top of page

എന്നിട്ടും എന്തുകൊണ്ടാണച്ചാ....?

Sep 1, 2011

3 min read

ഫാ. ജോസ് വെട്ടിക്കാട്ട്

ഭാരപ്പെട്ട ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളതുകൊണ്ട് സ്വകാര്യമായി ചെലവഴിക്കാന്‍ ധാരാളം സമയമുണ്ട്. ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യാന്‍ ആലോചിച്ചപ്പോള്‍ വിശുദ്ധരുടെ ജീവചരിത്രം സംക്ഷിപ്തമായി എഴുതി പ്രസിദ്ധീകരിച്ചാലോ എന്നു ചിന്തിച്ചു. അഞ്ചാറെണ്ണം തയ്യാറാക്കിക്കഴിഞ്ഞപ്പോള്‍, സാഹിത്യാസ്വാദകനും നല്ല വിദ്യാഭ്യാസയോഗ്യതയുമുള്ള റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പരിചയമുണ്ടായിരുന്നതുകൊണ്ട് അതെല്ലാം വായിച്ച് എഡിറ്റ് ചെയ്തു തരുവാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. ഞാന്‍ കൊടുത്തയച്ച മാറ്റര്‍ മുഴുവന്‍ വായിച്ച് തിരുത്തലും നടത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ അതുമായി അദ്ദേഹമെത്തി. ഒപ്പം ഭാര്യയുമുണ്ടായിരുന്നു.

"അച്ചനിതു പണ്ടേ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ഇത്രമാത്രം മനസ്സ് മടുത്ത് ജീവിക്കേണ്ടിവരില്ലായിരുന്നു".

വേറൊരച്ചന്‍ വഴി പരിചയപ്പെടുത്തി കിട്ടിയ ആളായിരുന്നതുകൊണ്ട് ഇദ്ദേഹത്തിന്‍റെ ബാക്കി ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും ഞാന്‍ അന്വേഷിച്ചിരുന്നില്ല. മനസ്സു മടുത്ത് ജീവിക്കേണ്ടിവന്നിരിക്കുന്നയാളാണെന്നുള്ള അങ്ങേരുടെ ആത്മഗതം എനിക്കൊട്ടു മനസ്സിലായുമില്ല.

"ഞാന്‍ ഏതായാലും രണ്ടുമൂന്നെണ്ണംകൂടി തീര്‍ത്തുവച്ചിട്ടുണ്ട്. മനസ്സ് മുഴുവന്‍ മടുക്കുന്നതിനുമുമ്പ് അതുംകൂടി ഒന്നു നോക്കിത്തരണം." ഞാന്‍ അപേക്ഷവച്ചു.

"ഞങ്ങളു രണ്ടുംകൂടിയാണച്ചാ ഈ പണി തീര്‍ത്തത്. എന്നെക്കാളും ഭാഷാശുദ്ധിക്കു മെച്ചം ഇവളാ."

"തെറ്റും കുറ്റങ്ങളും അപ്പോത്തന്നെ കണ്ടുപിടിക്കാന്‍ എന്നെക്കാളും സമര്‍ത്ഥന്‍ ഇദ്ദേഹവുമാണ്," ഭാര്യ.

"നല്ല ചേര്‍ച്ച, ഏതായാലും എനിക്കിത് നിങ്ങളെത്തന്നെ ഏല്‍പ്പിക്കാന്‍ തോന്നിയതു ഭാഗ്യം."

"പലവിചാരപ്പെട്ടും വിഷമിച്ചും ഇരിക്കാതെ വല്ലതുംചെയ്യാന്‍ കിട്ടിയതില്‍ ഞങ്ങള്‍ക്കും സന്തോഷം."

"എന്നാല്‍ അല്‍പ്പം ചായയും കുടിച്ച് പുതിയ മൂന്നാലെണ്ണം ഞാന്‍ പരിചയപ്പെടുത്തിത്തരാം." ഞാന്‍ എഴുന്നേറ്റു.

"അച്ചനല്‍പ്പസമയമിരിക്കാമോ? അച്ചനോട് അല്‍പ്പം സംസാരിക്കാനാണ് ഞങ്ങള്‍ രണ്ടുപേരുംകൂടി വന്നത്" ഞാനിരുന്നു.

"പലവിചാരപ്പെട്ടും വിഷമിച്ചും ഇരിക്കുന്നതിനെപ്പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ അച്ചനെന്തെങ്കിലും ചോദിക്കും എന്നു ഞാനോര്‍ത്തു".

"സ്വകാര്യതകളിലേക്ക് ഞാന്‍ സ്വമനസ്സാലെ കടന്നുകയറാറില്ല. അതെന്‍റെയൊരു പോളിസിയാണ്. എന്തെങ്കിലും ആരെങ്കിലും പങ്കുവച്ചാല്‍ അതിനോട് ആത്മാര്‍ത്ഥമായി പ്രതികരിക്കാറുണ്ട്".

"അച്ചാ, ഞങ്ങള്‍ വല്ലാത്തൊരവസ്ഥയിലാണ്. മക്കളുടെ കാര്യത്തിലാണ്. അച്ചനോടൊന്നു സംസാരിക്കണമെന്ന് ഇവള്‍ പറഞ്ഞതിനാലാണ് എത്രയും വേഗത്തില്‍ ഏല്‍പ്പിച്ച പണിതീര്‍ത്ത് ഞങ്ങള്‍ ഓടിവന്നത്."

"എല്ലാം സംഭവിച്ചുകഴിഞ്ഞ് ആരുടെയെങ്കിലും മേല്‍ പഴിചാരുന്നത് ശരിയല്ലായെന്ന് എനിക്കറിയാം. എന്നാലും വളര്‍ത്തിയതിന്‍റെ കുറ്റമാണ് എന്ന് എല്ലാവരും എന്നെ പഴിക്കുമ്പോഴും നിന്‍റെ ശ്രദ്ധക്കുറവുകൊണ്ടാണെന്ന് ഇദ്ദേഹമെപ്പോഴും എന്നെ കുത്തിപ്പറയുന്നതുകൊണ്ടും എന്‍റെ ഒരാശ്വാസത്തിനുവേണ്ടി ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും വലിയ പരിചയമില്ലാത്ത അച്ചന്‍റെ അടുത്തൊന്ന് വന്നു സംസാരിക്കണമെന്നു തോന്നി."

"പെണ്‍മക്കളുടെ കാര്യത്തില്‍ ഇവളല്ലെ അച്ചാ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കതിരേല്‍ക്കൊണ്ടേ വളംവച്ചിട്ട് കാര്യമൊന്നുമില്ലല്ലോ" അദ്ദേഹത്തിന് അല്‍പ്പം അരിശം.

"ദേഷ്യപ്പെടാനാണേല്‍ ഞാന്‍ ഇനി ഒന്നും പറയുന്നില്ല. നിര്‍ത്തിയേക്കാം. എല്ലാം പറഞ്ഞോളാന്‍ നേരത്തെ സമ്മതിച്ചതുകൊണ്ടാണ് ഞാന്‍ പറഞ്ഞുതുടങ്ങിയത്." അവര്‍ പിന്‍വലിയാന്‍ തുടങ്ങി.

"പറഞ്ഞോ പറഞ്ഞോ, ഞാനൊന്നും തടയുന്നില്ല," അത്ര ഇഷ്ടമില്ലാതെ.

രണ്ടുപേരും മൗനം. വളരെ സന്തോഷമായി വന്നിട്ട് എല്ലാം കുഴഞ്ഞതുപോലെ. ഞാനിടപെടേണ്ട രംഗമായി എന്ന് എനിക്കു തോന്നി.

"നിങ്ങള് സ്വമേധയാ പറയാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ പൊട്ടലും ചീറ്റലും ആയില്ലേ. ഞാന്‍ ചോദിച്ച് പറയിപ്പിക്കാതിരുന്നതിന്‍റെ കാരണം ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായില്ലേ. അതുപോകട്ടെ. നിങ്ങള്‍ എന്തൊക്കെയോ പറഞ്ഞു എന്നല്ലാതെ എനിക്കൊരു ചുക്കും മനസ്സിലായിട്ടില്ല. എത്ര മക്കളുണ്ടെന്നുപോലും നിങ്ങള്‍ പറഞ്ഞില്ല. വികാരം കൊള്ളാതെ ശാന്തമായിട്ടിരുന്ന് ഒന്നു പറഞ്ഞു തുടങ്ങുക".

പിന്നീട് എല്ലാം ശാന്തമായിരുന്നു. ഇടയ്ക്കിടെ പരസ്പരം കടന്നാക്രമിച്ചെങ്കിലും പെട്ടെന്ന് ക്ഷമപറഞ്ഞ് ശാന്തരായി. മൂന്നു മക്കളാണ്. മൂത്തത് രണ്ടും പെണ്‍കുട്ടികള്‍. ഇളയ ആണ്‍കുട്ടിക്ക് വളരെ പ്രായവ്യത്യാസമുണ്ട.് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു. മൂത്തപെണ്‍കുട്ടി നാട്ടിലും അയല്‍സംസ്ഥാനങ്ങളിലുമായി പഠിച്ച് ജോലിയായി. ഇപ്പോള്‍ വിവാഹം കഴിക്കാതെ ഒരു മുസ്ലീമിന്‍റെകൂടെ ജീവിക്കുന്നു. രണ്ടാമത്തെ പെണ്‍കുട്ടി വേറൊരു സമുദായത്തില്‍പ്പെട്ട മലയാളിയല്ലാത്ത ഒരു യുവാവുമായി രജിസ്റ്റര്‍ വിവാഹം ചെയ്ത് അവള്‍ ജോലിചെയ്യുന്ന സ്ഥലത്തുതന്നെ താമസിക്കുന്നു.

പാരീഷ്കൗണ്‍സില്‍ അംഗങ്ങളായും ഭക്തസംഘടനാ ഭാരവാഹികളുമായൊക്കെ ഇടവകയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ രണ്ടുപെണ്‍മക്കളും ഇങ്ങനെ ആയതില്‍പ്പിന്നെ ഇടവകപ്പള്ളിയില്‍ പോയിട്ടില്ല. ദൈവാനുഗ്രഹത്തിന് അടുത്തൊരു ലത്തീന്‍ പള്ളിയുള്ളതുകൊണ്ട് അവിടെയാണ് കുര്‍ബ്ബാനയ്ക്കു പോകുക.

പെണ്‍മക്കളുടെ മുമ്പില്‍ രണ്ടുപേരും എല്ലാവഴിയും നോക്കി. കരഞ്ഞും കാലുപിടിച്ചുംവരെ കെഞ്ചി. അവരു വശപ്പെട്ടില്ല. അവര്‍ അവരുടെ വഴിക്കുതന്നെ നീങ്ങി. ഇനിയും അവരെ വീട്ടില്‍ക്കയറ്റില്ലെന്ന നിലപാടിലായി അപ്പന്‍. എല്ലാം ക്ഷമിച്ച് സമാധാനത്തിലാകണമെന്ന് അമ്മ.

മക്കളെ പഠിപ്പിക്കാന്‍വേണ്ടി ഒരുപാട് കഷ്ടപ്പെട്ടതിന്‍റെയും കൂട്ടിരുന്ന് പഠിപ്പിച്ചതിന്‍റെയും രാത്രിയും പകലും ട്യൂഷന് കൊണ്ടുപോയതിന്‍റെയും ഒക്കെ ഒത്തിരി ചരിത്രങ്ങള്‍ അവര്‍ വര്‍ണ്ണിച്ചു. കുടുംബപ്രാര്‍ത്ഥന മുടക്കാതെയും പള്ളിക്കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചും ഒരു കുറവും അറിയിക്കാതെ ഈ മക്കളെ വളര്‍ത്തിയിട്ടും അവരിങ്ങനെയായിപ്പോയതെന്തുകൊണ്ടാണെന്നാണ് ഇവരുടെ ചോദ്യം. ഇത്രയും സ്നേഹിച്ചുവളര്‍ത്തിയ മാതാപിതാക്കന്മാരെ എങ്ങനെ അവര്‍ക്കു തള്ളിപ്പറയാനായി? സ്വന്തം ഇഷ്ടംമാത്രം മുറുകെപ്പിടിച്ച് എങ്ങനെ അവര്‍ അവരുടെ വഴിക്കുമാത്രം നീങ്ങി? വിശ്വാസവും മതവുമൊന്നും അവര്‍ക്ക് വിഷയമല്ലാതായി? ഇങ്ങനെ ചോദ്യങ്ങള്‍ ഒത്തിരി. അവരേതാണ്ടൊന്നു പറഞ്ഞുതീര്‍ന്നതുപോലെ നിശ്ശബ്ദരായി. ഇത്രയും നേരവും യാതൊരു തടസ്സവുമിടാതെയും പ്രതികരണം കാണിക്കാതെയും ഞാന്‍ നിശ്ശബ്ദനായി ഇരുന്നതുകൊണ്ടുമാവാം ഒരുപക്ഷേ അവര്‍ നിര്‍ത്തിക്കളഞ്ഞത്. എല്ലാം ഒന്നു ശാന്തമായപ്പോള്‍ ഞാന്‍ തുടങ്ങി:

"നിങ്ങള്‍ ചോദിച്ച എല്ലാചോദ്യങ്ങള്‍ക്കും ഉത്തരം നിങ്ങളുതന്നെയാണ് കണ്ടെത്തേണ്ടത,് ഞാനല്ല. ഇപ്പോള്‍ ഇവിടെയിരുന്ന് അതെല്ലാം കണ്ടുപിടിക്കണമെന്ന് ഞാന്‍ പറയുന്നില്ല. സമയമെടുത്ത് നിങ്ങളുടെ ജീവിതത്തിലേക്കു തന്നെ തിരിഞ്ഞുനോക്കി കണ്ടുപിടിക്കുകയാണ് വേണ്ടത്. അപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും പഴിപറയുന്നതിനു പകരം സ്വയം പഴിക്കാന്‍ പലതും കണ്ടെത്തും. അതു ചെയ്താലേ ഇനിയുമെങ്ങനെ എന്നുള്ള ഉത്തരം കിട്ടൂ."

കുടുംബപ്രാര്‍ത്ഥനയും പള്ളീപ്പോക്കും പള്ളിപ്രവര്‍ത്തനവും വളരെ വേണ്ടപ്പെട്ടതാണ്. അതു നിങ്ങള്‍ക്ക് സല്‍പ്പേരും സമൂഹത്തില്‍ അംഗീകാരവും നല്‍കി. മക്കള്‍ക്കത് മാതൃകയായി എന്നു നിങ്ങള്‍ ചിന്തിച്ചു. ഒറ്റനോട്ടത്തില്‍ ശരിയാണ്. എന്നാലും ഇതിലൊന്നും വലിയ വിലയില്ലെന്ന് അവര്‍ക്ക് തോന്നത്തക്കതെന്തെല്ലാം നിങ്ങളുതന്നെ ചെയ്തിട്ടുണ്ട്, ഒന്നു ചിന്തിച്ചുനോക്ക്. പരീക്ഷയടുക്കുമ്പോഴും പഠിക്കാന്‍ കൂടുതലുള്ളപ്പോഴും പ്രാര്‍ത്ഥനയും ചിലപ്പോള്‍ പള്ളീപ്പോക്കുപോലും ഒഴിവാക്കിയതും, എക്സ്ട്രാ ട്യൂഷന്‍റെ പേരില്‍ വേദപാഠം വേണ്ടെന്നു വച്ചതും, പഠിച്ച് ജോലി നേടി സമ്പാദിക്കാനുള്ള വഴിനേടാന്‍ നിരന്തരമുള്ള പ്രോത്സാഹനവും, പണമുണ്ടായിട്ടെ കാര്യമുള്ളൂ എന്ന ധ്വനിയുള്ള നിങ്ങളുടെ വാക്കുകളും, ഇതൊക്കെ അവരുടെയുള്ളില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് എന്തിനാണ് എന്നുള്ളതിന് ഒരു മുന്‍ഗണനാക്രമം സൃഷ്ടിച്ചു. അവരുടെ ഇഷ്ടങ്ങളെ വിവേകമില്ലാതെ അംഗീകരിച്ചും അവരുടെ നിയന്ത്രണം അവര്‍ക്കുതന്നെ ഏല്‍പ്പിച്ചുകൊടുത്തും മറ്റാരെങ്കിലും തിരുത്തുന്നതുപോലും നിങ്ങളും അംഗീകരിക്കാതെ അവരെ അവരുടെ വഴിക്ക് പോകാന്‍ പ്രോത്സാഹിപ്പിച്ചു.

അവരു പഠിച്ചു. കൂടുതല്‍ പഠിക്കാന്‍ വീടിന്‍റെ സുരക്ഷിതത്വത്തില്‍ നിന്നും മാറിനില്‍ക്കേണ്ടിവന്നു. പണം മുടക്കാന്‍ നിങ്ങളും അതു ചെലവാക്കാന്‍ അവര്‍ക്കും തീരെ മടിയില്ലാതായി. സഹപാഠികളും കൂട്ടുകാരും ചേര്‍ന്നപ്പോള്‍ ഭാവനകളുണരുകയും നിയന്ത്രണങ്ങള്‍ കുറയുകയും അരുതുകളും അതിരുകളും അവര്‍ക്ക് ബാധകമല്ലാതായി തീരുകയും ചെയ്തു.

ജോലിയും കിട്ടി നാല് കാശും കൈയ്യില്‍ വന്നുകഴിഞ്ഞപ്പോള്‍ വീടും മാതാപിതാക്കളുമായിയുള്ള ബന്ധം കുറഞ്ഞു. അവനവന്‍ ചെയ്യുന്നത് ശരി എന്ന് അവര്‍ക്കു തോന്നിത്തുടങ്ങി. മറ്റാര് പറയുന്നതിനും അവര്‍ മറുന്യായങ്ങള്‍ കണ്ടുപിടിച്ചു തുടങ്ങിക്കാണും. അതോടെ അവര്‍ വീടിനും വീട്ടുകാര്‍ക്കും എതിരെ തിരിയാനും തുടങ്ങിക്കാണണം. അപ്പന്‍ പണ്ട് അങ്ങനെ ചെയ്തില്ലെ, അമ്മ പണ്ട് ഇങ്ങനെയല്ലായിരുന്നോ എന്നൊക്കെ ചോദിച്ചും തുടങ്ങിക്കാണും." ആ സ്ത്രീ കണ്ണ് തുടയ്ക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ നിര്‍ത്തി.

"നിങ്ങള്‍ക്കൊന്ന് ചിന്തിക്കാന്‍ വേണ്ടിയും മക്കളെയും മറ്റുള്ളവരെയും പഴിചാരുന്നതിനുമുമ്പ് സ്വയമൊന്നു പരിശോധിക്കാനും ഞാന്‍ പറഞ്ഞെന്നേയുള്ളൂ".

"ഞങ്ങളുടെ ചരിത്രമാണ് അച്ചന്‍ പറഞ്ഞത് മുഴുവന്‍" ആ സ്ത്രീയൊന്നു തേങ്ങി. ഞാന്‍ പിന്നെ തുടര്‍ന്നില്ല.

ഫാ. ജോസ് വെട്ടിക്കാട്ട്

0

0

Featured Posts

bottom of page