top of page

ഹോമബലിയുടെ സ്മരണകളിലേക്ക് വീണ്ടും

Feb 1, 2010

4 min read

പജ

The Ninth Day
The Ninth Day

ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും രക്തമയം മാറാതെ അലോസരപ്പെടുത്തുന്ന ചരിത്രസ്മരണയായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു രണ്ടാം ലോക മഹായുദ്ധം. മനുഷ്യവര്‍ഗ്ഗം കണ്ട, ഏറ്റവും വ്യാപകദുരന്തമുണ്ടാക്കിയ മഹാദുരന്തം എന്ന നിലയില്‍ മാത്രമല്ല, ഒരു സമഗ്രാധിപത്യത്തിന്‍റെ വംശവെറി എവിടംവരെ പോകാമെന്നു കാണിച്ചു തരികകൂടി ചെയ്യുന്നു ഹിറ്റ്ലറുടെ നാത്സി ജര്‍മ്മനി.


സാഹിത്യസൃഷ്ടികളിലൂടെയും, ചലച്ചിത്രങ്ങളിലൂടെയും ഈ പൈശാചിക ചരിത്രം ഇന്നും നിരന്തരം പുനരാവിഷ്ക്കരിക്കപ്പെടുന്നുണ്ട്. ഇനിയും പറഞ്ഞുതീരാത്ത കഥകളിലെ പുതിയ കണ്ണിയാണ്  അടുത്ത കാലത്ത് യൂറോപ്പിലെ സിനിമാ പ്രേക്ഷകര്‍ ദര്‍ശിച്ച ഫോക്കര്‍ ഷ്ലോണ്ടോര്‍ഫിന്‍റെ "ഒമ്പതാം ദിവസം" (The Ninth Day) എന്ന ചിത്രം. നരകത്തില്‍ ജീവിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തിനുവേണ്ടി എങ്ങനെ ജീവിക്കാം ? വിശ്വാസവും വിശ്വസ്തതയും വിശ്വാസിയില്‍നിന്ന് ആവശ്യപ്പെടുന്നത് എന്താണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുത്തരം കൂടിയാണ് ഈ കഥ.


1940 ല്‍ നാത്സിപ്പട ലുക്സംബര്‍ഗ് എന്ന ചെറുരാജ്യം കീഴടക്കിയപ്പോള്‍, അധിനിവേശത്തിനു എതിരുനിന്ന ലുക്സംബര്‍ഗിലെ കത്തോലിക്കാ വൈദികരിലൊരാളായിരുന്നു റവ. ജീന്‍ ബര്‍ണാര്‍ദ്. മരണക്യമ്പില്‍നിന്ന് യുദ്ധാവസാനം അര്‍ദ്ധപ്രാണനോടെ തിരിച്ചുവന്ന ഈ ധീരവൈദികന്‍  പിന്നീട് അവിടുത്തെ ബിഷപ്പായി. അദ്ദേഹത്തിന്‍റെ ഡയറിക്കുറിപ്പുകളുടെ പുനരാഖ്യാനമാണ് ഹെന്‍റി ക്രെമര്‍ എന്ന കഥാനായകന്‍റെ അനുഭവങ്ങളിലൂടെ നാം ദര്‍ശിക്കുക. നാത്സി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഹോമബലിയായിത്തീര്‍ന്ന ലക്ഷോപലക്ഷം മനുഷ്യജീവികള്‍ക്കുള്ള സ്മരണാഞ്ജലികൂടിയാണ് ഇത്. ദൈവത്തിനും മനസ്സാക്ഷിക്കും വേണ്ടി ജീവന്‍ ബലിയായി കൊടുക്കേണ്ടിവരുന്ന മനുഷ്യര്‍ പലപ്പോഴും  രക്തസാക്ഷികളും വിശുദ്ധരുമായി കൊണ്ടാടപ്പെടാറുണ്ട്. എന്നാല്‍ അവര്‍ അനുഭവിച്ച ജീവിതസംഘര്‍ഷങ്ങള്‍ എന്തായിരുന്നുവെന്ന് പലപ്പോഴും നാം മനസ്സിലാക്കിയെന്നുവരില്ല. "നൈന്‍ത് ഡേ"യുടെ ക്യാമറ കാണുന്നത് ഇതാണ്.


ഹെന്‍റി ക്രെമര്‍ എന്ന എഴുത്തുകാരനും ബുദ്ധിജീവിയുമായ വൈദികന്‍ മറ്റനേകം വൈദികരോടെപ്പം കുപ്രസിദ്ധമായ ഡാക്കോ തടങ്കല്‍പാളയത്തിലെ 'പ്രീസ്റ്റ് ബ്ലോക്കി'ല്‍ മരണം മുന്നില്‍കണ്ടു ജീവിക്കുകയാണ്. നിഷ്ഠൂരമായ പീഡനം, പട്ടിണി, ദിവസേന അരങ്ങേറുന്ന തൂക്കിക്കൊലകള്‍. ഇതിന്‍റെ നടുവില്‍ ഒരു ദിവസം അപ്രതീക്ഷിതമായി ക്രെമര്‍ വിമോചിതനാവുന്നു. ഒമ്പതു ദിവസത്തെ അവധിയും നാട്ടിലേക്കുള്ള യാത്രാക്കൂലിയുമായി ക്യമ്പു വിടുന്ന ക്രെമര്‍ നാട്ടിലെത്തുന്നതുവരെ തന്നെ മോചിപ്പിച്ചതെന്തിനാണെന്നറിയുന്നില്ല. ലുക്സംബര്‍ഗിലെ  നാത്സി കമന്‍ഡാന്‍ഡ് ജെബ്ഹാര്‍ട്ടാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്. പിറ്റെദിവസം ഓഫീസിലെത്തി തന്നെക്കാണാനുള്ള നിര്‍ദ്ദേശം നല്കി, ക്രെമറെ അദ്ദേഹത്തിന്‍റെ  സഹോദരിയുടെ വീട്ടിലെത്തിച്ചശേഷം അയാള്‍ പോകുന്നു. തന്‍റെ പ്രിയപ്പെട്ട അമ്മ മരിച്ച വിവരം ക്രെമര്‍ അപ്പോഴാണറിയുക.


അദ്ദേഹം തന്‍റെ ഓഫീസില്‍വച്ച് ക്രെമറിന്‍റെ ദൗത്യം എന്താണെന്ന് പറഞ്ഞു കൊടുക്കുന്നു. ലുക്സംബര്‍ഗിലെ സഭാതലവനായ ആര്‍ച്ച് ബിഷപ്പ് നാത്സികളെ തുറന്നെതിര്‍ക്കുന്നയാളാണ്. അദ്ദേഹത്തെ സ്വാധീനിച്ച് നാത്സികളുമായി സന്ധിയുണ്ടാക്കണം. നാത്സി ജര്‍മ്മനി സഭയുടെ സംരക്ഷകരാണെന്ന് വരുത്തണം. എതിര്‍പ്പ് അവസാനിച്ചു എന്നറിയിക്കുന്ന ഒരു പ്രസ്താവന എഴുതി വാങ്ങണം. എങ്കിലേ ലുക്സംബര്‍ഗിലെ ജനങ്ങളെ വശത്താക്കാന്‍ പറ്റൂ. ക്രെമറെപ്പറ്റി സഭാധിപതിക്ക് നല്ല മതിപ്പുണ്ട്. അയാള്‍ പറഞ്ഞാല്‍ കേള്‍ക്കും. ഈ യത്നം പരാജയപ്പെട്ടാല്‍ ഭീകരമായിരിക്കും ഭവിഷ്യത്തുകള്‍. വിജയിച്ചാല്‍ വൈദിക തടവുകാരെ മുഴുവന്‍ മോചിപ്പിക്കാം. ക്രെമറുടെ സഹോദരന്‍റെ ബിസിനസ്സ് വളരാനുള്ള സാഹചര്യവും കിട്ടും. ഇനി ക്രെമര്‍ രക്ഷപെടാന്‍ ശ്രമിച്ചാല്‍ സഹവൈദികരും, ഒരുപക്ഷേ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും കൊല്ലപ്പെടും.


ക്രെമറെ സംബന്ധിച്ചിടത്തോളം നാത്സികളുമായി സന്ധി ചെയ്യുന്നത് സ്വമനസ്സാക്ഷിയെ വഞ്ചിക്കലാകും. ഒപ്പം സഭയേയും. എന്നാല്‍ അയാള്‍ക്കു ചില സംശയങ്ങളുമുണ്ട്. എന്തുകൊണ്ട് മാര്‍പ്പാപ്പ നാത്സികളുടെ ക്രൂരതയ്ക്കെതിരെ തുറന്ന എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ല? ധര്‍മ്മ സങ്കടങ്ങളുടെ നടുവില്‍ ഇയാള്‍ക്ക് ആശ്വാസമായി സ്വന്തം സഹോദരി മാത്രമേയുള്ളൂ. ഗര്‍ഭിണിയായ അവരുടെ ജീവിതവും ക്രെമറുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. ഇതൊന്നും കൂടാതെ ക്യാമ്പില്‍വച്ച് തന്‍റെ സഹതടവുകാരിലൊരാളുടെ മരണത്തിന് താന്‍ ഉത്തരവാദിയാണെന്ന കുറ്റബോധവും അദ്ദേഹത്തെ മഥിക്കുന്നുണ്ട്. തനിക്കു ദാഹജലം തന്ന തന്‍റെ സ്നേഹിതനെ സമാനമായ ഒരു സാഹചര്യത്തില്‍ താന്‍ കയ്യൊഴിഞ്ഞു എന്ന ചിന്ത.


ജെബ്ഹാര്‍ട്ടുമായുള്ള കണ്ടുമുട്ടലില്‍ ക്രെമര്‍ ഒരുകാര്യം മനസ്സിലാക്കുന്നു. ഈ നാത്സി ഒരിക്കല്‍ വൈദിക വിദ്യാര്‍ത്ഥിയായിരുന്നു. ഡീക്കന്‍വരെയായശേഷം പട്ടം സ്വീകരിക്കുന്നതിനുമുമ്പ് ഇയാള്‍ സഭാവസ്ത്രമുപേക്ഷിച്ച് പട്ടാളയൂണി ഫോമണിഞ്ഞു. ഇയാള്‍ തന്നോടാവശ്യപ്പെടുന്ന കാര്യം ചെയ്യുന്നത് യൂദാസിന്‍റെ പ്രവൃത്തിയല്ലേ എന്ന സംശയത്തിന് ജെബ്ഹാര്‍ട്ടിന് ശക്തമായ മറുപടിയുണ്ട്. യൂദാസിനെ മനസ്സിലാക്കുക. യൂദാസ് ഒരു കര്‍മ്മയോഗിയായിരുന്നു. ക്രിസ്തുവിനെ അയാള്‍ ഒറ്റുകൊടുത്തത് അതുകൊണ്ടാണ്. പണമായിരുന്നില്ല പ്രശ്നം. യൂദാസില്ലാതെ ക്രിസ്തുവില്ല. യൂദാസില്ലായിരുന്നെങ്കില്‍ ക്രിസ്തീയ വിശ്വാസവുമില്ല. പൈശാചികമായ ഈ വാദത്തിനൊടുവില്‍ ക്രെമറെയും അയാള്‍ യൂദാസാകാന്‍ ക്ഷണിക്കുകയാണ്.


എന്നാല്‍ തീരുമാനമെടുക്കുന്നതിനുമുമ്പ് ക്രെമര്‍ തന്‍റെ മേലദ്ധ്യക്ഷനെ കാണാന്‍ ആഗ്രഹിക്കുന്നു. ആര്‍ച്ച് ബിഷപ്പാകട്ടെ നാത്സികളുടെ ദൗത്യവുമായിട്ടാണ് വരുന്നതെങ്കില്‍ ക്രെമറെ കാണാനും തത്പരനല്ല. ജെബ്ഹാര്‍ട്ട് തയ്യാറാക്കിയ ഒരു പ്രസ്താവന ആര്‍ച്ച് ബിഷപ്പിനെക്കൊണ്ട് ഒപ്പിടുവിച്ചു കൊണ്ടുവരാന്‍ ക്രെമറെ ഏല്പിച്ചിട്ടുണ്ട്. നേരിട്ടു കണ്ടശേഷം മാത്രമേ അത് എന്തുചെയ്യണമെന്ന് തീരുമാനിക്കുകയുള്ളൂ. ക്രെമറുടെ നിര്‍ബന്ധം മനസ്സിലാക്കി ഒടുവില്‍ സെക്രട്ടറി കൂടിക്കാഴ്ച തരപ്പെടുത്തിക്കൊടുക്കുന്നു. മേലദ്ധ്യക്ഷന്‍റെ മുമ്പില്‍ ക്രെമര്‍ തന്‍റെ നിലപാടുകള്‍ നിരത്തി. തടങ്കല്‍പാളയങ്ങളില്‍ മനുഷ്യജീവികള്‍ അക്ഷരാര്‍ത്ഥത്തില്‍ കുരിശുമരണം ഏല്ക്കുകയാണ്. ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയില്ല. പ്രാര്‍ത്ഥനയില്‍ സ്വന്തം മനസ്സാക്ഷിയുടെ സ്വരംശ്രവിച്ച് ജീവിക്കുകയാണ് ഇപ്പോള്‍ ചെയ്യാവുന്നതെന്നാണ് മെത്രാന്‍റെ മറുപടി. ദൈവം തന്‍റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നതായി തോന്നുന്നില്ല. സഭയെ ഒറ്റുകൊടുക്കാന്‍ തനിക്കു പറ്റില്ല. പക്ഷെ എന്തുകൊണ്ടാണ് വത്തിക്കാന്‍ പ്രതികരിക്കാത്തത്? സഭയുടെ നേതൃത്വം നാത്സികളുടെ മുമ്പില്‍ നിശ്ശബ്ദരായിരുന്നു എന്ന ആരോപണത്തിനുള്ള മറുപടി ആര്‍ച്ചുബിഷപ്പിന്‍റെ വാക്കുകളിലുണ്ട്.  ഹോളണ്ടിലുണ്ടായ ഒരു സംഭവം ഉദ്ധരിച്ചുകൊണ്ടാണ് ക്രെമറുടെ ചോദ്യത്തിനുത്തരം കൊടുക്കുക. ഹോളണ്ടില്‍ യൂറോപ്യന്‍ വംശജരല്ലാത്ത എല്ലാ ക്രൈസ്തവരെയും നാടുകടത്താന്‍ ഉത്തരവിട്ടു. അവിടുത്തെ ആര്‍ച്ചുബിഷപ്പ് ഡെജോങ്ങ് ഇതിനെതിരേ ഒരു തുറന്ന ഇടയലേഖനം പ്രസിദ്ധീകരിച്ചത് മാരകമായ പ്രതികരണമാണുളവാക്കി യത്. നാത്സിപ്പട മേല്പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട നാല്പതിനായിരം പേരെ നേരെ മരണ ക്യാമ്പുകളിലേയ്ക്കയച്ചു. വറചട്ടിയില്‍ നിന്ന് എരിതീയിലേയ്ക്ക്! കൂടുതല്‍ ദാരുണമായ ദുരന്തമൊഴിവാക്കാനാണ് സഭ ശ്രമിക്കുന്നത് എന്ന് വ്യക്തമാക്കുകയാണിവിടെ.


ക്രെമറുടെ നിലപാടിന് ആര്‍ച്ചുബിഷപ്പിന്‍റെ പിന്തുണയുണ്ട്. ജെബ്ഹാര്‍ട്ടിന് സഭയുമായി ഒത്തുതീര്‍പ്പുണ്ടാക്കുക സാദ്ധ്യമല്ല. വീണ്ടും അവര്‍ കാണുമ്പോള്‍ നാത്സി ഓഫീസര്‍ ക്രമെറെ വശത്താക്കാന്‍ പുതിയ ഒരു തന്ത്രം പ്രയോഗിക്കുന്നു. താന്‍ മൂലം തന്‍റെ സ്നേഹതന്‍ മരിക്കാനിടയായിയെന്നു കരുതി താനനുഭവിക്കുന്ന വേദന ക്രെമര്‍ ഒരു കുമ്പസാരം പോലെ എഴുതി അമ്മയുടെ ശവകുടീരത്തില്‍ സമര്‍പ്പിക്കുന്നുണ്ട്, ആശ്വാസത്തിനായി. ഈ കത്തജെബ്ഹാര്‍ട്ട് കയ്യിലാക്കി. ക്രെമറുടെ ഈ ദൗര്‍ബ്ബല്യം ചൂഷണം ചെയ്യാനാണ് ശ്രമം. ബിഷപ്പ് സമ്മതിച്ചില്ലെങ്കില്‍ വേണ്ട. ക്രെമര്‍ സ്വന്തം നിലയ്ക്ക് സഭാ നിലപാടുകള്‍ക്കെതിരെ ഒരു പ്രസ്താവന എഴുതിത്തരിക. ക്രെമര്‍ നല്ല സ്വാധീനമുള്ളയാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തെ പിന്താങ്ങുന്ന സഹതടവുകാര്‍ എല്ലാവരെയും സ്വതന്ത്രരാക്കാം. കത്തെഴുതാനായി ഒരു വെള്ളക്കടലാസ്സ് അയാള്‍ മുമ്പില്‍ വെച്ചു കൊടുക്കുന്നു. ഒരു വരി എഴുതിയ ശേഷം ക്രെമര്‍ മടിക്കുകയാണ്. മനഃസംഘര്‍ഷത്തിന്‍റെ പാരമ്യത്തില്‍ അയാള്‍ മോഹാലസ്യപ്പെടുന്നു. എങ്കിലും ഓഫീസര്‍ കൊടുക്കുന്ന വെള്ളം കുടിക്കാതെ ക്രെമര്‍ വീട്ടിലേയ്ക്കു മടങ്ങുകയാണ്. ഇതിനിടെ തന്നെ നിര്‍ബന്ധപൂര്‍വ്വം സ്വിറ്റ്സര്‍ലണ്ടിലേയ്ക്ക് രക്ഷപെടുത്താന്‍ ശ്രമിക്കുന്ന കുടുംബാംഗങ്ങളെ ക്രെമര്‍ നിരുത്സാഹപ്പെടുത്തുന്നുമുണ്ട്. തന്‍റെ തീരുമാനം ഉറച്ചതാണ്.


എട്ടാം ദിവസം ജെബ്ഹാര്‍ട്ടിനെ തന്‍റെ തീരുമാനം അറിയിക്കാന്‍ വീണ്ടും ക്രെമര്‍ പോകുന്നു. കയ്യില്‍ ഒട്ടിച്ച കവറിനുള്ളില്‍ ആ തീരുമാനമുണ്ട്. സന്തോഷത്തോടെയാണ് ജെബ്ഹാര്‍ട്ട് കവര്‍ വാങ്ങുന്നത്. തനിക്കനുകൂലമായി തീരുമാനമെടുത്തതില്‍  അച്ചനെ അയാള്‍ അഭിനന്ദിക്കുന്നു. വൈന്‍ ഗ്ലാസില്‍ വീഞ്ഞു പകര്‍ന്ന് രണ്ടുപേരും കുടിക്കുന്നതിനിടയില്‍ കവര്‍ തുറന്നു നോക്കുന്ന ജെബ്ഹാര്‍ട്ടിന്‍റെ മുമ്പില്‍ ക്രെമര്‍ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. കൊലചെയ്യപ്പെട്ട തന്‍റെ ഇരയില്‍ നിന്ന് ഒരു കൊലയാളി എന്താണ് പ്രതീക്ഷിക്കുന്നത്? ജെബ്ഹാര്‍ട്ട് മുമ്പ് ഒരു മരണക്യാമ്പില്‍ കുറച്ചുകാലം ഉദ്യോഗസ്ഥനായിരുന്നില്ലേ. എന്തുണ്ട് അയാള്‍ക്കതേപ്പറ്റി പറയാന്‍? ഇതിനിടെ കവര്‍ തുറക്കുന്ന ജെബ്ഹാര്‍ട്ട് കാണുന്നത് നാലായി മടക്കിയ ഒരു വെള്ളക്കടലാസു മാത്രം. ക്രെമര്‍ തന്‍റെ തീരുമാനം ഇങ്ങനെയാണ് വെളിപ്പെടുത്തിയത്! കോപവും നിരാശയുംകൊണ്ട് ഭ്രാന്തനായിത്തീരുന്ന അയാള്‍ അച്ചന്‍റെ തലയ്ക്കുനേരെ തോക്കുചൂണ്ടി നില്ക്കുമ്പോള്‍ ക്രെമര്‍  ഭയചകിതനായി മെല്ലെ ഇറങ്ങിപ്പോകുന്നു.


ഒമ്പതാം ദിവസം ഹെന്‍റി ക്രെമര്‍ പുതിയ തീരുമാനവുമായി സ്വയം തെരഞ്ഞെടുത്ത മരണത്തിന്‍റെ ഗാഗുല്‍ത്തായായ ഡാക്കോയിലേക്ക് തിരികെ ചെല്ലുന്നു. ക്യാമ്പ് ഗാര്‍ഡിന് കൈക്കൂലികൊടുത്ത് രഹസ്യമായി ഒരു കഷണം സോസേജ് അദ്ദേഹം കൊണ്ടുപോകുന്നുണ്ട്. അവസാന രംഗത്ത് നമ്മള്‍ കാണുന്നത് വിശന്നു പരവശരായ സഹതടവുകാര്‍ക്കു വേണ്ടി ഈ സോസേജ് ശ്രദ്ധയോടെ മുറിച്ച് കൊണ്ടിരിക്കുന്ന ക്രെമറെയാണ്. അന്ത്യഅത്താഴത്തിന്‍റെ ഒരു പുനരാവിഷ്കാരംപോലെ.


ഹെന്‍റി ക്രെമര്‍ എന്ന വൈദികന്‍റെ ഒമ്പതുദിവസത്തെ ജീവിതാനുഭവങ്ങള്‍ കുരിശാരോഹണത്തിന്‍റെ അനുഭവമായി മനസ്സിലാക്കാന്‍ കഴിയും. ടൈറ്റില്‍ സീക്വന്‍സുകള്‍ മുതല്‍ ഇതു നമുക്ക് കാണാം. ആദ്യരംഗങ്ങളിലൊന്നില്‍ ക്യാമ്പിലെ സഹവൈദികരിലൊരാള്‍ തൂക്കിലേറ്റപ്പെടുന്ന രംഗമുണ്ട്. മുള്ളുവേലികള്‍ക്കപ്പുറത്ത് കുരിശാകൃതിയിലുള്ള തൂക്കു മരത്തില്‍ തലയില്‍ ഇരുമ്പു കൊണ്ടുള്ള മുള്‍ക്കിരീടവുമണിഞ്ഞ് ഈ കുരിശാരോഹണം നടക്കുമ്പോള്‍ ക്യാമ്പിനുള്ളില്‍ അവര്‍ പ്രാര്‍ത്ഥനാഗീതം പാടുന്നു. ഒരു രംഗത്ത് ക്യാമ്പിലെ മുള്‍ക്കമ്പികള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു കുരിശു തീന്‍മേശപ്പുറത്തുവെച്ച് റേഷന്‍ കിട്ടുന്ന റൊട്ടിയുടെ തൊലിക്കഷണങ്ങള്‍ ഓസ്തിക്കു പകരംവച്ച് ഒളിവില്‍ കുര്‍ബാന ചൊല്ലുന്ന രംഗമുണ്ട്.


ക്യാമ്പില്‍ താല്ക്കാലിക വിടുതി ലഭിച്ച ക്രെമറുടെ മുമ്പില്‍ ഒറ്റുകാരനാകാനുള്ള പ്രലോഭനമുണ്ട്. യൂദാസിനെപ്പറ്റിയുള്ള സംഭാഷണം സൂചിപ്പിക്കുന്നതിതാണ്. ജെബ്ഹാര്‍ട്ട് എന്ന നാത്സി ഓഫീസര്‍ ഒരു മുന്‍ വൈദികാര്‍ത്ഥിയായിരുന്നുവെന്നതും, അയാള്‍ യൂദാസിന്‍റെ പ്രായോഗികക്ഷമതയെപ്പറ്റി സംസാരിക്കുന്നതും ശ്രദ്ധിച്ചാല്‍ ക്രിസ്തുവിന്‍റെ പീഡാസഹനത്തിലെ യൂദാസ് എന്ന കഥാപാത്രത്തിന്‍റെ പ്രതീകാത്മകമായ സങ്കീര്‍ണ്ണതകള്‍ ജെബ്ഹാര്‍ട്ട് ഉള്‍ക്കൊള്ളുന്നതായി കാണാം. സഭയോടുള്ള വിശ്വസ്തത ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെടുന്നിടത്ത് ക്രെമര്‍ അയാളെ യൂദാസ് എന്നു വിളിക്കുന്നുണ്ട്. അയാളുടെ ഓഫീസില്‍ തന്നെ കാണിക്കുന്ന കന്യകാമാതാവിന്‍റെ ഐക്കണ്‍ കണ്ടിട്ട് അന്ന് ക്രെമര്‍ക്ക് ജെബ്ഹാര്‍ട്ടിനോടുള്ള മനോഭാവത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല.  ഒരാള്‍ക്ക് ഒരേസമയം നാത്സിയും ക്രിസ്ത്യാനിയുമായിരിക്കുക സാദ്ധ്യമല്ല എന്നും വ്യക്തമാക്കുന്നുണ്ട് ക്രെമര്‍. ഒത്തുതീര്‍പ്പിന്‍റെ മാര്‍ഗ്ഗം തേടി സുരക്ഷിതനാകാനല്ല, മനസ്സാക്ഷിയുടെ വിളി സ്വീകരിച്ച് ബലിയായിത്തീരാനാണ് ക്രെമറുടെ തീരുമാനം. ഈ തീരുമാനം എടുത്തു കഴിയുമ്പോള്‍ അയാള്‍ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്നു. സഹോദരിയോടൊപ്പം മഞ്ഞു മനുഷ്യനെ ഉണ്ടാക്കി കളിക്കുന്ന ഒരു രംഗം ഇതിന്‍റെ സൂചകമാണ്.


ക്രെമറുടെ ക്യാമ്പിലേക്കുള്ള തിരിച്ചുവരവ് പഴയ കുരിശാകൃതിയിലുള്ള കൊലമരത്തിന്‍റെ പശ്ചാത്തലത്തില്‍ നമ്മള്‍ കാണുകയും തൊട്ടുപിന്നാലെ വരുന്ന ഭക്ഷണം പങ്കുവെയ്ക്കുന്ന രംഗവുമായി ചേര്‍ത്തു വായിക്കുകയും ചെയ്യുമ്പോള്‍ ഈ വൈദികന്‍റെ ജീവിതാനുഭവം ബലിജീവിതത്തിന്‍റെ ചരിത്രാവിഷ്കാരമാണെന്ന് സൂചിപ്പിക്കപ്പെടുന്നു.


ഹിറ്റ്ലറെ തുറന്നെതിര്‍ത്തുകൊണ്ട് നാത്സി തടങ്കല്‍ ക്യാമ്പില്‍ വീരമൃത്യുവരിച്ച ഡയട്രിച്ച് ബോണോഫര്‍ 'ശിഷ്യത്വത്തിന്‍റെ വില' എന്ന പേരില്‍ എഴുതിയ ഗ്രന്ഥത്തില്‍ ക്രിസ്തുശിഷ്യത്വത്തിനു കൊടുക്കേണ്ടി വരുന്ന വിലയെപ്പറ്റി പറയുന്നുണ്ട്.  "Costly discipleship " എന്നദ്ദേഹം വിശേഷിപ്പിക്കുന്ന മരണത്തോളം ചെല്ലുന്ന വിശ്വസ്തത. ഈ വിശ്വസ്തതയാണ് ക്രെമര്‍ എന്ന ദുര്‍ബലനായ മനുഷ്യന്‍ ജീവിച്ചു കാണിക്കുന്നത്.

പജ

0

0

Featured Posts

bottom of page