിസ്റ്റിക്കലായൊരു അനുഭവമാണത്!
Featured Posts
bottom of page