top of page

ബദലുകള്‍ തേടുന്ന കൃഷി

Mar 1, 2013

2 min read

അക
New farming practices.

മലവഴികളിലൂടെയുള്ള ബസ്സ് അപൂര്‍വ്വമായതിനാല്‍ പുലരിയിലെ ബസ്സിന് തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. വരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ പുലരിത്തണുപ്പില്‍ താഴ്വര കയറി മദ്ധ്യവയസ്കനായ ഒരാള്‍ ഗ്രാമവിശുദ്ധിയോടെ ഞങ്ങളെ വഴികാത്ത് നിന്നിരുന്നു. അത് മടിക്കാങ്കല്‍ ഔസേപ്പച്ചന്‍ ചേട്ടനായരുന്നു. പുതിയ യുഗത്തിന്‍റെ ആദാമാണ് താനെന്ന് സ്വയം തിരിച്ചറിയുന്ന മണ്ണിന്‍റെ മണമുള്ള ഒരു മലയോര കര്‍ഷകന്‍. നീര്‍ച്ചാലുകള്‍ ഒഴുകുന്ന കുന്നിന്‍ ചെരുവിലൂടെയായിരുന്നു ഔസേപ്പച്ചന്‍ചേട്ടന്‍റെ 31/2 കൃഷിയിടത്തിലേയ്ക്കുള്ള യാത്ര.


ഉര്‍വ്വരതയും ഓജസ്സും നഷ്ടപ്പെടാത്ത, വൃക്ഷവിളകള്‍ കുടചൂടിക്കുന്ന, പച്ചക്കറിയും നടുതലകളും കളകളോടൊപ്പം മണ്ണിനെ പച്ചപ്പിന്‍റെ പുതപ്പണിയിക്കുന്ന മണ്ണിലേക്ക് കയറുമ്പോള്‍ തന്നെ, ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ഔസേപ്പച്ചന്‍ ചേട്ടന്‍ ഒരദ്ധ്യാപകനെപ്പോലെ വാചാലനാകുന്നു. കൃഷിയുടെ പ്രകൃതി പാഠങ്ങള്‍. ഏതൊരു മലയോര കര്‍ഷകനെപ്പോലെയും കൈയില്‍ വാക്കത്തിയും തൂമ്പയും പേറി കാടുവെട്ടിയും കളവെട്ടിയും കുഴികള്‍കുഴിച്ചും കിളച്ചും മറിച്ചും നീറ്റുന്ന രാസവളം കൈയിലെടുത്ത് മണ്ണില്‍ തൂവിയും മൂക്കുപൊത്തി കീടനാശിനി ചീറ്റിച്ചും എട്ട് വര്‍ഷം മുന്‍പുവരെ ഔസേപ്പച്ചന്‍ചേട്ടനും കൃഷി ചെയ്തു. അപ്പോഴും മണ്ണുമായി ജൈവികമായ ഒരു പൊക്കിള്‍ക്കൊടി ബന്ധം സൂക്ഷിച്ച അയാള്‍ തന്‍റെ മണ്ണ് വന്ധ്യവും ഊഷരവുമാകുന്നതും മണ്ണിന് നീറ്റുന്നതും വേദനിക്കുന്നതും വിളകള്‍ വിളറുന്നതും ജീവന്‍ മണ്ണില്‍ നിന്ന് ചോര്‍ന്ന് പോകുന്നതും ഹൃദയം കൊണ്ട് തൊട്ടറിഞ്ഞു. ഇത് ഒരു കര്‍ഷ കുടുംബത്തിന്‍റെ മാനസാന്തര കഥയുടെ തുടക്കമാണ്. ഈ കൃഷിയിടത്തില്‍ ഭാര്യ ചിന്നമ്മച്ചേച്ചിയും മൂത്തമകന്‍ വിനോദും ഔസേപ്പച്ചന്‍ ചേട്ടനെപ്പോലെ തന്നെ സ്ഥിരം കര്‍മ്മനിരതരാണ്.


മുറ്റത്ത് വളരുന്ന പുല്ലുപോലും അയിത്തമായി കരുതി കോണ്‍ക്രീറ്റ് സ്ഥാപിക്കുന്ന താന്‍പോരിമയുടെ സംസ്കാരത്തില്‍ ഈ പറത്താനം സ്വദേശിയുടെ കൃഷിയിടത്തില്‍ 72 ഇനം സസ്യലതാദികളാണുള്ളത്. സ്കൂള്‍കുട്ടികള്‍ക്ക് ഇന്നിവിടം പ്രകൃതിസംവാദവേദിയാണ്. പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, ഫലവൃക്ഷങ്ങള്‍, വന്‍വൃക്ഷങ്ങള്‍ തുടങ്ങിയവ നിറഞ്ഞുനില്‍ക്കുന്നു അദ്ദേഹത്തിന്‍റെ 31/2 ഏക്കര്‍ കൃഷിയിടത്തില്‍. 14-ാ മത്തെ വയസ്സില്‍ ആരംഭിച്ചതാണ് കൃഷിയെന്ന ഈ ആത്മീയ ജീവിത പരീക്ഷണം.


ഒരേക്കര്‍ കൃഷിയിടത്ത് 200 റബ്ബര്‍ത്തൈകള്‍ വയ്ക്കുകയും ഇടവിളയായി 500 വാഴകള്‍ നടുകയും ചെയ്തു. ഫലമോ, 90% വിളവ്. 4 കുല വീതം ഓരോ ചുവട്ടില്‍ നിന്നും കിട്ടിയതായി അഭിമാനത്തോടെ ഈ കര്‍ഷകന്‍ പറയുന്നു. വളരെ പ്രാകൃതവും സ്വതസ്സിദ്ധവുമായ രീതിയില്‍ നട്ട റബ്ബര്‍ത്തൈകള്‍ ഇന്ന് പൂര്‍ണ്ണവളര്‍ച്ചയെത്തയിരിക്കുന്നു. ജില്ലയിലെ മികച്ചകര്‍ഷകനുള്ള, സംസ്ഥാന ജൈവകര്‍ഷകസമിതിയുടെ അവാര്‍ഡ് ജേതാവ് കൂടിയായ കര്‍ഷകന്‍ അഞ്ചുവര്‍ഷമായി സീറോ ബഡ്ജറ്റ് കൃഷിരീതി ശീലിച്ചു പോരുന്നു. ജീവാമൃതം എന്ന ഒറ്റമൂലി വളം തന്നെയാണ് തന്‍റെ വിളവുകളുടെ ഉണര്‍വ്വ് എന്ന് ഈ കര്‍ഷകന്‍ അഭിമാനത്തോടെ പറയുന്നു. അതിനായി അദ്ദേഹം നാടന്‍ കന്നുകാലികളെ മാത്രം വളര്‍ത്തുന്നു. നാടന്‍ പശുവിന്‍റെ ചാണകം മാത്രമേ ചാണകമെന്ന വിശേഷണത്തിന് അര്‍ഹതയുള്ളൂ. അതിന്‍റെ പാലിനെ മാത്രമേ പാലെന്ന് വിളിക്കാവൂ. അതിനെ മാത്രമേ പശുവായി കരുതാവൂ.


പൊന്നു വിളയുന്ന മണ്ണിലല്ല, പാറയില്‍ മണ്ണുകൂട്ടി കൃഷിയിടമൊരുക്കി കൃഷി ചെയ്യുന്ന രീതിയാണ് ഇദ്ദേഹത്തിനുള്ളത്. കൃഷിയിടത്തിലെ പാറയെയും വര്‍ദ്ധിച്ചുവരുന്ന മുതല്‍മുടക്കിനെയും നഷ്ടത്തെയുംപറ്റി പരിഭവം പറയുന്ന കര്‍ഷകര്‍ക്ക് ഇദ്ദേഹം ഒരു വെല്ലുവിളിയാണ്. ഏറ്റവും കുറഞ്ഞ സ്ഥലത്തുനിന്ന് ഏറ്റവും കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുക എന്നതാണ് ഇദ്ദേഹത്തിന്‍റെ ലക്ഷ്യവും സ്വപ്നവും അനുദിന ചിന്തകളാകട്ടെ അതിനുവേണ്ടിയുള്ള വഴികളും.


ഔസേപ്പച്ചന്‍ചേട്ടനെ സംബന്ധിച്ചിടത്തോളം കൃഷിയെന്നത് പ്രകൃതിയുടെ ഇടപെടലാണ്. അവിടെ മനുഷ്യനും ശാസ്ത്രത്തിനും കൂടുതലായി ഒന്നും ചെയ്യാനില്ല. മനുഷ്യന്‍ പ്രകൃതിക്ക് അനുകൂലമായി നീങ്ങുകയാണ് വേണ്ടത്. മറിച്ചായാല്‍ ഭൂമിയുടെ തന്മയത്വം നഷ്ടമാവുകയാണ്. ഔസേപ്പച്ചന്‍ ചേട്ടന്‍റെ അഭിപ്രായത്തില്‍ പ്രകൃതിയിലെ ഏറ്റവും വലിയ മാലിന്യം രാസവളങ്ങള്‍ തന്നെയാണ്.


കൃഷിയെ ഈ 68 വയസ്സുകാരന്‍ ദൈവിക കാഴ്ചപ്പാടോടു കൂടിയാണ് കാണുന്നത്. കൃഷിയിടം പവിത്രമാണ്; ദൈവികതയും ആത്മീയതയും നിറഞ്ഞ ഇടമാണ്. അദ്ദേഹത്തിന്‍റെതന്നെ വാക്കുകളില്‍: "എന്‍റെ കൃഷിയിടം എന്‍റെ ബലിയിടമാണ്, ബലിയിടമാണെങ്കില്‍ അത് വിശുദ്ധവുമാണ്." ഇന്നത്തെ ആദമാണ് ഓരോ കര്‍ഷകനും എന്ന് അദ്ദേഹം വിശ്വസിക്കുന്നു. മണ്ണില്‍ പണിയെടുക്കേണ്ടവന്‍, മണ്ണായിത്തീരേണ്ടവന്‍. ജീവശ്വാസമൊഴികെ മനുഷ്യന് സ്വന്തമായുണ്ടെന്ന് അവകാശപ്പെടുന്നതെല്ലാം മണ്ണിന്‍റേതാണെന്ന് ഔസേപ്പച്ചന്‍ചേട്ടന്‍ പറയുന്നു. മരണത്തിലൂടെ മണ്ണിലേക്ക് മടങ്ങുന്ന ഞാന്‍ ഒരുനാള്‍ ഇവിടെ ഈ മണ്ണില്‍ പൂവായും കായായും പഴമായും പുനര്‍ജ്ജനിക്കും.


കൃഷിയിടത്തില്‍ കൃഷിക്കാരന്‍റെ അമിതമായ ഇടപെടലാണ് കൃഷിയുടെ നാശത്തിന്‍റെ തുടക്കം എന്നാണ് ഔസേപ്പച്ചന്‍ചേട്ടന്‍റെ അഭിപ്രായം. കൃഷി മനുഷ്യന് ആയാസരഹിതമായ ഒരു വിനോദമാകുന്ന കാലം വരണം. മണ്ണിന്‍റെ സ്വഭാവിക ജീവന്‍ വീണ്ടെടുക്കാനും വര്‍ദ്ധിപ്പിക്കാനും സഹായിക്കുക എന്നത് മാത്രമാണ് കൃഷിക്കാരന്‍ ചെയ്യേണ്ടത്. വിളവുത്പാദനം ദൈവത്തിന്‍റെയും പ്രകൃതിയുടെയും സമ്മാനമാണ്, അല്ലാതെ മനുഷ്യന്‍റെ സൃഷ്ടിയല്ല. ഒരിക്കല്‍ വീട്ടുമുറ്റത്ത് 200 കിലോ കപ്പ ഒരു മരച്ചീനിത്തണ്ടില്‍ വിളഞ്ഞപ്പോള്‍ ഏറെ അഭിമാനിച്ചു, അല്പം അഹങ്കരിക്കുകകൂടിച്ചെയ്തു. ഔസേപ്പച്ചന്‍ ചേട്ടന്‍ പറയുന്നു. "ഇന്നെനിക്കറിയാം 200 കിലോ എന്നല്ല 1/2 കിലോ കപ്പ പോലും എനിക്ക് ഉണ്ടാക്കാനാവില്ല.

കപ്പത്തടിയില്‍ നിന്ന് കപ്പയുണ്ടാക്കാന്‍ പ്രകൃതിക്ക് മാത്രമേ കഴിയൂ. കാലില്‍നിന്ന് നാം കഴുകിക്കളയുന്ന ചെളിക്ക് നെല്ലിന് ജീവന്‍ കൊടുക്കാനാവും. എന്നാല്‍ അത് ആഹരിക്കാനല്ലാതെ നെല്ലിന് ജീവന്‍ കൊടുത്ത് വിളവുണ്ടാക്കാന്‍ നമുക്കാവില്ല. അതുകൊണ്ട്, ഒരു കൊച്ചുചെടിയെപ്പോലും പറിച്ചു കളയാന്‍ നമുക്കെന്തവകാശം?"


പ്രകൃതിയെ ക്ഷതമേല്‍പ്പിക്കുന്ന ഏത് പ്രവര്‍ത്തനവും ദൈവമനുഷ്യബന്ധത്തിന്‍റെ തിരസ്കരണമാണ്. പ്രകൃതിയിലെ കര്‍ഷകനാണ്, മണ്ണില്‍നിന്നുണ്ടായ മനുഷ്യന്‍. കര്‍ഷകന് ജീവശ്വാസം നല്കിയത് ദൈവവും. അതിനാല്‍ത്തന്നെ പ്രകൃതിയുടെ നേര്‍ക്കുള്ള ഏതു കടന്നുകയറ്റവും ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കര്‍ഷകന്‍റെ ആത്മാഹൂതി തന്നെയാണ്.

Featured Posts

bottom of page