
യേശുവുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകളുടെ കഥകൾ സുവിശേഷങ്ങളിൽ ഉണ്ടെങ്കിലും നാലു സുവിശേഷങ്ങളിൽ നിന്നായി ഏഴുപേരുടെ കഥകളാണ് എന്നെ ആകർഷിച്ചിട്ടുള്ളത്.
കാനാൻകാരിയെ മത്തായിയിലും (15) രക്തസ്രാവക്കാരിയെ മർക്കോസിലും (5) വായിക്കാനാണ് എനിക്കിഷ്ടം. ലൂക്കായിൽ സുഗന്ധലേപനവുമായി വരുന്നവളെയും (7) മാർത്തായെയും (10) വായിക്കണം. യോഹന്നാനിൽ വായിക്കേണ്ടത് സമറിയാക്കാരിയെയും (4) വ്യഭിചാരത്തിൽ പിടിക്കപെട്ടവളെയും (8) മേരിയെയും (11) ആണ്.
രക്തസ്രാവക്കാരിയെ അജ്ഞാതത്വത്തിൽ നിന്ന് സുജ്ഞാതത്വത്തിലേക്കും, കാനാൻകാരിയെ പിന്നിൽ നിന്ന് മുന്നിലേക്കും, മാർത്തായെ പിന്നാമ്പുറത്തുനിന്ന് ഉമ്മറത്തേക്കും, സുഗന്ധദ്രവ്യവുമായി ക്ഷണിക്കപ്പെടാതെ വലിഞ്ഞുകയറിവന്നവളെ ആതിഥേയത്വത്തിലേക്കും, സമറിയാക്കാരിയെ തിരസ്കാരത്തിൽ നിന്ന് നേതൃത്വത്തിലേക്കും, വ്യഭിചാരിണിയെ ആൾക്കൂട്ടത്തിൽ നിന്ന് വ്യക്തിത്വത്തിലേക്കും, മേരിയെ വീട്ടിൽ നിന്ന് നാട്ടിലേക്കും കൊണ്ടുവരുന്നതാണ് അവൻ്റെ മാർഗ്ഗങ്ങൾ !