top of page

അക്കിത്തം വിശ്വമാനവികതയുടെ ഇതിഹാസം

Nov 1, 2020

1 min read

ആല്‍ബര്‍ട്ട് എം. ജോണ്‍

a poet akkitham

എല്ലാ രാഷ്ട്രീയ സമരങ്ങളിലും പരാജിതരാവുകയും എല്ലാ യുദ്ധങ്ങളിലും തോറ്റു പോകുകയും ചെയ്യുന്നവരുടെ പക്ഷത്തുനിന്ന് എല്ലാം ഉള്‍ക്കൊള്ളുന്ന മഹാസ്നേഹസ്പന്ദനമാകുന്നു അക്കിത്തം കവിത. മനുഷ്യനും പ്രകൃതിയുമായി ബന്ധമുള്ളതൊന്നും കവിതയ്ക്ക് അന്യമല്ലെന്ന പൊന്നാനി കളരിയുടെ വീക്ഷണമാണ് ആ രചനകളിലുള്ളത്.

'ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്ഞാന്‍ പൊഴിക്കവേഉദിക്കയാണെന്നാത്മാവിലൊരായിരംസൗരമണ്ഡലം'എന്ന് അന്യരുടെ വേദനയിലും കണ്ണുനീരിലും ഹൃദയം കൊണ്ടെഴുതാന്‍ വിശ്വമാനവികതയെ നെഞ്ചേറ്റിയ മഹാകവിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.

ജീവിതത്തില്‍ ആനന്ദം മാത്രം സ്വന്തമാക്കുന്നവനല്ല മനുഷ്യന്‍. സന്തോഷങ്ങളേക്കാളേറെ ദുഃഖങ്ങളാകും അവനുണ്ടാകുക. ആ കണ്ണുനീര്‍ പക്ഷത്തുനിന്ന് കവിത രചിക്കാന്‍ 'കവിതയില്‍നിന്നും കണ്ണുനീര്‍ കുഴിച്ചെടുക്കുക' എന്ന ഇടശ്ശേരി വാക്യത്തെ ആത്മാവിലുള്‍ക്കൊണ്ട അക്കിത്തത്തിന് കഴിഞ്ഞു.'അമ്പലമീവണ്ണം തുമ്പില്ലാതെ വരയ്ക്കുകില്‍വമ്പനാമീശ്വരന്‍ വന്നി-ട്ടെമ്പാടും നാശമാക്കിടും' എന്ന് പറയാനുള്ള ആര്‍ജ്ജവവും'കാണായതപ്പടി കാണുനീരാകിലുംഞാനുയിര്‍കൊള്ളുന്നുവിശ്വാസശക്തിയാല്‍' എന്നേറ്റുപാടാനുള്ള ധൈര്യവും കവി ഒരുപോലെ പ്രകടമാക്കി.ശാസ്ത്രബോധത്തിന്‍റെയും യുക്തിചിന്തയുടെയും തേരിലേറി തനിക്കൊപ്പമുള്ള കവികള്‍ ആധുനികതയ്ക്കു കുത്തൊഴുക്കായി മാറിയപ്പോള്‍ മനുഷ്യവികാരങ്ങളെയും മാനവികതബോധത്തെയും തോണിയും തുഴയുമാക്കി അതിനെതിരെ സഞ്ചരിക്കുകയായിരുന്നു ആ ഇതിഹാസികത. അതുകൊണ്ടാണ്'നിരത്തില്‍ കാക്ക കൊത്തുന്നുചത്തപെണ്ണിന്‍റെ കണ്ണുകള്‍മുല ചപ്പിവലിക്കുന്നുനരവര്‍ഗവാതിഥി'എന്ന് തനിക്കു ചുറ്റുമുള്ള മനുഷ്യദുഃഖങ്ങളെ തിരിച്ചറിയാനൂം ആ ഭംഗിക്കുറവുകള്‍ക്ക് കവിതയുടെ സൗന്ദര്യം നല്‍കാനായതും.

അന്യന്‍റെ പരാധീനതയും ദുഃഖങ്ങളും കണ്ണുനീരും തന്‍റേതു  കൂടിയെന്ന് കരുതാനും അതില്‍ പങ്കുചേര്‍ന്ന് അവയെ നെഞ്ചിലേറ്റി കണ്ണുനീര്‍ മുത്തുകളാല്‍ കവിതാ ഹാരം കൊരുക്കാനും അക്കിത്തമെന്ന വിശ്വമാനവികനു കഴിഞ്ഞു. സംശയമില്ലാതെ പറയാം ഇരുപതാം നൂറ്റാണ്ടിന്‍റെ മാത്രം  ഇതിഹാസകാരനല്ല  വിശ്വമാനവികതയുടെ ഇതിഹാസമാണ് അക്കിത്തം


ആല്‍ബര്‍ട്ട് എം. ജോണ്‍

0

0

Featured Posts

Recent Posts

bottom of page