top of page

തനിച്ച്

Mar 6

2 min read

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Woman sitting alone

"അനന്തരം അവന്‍ ആ ശിഷ്യനോട് പറഞ്ഞു ഇതാ നിന്‍റെ അമ്മ"


(യോഹ 19:27).

അന്നമ്മയ്ക്ക് മാര്‍ച്ച് എട്ടാം തീയതി 90 വയസ്സു പൂര്‍ത്തിയാകും. 1953 ലെ പത്താം ക്ലാസ്സു പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ്സ് മാര്‍ക്കു വാങ്ങി പാസായ ആളാണ് കക്ഷി. ടീച്ചറാകാന്‍ കൊതിച്ചു എന്നിട്ടും ജീവിത സാഹചര്യങ്ങള്‍ കൊണ്ട് വീട്ടമ്മയായി മാറി. എങ്കിലും വായന കൈവിട്ടില്ല. അകാലത്തില്‍ കൂട്ടുകാരന്‍ ഇഹലോകവാസം വെടിഞ്ഞു. പിന്നെ തനിച്ചായി. മൂന്നുമക്കളുടെയും കൊച്ചുമക്കളുടെയും അവരുടെ മക്കളുടെയും നടുവില്‍, തനിച്ച്. തന്‍റെ ഏകാന്തതയില്‍ അവര്‍ കവിതകള്‍ കുറിച്ചു, തന്‍റെ അനുഭവങ്ങള്‍, ജീവിതം കഥപോലെ ഡയറിത്താളുകളില്‍ കുറിച്ചിട്ടു. വിശാലമായ ലോകത്തെക്കുറിച്ച്, അതിലെ വിജ്ഞാന ശാഖകളെകുറിച്ച് നല്ലപോലെ അറിവുള്ള അവര്‍ യുക്തിസഹമായ രീതിയില്‍ തന്നെ ആഴമുള്ള വിശ്വാസവും ഭക്തിയും സ്വന്തമാക്കി. ഒന്നിനെ കുറിച്ചും പരാതികളില്ലാതെ, ആരോടും പരിഭവമില്ലാതെ അന്നമ്മ, മകന്‍റെ സമീപത്തായി തന്നെ തനിയെ താമസിക്കുന്നു. തനിച്ചായി പോയി എന്നൊരു സങ്കടം ഇടയ്ക്കിടെ പറയാറുണ്ട്. എന്നാലും അതിലും വലിയ ഒരു കൂട്ട് തനിക്കുണ്ട് എന്ന് അഭിമാനിക്കാറുണ്ട്:


"ഒരു 33 കാരന്‍ കൂട്ടിനുണ്ട്."


"കുരിശിനെ കെട്ടിപിടിച്ചാണ് ഞാന്‍ കിടന്നുറങ്ങുന്നത്."


 "ഒരു നല്ല മരണം കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം" എന്നതു മാത്രമാണ് ഇപ്പോള്‍ ആവശ്യം. തന്‍റെ ഏകാന്തതയില്‍ നിന്നും നിത്യതയിലേക്കുള്ള കൂട്ടുകണ്ടെത്തിയ അന്നമ്മ എന്ന അമ്മച്ചി.


***


സെമിനാരിയില്‍ ചേരുന്ന സമയത്ത് അമ്മ വീട്ടില്‍ തനിച്ചാണ്. പപ്പ അതിനും ഏഴു വര്‍ഷം മുമ്പ് മരിച്ചുപോയി. ചേട്ടന്‍ വിദേശത്ത്.  ഇടക്കാലത്ത് ചേട്ടനും കുടുംബവും വീട്ടിലുണ്ടായിരുന്നു എന്നതൊഴിച്ചാല്‍,  പ്രാക്ടിക്കലി, വീട്ടില്‍ അമ്മ തനിച്ചായിരുന്നു . പരിശീലനകാലത്ത് സഹോദരങ്ങള്‍ക്കിടയില്‍ ജീവിച്ച ഞാന്‍ ഒരിക്കലും തനിച്ചായിരുന്നില്ല. ഒരു ഏഴെട്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് എന്‍റെ തലയില്‍ ഒരു തോന്നലുണ്ടായത് 'അമ്മ തനിച്ചാണ്.' അമ്മ തനിച്ചായിരുന്നു ഈ വര്‍ഷങ്ങളിലൊക്കെ. ആ അറിവ് എനിക്കും ഉണ്ടായിരുന്നു. പരിചയപ്പെടുന്നവരോട് പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഞാനതിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടേയില്ല, അല്ലെങ്കില്‍ എനിക്കത് ഫീല്‍ ചെയ്തത് ആ കാലത്താണ്. അതൊരു വല്ലാത്ത തിരിച്ചറിവായിരുന്നു. അതിന്‍റെ ഗ്രാവിറ്റി പിന്നീടാണ് മനസ്സിലായത്. "അമ്മ തനിച്ചാണ്" ഇപ്പോഴും. ഞങ്ങളൊക്കെ കൂടെയുണ്ടെങ്കിലും.


പങ്കാളികളിലൊരാള്‍ മരിക്കുന്നതോടെ മിക്കവരും തനിച്ചാകുന്നുണ്ട്. സ്ത്രീകളും പുരുഷന്‍മാരും. രണ്ടാം ഭാര്യയായി കെട്ടി കൊണ്ടുവന്നതാണെങ്കിലും,  ഒരു കുറ്റവാളിയെപ്പോലെ ജീവിക്കേണ്ടി വരുന്നവരുണ്ട്. എല്ലാവരും ചുറ്റും ഉള്ളപ്പോഴും തങ്ങള്‍ തനിയെ ആണെന്നൊരു തോന്നല്‍. ചിലപ്പോഴൊക്കെ അങ്ങനെയാണു താനും


നമ്മുടെയൊക്കെ വീടുകളില്‍ തനിച്ചായിപ്പോയവര്‍ ഇല്ലേ?   ഇങ്ങനെയൊരാള്‍ ഈ ഭൂമിയിലുണ്ടോ എന്നു പോലും ആരും ശ്രദ്ധിക്കാത്ത വിധം ഉള്‍വലിഞ്ഞു, വീടിന്‍റെ അകത്തളങ്ങില്‍ ഒതുങ്ങിപ്പോകുന്ന എത്രയോ സ്ത്രീകള്‍. മക്കള്‍ക്കും കുടുംബത്തിനും വേണ്ടി ഒരു ആയുഷ്കാലം മുഴുവന്‍ സമയവും ജീവിതവും സ്വപ്നങ്ങളും മോഹങ്ങളും സൗന്ദര്യവും ആരോഗ്യവും ഒക്കെ വ്യയം ചെയ്ത് ഒടുവില്‍ ഒന്നുമല്ലത്തവരായി തീര്‍ന്നവര്‍. മെഴുകുതിരിയായി ഉരുകി പ്രകാശം പകര്‍ന്നവര്‍ എന്ന ആലങ്കാരിക വചനത്തില്‍ നമുക്കവരെ ഒതുക്കാനാകുമോ? അവര്‍ നമ്മുടെ ശ്രദ്ധ, പരിഗണന, സ്നേഹം, സാന്നിധ്യം അര്‍ഹിക്കുന്നില്ലേ? അത് അവരുടെ അവകാശമാണ്.


ഇശോ കുരിശില്‍ നിന്നു തന്‍റെ അമ്മയെ പ്രിയ ശിഷ്യനെ ഏല്‍പ്പിക്കുന്ന രംഗം എത്ര ഹൃദ്യമാണ് (യോഹ 19:26-27). അനന്തരം അവന്‍ ആ ശിഷ്യനോട് പറഞ്ഞു "ഇതാ നിന്‍റെ അമ്മ" (യോഹ 19:27). ഈശോ മരിക്കും മുമ്പ്, മറ്റുള്ളവര്‍ക്കു വേണ്ടി സംസാരിച്ച അവസാന വാക്കുകളാണിവ.  മനുഷ്യകുലത്തിനു മുഴുവന്‍ തന്‍റെ അമ്മയെ നല്കി എന്ന വ്യാഖ്യാനത്തേക്കാള്‍, സ്വന്തം അമ്മയെക്കുറിച്ച് ഉള്ള ഒരു മകന്‍റെ ആധിയും കരുതലും ശ്രദ്ധയും ഈ സംഭവത്തില്‍ തെളിഞ്ഞു നില്പുണ്ട്.  താന്‍ മാത്രം സ്വന്തമായുണ്ടായിരുന്ന അമ്മയെ കുറിച്ചും അവന് ചിന്തയുണ്ടായിരുന്നു. കടന്നുപോകും മുമ്പ് തന്‍റെ സ്നേഹിതരില്‍ ഒരുവന്‍റെ കൈയില്‍ അമ്മയെ ഏല്‍പ്പിക്കുകയാണ് ഈശോ. മനുഷ്യര്‍ക്കു വേണ്ടിയും മനുഷ്യനോടും സംസാരിച്ചിരുന്ന ഈശോ മനുഷ്യത്വം വെടിയും മുമ്പ് മനുഷ്യനു വേണ്ടി സംസാരിച്ച അവസാന വാക്കുകള്‍ അമ്മയ്ക്കു വേണ്ടിയാണ്. പിന്നീടവന്‍, "എനിക്കു ദാഹിക്കുന്നു", "എല്ലാം പൂര്‍ത്തിയായി" എന്നീ രണ്ടു വാചകങ്ങളാണ് ആകെ പറഞ്ഞത് (യോഹന്നാന്‍റെ സുവിശേഷം അനുസരിച്ച്). മാതപിതാക്കളോടുള്ള മക്കളുടെ കരുതലിന് ദൈവപുത്രന്‍ തന്നെ വലിയ മാതൃക നലകുന്നു.


 ഇടയ്ക്കൊക്കെ ഹൃദയകവാടത്തിനു പുറത്ത് ചില നെടുവീര്‍പ്പുകള്‍ ഉയരുന്നത് ശ്രദ്ധിക്കുന്നില്ലേ. ജീവിതത്തിന്‍റെ ഏതൊക്കെയോ ഘട്ടത്തില്‍ വച്ച് നമ്മള്‍ തനിച്ചാക്കി പോയവരുടെ നിശബ്ദ നിലവിളികള്‍. അതു മിത്രമോ പ്രണയമോ പങ്കാളിയോ മാതാപിതാക്കളോ മക്കളോ ആകാം. അവര്‍ തനിച്ചല്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയും. ചിലപ്പോള്‍ ആരൊടെങ്കിലും എല്ലാം ഒന്നു തുറന്നു സംസാരിക്കാന്‍ അവരും കൊതിക്കുന്നുണ്ടാകാം.


നോമ്പുകാലമാണ്, തനിച്ചായവര്‍ക്കു കൂട്ടുകൊടുക്കുന്ന ചില വഴികള്‍ തിരയാം. മാര്‍ച്ച് എട്ട്, വനിതാദിനം, അന്ന്  സ്റ്റേറ്റസും സ്റ്റോറികളും ഇടുന്നതോടൊപ്പം ഒപ്പമുള്ള, വീട്ടിലുള്ള സ്ത്രീകള്‍ തനിച്ചല്ല എന്ന് ഉറപ്പാക്കാം.  പുരുഷന്‍ മാത്രമല്ല, സ്ത്രീകളും ശ്രദ്ധിക്കണം; അമ്മയോ അമ്മായിയമ്മയോ അമ്മായിയോ സഹോദരിയോ മക്കളോ പേരകുട്ടികളോ ഒക്കെയായി ആരും തനിച്ചാകുന്നില്ല എന്ന്. അവര്‍ക്കു കൂട്ടു കൊടുക്കുമ്പോള്‍ നിങ്ങളറിയാതെ നിങ്ങളുടെ സങ്കടങ്ങളും മാറിപ്പോകുമല്ലോ. കേള്‍ക്കപ്പെടാനുള്ള നമ്മുടെ ആവശ്യത്തെ ഗൗരവമായി എടുക്കുന്ന, 'കേള്‍ക്കാനൊരിടം' എന്ന ഒരു ചെറിയ കൂട്ടത്തെ, ഈ ലക്കം അസ്സീസിയില്‍ കവിത ജേക്കബ്  പരിചയപ്പെടുത്തുന്നുമുണ്ട്.


സസ്നേഹം

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍

0

223

Featured Posts

bottom of page