
താന്‍ കൊല്ലപ്പെട്ടതിന്‍റെ തലേരാത്രിയാണ് യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയത് (യോഹ 13:1-11). എന്നിട്ട് അവന്‍ അവരോടു പറഞ്ഞു: "നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം" (യോഹ.13:14). മരിക്കുന്നതിനു തൊട്ടുമുന്‍പായി ഗുരു തന്‍റെ ശിഷ്യന്മാര്‍ക്ക് കൊടുത്ത സന്ദേശമാണിത്. അപ്പോള്‍, ഗുരുവിന്‍റെ നാളതുവരെയുള്ള ജീവിതവും നിലപാടുകളും കാച്ചിക്കുറുക്കിയെടുത്ത സന്ദേശമാണ് കാലുകഴുകല്‍. തന്‍റെ ശിഷ്യസമൂഹം എങ്ങനെയാകരുതെന്നും ഗുരു കണിശമായി നിര്‍ദ്ദേശിക്കുന്നുണ്ട്: "വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്" (മത്താ. 20:25-26). ഈ പാഠത്തോടു കൂട്ടിവയ്ക്കേണ്ട മറ്റൊന്നു കൂടിയുണ്ട്: "നിങ്ങള്‍ റബ്ബി എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേ ഉള്ളൂ - സ്വര്‍ഗ്ഗസ്ഥനായ പിതാവ്. നിങ്ങള്‍ നേതാക്കന്മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം" (മത്താ. 23:8-11).
ഗുരുക്കന്മാരും പിതാക്കന്മാരും നേതാക്കന്മാരും ഇല്ലാത്ത ഒരു സമൂഹമായിട്ടാണ് യേശു തന്‍റെ ശിഷ്യസമൂഹത്തെ സ്വപ്നം കണ്ടത്. ഈ ശിഷ്യസമൂഹത്തിന്‍റെ ഘടന ഏതു രൂപത്തിലായിരിക്കണമെന്നത് ഈ സുവിശേഷ വാക്യങ്ങളില്‍നിന്ന് വ്യക്തമല്ലെങ്കിലും ഏതു രൂപത്തിലായിരിക്കരുത് എന്നതു സുവ്യക്തമാണ്. യേശുവിന്‍റെ കാലത്തെ റോമാസമൂഹം അനേകം തട്ടുകളായി അങ്ങേയറ്റം വിഭജിതമായിരുന്നു. അക്കാലത്തെ യഹൂദസമൂഹവും തട്ടുകളായി വേര്‍തിരിക്കപ്പെട്ടിരുന്നു. തന്‍റെ ശിഷ്യസമൂഹം കെട്ടിലും മട്ടിലും റോമാ സമൂഹഘടനയോടോ, യഹൂദ സമൂഹഘടനയോടോ ഒരുവിധ സമാനതയും പുലര്‍ത്താന്‍ പാടില്ലെന്നു യേശുവിന് നിര്‍ബന്ധമുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. "റബ്ബി" എന്ന് യഹൂദ നേതാക്കള്‍ വിളിക്കപ്പെട്ടപ്പോള്‍ തന്‍റെ ശിഷ്യന്മാര്‍ അറിയപ്പെടേണ്ടത് "ദിയാക്കൊണോസ്" (ഡീക്കന്‍) എന്നാണ്. ഈയൊരു വാക്ക് പഴയനിയമത്തിന്‍റെ ഗ്രീക്കുപരിഭാഷയില്‍ (സെപ്ത്വജിന്‍റ്) കാണപ്പെടാത്ത ഒന്നാണ്. വീട്ടുജോലിക്കുപയോഗിക്കുന്ന ഭൃത്യരെക്കുറിക്കുന്ന പദമാണ് ഡീക്കന്‍. യേശുവിന്‍റെ ശിഷ്യസമൂഹത്തിലെ ഒരു പ്രത്യേക പദവിയുടെ പേരല്ല ഡീക്കന്‍, പിന്നെയോ, ആ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ജീവിതശൈലിയെക്കുറിക്കുന്ന വാക്കാണത്. എല്ലാവരും ഭൃത്യരാകാന്‍ ശ്രമിക്കുന്ന, ആരും നേതാവാകാന്‍ ശ്രമിക്കാത്ത ഒരു സമൂഹം പ്രയോഗതലത്തില്‍ എങ്ങനെയിരിക്കും? അരാജകത്വത്തിലേക്കു ചാഞ്ഞുനില്‍ക്കുന്ന ഒന്നായി നമുക്ക് അത് ഒറ്റനോട്ടത്തില്‍ വിഭാവനം ചെയ്യാനാകും. ആ സാധ്യത നിലനില്‍ക്കേ, യേശു എന്തേ അന്നുവരെ നിലനിന്ന ഏതെങ്കിലും സാമൂഹിക ഘടനയെ മാതൃകയാക്കിയില്ല? അരാജകത്വം സൃഷ്ടിക്കുന്ന ക്രമരാഹിത്യത്തെക്കാള്‍ കേന്ദ്രീകൃത അധികാരസംവിധാനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജീര്‍ണ്ണതയാണ് പ്രശ്നതരമെന്ന് അവന്‍ ധരിച്ചിട്ടുണ്ടാകണം. "അധികാരം ദുഷിപ്പിക്കുന്നു; സമ്പൂര്‍ണ്ണ അധികാരം സമ്പൂര്‍ണ്ണമായും ദുഷിപ്പിക്കുന്നു" എന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ചരിത്രകാരന്‍ ലോര്‍ഡ് ആക്റ്റണിന്‍റെ നിരീക്ഷണം ആദ്യം മനസ്സിലാക്കിയത് യേശുവാകണം.
ഇവിടെ നാം അവശ്യം പരിഗണിക്കേണ്ട ഒരു വസ്തുത പത്രോസിനോട് യേശു കേസറിയാ ഫിലിപ്പി പ്രദേശത്തു വച്ചു പറയുന്ന ചില കാര്യങ്ങളാണ്. പത്രോസ് എന്ന പാറയുടെ പുറത്താണ് സഭ പണിയപ്പെടുന്നത്; സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ പത്രോസിനാണ് നല്‍കപ്പെട്ടത്; പത്രോസ് ഭൂമിയില്‍ കെട്ടുന്നതും അഴിക്കുന്നതും സ്വര്‍ഗ്ഗത്തില്‍ അതേപടി പ്രതിഫലിച്ചിരിക്കും തുടങ്ങിയ കാര്യങ്ങളാണല്ലോ മത്തായി 16:13-20 ല്‍ നാം വായിക്കുന്നത്. ധാരാളം വാഗ്വാദങ്ങള്‍ക്ക് ഇട നല്‍കിയ ഒരു സുവിശേഷഭാഗമാണിത്. കത്തോലിക്ക-പ്രൊട്ടസ്റ്റന്‍റ് ബൈബിള്‍ പണ്ഡിതര്‍ക്കിടയില്‍ വളരെ വിഭിന്നമായ വ്യാഖ്യാനങ്ങള്‍ ഈ വചനഭാഗത്തെ ആസ്പദമാക്കി നിലനില്‍ക്കുന്നുണ്ട്.