top of page
പൗരോഹിത്യം സഭയുടെ അജപാലനദൗത്യത്തിന്‍റെ ഭാഗമാണ്. ആദിമപാരമ്പര്യമനുസരിച്ച് ഒരു വിവാഹിതനോ സന്യാസിക്കോ ഏകസ്ഥനോ പുരോഹിതനാകാന്‍ കഴിയുമായിരുന്നു. പൗരോഹിത്യത്തിന് അത് നിര്‍വ്വഹിക്കേണ്ട കൃത്യമായ ജോലികളുണ്ട്. അത് നിര്‍വ്വഹിക്കേണ്ട ക്രിസ്തീയശൈലിയുണ്ട്. ആ ശൈലിയുടെ ക്രിസ്തീയ ആത്മീയതയുണ്ട്. അതിനപ്പുറം അതൊരു ജീവിതശൈലിയല്ല. നിര്‍ബന്ധിത കന്യാത്വപാലനം പൗരോഹിത്യത്തിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ സന്യാസത്തിന്‍റെ ജീവിതശൈലിയും ആത്മീയതയും അവരോടും പ്രസംഗിക്കപ്പെടാന്‍ തുടങ്ങി. കന്യാത്വജീവിതശൈലി പ്രകൃത്യാ ലഭിക്കുന്ന ഒരു ദാനമാണെന്നും (charism) പൗരോഹിത്യശുശ്രൂഷ ചെയ്യാന്‍ ആഗ്രഹിക്കുന്ന, വിശ്വാസസമൂഹത്തിന് സുസമ്മതനായ വിശ്വാസിയോട് കാനോനികനിയമംവെച്ച് ആവശ്യപ്പെടാന്‍ കഴിയുന്നതല്ലെന്നുമുള്ള തിരിച്ചറിവ് പാശ്ചാത്യസഭയ്ക്ക് ഇല്ലാതെപോയി. പാശ്ചാത്യസഭയുടെ ആ ശൈലിയെ വേണ്ടത്ര വിവേചനമില്ലാതെ ചില പൗരസ്ത്യസഭകളും സ്വീകരിച്ചു. അന്നുമുതലാണ് പൗരോഹിത്യവും പുരുഷസന്യസ്ത ജീവിതവും തമ്മിലുള്ള അന്തരം വിശ്വാസികള്‍ക്കിടയിലും എന്തിനേറെ സന്യാസപൗരോഹിത്യം സ്വീകരിക്കുന്നവര്‍ക്കിടയില്‍പോലും ഇല്ലാതെ പോയത്.
പുരുഷസന്യാസവും പൗരോഹിത്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ സമൂഹത്തിനും സന്യാസികള്‍ക്കും പുരോഹിതര്‍ക്കും വ്യക്തമാകുംവിധം തെളിച്ചിടേണ്ട കാലം ഇന്ത്യന്‍ സഭാപശ്ചാത്തലത്തില്‍ അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. ഇത് വെറും ഉത്ബോധനത്തിലൂടെ മാത്രം സാധ്യമാകുന്ന ഒന്നല്ല, പതിനഞ്ചും പതിനേഴും വയസ്സുള്ള ആണ്‍കുട്ടികള്‍ 'അച്ചനാകാന്‍' ആഗ്രഹിച്ച് സെമിനാരിയല്‍ ചേരുന്നു. അവര്‍ സത്യത്തില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിക്കൊടുക്കാന്‍ ഇവിടുത്തെ സഭാസംവിധാനങ്ങള്‍ക്കോ പുരോഹിതര്‍ക്കോ സന്യസ്തര്‍ക്കോ മാതാപിതാക്കള്‍ക്കോ പലപ്പോഴും കഴിയുന്നില്ല.
ഒരാള്‍ 'അച്ചനാകാന്‍' ആഗ്രഹിക്കുന്നു എന്നു പറയുമ്പോള്‍തന്നെ അയാള്‍ ആഗ്രഹിക്കുന്നത് പൗരോഹിത്യമാണെന്ന് ആദ്യംതന്നെ വ്യക്തമാക്കണം. ആ ആഗ്രഹത്തിന് പിന്നില്‍ കാര്യമായ സന്യസ്തവാഞ്ഛയൊന്നും ഉണ്ടാവില്ല. അവരില്‍ ചിലര്‍ രൂപതാസെമിനാരിയില്‍ ചേരുന്നു. അവിടെ അഡ്മിഷന്‍ കിട്ടാത്ത ചിലര്‍ സന്യാസസഭകളില്‍ വരുന്നു. സന്യാസസഭകളില്‍നിന്ന് മടക്കി അയയ്ക്കുന്ന ചിലര്‍ ചില രൂപതാസെമിനാരികളില്‍ പോയി ചേരുന്നു. എല്ലാവരുടെയും ലക്ഷ്യം പ്രധാനമായി ഒന്നേയുള്ളൂ - ഒരു പുരോഹിതനാവുക. അത് തെളിവുസഹിതം മനസ്സിലാക്കണമെങ്കില്‍ നിലവില്‍ ഇവിടെ സന്യസ്തജീവിതം മാത്രമുള്ള സന്യാസസഭകള്‍ക്ക് എന്തു സംഭവിച്ചു എന്ന് ശ്രദ്ധിച്ചാല്‍ മതി. ഇവിടെ കന്യാസ്ത്രിമഠങ്ങളൊക്കെ അടച്ചുപൂട്ടലിന്‍റെ വക്കിലേയ്ക്ക് എത്തിയെന്ന യാഥാര്‍ത്ഥ്യം കേരളസഭ ഞെട്ടലോടെ തിരിച്ചറിഞ്ഞുതുടങ്ങി. പക്ഷെ അതിനൊക്കെ ഒത്തിരിമുന്‍പേ പുരുഷന്മാരുടെ സന്യാസം മാത്രം ജീവിക്കുന്ന സഭകള്‍ അന്യംനില്‍ക്കാന്‍ തുടങ്ങിയിരുന്നു. "ബ്രദേഴ്സ് കോണ്‍ഗ്രിഗേഷന്‍സ്" എന്നു വിളിക്കുന്ന സന്യാസസമൂഹങ്ങള്‍ പലതും പൗരോഹിത്യത്തിലേക്ക് ചേക്കേറുകയോ അടുത്ത രണ്ടു ദശാബ്ദത്തിനുള്ളില്‍ അടച്ചുപൂട്ടുകയോ ചെയ്യണം എന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കേരളസഭയില്‍ ഉണ്ടായ 'പൗരോഹിത്യ ദൈവവിളികള്‍'ക്ക് ഒരു മുഖ്യപങ്കു വഹിച്ചത് ഇവിടുത്തെ വിവിധ സന്യാസ സഭകളാണ്. "പൗരോഹിത്യമില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സന്യാസം എങ്ങനെ ജീവിക്കും?" എന്ന് ചോദിച്ചാല്‍ വളരെ വ്യക്തതയോടുകൂടി പറയാന്‍ കഴിയുന്ന പുരുഷസന്യസ്തര്‍ വളരെ തുച്ഛമാണ്. സാധാരണ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ളോഹയിട്ട് നടക്കുന്ന എല്ലാവരും അച്ചന്മാര്‍ മാത്രമാണെന്ന പൊതുധാരണയും ഉണ്ട്. അതുകൊണ്ട് ഇതുവരെ പുരുഷസന്യസ്തര്‍ അവരുടെ സന്യാസ സ്വത്വം കൃത്യമായി അന്വേഷിച്ചിട്ടില്ല.
ഒരാള്‍ പുരോഹിതനാകുന്നതിന് പിന്നില്‍ ആത്മീയകാരണങ്ങള്‍ മാത്രമാണ് ഇന്നോളം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആത്മീയ കാരണങ്ങള്‍ക്ക് അപ്പുറത്ത് സാമൂഹികവും സാമ്പത്തികവും മനഃശാസ്ത്രപരവുമായ കാരണങ്ങള്‍ ഉണ്ട് ഒരാള്‍ പൗരോഹിത്യം ആഗ്രഹിച്ച് പരിശീലനത്തിനുവേണ്ടി വരുമ്പോള്‍. ആ കാരണങ്ങളെ വേണ്ടവിധം വിലയിരുത്തിക്കൊണ്ട് ക്രിസ്തീയഗുണമുള്ള(quality vocation) ദൈവവിളികളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയാതെ പുരോഹിതരാകുന്നവരുടെ എണ്ണത്തില്‍ മതിമറന്ന് (quantity) കേരളസഭ ദൈവവിളിയുടെ ഈറ്റില്ലമാവുകയാണെന്ന് നാം തെറ്റിദ്ധരിച്ചു. എണ്‍പതുകള്‍ക്ക് മുന്‍പ് അതായത്, ആഗോളസംസ്കാരവും ശാസ്ത്രസാങ്കേതികവിദ്യയും അണുകുടുംബങ്ങളും നമ്മുടെ നാട്ടില്‍ പ്രചാരത്തിലാകുന്നതിന് മുന്‍പ്, ഇവിടെ ക്രിസ്തീയസമൂഹത്തിലെ വരേണ്യവര്‍ഗ്ഗം പൊതുവില്‍ കൈയ്യാളിയിരുന്ന ഒരു മേഖലയായിരുന്നു പൗരോഹിത്യം. എന്നാല്‍ അണുകുടുംബകേന്ദ്രീകൃതവും പാശ്ചാത്യസംസ്കാരത്തോട് തുറന്നതും സാമ്പത്തിക ഉന്നമനം പ്രാപിച്ചതുമായ ഒരു മദ്ധ്യവര്‍ഗ്ഗ സമൂഹം ഇവിടെ രൂപപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവുമായി താഴെക്കിടയിലുള്ള കുടുംബങ്ങളില്‍ നിന്നുമായി ദൈവവിളിയുടെ കുത്തൊഴുക്ക്. അതില്‍ നല്ലൊരു ശതമാനം ആധുനിക മാത്സര്യവിദ്യാഭ്യാസത്തോട് മല്ലടിച്ച് നില്‍ക്കാന്‍ കഴിയാതെ പോയവരുമായിരുന്നു. ആ 'ദൈവവിളികള്‍'ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മനഃശാസ്ത്രഘടകം വേണ്ടവിധം വിലയിരുത്തപ്പെടാതെ പോയി. വരേണ്യതയിലേയ്ക്ക് എത്തിപ്പെടാനുള്ള എളുപ്പവഴിയായി പൗരോഹിത്യത്തെ ഇവര്‍ നോക്കിക്കണ്ടിരുന്നോ എന്നാണ് അന്വേഷിക്കേണ്ടിയിരുന്നത്. അധികാരം, സാമൂഹ്യ അംഗീകാരം, ജീവിതസുരക്ഷിതത്വം ഇവയൊക്കെയാണ് വരേണ്യതയുടെ ബാഹ്യമുഖങ്ങള്‍. ഇവ എളുപ്പത്തില്‍ ആര്‍ജ്ജിക്കാന്‍ പൗരോഹിത്യം എന്ന സഭാധര്‍മ്മം ഒരാളെ പ്രാപ്തമാക്കുമെങ്കില്‍ അവിവാഹിതമായ ഒരു ജീവിതശൈലിയെ പുണരാന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല. അതിന്‍റെ ശേഷഭാഗമെന്നോണം വായിക്കേണ്ടതാണ് ജീവിതപ്രതിസന്ധികള്‍ നിറഞ്ഞ മിഷന്‍മേഖലകളിലേക്ക് പോകാന്‍ സന്നദ്ധത കുറഞ്ഞ, സുഖസമൃദ്ധിയുള്ള പശ്ചാത്യനാടുകളിലേക്ക് പോകാന്‍ തിരക്കുകൂട്ടുന്ന ഒരു പുരോഹിത-സന്യാസവര്‍ഗ്ഗം രൂപപ്പെട്ടത്.
എങ്ങനെയാണ് പൗരോഹിത്യം വിഴുങ്ങിക്കളഞ്ഞ പുരുഷസന്യാസത്തെ വീണ്ടെടുക്കാന്‍ കഴിയുക? എങ്ങനെയാണ് ഗുണമുള്ള പൗരോഹിത്യദൈവവിളികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയുക? അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍കൊണ്ടേ അത് സാധ്യമാകൂ. അതിന് ബോധവത്ക്കരണത്തിന് അപ്പുറം പോകുന്ന സഭാതീരുമാനങ്ങള്‍ സന്യാസസമൂഹങ്ങളിലും രൂപതാവൈദികര്‍ക്കിടയിലും ആവശ്യമുണ്ട്. ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
സന്യാസ സമൂഹങ്ങള്‍ പൊതുവില്‍ പൗരോഹിത്യ പരിശീലനകേന്ദ്രങ്ങള്‍ ആവാതിരിക്കുക. 'സെമിനാരി ഘടന'യില്‍നിന്ന് സന്യാസ പരിശീലന കേന്ദ്രങ്ങള്‍ സത്വരമായ മാറ്റം വരുത്തണം. ജീവിതത്തോട,് ആത്മാന്വേഷണത്തോട,് ജ്ഞാനത്തോട,് മണ്ണിനോട,് മനുഷ്യനോട് തുറന്ന ഒരു ജീവിതശൈലി വളര്‍ത്തിയെടുക്കുന്ന ഇടങ്ങളായി അവ മാറണം. സന്യാസസമൂഹങ്ങളില്‍ ചേരുന്ന ഒരു അര്‍ത്ഥിയ്ക്ക് വരുന്ന സമയംമുതല്‍ 'അച്ചനാകാന്‍' ഉള്ള പരിശീലനമല്ല കൊടുക്കേണ്ടത്. ഒരു സന്യാസാര്‍ത്ഥി അതത് സന്യാസസമൂഹത്തില്‍ വ്രതം ചെയ്ത് അതിന്‍റെ ഭാഗമാകുവോളം സഭാശുശ്രൂഷയ്ക്ക് ആവശ്യമായ പൗരോഹിത്യതിരുപ്പട്ടം പ്രസ്തുത സന്യാസസഭയില്‍ കൊടുക്കും എന്ന ഉറപ്പൊന്നും കൊടുക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്ന പക്ഷം സന്യാസത്തിലേയ്ക്ക് ഒരാളെ നയിക്കുന്ന പ്രധാന ഘടകം പൗരോഹിത്യമെന്ന ആകര്‍ഷണമാണോ സന്യാസമെന്ന ജീവിതശൈലിയാണോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയും.
സഭാ സേവനത്തിന് ആവശ്യമുള്ള അത്രയും പേരെ മാത്രം സന്യാസസമൂഹങ്ങളില്‍നിന്ന് തിരുപ്പട്ടം കൊടുത്ത് വൈദികരാക്കുക. കേരളത്തിലെ നിലനില്‍ക്കുന്ന അവസ്ഥയില്‍ രൂപതകള്‍ക്ക് തന്നെ വൈദികരുടെ ആവശ്യമായ എണ്ണത്തെ നികത്താന്‍ കഴിയുന്നതേയുള്ളൂ. സഭാസേവനത്തിനല്ലെങ്കില്‍ പിന്നെ ആരെയും തിരുപ്പട്ടം കൊടുത്ത് വൈദികനാക്കേണ്ടതില്ല. സഭയില്‍ കേവലപൗരോഹിത്യം (absolute priesthood) എന്നൊന്നില്ല, പൗരോഹിത്യം സഭാസേവനത്തിനാണ്. അതുകൊണ്ട് ഒരാള്‍ക്ക് പൗരോഹിത്യം നല്കുമ്പോള്‍ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനുള്ള വൈദികകര്‍മ്മം നിര്‍വ്വഹിക്കാനുള്ള സഭാമേഖലകള്‍ കൂടി കാണിച്ചുകൊടുക്കാന്‍ സഭാധികാരികള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ നിലവില്‍ കേരളത്തിലെ അവസ്ഥയില്‍ നല്ലൊരു ശതമാനം വൈദികരും സഭാസ്ഥാപനങ്ങളുടെ നടത്തിപ്പുകാരാണ്. അതിന് വാസ്തവത്തില്‍ വൈദിക കര്‍മ്മം അനുഷ്ഠിക്കാന്‍ പ്രാപ്തമാക്കുന്ന തിരുപ്പട്ടമെന്ന കൂദാശ ആവശ്യമില്ലാത്തതുമാണ്. സന്യാസ സമൂഹങ്ങളില്‍പ്പെട്ട വൈദികര്‍ക്ക് സേവനമനുഷ്ഠിക്കാന്‍ ആവശ്യമായ അജപാലന മേഖല കാണിച്ചു കൊടുക്കാന്‍ ഇവിടുത്തെ സഭാനേതൃത്വത്തിന് കഴിയുന്നില്ല. "വിളവ് ചുരുക്കം വേലക്കാര്‍ അധികം" എന്ന അവസ്ഥയാണ്. എന്നാല്‍ കേരളത്തിന് വെളിയിലേയ്ക്കും ലോകത്തിന്‍റെ നാനാഭാഗങ്ങളിലും മിഷനറിമാരായി പോകാന്‍ അനേകം വൈദികരുടെ ആവശ്യമുണ്ട്. എന്നാല്‍ അധികാരികള്‍ നിര്‍ബന്ധിക്കാത്തിടത്തോളം അതിന് സ്വാഭാവികമായ സന്നദ്ധത പ്രകടിപ്പിക്കുന്നവര്‍ നന്നേ കുറവും. ജീവിതത്തിന്‍റെ 'കംഫര്‍ട്ട് സോണു'കളിലാണ് ഇവിടെ പൗരോഹിത്യം. ഇതിലേയ്ക്കാണ് പലപ്പോഴും സന്യാസ പൗരോഹിത്യം ആളെ കൂട്ടിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥ ഇല്ലാതാവണം. സന്യാസസമൂഹങ്ങളുടെ ഉള്ളിലെ കൂദാശകളുടെ പരികര്‍മ്മത്തിനോ മിഷന്‍മേഖലയിലെ അജപാലന ദൗത്യത്തിനോ അല്ലാതെ ഇവിടെ സന്യാസികള്‍ക്കിടയില്‍ പൗരോഹിത്യം നല്കേണ്ട ആവശ്യം നിലവില്‍ നിലനില്‍ക്കുന്നില്ല. അതായത് ഒരു സന്യാസിയ്ക്ക് പൗരോഹിത്യം കൊടുക്കുമ്പോള്‍ അദ്ദേഹം അനുഷ്ഠിക്കാന്‍ ബാധ്യസ്ഥനായിരിക്കുന്ന പൗരോഹിത്യകര്‍മ്മത്തിന്‍റെ മേഖലകൂടി വ്യക്തിമായി നിര്‍വ്വചിച്ചിരിക്കണം. അല്ലായെങ്കില്‍ തിരുപ്പട്ടമെന്ന കൂദാശ കൊടുത്ത് 'ഒരാളെ അച്ചനാകാന്‍ വേണ്ടി അച്ചനാക്കേണ്ടതില്ല'.
അനര്‍ഹമായ ആദരവുകളില്‍നിന്ന് സന്യാസി പാലിക്കേണ്ട ആന്തരിക അകലത്തെക്കുറിച്ച് കാര്യമായ വ്യക്തതയില്ലാത്തവരാണ് പല പുരുഷസന്യാസികളും. ഒരാളുടെ മതാത്മകവേഷം കൊണ്ടുതന്നെ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ആദരവ് കിട്ടുന്ന ഒരു സംസ്കാരത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സത്യത്തില്‍ ഒരു സന്യാസിയെ സമൂഹം മനസ്സിലാക്കേണ്ടത് അദ്ദേഹത്തിന്‍റെ ജീവിതശൈലിയില്‍നിന്നാണ്. പക്ഷേ ഇന്ന് സന്യാസം കൂടുതലും ഒരു വസ്ത്രത്തിന്‍റെ പ്രശ്നമായി മാറിയിരിക്കുന്നു. വസ്ത്രം ഒരാളുടെ വ്യക്തിത്വം, സോഷ്യല്‍ റോള്‍, ചിന്താഗതി... എന്നിവ അടയാളപ്പെടുത്തുന്ന സമൂഹത്തില്‍ ഒരു ഗുരുവിനെ ഒറ്റിക്കൊടുക്കാന്‍ ശിഷ്യന് ചുംബനംകൊണ്ട് കാട്ടിക്കൊടുക്കേണ്ടവിധം വസ്ത്രധാരണത്തില്‍ അതിസാധാരണത്വം(lay status) സൂക്ഷിച്ച ഒരു ഗുരുവാണ് ഇന്ന് പൗരോഹിത്യത്തിന്‍റെയും സന്യാസത്തിന്‍റെയും വെല്ലുവിളി. അങ്ങനെ വന്നാല്‍ ഗുരുത്വം, വാക്ക്, പ്രവൃത്തി, നിലപാടുകള്‍, ജീവിതം എന്നിവകൊണ്ട് തെളിയിക്കേണ്ടിവരും. അത് അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ വസ്ത്രം തരുന്ന സുരക്ഷിതത്വം വെള്ളംതൊടാതെ വിഴുങ്ങാന്‍ പലരും തയ്യാറാകുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച തുറവിയുടെ ഭാഗമായിരുന്നു സന്യാസികള്‍ക്ക് അവരുടെ വസ്ത്രധാരണത്തില്‍ കാലോചിതവും സംസ്കാരോചിതവുമായ തിരഞ്ഞെടുപ്പു നടത്താനുള്ള സ്വാതന്ത്ര്യം. പൊതുസമൂഹത്തില്‍നിന്ന് "വേര്‍തിരിക്കപ്പെട്ടവര്‍" (the seperated ones) എന്ന നിലയിലുള്ള എടുപ്പിലും നടപ്പിലും തന്നെ ഒരാള്‍ ക്രിസ്തീയ സന്യാസത്തിന്‍റെ അന്തസത്തയെ ഭേദിക്കുന്നുണ്ട്. ക്രിസ്തുചൈതന്യം പേറിയ സന്യാസവസ്ത്രങ്ങളുടെയൊക്കെ തുടക്കം 'വിശുദ്ധമായ വേര്‍തിരിക്കപ്പെടലിന്‍റെ അടയാളം' എന്ന നിലയിലായിരുന്നില്ല. ലളിതമായ ഒരു ജീവിതശൈലിയുടെ ഭാഗം എന്ന നിലയിലായിരുന്നു. അവയൊന്നും തുടക്കത്തില്‍ 'മതവസ്ത്രങ്ങള്‍' പോലുമായിരുന്നില്ല. മദര്‍ തെരേസ തൂപ്പുകാരിസ്ത്രീകളുടെ നീലക്കരയുള്ള സാരിയുടുത്ത് ആരംഭിച്ച സന്യാസമുന്നേറ്റമോ അസ്സീസിയിലെ ഫ്രാന്‍സിസ് മഞ്ഞുവീഴുന്ന രാവുകളില്‍ തണുപ്പില്‍നിന്ന് രക്ഷനേടാന്‍ തോട്ടം കാവല്‍ക്കാര്‍ ഉപയോഗിച്ച തലമൂടുന്ന ചാക്കുവസ്ത്രമിട്ട് ആരംഭിച്ച സന്യാസജീവിതമോ ഒന്നും ഒരു 'മതവസ്ത്ര'ങ്ങളാല്‍ സമൂഹത്തിലെ സാധാരണക്കാരില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഒരു ജീവിതശൈലിയായിരുന്നില്ല. എത്ര പെട്ടെന്നാണ് സന്യാസം 'വിശുദ്ധിയുടെ വെള്ളവസ്ത്രത്തില്‍' ചേക്കേറിയത്! വളരെപ്പെട്ടെന്ന് അവര്‍ ലോകത്തിന്‍റേതല്ലാതായി മാറി. ലോകത്തില്‍ വേരൂന്നിനിന്ന് അതിനെ വിമലീകരിക്കുന്ന ക്രിസ്തുദര്‍ശനം സന്യാസത്തിന് കൈമോശം വന്നു. ഒരു വസ്ത്രം കൊണ്ടുപോലും പുരോഹിതനും പുരുഷസന്യാസിയും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലേക്ക് 'പൗരോഹിത്യത്തിന്‍റെ വെളുപ്പിലേക്ക്' പുരുഷസന്യാസം ചേക്കേറി. ളോഹ ആദരവിന്‍റെ പ്രതീകമായി. വിശുദ്ധിയുടെ വിശുദ്ധയിടത്തില്‍നിന്ന് വേര്‍തിരിവിന്‍റെ തിരശീല കീറി ഭൂമിയിലേക്ക് വന്ന 'മാംസം ധരിച്ച വചന'ത്തിന്‍റെ ചൈതന്യത്തെ വീണ്ടും വിശുദ്ധയിടത്തിലും വിശുദ്ധവസ്ത്രത്തിലും വിശുദ്ധവ്യക്തികളിലുമാക്കി തളയ്ക്കുമ്പോള്‍ അതിന്‍റെ പ്രൗഢിയിലേക്കാണ് പുരുഷസന്യാസവും ചേക്കേറുന്നത് എന്ന് സന്യാസികള്‍ പോലും മറന്നു
സന്യാസത്തോട് ചേദിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ചോദ്യം - നിങ്ങളില്‍ എത്രപേര്‍ പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസമുള്ളവരാണ്? പൗരോഹിത്യം വളരെ കൃത്യമായി സഭാസേവനത്തിന്‍റെ ശുശ്രൂഷയാണ്. സഭയെ ഒരു സ്ഥാപനമായി മനസ്സിലാക്കുന്ന കാലത്തോളം പൗരോഹിത്യത്തിന്‍റെ പ്രസക്തി സഭയ്ക്കുള്ളില്‍ മാത്രമാണ്. എന്നാല്‍ സന്യാസം അങ്ങനെയല്ല. സന്യാസം മതാതീതമാണ്. ക്രിസ്തീയസന്യാസം ക്രിസ്തുവിന്‍റെ ചൈതന്യംപേറി ദൈവരാജ്യത്തിന്‍റെ സുവിശേഷം പരിധികളില്ലാത്ത ലോകത്തില്‍ എത്തിക്കാന്‍ ജീവിതംകൊണ്ട് ശ്രമിക്കുന്നതാണ്. അവിടെ സഭയെന്ന സ്ഥാപനത്തിന് അപ്പുറത്തേക്കാണ് സുവിശേഷത്തിന്‍റെ ചൈതന്യം മനുഷ്യഹൃദയങ്ങളെ കണ്ടുമുട്ടുന്നത്. ഈ ദൗത്യം പ്രവാചകപരമാണ്. അവര്‍ സംസാരിക്കുന്ന ഭാഷ കാലദേശങ്ങള്‍ക്കും മതസംസ്കാരങ്ങള്‍ക്കുമപ്പുറം എല്ലാ മനുഷ്യനും മനസ്സിലാക്കേണ്ടതാണ്. എത്ര സന്യാസികള്‍ ഒരു മതസ്ഥാപനമായി മനസ്സിലാക്കപ്പെട്ട സഭയ്ക്ക് പുറത്തേയ്ക്ക് പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാണെന്ന ഒരു വിചിന്തനം ഉചിതമായിരിക്കും. പൗരോഹിത്യത്തിന്‍റെ സാമൂഹിക അംഗീകാരങ്ങള്‍ കിട്ടാത്തയിടങ്ങളില്‍ അസ്വസ്ഥമാകുന്ന ക്രിസ്തീയ സന്യാസം ഒരു വലിയ വിരോധാഭാസമാണ്. സന്യാസത്തിന്‍റെ സ്വത്വം മതസ്വത്വമായി മാറിയിരിക്കുന്നുവോ! ക്രിസ്തീയത ഒരു മതമല്ലെന്നും അതൊരു ജീവിതശൈലി(മാര്‍ഗ്ഗം/ the way)യാണെന്നുമുള്ള ആദ്യകാല ക്രിസ്തീയതയുടെ തിരിച്ചറിവിലേയ്ക്ക് (നടപടി 24: 14; 2 പത്രോ 2:2) സ്ഥാപനവത്കൃതമായി മാറിയ സഭയെ തിരികെക്കൊണ്ടുവരാനുള്ള ധര്‍മ്മംകൂടി പേറുന്നവരാണ് സന്യാസികള്‍.
(തുടരും)* എന്താണ് ക്രിസ്തീയ അജപാലനധര്‍മ്മം?
Featured Posts
bottom of page