top of page
ചാനല്‍ അവതാരകയും ബാലതാരവും ആയ മീനാക്ഷി അടുത്തയിടെ വേഗത്തില്‍ ഓടി കൊണ്ടിരുന്ന കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തേയ്ക്ക് ചാടി. കാറിന്‍റെ ഉള്ളില്‍ ഒരു എട്ടുകാലിയെ കണ്ടു ഭയന്നതാണ്. ആ എട്ടുകാലി ഏറ്റവും വിഷം ഉള്ള ബ്രൗണ്‍ റെക്ലൂസ് സ്പൈഡര്‍ ആണെങ്കില്‍ കൂടി, അത് കടിച്ചാല്‍ ഉണ്ടാവുന്ന ദോഷത്തെക്കാള്‍ വലിയ അപകടം സംഭവിക്കാമായിരുന്നു. വളരെ വല്ല്യ ഒരു സാഹസമാണ് ആ കുട്ടി കാണിച്ചത്. മരിച്ചു പോവുകയോ, ജീവിതകാലം മുഴുവന്‍ കോമാ സ്റ്റേജില്‍ ആവുകയോ തളര്‍ന്നു പോവുകയോ ഒക്കെ ചെയ്യാമായിരുന്നു. ഇത് ആ കുട്ടിക്കും അറിയുവാന്‍ വയ്യാഞ്ഞിട്ടല്ല. പിന്നെ എന്താണ് അവിടെ സംഭവിച്ചത്?
നിങ്ങള്‍ ഡ്രൈവ് ചെയ്യുന്ന സമയത്തു കാറില്‍ ഒരു പാമ്പിനെ കണ്ടാല്‍ നിങ്ങളും ഒരുപക്ഷേ ഇതു തന്നെ ചെയ്തേക്കാം. ഇവിടെ എന്താണ് സംഭവിക്കുന്നത്? ഈ പ്രതിഭാസത്തിനാണ് അമിഗ്ദാല ഹൈജാക്കിങ് എന്ന് പറയുന്നത്.
തലച്ചോറിന്‍റെ ലിംബിക് സിസ്റ്റത്തിന്‍റെ ഭാഗമാണ് അമിഗ്ദാല. ഒരു വ്യക്തിയുടെ വൈകാരി കവും പെരുമാറ്റപരവുമായ പ്രതികരണങ്ങള്‍ക്ക് ഉത്തരവാദികളായ തലച്ചോറിനുള്ളിലെ സങ്കീര്‍ണ്ണവും പരസ്പരബന്ധിതവുമായ ഘടനകളുടെ ഒരു കൂട്ടമാണ് ലിംബിക് സിസ്റ്റം. അമിഗ്ദാല നമ്മളില്‍ ഫൈറ്റ് ഓര്‍ ഫ്ളയിറ്റ് എന്ന പ്രതികരണം ഉണ്ടാക്കുന്നു. ഈ പ്രതികരണം ഉടനടി ശാരീരിക അപകടത്തില്‍പ്പെടുന്ന ആളുകളെ അവരുടെ സുരക്ഷയ്ക്കുവേണ്ടി വേഗത്തില്‍ പ്രതികരിക്കാന്‍ സഹായിക്കും. ഉദാഹരണത്തിന്, ഫൈറ്റ് ഓര്‍ ഫ്ളയിറ്റ് പ്രതികരണം ആദ്യകാല മനുഷ്യരെ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യാതിരിക്കാന്‍ സഹായിച്ചു.
നിങ്ങളുടെ ബോധപൂര്‍വമായ തീരുമാനം ഇല്ലാതെ തന്നെ ഈ അമിഗ്ദാല ഫൈറ്റ് ഓര്‍ ഫ്ളയിറ്റ് പ്രതികരണം ഉണ്ടാക്കുന്നു. ഒരു അപകടം തിരിച്ചറിയുമ്പോള്‍, അമിഗ്ദാല നിങ്ങളുടെ തലച്ചോറില്‍ സ്ട്രെസ് ഹോര്‍മോണുകള്‍ പമ്പ് ചെയ്യുന്നതിനായി സിഗ്നല്‍ നല്‍കുന്നു. ഒന്നുകില്‍ നിലനില്‍പ്പിനായി പോരാടുന്നതിനോ അല്ലെങ്കില്‍ സുരക്ഷിതത്വ ത്തിലേക്ക് ഓടുന്നതിനോ നിങ്ങളുടെ ശരീരത്തെ അത് സജ്ജമാക്കുന്നു.
പിരിമുറുക്കം, ഭയം, ഉത്കണ്ഠ, ആക്രമണോത്സുകത, കോപം തുടങ്ങിയ വികാരങ്ങളാല്‍ ഫൈറ്റ് ഓര്‍ ഫ്ളയിറ്റ് പ്രതികരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശാരീരികമോ മാനസികമോ ആയ ഒരു ഭീഷണി ഉണ്ടായാല്‍, അമിഗ്ദാല ഫൈറ്റ് ഓര്‍ ഫ്ളയിറ്റ് പ്രതികരണത്തിലേക്ക് വളരെ വേഗം കുതിച്ചേക്കാം. ഫ്രോണ്ടല്‍ ലോബുകള്‍ ആണ് നിങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ പ്രോസസ്സ് ചെയ്ത് മുന്‍പില്‍ ഉള്ള അപകടം യഥാര്‍ത്ഥമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ നിങ്ങളെ സഹായിക്കുന്നത്. പക്ഷെ അമിഗ്ദാല ഹൈജാക്കിങ് വിവേക പൂര്‍ണമായ ഒരു തീരുമാനത്തിലേക്ക് എത്തുവാനുള്ള സമയം നിങ്ങള്‍ക്ക് തരുന്നില്ല. വിവരങ്ങള്‍ ഫ്രോണ്ടല്‍ ലോബിന്‍റെ അടുത്തുവരെ എത്തുന്നില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അമിഗ്ദാല നിങ്ങളുടെ തലച്ചോറിന്‍റെയും പ്രതികരണങ്ങളുടെയും നിയന്ത്രണം 'ഹൈജാക്ക്' ചെയ്യുന്നു.
അമിഗ്ദാല ഹൈജാക്കിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതായി വ്യക്തിക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഫ്രോണ്ടല്‍ ലോബിന്‍റെ പ്രവര്‍ത്തനം ബോധപൂര്‍വ്വം സജീവമാക്കാന്‍ സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്.
ഉദാഹരണത്തിന്, നിങ്ങള്‍ക്കു സമ്മര്‍ദ്ദം അനുഭവപ്പെടുകയും കൈകള്‍ വിയര്‍ക്കാന്‍ തുടങ്ങുകയും ഹൃദയമിടിപ്പ് വേഗത്തിലാവുകയും ചെയ്താല്‍, അമിഗ്ദാല നിയന്ത്രണം ഏറ്റെടുത്തു എന്നര്‍ത്ഥം. ഈ സമയത്തു വിവേകരഹിതമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാതെ ഇരിക്കുവാന്‍ ബോധപൂര്‍വം തന്നെ ശ്രമിക്കണം.
ഒരു വല്ലാത്ത സാഹചര്യമുണ്ടായാല്‍ ഒരു തീരുമാനം എടുക്കുന്നത് കഴിയുന്നതും നീട്ടി കൊണ്ട് പോവണം. വാച്ചില്‍ നോക്കി ഒരു മിനിറ്റ് കഴിയട്ടെ എന്ന് തീരുമാനിക്കുക. അല്ലെങ്കില്‍ 60 സെക്കന്‍ഡ് എണ്ണുക. ശ്വാസം നന്നായി എടുത്തു ഓട്ടോ സജക്ഷന്‍ (സ്വയം നിയന്ത്രിക്കുവാനുള്ള നിര്‍ദേശങ്ങള്‍) മനസിന് നല്‍കുക.
അല്‍പ്പം വെള്ളം കുടിക്കുവാന്‍ അവസരം ഉണ്ടെങ്കില്‍ അത് ചെയ്യുക. ഈ സമയം കൊണ്ട് അമിഗ്ദാല ഒന്ന് അയയും. പിന്നീട് എടുക്കുന്ന തീരുമാനങ്ങള്‍ കുറച്ചു കൂടെ യുക്തിസഹജമായിരിക്കും. നിര്‍ഭാഗ്യകരമെന്നു പറയട്ടെ എപ്പോഴും ഇതൊന്നും നടന്നെന്നുവരില്ല. പക്ഷേ കഴിയുന്നത്ര ശ്രമിക്കുക.
ഡോ. റോബിന്‍ കെ. മാത്യു (ബിഹേവിയറല്‍ സൈക്കോളജിസ്റ്റ്)
Featured Posts
bottom of page