top of page

ദുഃഖങ്ങളുടെ കൊടുമുടിയില്‍...

Apr 1, 2011

3 min read

എമ
Image : An ancient painting on the human creation
Image : An ancient painting on the human creation

"മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ കുറച്ചുകൂടി വൃത്തിയായി സൃഷ്ടിക്കാമായിരുന്നില്ലേ" എന്ന് ദൈവത്തോടു ചോദിച്ചത് മനുഷ്യകുലത്തില്‍ പിറന്ന ഏറ്റവും വലിയ സാഹിത്യകാരന്മാരില്‍ ഒരാളായ ദസ്തയേവ്സ്കിയാണ്. ആ ചോദ്യം പകര്‍ത്തിയെഴുതുമ്പോള്‍ത്തന്നെ കൈവിറയ്ക്കുന്നു. ഗോചരവും അഗോചരവുമായ സമസ്തവസ്തുക്കളെയും അവയ്ക്കെല്ലാം ആധാരമായി വര്‍ത്തിക്കുന്ന മഹാകാശപ്പരപ്പിനെയും അതിലെ എണ്ണമറ്റ ഗോളരാശിയെയും സൃഷ്ടിച്ച സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ദൈവത്തോടാണ് ചോദ്യം! ദൈവത്തിന്‍റെ അസ്തിത്വത്തെ നിഷേധിക്കാന്‍ പുറപ്പെട്ട ഏതോ മഹാപാപി വിശ്വാസികളെ ഉത്തരംമുട്ടിക്കാന്‍ ചോദിച്ചതാകാം എന്നാണ് വിചാരമെങ്കില്‍ തെറ്റി. വിശ്വാസികളുടെ നിരയിലെ ഒന്നാം പേരുകാരനാണ് കക്ഷി. മനുഷ്യസ്വഭാവ സങ്കീര്‍ണ്ണതകളുടെ ഊരാക്കുടുക്കുകള്‍ സങ്കല്പിച്ച്, അവയില്‍ കുരുങ്ങിപ്പിടയുന്ന മനുഷ്യജീവികളെയും അവര്‍ എത്തപ്പെട്ട ജീവിതസാഹചര്യങ്ങള്‍ വിക്ഷേപിക്കുന്ന ചോദ്യശരങ്ങളുടെ സീല്‍ക്കാരത്തെയും ആവര്‍ജ്ജകമായി ആവിഷ്കരിച്ച് നോവല്‍കലയ്ക്ക് വിസ്മയിപ്പിക്കുന്ന മഹത്ത്വവും വിഹ്വലപ്പെടുത്തുന്ന അര്‍ത്ഥവിതാനങ്ങളും നല്കിയ പ്രതിഭയുടെ അനുഗൃഹീത അവതാരമാണ് ദസ്തയേവ്സ്കി. തത്ത്വചിന്തകന്മാര്‍, ദൈവശാസ്ത്രവിശാരദമാര്‍, മനോവിശ്ലേഷണ വൈഭവമാര്‍ന്നവര്‍, കലാതത്ത്വ വ്യസനികള്‍ എന്നിവരെല്ലാം വ്രതനിഷ്ഠ പാലിച്ചുകൊണ്ട് തീര്‍ത്ഥാടനത്തിനെത്തുന്ന പുണ്യഭൂമിയാണ് ആ കഥാലോകം. എത്ര തവണ അവിടെ എത്തിയാലും ഓരോ തവണയും അദൃഷ്ടപൂര്‍വ്വമായ കാഴ്ചകളൊരുക്കി സത്കരിക്കാന്‍ ആ രചനകള്‍ ഒരുങ്ങിനില്ക്കുന്നു. മനുഷ്യാസ്തിത്വത്തിന്‍റെ സങ്കീര്‍ണ്ണ സമസ്യകളിലേക്കാണ് ആനയിക്കപ്പെടുന്നത് എന്ന വിഭ്രാന്തി തെല്ലും ഏല്ക്കാതെ പ്രവേശിക്കാന്‍ പ്രേരിപ്പിക്കുന്ന ഉദ്വേഗം നിറഞ്ഞ കഥയുടെ പുരോഗതി അവിടെ ഉണ്ടായിരിക്കുകയും ചെയ്യും. അങ്ങനെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ ആന്തരികജീവിതം സമ്പന്നമാക്കാന്‍ ദൈവം കനിവോടെ അനുഗ്രഹിച്ചയച്ച ഭാഗ്യജന്മമായിരുന്നു ദസ്തയേവ്സ്കിയുടേത്.

എന്നാല്‍, ഈ അനുഗ്രഹവും ഭാഗ്യവും പകര്‍ന്നുവയ്ക്കാന്‍ ദൈവം തിരഞ്ഞെടുത്ത മാനുഷപഞ്ജരത്തിന്‍റെ കഥ ആലോചിച്ചാല്‍ ദൈവമേ ഈ അനുഗ്രഹം എനിക്കു തരല്ലേ എന്ന് ആരും കേണപേക്ഷിച്ചു പോകും. എന്തെല്ലാം ആന്തരവൈരുദ്ധ്യങ്ങളും പിരിമുറുക്കങ്ങളും കൂട്ടിച്ചേര്‍ത്താണ് ആ മനുഷ്യനെ മെനഞ്ഞെടുത്തതെന്ന് ഓര്‍ത്തുനോക്കൂ. സ്വന്തം വികാരങ്ങളുടെമേല്‍ ഒരു പിടി ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചാല്‍പോലും അസാദ്ധ്യമായ മനോഘടനയാണ് ദസ്തയേവ്സ്കിക്ക് ഉണ്ടായിരുന്നത്. യഥാര്‍ത്ഥത്തില്‍ വികാരങ്ങള്‍ നിയന്ത്രിച്ച് സമൂഹം ആദരിക്കുന്ന മാന്യനായി ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു; അതിനുവേണ്ടി നന്നേ പരിശ്രമിക്കുകയും ചെയ്തു. പക്ഷേ, ആ പരിശ്രമങ്ങളെല്ലാം അമ്പേ പരാജയപ്പെട്ട് എന്തൊരു നിന്ദ്യമായ ജന്മമാണ് എനിക്കു കിട്ടിയിരിക്കുന്നതെന്ന അപകര്‍ഷതാബോധത്തെ വിശേഷാല്‍ നല്കാനേ ആ ഉദ്യമങ്ങള്‍ ഉപകരിച്ചുള്ളൂ. വന്യകാമനകള്‍ കൂലം തകര്‍ത്തൊഴുകി ഈ ജീവിതത്തെ ഒരിക്കലും ആഗ്രഹിക്കുകയോ സങ്കല്പിക്കുകയോ ചെയ്യാത്ത ഇടങ്ങളില്‍ എത്തിച്ചു. ഏതു നിമിഷവും പൊട്ടിപ്പോകാവുന്നവിധം വലിഞ്ഞുമുറുകിയതായിരുന്നു അദ്ദേഹത്തിന്‍റെ സിരാഘടന. അതു പൊട്ടിപ്പോകുമെന്നു വരുമ്പോഴാണ് അദ്ദേഹം ചൂതാട്ടകേന്ദ്രങ്ങളിലേക്ക് പായുന്നത്. നിര്‍ഭാഗ്യങ്ങളുടെ ഈ പരിഹാസമൂര്‍ത്തി ഓരോ കളിയും അവസാനിപ്പിച്ചു മടങ്ങുന്നത് എങ്ങനെ വീട്ടിത്തീര്‍ക്കുമെന്ന് നിശ്ചയിക്കാവതല്ലാത്ത വന്‍ കടത്തിന്‍റെ സമ്പാദ്യവുമായാണ്. മദ്യപാനം പിരിമുറുക്കത്തിന് വല്ല അയവും വരുത്തിയിട്ടുണ്ടോ എന്ന് ആര്‍ക്കറിയാം! എന്തായാലും കുടിക്കണമെന്നു തോന്നുമ്പോള്‍ കുടിക്കണമെന്നല്ലാതെ, കുടിച്ചുകൊണ്ടേയിരിക്കണമെന്നല്ലാതെ ഇച്ഛാശക്തി ഉപയോഗിച്ചു സ്വയം നിയന്ത്രിക്കണമെന്ന് വിചാരിക്കാനോ, വിചാരിച്ചാലൊട്ടു നടപ്പിലാക്കാനോ, കഴിയുന്നതായിരുന്നില്ല അദ്ദേഹത്തിന്‍റെ മനസ്സ്. മനുഷ്യരുമായുള്ള ഇടപാടുകളെല്ലാം ആത്മാവില്‍ ആഴമുള്ള മുറിവുകള്‍ ഏല്പിക്കാന്‍ മാത്രം ഉതകി! ഇവയ്ക്കെല്ലാം പുറമേ ഇടയ്ക്കിടെ സന്ദര്‍ശനത്തിനെത്തുന്ന അപസ്മാര രോഗവും!

ഇങ്ങനെ സ്വന്തം ജീവിതത്തിലെ നിര്‍ഭാഗ്യങ്ങളുടെയും വ്യഥകളുടെയും കണക്ക് നിത്യവും കൂട്ടിയും കിഴിച്ചും പരിശോധിക്കാന്‍ വിധിക്കപ്പെട്ട ദസ്തയേവ്സ്കി ഒരിക്കല്‍ ഗതികെട്ട്, ദൈവത്തോടു ചോദിച്ചുപോയതാണ്, മനുഷ്യനെ സൃഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ അല്പംകൂടി വൃത്തിയായി സൃഷ്ടിക്കാമായിരുന്നില്ലേ, എന്ന്!!

അത് ദൈവനിഷേധമായിരുന്നില്ല. ദൈവത്തോടു നന്നേ അടുപ്പമുള്ള, ദൈവം സമീപസ്ഥന്‍ എന്ന് ആത്മാവുകൊണ്ട് അറിയുന്ന, ഒരുവന്‍റെ പരിഭവം പറച്ചിലായിരുന്നു അത്. ചൂതാട്ട കേന്ദ്രത്തിലേക്കു പായുന്ന അതേ വേഗത്തിലാണ് ദസ്തയേവ്സ്കി ദൈവസന്നിധിയിലേക്കും ഓടുന്നത്. ചെളിയില്‍ പുതഞ്ഞുപോകുന്ന സന്ദര്‍ഭങ്ങള്‍ ഏറെ; അതിലേറെയാണ് കുമ്പസാരകൂട്ടിലെന്നപോലെ ശിരസ്സുകുനിച്ച് കുറ്റങ്ങള്‍ ഏറ്റുപറയുന്ന സന്ദര്‍ഭങ്ങള്‍. ദസ്തയേവ്സ്കി സൃഷ്ടിച്ച കഥാലോകത്തിലെ മനുഷ്യര്‍ ഏറെയും കൊള്ളരുതാത്തവരാണ്. കൊലപാതകികള്‍, വ്യഭിചാരിണികള്‍, മദ്യപാനികള്‍, നിയമങ്ങളോട് ആദരവില്ലാത്തവര്‍, വികാരങ്ങളെ നിയന്ത്രിക്കാന്‍ വേണ്ട വിവേകമില്ലാത്തവര്‍... അങ്ങനെ മാന്യതയെക്കുറിച്ചുള്ള നമ്മുടെ പൊതുധാരണയെ വെല്ലുവിളിക്കുന്ന വികല ജന്മങ്ങളാണ് ഏറിയ പങ്കും. എന്നാല്‍, അവര്‍ മിക്കപ്പോഴും ആത്മാവിന്‍റെ നിഷ്കളങ്ക നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് കൊടിയ പാപങ്ങളില്‍ വീഴുമ്പോഴും അവരെ സ്നേഹിക്കാനോ അവര്‍ക്കു മാപ്പുകൊടുക്കാനോ നമുക്കു കഴിയുന്നു. അവരെ വെറുക്കാനോ വിധിക്കാനോ നമുക്കു സാദ്ധ്യമല്ലതന്നെ. കൊലപാതകിയായ റസ്ക്കള്‍നിക്കാഫും വ്യഭിചാരിണിയായ സോണിയയും ഒരുമിച്ചിരുന്നു വേദപുസ്തകം തുറന്നു വായിക്കുകയും കരയുകയും ചെയ്യുന്ന ഒരു സന്ദര്‍ഭമുണ്ട് 'കുറ്റവും ശിക്ഷയും' എന്ന നോവലില്‍. അതിനേക്കാള്‍ വിശുദ്ധമായ ഒരു സന്ദര്‍ഭം സങ്കല്പിക്കാന്‍തന്നെ കഴിയുകയില്ല. "രണ്ടു ദുഃഖിതാത്മാക്കള്‍ ഒരുമിച്ചിരുന്നു കരയുമ്പോള്‍ ഈ ലോകം പുതിയതായി ജനിക്കുന്നു" എന്ന് ആ സന്ദര്‍ഭത്തില്‍ ദസ്തയേവ്സ്കി എഴുതുന്നു. പാപപുണ്യങ്ങളുടെ ഈ രണ്ട് അറ്റങ്ങളെയും ഒരുമിച്ചുനിര്‍ത്തി ജീവിതത്തില്‍ അവ എങ്ങനെ അവിരുദ്ധമായി വര്‍ത്തിക്കുന്നു എന്നു കാണിച്ചുതരുന്ന കലാവിദ്യയാണ് ദസ്തയേവ്സ്കി ആവിഷ്കരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ജീവിതവും ഒട്ടും കുറയാത്ത അളവില്‍ ഇതിനെ ഉദാഹരിക്കുന്നു. പാപത്തെ തള്ളിക്കളയുകയും പാപിയെ നെഞ്ചോടു ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നതെങ്ങനെ എന്നു ശീലിക്കാന്‍ ആ കഥാസാഹിത്യവും ആ ജീവിതവും ഒരുപോലെ സഹായിക്കുന്നു.

ദുഃഖങ്ങളുടെയും വേദനകളുടെയും ധര്‍മ്മസങ്കടങ്ങളുടെയും പരമാവസ്ഥയില്‍ കൊണ്ടുചെന്നു നിര്‍ത്തുന്ന മനുഷ്യവ്യക്തികളെയാണ് ലോക നന്മയുടെ ഉപകരണമായി ദൈവം വേര്‍തിരിക്കുന്നതെന്ന സത്യത്തിന്‍റെ പാര്യന്തികമാതൃകയാണ് ദസ്തയേവ്സ്കി എന്നാണ് ഇവിടെ പറഞ്ഞുവരുന്നത്. ദൈവനിഷേധത്തിന്‍റെ വക്കോളം എത്തിച്ചിട്ടാണ് വിശ്വാസത്തിന്‍റെ ജ്വാലയായി ആ ജീവിതം പ്രത്യക്ഷപ്പെടുന്നത്. എത്ര കയ്പ് കോരിക്കൊടുത്തിട്ടാണ് അമൃതം ചുരത്തൂ എന്ന് ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നത്.

വെളിച്ചമാകാന്‍ വിളിക്കപ്പെട്ടവന്‍ എരിഞ്ഞുതീരാന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. 'നിങ്ങള്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു' എന്ന വാക്കില്‍ ഈ എരിഞ്ഞുതീരലിന്‍റെ നിയോഗംകൂടിയുണ്ടെന്ന് അറിയാനോ അംഗീകരിക്കാനോ കഴിയാത്ത ഉദാസീന വിശ്വാസത്തിന്‍റെ ഉത്സവകാലത്താണ് നാം ജീവിക്കുന്നത്. ബാദ്ധ്യതയേതുമില്ലാത്ത അനുഗ്രഹങ്ങളെക്കുറിച്ചുള്ള പൊതുവാഗ്ദാനങ്ങള്‍ എങ്ങും മുഴങ്ങുന്നു. എന്നാല്‍, അനുഗൃഹീതമായ ഏതു ജീവിതം പഠിക്കുമ്പോഴും നാം കാണുന്ന സത്യം അനുഗ്രഹിക്കപ്പെട്ടവന്‍റെ മുമ്പില്‍ വിളമ്പിവച്ചിരിക്കുന്ന മധുരവിഭവങ്ങളായിട്ടല്ല ആ അനുഗ്രഹങ്ങള്‍ അവതരിക്കുന്നതെന്നാണ്. എപ്പോഴാണ് നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടിയല്ലാത്തവനാകുന്നത്, എപ്പോഴാണോ നിങ്ങളുടെ ജീവിതം ലോകാനുഗ്രഹപരമായിത്തീര്‍ന്ന് ആത്മദാനത്തിന്‍റെ സുഖം അനുഭവിക്കുന്നത് അപ്പോഴാണ്, അപ്പോള്‍ മാത്രമാണ് നിങ്ങള്‍ ദൈവകൃപയുടെ നിറവിലാണ് എന്ന് അറിയുന്നത്. കന്യകാമറിയത്തെ ദൈവം അനുഗ്രഹിച്ചത് ദൈവമാതാവായി അവരോധിക്കാന്‍ മാത്രമല്ല, അന്തരംഗത്തിലൂടെ ഒരു വാള്‍ കടന്നുപോകുന്നതിന്‍റെ വേദന അനുഭവിക്കാന്‍കൂടിയാണ്. ആ വേദനകൂടാതെ ഈ മഹത്ത്വമില്ല. ദൈവിക പദ്ധതി ഇവ രണ്ടിനെയും ഒപ്പം ചേര്‍ക്കുന്നതാണ്. അല്പത്തില്‍ വിശ്വസ്തന്‍ എന്നു തെളിയിക്കുന്നത് അധികഭാരം ചുമക്കാന്‍ യോഗ്യന്‍ എന്നു മാത്രമാണ്. കഠിനമായി പരീക്ഷിക്കപ്പെടുന്നവനാണ് വലിയ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നത്. ഒരു പരീക്ഷയേയും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെങ്കില്‍, ഒരു പരീക്ഷയിലും ജയിക്കുകയില്ലെന്ന് ദൈവം നിങ്ങളെ എഴുതിത്തള്ളിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

"കുരികില്‍ ഒരു കൂടും മീവല്‍പക്ഷി കുഞ്ഞുങ്ങള്‍ക്ക് ഒരു വീടും കണ്ടെത്തിയിരിക്കുന്നു; കര്‍ത്താവിന്‍റെ യാഗപീഠത്തെത്തന്നെ." എന്ന് സങ്കീര്‍ത്തനം പാടുമ്പോള്‍ ഈ പീഠത്തില്‍ ബലിയായി അര്‍പ്പിക്കപ്പെടുന്നതാണ് ജീവിതത്തിന്‍റെ ധന്യത എന്നാണ് അര്‍ത്ഥമാക്കുന്നത്.

എന്നിട്ടും, സുഖലോലുപമായ, വേദനാരഹിതമായ, ഒരാദ്ധ്യാത്മിക ജീവിതത്തെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ കൊഴുത്തുകൊണ്ടിരിക്കുന്നു. ഐഹിക ജീവിതത്തിലെ എല്ലാ ക്ലേശങ്ങളില്‍നിന്നും വേദനകളില്‍ നിന്നും മോചനം കിട്ടാനുള്ള എളുപ്പവഴിയാണ് വിശ്വാസം എന്നാണ് പരക്കുന്ന തെറ്റിദ്ധാരണ. വേദനകളില്‍ നീറിത്തെളിയേണ്ടതാണ് വിശ്വാസം എന്നാണ്, പക്ഷേ, നമുക്കു ലഭിച്ചിട്ടുള്ള എല്ലാ മാതൃകകളും തെളിയിക്കുന്നത്. തോല്ക്കുന്നതിന്‍റെയും ചേതപ്പെടുന്നതിന്‍റെയും സന്തോഷമാണ് ആ മാതൃകകള്‍ അവതരിപ്പിക്കുന്നത്. ലാഭം മാത്രം പരിഗണിക്കപ്പെടുന്ന കമ്പോളത്തിന്‍റെ വഴക്കങ്ങള്‍ ആദ്ധ്യാത്മിക ജീവിതത്തിലേക്കും കടത്തിക്കൊണ്ടുവരുന്നത് ആപത്കരമാണ്.

Featured Posts

bottom of page