top of page

അക്ഷരങ്ങള്‍ക്കിടയിലെ ആത്മാന്വേഷകന്‍

Nov 6, 2021

2 min read

ജക

A picture of Fr. George Kutty

പത്മനാഭന്‍റെ ഒരു കുറിപ്പുണ്ട് 'അത് ക്രിസ്തുവായിരുന്നു' എന്ന തലക്കെട്ടില്‍. ലേഖകന്‍ കോട്ടയത്ത് ഒരു പുസ്തകക്കടയില്‍ അവിചാരിതമായി കണ്ടു മുട്ടുന്ന ഒരു പുരോഹിതനാണ് കുറിപ്പിലെ കേന്ദ്ര കഥാപാത്രം. പുസ്തകങ്ങള്‍ക്കിടയില്‍ പരതുമ്പോള്‍ കഥാകൃത്തിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ തവിട്ടു വസ്ത്രധാരിയായ ആ പുരോഹിതന്‍  ഓടിവന്ന് ചോദിക്കുന്നു, 'അങ്ങ് പത്മനാഭന്‍ മാഷ് അല്ലേ...?' 'അതേ'യെന്ന ഉത്തരത്തില്‍ പിന്നെ രണ്ടുപേരും ചേര്‍ന്ന് സാഹിത്യം, ജീവിതം, സമൂഹം, സത്യാന്വേഷണം തുടങ്ങിയ വിശാലമേഖലകളിലേയ്ക്ക് നടത്തിയ മനസ്സിന്‍റെ യാത്രകള്‍ ആണ് കുറിപ്പിന്‍റെ ഇതിവൃത്തം. അതിനിടയില്‍ അവര്‍ കടയുടെ നടയില്‍ ഒരുമിച്ചിരുന്ന് സംസാരിക്കു ന്നുണ്ട്, കഥാകൃത്തിന്‍റെ ഒരു പുസ്തകം കടയില്‍ നിന്നുവാങ്ങി അതില്‍ ഒരു കൊച്ചുകുറിപ്പ് എഴുതിവാങ്ങുന്നുണ്ട്, ലേഖകന്‍റെ പെട്ടിയും ചുമന്ന് പുരോഹിതന്‍ അദ്ദേഹത്തെ റെയി ല്‍വേ സ്റ്റേഷനിലേയ്ക്ക് അനുധാവനം ചെയ്യുന്നുണ്ട്. അവസാനം പേരും സ്ഥലവും ചോദിച്ച് കൃത്യമായി ഒന്നു പരിചയപ്പെടുക പോലും ചെയ്യാതെ തിരക്കില്‍ കൈ കൊടുത്ത് പിരിയുന്നു. എന്നിട്ടാണ് പത്മനാഭന്‍ കുറിക്കുന്നത്, 'ഞങ്ങള്‍ക്കിടയില്‍ അദ്യശ്യനായി ഒരാളുണ്ടായിരുന്നു. അത് ക്രിസ്തുവായിരുന്നു' എന്ന്. മദ്ധ്യവയസ്സ് പിന്നിട്ട ആ സന്യാസപുരോഹിതനെ നിങ്ങളും എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയിട്ടുണ്ടായിരിക്കും; ഒരുപക്ഷേ ബസ്സ്റ്റോപ്പില്‍ പുസ്തകം വായിച്ചു നില്‍ക്കുന്ന നരച്ചു തുടങ്ങിയ ഒരു മനുഷ്യനായോ, വഴിയുടെ ഓരം ചേര്‍ന്ന് ഒരു തോള്‍സഞ്ചിയും തൂക്കി തലകുനിച്ച് നടന്നുപോകുന്ന ശ്രദ്ധ ആകര്‍ഷിക്കാന്‍ പറയത്തക്കതായ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു അന്തര്‍മുഖിയായോ,  ഏതെങ്കിലും പുസ്തകക്കടയുടെ റാക്കുകള്‍ക്ക് പിന്നിലോ. സംസാരിക്കാന്‍ എത്തുന്ന ഒറ്റപ്പെട്ട വ്യക്തികളോടും  കൊച്ചു ഗ്രൂപ്പുകളോടും സംസാരിക്കാന്‍ തുടങ്ങിയാല്‍ ജ്ഞാനം, കഥ, കവിത, ഗാനങ്ങള്‍, തത്വ ചിന്ത, ആത്മീയ വിചാരം.... ഇങ്ങനെ ഭാഷയുടെ വശ്യമായ സൗന്ദര്യത്തോടെ അദ്ദേഹത്തിന്‍റെ ബോധമണ്ഡലത്തില്‍ നിന്ന് പ്രവഹിക്കാത്തതൊന്നുമില്ല. സംസാരം തന്നെ ഒരു കവിതയാകുന്നത് അദ്ദേഹത്തില്‍ നമ്മള്‍ അനുഭവിക്കും. എന്നാലോ ഉടലോട് ചേര്‍ന്നുകിടക്കുന്ന സഞ്ചിയില്‍ പുസ്തകങ്ങളെ മാത്രം സഞ്ചാരത്തിലെ പ്രണയക്കൂട്ടായി എപ്പോഴും കൊണ്ടുനടക്കുന്ന ആ പഴയ ഭാഷാ അദ്ധ്യാപകന്‍ ആള്‍ക്കൂട്ടത്തിന് മുഖം തരില്ല. എന്തിനാണ് ഒരാള്‍ വായിക്കുന്നതെന്നു ചോദിച്ചാല്‍ ജോര്‍ജ്ജുകുട്ടിയച്ചന് ഉത്തരം ഒന്നേയുള്ളൂ, 'വിശക്കുന്ന ഒരാള്‍ ആഹാരം കഴിക്കുന്നത് എന്തിനോ അതുപോലെ....' ഈ മൗനിയ്ക്ക് വിശപ്പായിരുന്നു അക്ഷരങ്ങളോട്, അറിവിനോട്, ജീവിതത്തോട്. മറ്റൊന്നിനും വേണ്ടിയല്ലാതെ നിരന്തരം വായിച്ചുകൊണ്ടിരിരുന്ന അദ്ദേഹം അക്ഷരങ്ങള്‍ക്കിടയില്‍ സ്വയം തിരയുകയായി രുന്നു,  ജീവിതത്തെ കണ്ടുമുട്ടുകയായിരുന്നു.

 

നീണ്ട വര്‍ഷങ്ങള്‍ അദ്ദേഹം സന്ന്യാസാര്‍ത്ഥികളുടെ പരിശീലകനായിരുന്നു. അച്ചടക്കത്തിന്‍റെയും ആത്മനിയന്ത്രണത്തിന്‍റെയും ആവൃതിക്കുള്ളില്‍ അദ്ദേഹം നവസന്ന്യാസാര്‍ത്ഥികളോടു പങ്കുവച്ചത് ആകാശംപോലെ വിശാലമായ ലോകത്തെക്കുറിച്ചായിരുന്നു. മണ്ണടരുകളുടെ നിഗൂഢതയിലെ നീരുറവപോലുള്ള ഉള്‍ക്കാഴ്ചകളായിരുന്നു. ക്ലാസുമുറിയുടെ നാലുചുവരുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത 'കുസൃതികള്‍ക്ക്' വേണ്ടി കോബയാഷി മാഷ് ഉപേക്ഷിക്കപ്പെട്ട തീവണ്ടിബോഗികളില്‍ സ്കൂള്‍ ആരംഭിച്ചതുപോലെ  ജോര്‍ജച്ചനും സന്ന്യാസഭവനങ്ങളെക്കുറിച്ച് വ്യത്യസ്തമായ സ്വപ്നങ്ങള്‍ കണ്ടു. ഒരിക്കല്‍ സന്ന്യാസാര്‍ത്ഥികളോട് പറഞ്ഞു: നമുക്ക് വഴിവക്കുകളിലെ സന്ന്യാസം വേണം, അസ്സീസിയിലെ ഫ്രാന്‍സിസിനെപോലെ. ഉപേക്ഷിക്കപ്പെട്ട വണ്ടികളിലൊക്കെ അന്തിയുറങ്ങി, മനുഷ്യരോട് സംവദിച്ച്, സഞ്ചാരിയുടെ മനസ്സോടെ ഈ ലോകത്തിലൂടെ കടന്നു പോകണം.'

 

സഞ്ചാരിയുടെ മനസ്സായിരുന്നു അദ്ദേഹത്തിന്‍റേത്. മനസ്സു കൊണ്ടായിരുന്നു സഞ്ചാരം മുഴുവന്‍. ഏല്പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്‍റെ ഭാരം മൂലം ശരീരംകൊണ്ട് ഏറെയൊന്നും സഞ്ചരിക്കാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ ഹിമാലയത്തിനു പോകുന്നെന്നും പറഞ്ഞ് ഒരു സഞ്ചിയും തൂക്കി ആശ്രമം വിട്ടിറങ്ങി. എന്നിട്ട് എന്തൊക്കെയോ ഉത്തരവാദിത്വ ങ്ങളെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഒരു ദിവസം കഴിഞ്ഞ് മടങ്ങിയെത്തി. പാവമായിരുന്നു. ശാരീരികമായി ഏറെയൊന്നും കഴിഞ്ഞില്ല. പക്ഷേ സന്ന്യാസം കൊണ്ട് എന്ത് ഉദ്ദേശിക്കുന്നുവോ അതിന് അദ്ദേഹത്തിനായി. 'നിനക്ക് എന്ത് കഴിവുണ്ട്?' എന്ന വ്യാപാരിയായ കാമസ്വാമിയുടെ ചോദ്യത്തിന് ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥന്‍ കൊടുക്കുന്ന മറുപടിയിങ്ങനെ: 'എനിക്ക് ചിന്തിക്കാനാവും, കാത്തിരിക്കാനാവും, ഉപവസിക്കാനാവും.' വ്യാപാരമൂല്യമില്ലാത്ത ഈ കാര്യങ്ങള്‍ക്ക് എന്ത് പ്രസക്തി എന്ന് ചോദിക്കുന്ന വ്യാപാരക്കണ്ണുള്ള കാമസ്വാമിമാരുടെ ലോകത്തിന് ജോര്‍ജച്ചന്‍ വലിയ വിലയുള്ളവനായിരുന്നില്ല. ചിന്തകള്‍ മരവിച്ച ലോകത്തില്‍ ചിന്തോദ്ദീപകമായ ജീവിതം നയിച്ചു; ജീവിതത്തെ സ്വയം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത വേളകളില്‍ സമഭാവനയോടെ കാത്തിരിക്കാന്‍ കഴിഞ്ഞു; ഭൗതികസുഖങ്ങളുടെ ദാരിദ്ര്യത്തില്‍ ഉപവസിക്കാന്‍ കഴിഞ്ഞു. അതുമാത്രമായിരുന്നു അദ്ദേഹത്തിലെ സന്ന്യാസിയെ അടയാളപ്പെടുത്തിയത്.

പത്മനാഭന്‍റെ അനുഭവക്കുറിപ്പില്‍ തന്നെ അദ്ദേഹത്തെ ഏതാനും വരികളില്‍ വായിച്ചെടുക്കാം...

'...ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു: 'ഫാദര്‍ ഞാനൊരു സംഘടിത മതത്തിലും വിശ്വസിക്കു ന്നില്ല, പ്രാര്‍ത്ഥനകള്‍ ചൊല്ലാറില്ല. എങ്കിലും ക്രിസ്തുവില്‍ എനിക്കു വിശ്വാസമാണ്.' അപ്പോള്‍ അദ്ദേഹം പറഞ്ഞത് 'സാരമില്ല, ആത്മാവിന്‍റെ വിശുദ്ധമായ പ്രാര്‍ത്ഥനകളാണല്ലോ നിങ്ങളുടെ കഥകള്‍.'

ആത്മാവിന്‍റെ വിശുദ്ധമായ പ്രാര്‍ത്ഥനകളെ മാത്രം ചുറ്റിലും ദര്‍ശിച്ച, വാക്കുകളുടെ ചിലമ്പലുകളില്‍ ഏറെ വിശ്വാസമര്‍പ്പിക്കാത്ത ഒരു സന്ന്യാസിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. അങ്ങനെ അവസാനം നമ്മളോട് വിടപറയുമ്പോള്‍ ജോര്‍ജച്ചനും ദൈവത്തിന്‍റെ ലോകത്തിനോടുള്ള മനോഹരമായ ഒരു പ്രാര്‍ത്ഥനയായി മാറുകയാണ്.


ജക

0

0

Featured Posts

bottom of page