top of page

ഒരു സാധാരണ മനുഷ്യന്‍

Mar 1, 2016

1 min read

രാജീഷ് മഹാദേവ്
The Crucified Jesus.

ഞാനുമൊരു മനുഷ്യനായിരുന്നു;

ഒരു സാധാരണ മനുഷ്യന്‍.

ഞാന്‍ സമാധാനമായി കണ്ണടച്ചു.

പക്ഷെ, പിന്നീടാണ് ഞാനറിഞ്ഞത്,

നിങ്ങളെന്നെ മുപ്പത്തിമൂന്നാം വയസ്സില്‍

കുരിശ്ശിലേറ്റി കൊന്നു കളഞ്ഞെന്ന്.....

എന്‍റെ തലയില്‍ മുള്ളുകൊണ്ട് കിരീടം ചൂടിച്ചെന്ന്...

എന്‍റെ മാംസം പന്ത്രണ്ട് പേര്‍ക്ക് പകുത്ത്,

എന്‍റെ ചോരയില്‍ മുക്കി കൊടുത്തെന്ന്...

സത്യത്തില്‍ എന്താണ് ഞാന്‍ ചെയ്തത്.......

അജ്ഞതയുടെ അന്ധകാരത്തില്‍ തപ്പിത്തടഞ്ഞവന്

അക്ഷരവെളിച്ചം പകര്‍ന്നു കൊടുത്തു.

സ്വന്തം ദുഷ്ചെയ്തികള്‍ കാരണം ജീവിച്ചിരിക്കെ

മൃതതുല്യനായവന് നന്മയുടെ പുതു ജീവന്‍ നല്കി.

അദ്ധ്വാനത്തിന്‍റെ മഹത്വം വീണ്ടും വീണ്ടും

ചൊല്ലിക്കൊടുത്ത്, അഞ്ചു പാത്രങ്ങളില്‍ നിറച്ച വിത്ത്;

അയ്യായിരം പേര്‍ക്ക് അപ്പമായി, അന്നമായി മാറ്റുന്ന മാജിക്...

കൃഷി ചെയ്യാന്‍ പഠിപ്പിച്ചു.

വിശന്നു പൊരിഞ്ഞ് മീന്‍ ഇരന്നവനെ,

മീന്‍ പിടിക്കാനും, വളര്‍ത്താനും പഠിപ്പിച്ചു.

ദേവാലയത്തിലെ വാണിഭക്കാരെ, ഭക്തിരസം

മൊത്തമായ്, ചില്ലറയായി വിറ്റു കൊണ്ടിരുന്നവരെ

ചങ്കുറപ്പോടെ നേരിട്ടു..ആട്ടിയിറക്കി വിട്ടു.

എന്‍റെ ആശയങ്ങളില്‍, പ്രവൃത്തികളില്‍ പ്രതീക്ഷാപൂര്‍വ്വം....

അവര്‍ പന്ത്രണ്ടു പേര്‍, എന്‍റെ സഖാക്കള്‍.

അവര്‍ക്കായ് നല്‍കാന്‍, നിയമസംഹിതകളോ, കല്‍പ്പനകളോ,

സുവിശേഷങ്ങളോ എനിക്കില്ലായിരുന്നു.

ഞാന്‍ പറയേണ്ടതെല്ലാം ചെയ്തു......

എഴുതേണ്ടതെല്ലാം പ്രവര്‍ത്തിച്ചു......

ഞാന്‍ കര്‍മ്മമായിരുന്നു....

പക്ഷേ, ഇപ്പോള്‍....

എനിക്കറിയില്ല, ആരാണ് എപ്പോഴാണ്

എന്നെ കര്‍ത്താവാക്കിയതെന്ന് ??

ദൈവപുത്രനാക്കിയതെന്ന് ???

Featured Posts

Recent Posts

bottom of page