top of page

ബദലുകള്‍ തേടുന്ന ചികിത്സാരീതി

Mar 1, 2013

3 min read

കപ
Natural healthcare treatment

'സാറേ, എന്താ ഇവിടെ ?'


ഈരാറ്റുപേട്ട മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി ജീവനകേന്ദ്രം തേടി നടന്ന എന്നോട് ഒരു ചെറുപ്പക്കാരന്‍ കടയ്ക്കുള്ളില്‍ നിന്ന് ഇറങ്ങി വന്ന് ചോദിച്ചു.

ഞാന്‍ സൂക്ഷിച്ചു നോക്കി.


നല്ല മുഖ പരിചയം.


മനസ്സിന്‍റെ തട്ടിന്‍പുറത്ത് കിടന്ന് പൊടിമൂടിപ്പോയെങ്കിലും പതിവുപോലെ നല്ല പരിചയം നടിച്ച് പറഞ്ഞു:


'ഞാന്‍ റോയിയെ കാണാന്‍ വന്നതാ. അദ്ദേഹമല്ലേ ഈ പ്രകൃതി ജീവന കേന്ദ്രം നടത്തുന്നത്? എന്താ ഇത് അടച്ചിട്ടിരിക്കുന്നത് ?'


'ഓ.... റോയിയോ.... ആ വട്ട് കേസാണോ? സാറ് ബോര്‍ഡ് വായിച്ചില്ലേ? 4 മുതല്‍ 7 വരെയാ പ്രവര്‍ത്തന സമയം. മയക്കം കൂട്ടിയേ വരത്തൊള്ളൂ.'


ങാ... പിടികിട്ടി...മറുപടി കേട്ടപ്പോഴേ മനസ്സിലായി. ഇതവന്‍ തന്നെ......


സുബൈര്‍.


'വട്ട് കേസ്സോ? അതെന്താ അങ്ങനെ പറഞ്ഞത്? ഇയാള്‍ക്ക് അങ്ങേരെ നന്നായറിയാമോ?'


എന്‍റെ ജിജ്ഞാസ കണ്ട് സുബൈര്‍ പറഞ്ഞു:


'അതേ.... ഈ വട്ടെന്ന് പറഞ്ഞാല്‍ അങ്ങനത്തെ വട്ടല്ല.'


'പിന്നെ?' എന്‍റെ മുഖത്തെ ചിരി മാഞ്ഞപ്പോള്‍ ചെറു ചമ്മലോടെ സുബൈര്‍ തുടര്‍ന്നു.


'സാറേ ...... അത് പിന്നെ നടപ്പില്ലാത്ത കാര്യം പറഞ്ഞ് അങ്ങേര് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആ മുറിയുടെ വാടക കൊടുക്കാനുള്ള കച്ചവടമെങ്കിലും അങ്ങേര്‍ക്കുണ്ടോ എന്നാ സംശയം. എന്തിനിങ്ങനെ വെറുതെ സമയം പാഴാക്കുന്നു.? ഞാനൊക്കെ ദിവസം പത്ത് രണ്ടായിരം രൂപ ഉണ്ടാക്കുന്നുണ്ട്.'


'ഓ........അങ്ങനെ........അപ്പോള്‍ പണമുണ്ടാക്കാനറിയാത്തവരെല്ലാം വട്ടന്മാരാണെന്നാ തന്‍റെ അഭിപ്രായം. അല്ലേ?


'സാറിനോട് തര്‍ക്കത്തിനൊന്നും ഞാനില്ല. അങ്ങേരുടെ കാരറ്റ് ചായയും മല്ലിക്കാപ്പിയും വെജിറ്റബിള്‍ സൂപ്പുമൊന്നും ഞങ്ങള്‍ക്ക് പറ്റില്ലേ..........'


ഇങ്ങനെ പറഞ്ഞ് കടയിലേക്ക് കയറാന്‍ തുടങ്ങിയ സുബൈറിനെ പിടിച്ചു നിര്‍ത്തി ഞാന്‍ പറഞ്ഞു:


'ശരിയാ... നിങ്ങള്‍ക്കിതൊന്നും പറ്റില്ല. നിങ്ങള്‍ക്ക് പറ്റിയത് ഷവര്‍മ്മയും ഷേയ്ക്കും ചിക്കന്‍ഫ്രൈയുമൊക്കെയാ. പക്ഷേ ഇതൊക്കെ നിങ്ങളുടെ വായ്ക്ക് കൊള്ളാം വയറിന് പറ്റില്ല കേട്ടോ.....'


അപ്പോഴേക്കും റോയി എത്തിയത് സുബൈറിന്‍റെ ഭാഗ്യം. ഇല്ലെങ്കില്‍ കുറച്ചുകൂടി ഞാനവനെ ബോധവത്കരിച്ചേനേ.


അല്ലെങ്കില്‍ത്തന്നെ നല്ല കാര്യം കേള്‍ക്കാനും അനുകരിക്കാനും ആളില്ലല്ലോ.


'ക്ഷമിക്കണം. അല്പ്പം താമസിച്ചു. ഇറങ്ങാന്‍ നേരത്താ രണ്ട് പേര്‍ കണ്‍സല്‍ട്ടിംഗിന് വന്നത്. അതാ പറ്റിയത്' റോയി പറഞ്ഞു.


'അത് സാരമില്ല. എന്ത് കണ്‍സല്‍ട്ടിംഗാണ്?'


'ക്യാന്‍സര്‍, പലതരം വാതങ്ങള്‍, പ്രഷര്‍, പ്രമേഹം, അള്‍സര്‍, ത്വക്ക് രോഗങ്ങള്‍ എന്നിങ്ങനെ പലതരം രോഗങ്ങള്‍ പിടിപെട്ടവര്‍ പ്രകൃതി ജീവനത്തില്‍ പരിഹാരം തേടിയെത്താറുണ്ട്. അവര്‍ക്ക്, എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കും. അത്രയേയുള്ളു'


'അപ്പോള്‍ റോയി ഒരു പ്രകൃതി ചികിത്സാ ഡോക്ടര്‍ കൂടിയാണല്ലേ?'


'അല്ല. ഞാന്‍ പ്രകൃതി ജീവനത്തെക്കുറിച്ചാണ് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്. പ്രകൃതി ചികിത്സയും പ്രകൃതി ജീവനവും രണ്ടാണ്. പ്രകൃതി ജീവനത്തില്‍ ഡയറ്റിനാണ് പ്രാധാന്യം. രോഗത്തിന്‍റെ സ്വഭാവത്തിനനുസരിച്ച് വായു, ജലം, പ്രകാശം, ഭക്ഷണം, ഊര്‍ജ്ജം ഇവ ലഭ്യമാക്കേണ്ട രീതിയാണ് നിര്‍ദ്ദേശിക്കുന്നത്. സ്ത്രീകള്‍ക്ക് മെന്‍സസുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും കുട്ടികളില്ലാത്തവര്‍ക്ക് കുട്ടികളുണ്ടാകുന്നതിനുമൊക്കെ, ഈ ഡയറ്റ് ഫലപ്രദമാണെന്ന് തെളിഞ്ഞു കഴിഞ്ഞിട്ടുള്ളതാണ്.'


'നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ഭക്ഷണ രീതിയുമാണ് ഗുരുതരമായ പല രോഗങ്ങളുടെയും അടിസ്ഥാന കാരണം' എന്ന് ശ്രീചിത്ര ക്യാന്‍സര്‍ സെന്‍ററിന്‍റെ തലവനായിരുന്ന ഡോ. വി. പി. ഗംഗാധരന്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞതാണ് റോയിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്.


എങ്കിലും 'ഇതൊക്കെപ്പറയാനും നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും ഇങ്ങേര്‍ക്കെന്താ യോഗ്യത? എന്നായിരിക്കും ഇതൊക്കെ വായിക്കാനിടയുള്ള ഭൂരിഭാഗം ഡോക്ടര്‍മാരുടേയും ചിന്ത.


കഴിഞ്ഞ 25 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും അതില്‍ 5 വര്‍ഷത്തോളം ഗുരുവിനൊപ്പം താമസിക്കുകയും പ്രകൃതി ജീവന സമിതിയുടെ മൂന്ന് വര്‍ഷം നീളുന്ന കോഴ്സ് 2000 ല്‍ പാസ്സാകുകയും 12 വര്‍ഷമായി വ്യത്യസ്ത രോഗികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന 48 വയസ്സുള്ള പ്ലാത്തോട്ടത്തില്‍ റോയി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.


ഭാര്യ ഷൈലമ്മയും ഡിഗ്രി വിദ്യാര്‍ത്ഥിയായ മകന്‍ ഷെബിനും പ്ലസ് ടുവില്‍ പഠിക്കുന്ന മകള്‍ ഷൈബിയും പ്രകുതി ജീവനം നയിക്കുന്നവരാണെന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തി. കാരണം, അതൊരപൂര്‍വ്വ സംഭവമാണ്. റോയി എന്ന വ്യക്തിയുടെ പ്രവര്‍ത്തനത്തിന്‍റെ ഏറ്റവും വലിയ അംഗീകാരവുമാണ്.


പരിസ്ഥിതി പ്രശ്നമുയര്‍ത്തിയ പാറമടയ്ക്കെതിരെയുണ്ടായ സമരത്തിലും മീനച്ചിലാര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി ക്യാമ്പുകളിലെ ഫുഡ്കമ്മറ്റിയിലും ഒക്കെ നിശ്ശബ്ദനായി ആരാലും അധികം ശ്രദ്ധിക്കപ്പെടാനാഗ്രഹിക്കാതെ സജീവ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നയാളാണ് ശ്രീ. റോയി പ്ലാത്തോട്ടം.


തന്‍റെ ജീവിതത്തില്‍ വഴിത്തിരിവായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിതാണ്: 'തമിഴ്നാട്ടിലെ ശിവശൈലം നല്‍വാഴ്വ് ആശ്രമത്തിലെ 5 വര്‍ഷത്തെ ജീവിതം എന്‍റെ ജീവിതശൈലി മാറ്റി മറിച്ചു. വേവിച്ച ഭക്ഷണമോ മത്സ്യമാംസാദികളോ ഉപയോഗിച്ചില്ല. ഇത് എന്‍റെ തനത് സ്വഭാവത്തില്‍പ്പോലും അടിമുടി മാറ്റം വരുത്തി. പൊതുവേ ചൂടനായിരുന്ന ഞാന്‍ ശാന്ത സ്വഭാവക്കാരനായി.'


ലളിതജീവിതത്തെക്കുറിച്ച് പ്രസംഗിക്കുന്നവരും ലളിത ജീവിതം നയിക്കുന്നവരും ഉണ്ട്. ലളിത ജീവിതം നയിക്കുന്നവരില്‍ത്തന്നെ രണ്ടു കൂട്ടരുണ്ട്: പണം കൈയിലെത്തും വരെ മാത്രം ലളിത ജീവിതം നയിക്കുന്നവരും പണമുണ്ടായിട്ടും ലളിത ജീവിതം നയിക്കുന്നവരും. റോയി ഏത് വിഭാഗത്തില്‍പ്പെടുമെന്ന് നോക്കാം.


'പറയുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തിലും പിന്തുടരുന്നുണ്ടോ?'


'എന്‍റെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പുകള്‍ ഒന്നുപോലും എടുത്തിട്ടില്ല. ഒരിക്കല്‍ അമ്മവീട്ടില്‍ നിന്ന് പട്ടികടിയേറ്റ എന്‍റെ മകനെ വീട്ടിലെത്തിച്ച് 7 ദിവസത്തെ ഉപവാസവും ഇലമരുന്ന് പ്രയോഗവും നടത്തുക മാത്രമാണ് ചെയ്തത്. 15 ാം ദിവസം നാരങ്ങാവെള്ളം കൊടുത്തു. അത്രയ്ക്ക് ഉറപ്പില്ലെങ്കില്‍ ഞാനതു ചെയ്യുമോ? സ്വന്തം മകന്‍റെ കാര്യത്തില്‍ പരീക്ഷണത്തിന് തയ്യാറാകുമോ? '


'എന്താണ് ഇലമരുന്ന് പ്രയോഗം?'


കറകപ്പുല്ല്, കൂവളത്തില, കൊടകന്‍, തഴുതാമയില ഇവയൊക്കെ മരുന്നിന് ഉപയോഗിക്കാറുണ്ട്. പ്രഗല്‍ഭ പ്രകൃതി ജീവന വിദഗ്ധനായ ശ്രീ. ആലപ്പുഴ കെ. സേതുവാണ് ഗുരു.'


പ്രകൃതി ജീവനത്തിനൊപ്പം പ്രകൃതിക്കൃഷിയിലും തത്പരനായ റോയിക്ക് പക്ഷേ, ജൈവവളത്തോടുള്ള താത്പര്യം മണ്ണിര കമ്പോസ്റ്റിനോടില്ല. അതിന് കാരണം അദ്ദേഹം പറയുന്നതിതാണ് 'യഥാര്‍ത്ഥ മണ്ണിര മണ്ണിലാണ് ജീവിക്കുന്നത്. മറ്റുള്ളവ കൃത്രിമമാണ്. അവ വിസര്‍ജ്യത്തിലൂടെ ഈയം കമ്പോസ്റ്റില്‍ ഉണ്ടാക്കുന്നുണ്ട്. ഇത് മണ്ണിന് നന്നല്ല.'


'താങ്കള്‍ കണ്‍സല്‍ട്ടിംഗിന് ഫീസ് വാങ്ങുന്നില്ലല്ലോ. അപ്പോള്‍ എന്താണ് വരുമാന മാര്‍ഗ്ഗം?'


'ഉണക്കലരി കൊണ്ടുള്ള ഇലയട, വിവിധ തരം ശുദ്ധമായ പൊടികള്‍ ഒക്കെ ഓര്‍ഡര്‍ അനുസരിച്ച് കൊടുക്കാറുണ്ട്. കൂടാതെ പ്രകൃതി ജീവന സദ്യകളും.'


പിന്നെ ഇവിടെ പ്രകൃതി ജീവന കേന്ദ്രത്തില്‍ കുറെ സ്ഥിരം ഉപഭോക്താക്കളുണ്ട് അവര്‍ക്ക് തേങ്ങാപ്പാല്‍ കാപ്പി, മല്ലിക്കാപ്പി, വെജിറ്റബിള്‍ സൂപ്പ്, ഈന്തപ്പഴക്കൂട്ട്, ചിരട്ടപ്പുട്ട് എന്നിങ്ങനെ ഓരോ ദിവസവും മാറി മാറി തയ്യാറാക്കിക്കൊടുക്കും.


'നാട്ടുകാരിതൊക്കെ എങ്ങനെ കാണുന്നു.?'


'ആദ്യ കാലത്തൊക്കെ എനിക്ക് വട്ടാണെന്ന് പലരും പറയുമായിരുന്നു. എന്നാല്‍ ചിന്തിക്കുന്ന കുറേപ്പേര്‍ ഉണ്ട്‌. പൊറോട്ടയെപ്പറ്റി അടുത്ത കാലത്ത് എന്തുമാത്രം ചര്‍ച്ച നടന്നതാ. എന്നിട്ടെന്തുണ്ടായി.? അതുകൊണ്ട് സമൂഹത്തെ മുഴുവനും എന്‍റെയൊപ്പം കൊണ്ടുവരാമെന്ന മിഥ്യാധാരണയൊന്നും എനിക്കില്ല. എന്തായാലും നമ്മുടെ ആഹാരവും ആഹാര രീതികളുമാണ് ഇന്നത്തെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.'


"Better late than never" എന്നെഴുതി വഴിയരുകില്‍ വെച്ചിരിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡ് വണ്ടിയുടെ വേഗം മൂലം മുഴുവന്‍ വായിക്കാന്‍ കഴിയാത്ത അവസ്ഥ പോലെയാണ് ഇതെല്ലാം. അല്ലേ?

Featured Posts

bottom of page