top of page
'പിള്ളേരെ മര്യാദക്ക് വളര്‍ത്താന്‍ പഠിക്കണം. അല്ലേല്‍ അവരെ വീട്ടിലിരുത്തണം.'
പള്ളിയില്‍ ഞങ്ങളുടെ തൊട്ടു പിന്‍നിരയിലിരുന്ന മാന്യനും കാര്‍ക്കശക്കാരനുമെന്ന് തോന്നിപ്പിക്കുന്ന ഒരു മധ്യവയസ്കന്‍ സായിപ്പ് മുന്നോട്ടാഞ്ഞ് എന്നോടായി പറഞ്ഞു.
ഞാനയാളെ ദയനീയമായി തിരിഞ്ഞു നോക്കി. എന്‍റെ നോട്ടത്തിലും ഭാവത്തിലും തികഞ്ഞ നിസ്സഹായത പ്രകടമായിരുന്നു. തെറ്റ് എന്‍റെ ഭാഗത്താണ്. പൂജ്യമായ ദേവാലയ നിശബ്ദതയില്‍ ദിവ്യബലിയില്‍ പങ്കെടുക്കാനെത്തിയ ഒരു വിശ്വാസിയാണയാള്‍. അവിടെ എല്ലാവരെയും പോലെ ഞാനും സാമൂഹ്യമാന്യത പാലിക്കേണ്ടതുണ്ട്.
എന്ത് പറയണം, എങ്ങനെ പറയണം എന്നെനിക്ക് തീര്‍ച്ച ഇല്ലാത്തതിനാല്‍ ഞാന്‍ പ്രതികരി ക്കാന്‍ പോയില്ല. പൊതുവെ സമാധാനപ്രേമിയായ എന്‍റെ ഭാര്യയും 'ഒന്നും മിണ്ടാന്‍ പോകണ്ട' എന്നര്‍ ത്ഥത്തില്‍ എന്നെ കണ്ണടച്ച് കാണിച്ചു.
ആദ്യം ഞാനടങ്ങി, രോഷവും സങ്കടവും ഉള്ളില്‍ കടിച്ചൊതുക്കി വി. കുര്‍ബ്ബാനയില്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു. പക്ഷെ പുറകിലിരുന്ന 'വിശ്വാസി'യുടെ മുറുമുറുക്കല്‍ കൂടി വന്നതേയുള്ളു. അയാള്‍ പറയുന്നതെന്തെന്ന് വ്യക്തമായി കേള്‍ക്കാന്‍ പറ്റില്ലെങ്കിലും പറയുന്നത് എന്‍റെ മകനെപ്പറ്റിയാണെന്ന് മനസ്സിലാക്കാന്‍ റോക്കറ്റ് സയന്‍സൊന്നും പഠിക്കേണ്ട കാര്യമില്ലല്ലോ.
കുറെ നേരം ഞാന്‍ സഹിച്ചു. ഒടുവില്‍ അള മുട്ടിയ ഞാന്‍ തിരിഞ്ഞിരുന്ന് അയാളോട് പറഞ്ഞു 'വൈ ഡോണ്ട് യു ടേക്ക് മൈ സണ്‍ വിത്ത് യു ആന്‍ഡ് ടീച്ച് ഹിം ഹൌ റ്റു ബിഹേവ്?'
ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണം അയാളെ ഒരു നിമിഷത്തേക്ക് നിശ്ശബ്ദനാക്കി.
'ഇഫ് യു ക്യാന്‍റ് ഡു ദാറ്റ്, ജസ്റ്റ് ഷട്ട് അപ്പ്' ഞാന്‍ തുടര്‍ന്നു. എന്ത് മറുപടിയാണയാള്‍ തരാന്‍ പോകുന്നതെന്നറിയാന്‍ ഞാന്‍ തിരിഞ്ഞ് അയാളെ തുറിച്ചു നോക്കി ഇരുന്നു.
ഭാര്യ എന്‍റെ കൈ പിടിച്ച് എന്നോട് മുന്‍പോട്ട് നോക്കിയിരിക്കാന്‍ പല്ലുകള്‍ കടിച്ചോണ്ട് പറഞ്ഞു. അത്രയുമെങ് കിലും പറയാന്‍ സാധിച്ച സായൂജ്യത്തില്‍ ഞാന്‍ തിരിഞ്ഞിരുന്ന് വീണ്ടും പള്ളിയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാനസിക വളര്‍ച്ച എത്താത്ത എട്ടു വയസുകാരന്‍ മകനെയും കൂട്ടി ഫാമിലിയായി പള്ളിയില്‍ പോയതാണ് ഞാന്‍. അധികം പരിചയമില്ലാത്ത പള്ളിയും ഇടവകക്കാരും. ചുറ്റിനും വെള്ളക്കാരും കറുത്ത വര്‍ഗ്ഗക്കാരുമായ വിശ്വാസികള്‍. മലയാളികള്‍ വളരെ ചുരുക്കമായി വരുന്ന പള്ളി. ഏഷ്യാ ക്കാരെ അത്ര സ്വീകാര്യത ഉള്ള ഒരു സമൂഹമായിരുന്നില്ല അന്ന്. പ്രത്യേകിച്ചും വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തോടെ ഏഷ്യാക്കാരെല്ലാം മുസ്ലിംസ് ആണെന്ന് ധരിച്ചുവശായിരിക്കുന്ന അമേരിക്കക്കാര്‍ക്കിടയില്‍.
പര ിചയക്കാരാരും ഉണ്ടാവില്ലെന്ന ധൈര്യത്തിലാണ് വി. കുര്‍ബ്ബാന കൂടാന്‍ അമേരിക്കന്‍ പള്ളി തന്നെ ഞങ്ങള്‍ തിരഞ്ഞെടുത്തത്. കാരണം എന്‍റെ മകന്‍ കുര്യാസ് അങ്ങനെ അടങ്ങിയിരിക്കുന്ന സ്വഭാവക്കാരനല്ലായിരുന്നു. അപശബ്ദം ഉണ്ടാക്കാനും മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനും അതുമൂലം അവര്‍ക്കൊരു അസ്വസ്ഥത ഉണ്ടാക്കാനും അവന്‍ മിടുക്കനായിരുന്നു.
വൈകല്യമുണ്ടെന്ന് ഞങ്ങള്‍ സംശയിക്കാന്‍ തുടങ്ങിയത് അവന് ഏകദേശം മൂന്ന് വയസ്സുള്ളപ്പോഴാണ്. സമാനപ്രായത്തിലുള്ള കുട്ടികള്‍ ഭംഗിയായി സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും ഞങ്ങളൊരു സെല്‍ഫ് ഡിനയല്‍ മോഡിലായിരുന്നു. സത്യക്രിസ്ത്യാനികളും ദൈവവിശ്വാസികളുമായ ഞങ്ങള്‍ക്കതൊന്നും വരില്ല, അവന്‍ തികച്ചും നോര്‍മല്‍ ആണ്, ഇത്തിരി കൂടി സമയം കൊടുത്താല്‍ അവന്‍ സംസാരിക്കും, പെരുമാറ്റം മെച്ചപ്പെടും, ഭക്ഷണരീതിയില്‍ മാറ്റമുണ്ടാവും എന്നൊക്കെ ഞങ്ങള്‍ ഞങ്ങളെത്തന്നെ വിശ്വസിപ്പിച്ചു. എന്നാല്‍ ഞങ്ങളറിയാതെ ഞങ്ങളെ വീക്ഷിച്ചിരുന്ന ഏതാനും അഭ്യുദയകാംഷികള്‍ ഏറെ ശ്രദ്ധയോടെ ഞങ്ങളുടെ അടുത്ത് അവരുടെ സംശയം അവതരിപ്പിച്ചു. വളരെ സെന്‍സിറ്റിവായ വിഷയമാണല്ലോ.
രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഞങ്ങള്‍. രണ്ടും മൂന്നും പേര്‍ ജോലി ചെയ്തിട്ടു പോലും നാലംഗ കുടുംബത്തിന് ജീവിക്കാനുള്ളതാകുന്നില്ല. അപ്പോള്‍ പിന്നെ മകനെ ശ്രദ്ധിക്കണോ അതോ കുടുംബം പുലര്‍ത്താന്‍ ഓടി നടന്ന് ജോലി ചെയ്യണോ എന്നത് ഒരു ലൈഫ് - വര്‍ക്ക് ബാലന്‍സിംഗ് പ്രശ്നമായി.
ഇതുപോലുള്ള സാഹചര്യങ്ങളില്‍ അവസരങ്ങള്‍ക്കൊപ്പം ഉയരുന്നത് മിക്കപ്പോഴും കുടുംബത്തിലെ സ്ത്രീകളാവും. ഇവിടെയും അതുതന്നെ സംഭവിച്ചു. ഭാര്യ മുന്‍കൈയെടുത്ത് ഞങ്ങളൊരു ന്യൂറോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചു. വിവിധയിനം പരിശോധനകള്‍ക്ക് ശേഷം വിധി വന്നു. നിങ്ങളുടെ മകന് സിവിയര്‍ ഓട്ടിസമാണ്. ഇതിന് ചികിത്സയില്ല.
അതൊരു വന്‍പ്രഹരമായിരുന്നു. തല മരച്ചു പോയി. ഇരുന്നിടത്ത് നിന്നെഴുന്നേല്‍ക്കാന്‍ ഞാന്‍ ബദ്ധപ്പെട്ടു. ഭാര്യക്ക് കരച്ചിലടക്കാന്‍ സാധിച്ചില്ല. വെറും പതിനൊന്ന് വയസുള്ള ഞങ്ങളുടെ മകള്‍ പോലും സാഹചര്യം മുഴുവന്‍ മനസ്സിലാക്കാതെ കരഞ്ഞുപോയി. ഞാന്‍ കരഞ്ഞില്ല. കരയാന്‍ പാടില്ല. ബലമില്ലാത്ത മനസ്സുകളല്ലേ കരയാറ്. ഞാന്‍ കൂടി തളര്‍ന്നാല്‍!
ഒരു തലവ േദനക്കോ പനിക്കോ ചികില്‍സിക്കുന്ന ലാഘവത്തോടെ ചികില്‍സിച്ചു ഭേദമാക്കാവുന്ന ഒരസുഖമല്ല ഓട്ടിസം. ഇതൊരു അസുഖമേയല്ല; ഒരവസ്ഥയാണ്. കര്‍ക്കശവും വ്യത്യസ്തവുമായ തെറപ്പികളും പരിശീലനവും ഭക്ഷണരീതികളും വൈറ്റമിന്‍സും മാത്രമാണ് പരിഹാരം. അതും ഒരു നിശ്ചിത പ്രായപരിധിക്കുള്ളില്‍ സംഭവിച്ചിരിക്കണം. അല്ലെങ്കില്‍ ആ വിന്‍ഡോ ഓഫ് ഓപ്പര്‍ച്ചൂണിറ്റി നഷ്ടമാകും. പക്ഷെ രോഗനിര്‍ണ്ണയം നടത്തിയപ്പോഴേക്ക് കുര്യാസ് ആ വിന്‍ഡോക്ക് പുറത്ത് കടന്നിരുന്നു.
ഞങ്ങള്‍ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. ഒരു മുറിയില്‍ അവനെ പൂട്ടിയിടാനോ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണില്‍ നിന്ന് അവനെ മറച്ചു വക്കാനോ പുറം ലോകം കാണിക്കാതിരിക്കാനോ ഞങ്ങള്‍ ശ്രമിച്ചില്ല. അവനിഷ്ടപ്പെടുന്ന അവന്‍റെ ലോകത്തിലേക്ക് ഞങ്ങള്‍ അവനെ ആനയിച്ചു. അവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി അതെല്ലാം സാധിച്ചു കൊടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. അവനിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി കൊടുത്ത് അതവന്‍ ആസ്വദിക്കുന്നത് കണ്ടു ഞങ്ങള്‍ സംതൃപ്തരായി. അവന് സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തു. നല്ല വസ്ത്രങ്ങള്‍ വാങ്ങി. ഇടയ്ക്കിടെ പുറത്ത് പോയി ആഹാരം കഴിച്ചു. സിനിമക്ക് കൊണ്ടുപോയി. സ്വന്തം മുറി ഒരുക്കി. അവന്‍റെ ഇഷ്ടപ്പെട്ട ടിവി പ്രോഗ്രാം അവനോടൊപ്പം ഒരുമിച്ചിരുന്ന് കാണാന്‍ ഞങ്ങള്‍ സമയം കണ്ടെത്തി.
ആദ്യമൊക്കെ ആഘോഷപരിപാടികളില്‍ അവന്‍ ബഹളമുണ്ടാക്കി ഒരു സിറ്റുവേഷന്‍ സൃഷ്ടിച്ചിരുന്നു. പക്ഷെ പണ്ടത്തെ തലമുറയെക്കാള്‍ സഹനവും ക്ഷമാശീലവും സഹിഷ്ണുതയും അഭ്യസിച്ച പുതിയ തലമുറ ഞങ്ങള്‍ക്ക് പിന്തുണയേകി. പിന്നെ പിന്നെ നാലാളു കൂടുന്നിടത്ത് പോകാന്‍ ഞങ്ങള്‍ക്കും ധൈര്യമായി.
കുര്യാസിനെ ആളുകള്‍ അറിഞ്ഞു തുടങ്ങി. ആദ്യം കണ്ടപ്പോള്‍ ആളുകള്‍ കാണിച്ച ആ അമ്പരപ്പും തുറിച്ചു നോട്ടവും കുശുകുശുപ്പും ക്രമേണ കുറഞ്ഞു. എണ്ണം പറഞ്ഞു ക്ഷണിക്കുന്ന കല്യാണവിരുന്നുകളില്‍ ഇപ്പോള്‍ കുര്യാസിനെ സുഹൃത്തുക്കള്‍ പേരെടുത്ത് ക്ഷണിക്കാറുണ്ട്. മറ്റുള്ളവരുടെ പ്ളേ റ്റുകളില്‍ അവനിഷ്ടമുള്ള വിഭവം കണ്ടാല്‍ അത് ചോദിക്കാതെ എടുക്കാനുള്ള അവകാശം അവനുണ്ട്.
നമ്മുടെ സമൂഹം വളര്‍ന്നു എന്നു വേണം കരുതാന്‍. ഈ കാലഘട്ടത്തില്‍ ഓട്ടിസം അപൂര്‍വമല്ല. ഇതിനെപ്പറ്റി മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അവര്‍ക്കും പറയാനുണ്ടാവും അവര്‍ക്കറിയാവുന്ന ഏതെങ്കിലും ഒരാളുടെ വീട്ടിലെ ഒരു കുട്ടിയെപ്പറ്റി. 'എന്‍റെ ചേട്ടന്‍റെ മോനും ഓട്ടിസം ഉണ്ട്' അല്ലെങ്കില്‍ 'എന്‍റെ അനിയത്തിയുടെ ഒരു മകള്‍ക്ക് ഓട്ടിസമുണ്ട്' എന്ന് തുറന്നുപറയാന്‍ ഇപ്പൊ ആളുകള്‍ക്ക് മടിയില്ല എന്ന അവസ്ഥയായിട്ടുണ്ട്. അങ്ങനെ തുറന്നു സമ്മതിക്കാന്‍ മറ്റുള്ളവര്‍ ധൈര്യം കാണിക്കു മ്പോള്‍ എത്ര ഭീതിജനകമാണ് അടുത്ത തലമുറയുടെ ഭാവി എന്നു വേണം കരുതാന്‍. കാരണം ഓട്ടിസം ഇന്ന് സര്‍വ്വസാധാരണമാണ്.
മാനസിക / ശാരീരിക വൈകല്യം ഒരു ശിക്ഷയല്ല, അത് ദൈവഹിതമാണ്. സ്രഷ്ടാവ് ഭൂമിയില്‍ തിരഞ്ഞപ്പോള്‍ കുര്യാസിനെ വളര്‍ത്തിയെടുക്കാന്‍ അവിടുന്ന് കണ്ടെത്തിയ മാതാപിതാക്കള്‍ ഞങ്ങളാണ്. അതൊരു ബഹുമതിയാണ്. വൈകിയാണെങ്കിലും അതു ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതൊരു വിധിയായി കണക്കാക്കി വിലപിച്ചുകൊണ്ട് നടന്നാല്‍ ഒരിക്കലും മോചനം ഉണ്ടാവില്ല. പകരം നമ്മള്‍ക്കൊരു അവസരം ദൈവം തന്നു എന്നു കരുതി അവരോടൊപ്പമുള്ള എല്ലാ നിമിഷങ്ങളും ആസ്വദിക്കാന്‍ അഭ്യസിക്കുക.
മഹാനടന്‍ മമ്മൂട്ടി ജീവിച്ചഭിനയിച്ച പേരമ്പ് എന്ന സിനിമയില്‍ വൈകല്യമുള്ള കുട്ടികളും അവരുടെ ചുറ്റുമുള്ളവരും അനുഭവിക്കുന്ന മാനസികവ്യഥകള്‍ വ് യക്തമായി വരച്ചു കാണിക്കുന്നുണ്ട്.
വൈകല്യമുള്ള മക്കള്‍ ജീവിക്കുന്ന വിശുദ്ധരാണ്, അവര്‍ ആരേയും ചതിക്കുകയില്ല, വഞ്ചിക്കുകയില്ല, ആര്‍ക്കും ദ്രോഹം ചെയ്യില്ല. പരിപൂര്‍ണ്ണരെന്ന് വിശ്വസിക്കുന്ന മനുഷ്യരെയാണ് പേടിക്കേണ്ടത്. അവരിലാണ് കാപട്യവും അസൂയയും വഞ്ചനയും ചതിയും ഉറങ്ങികിടക്കുന്നത്.
ഇപ്പോള്‍ കുര്യാസാണ് ഞങ്ങളുടെ ലോകം. വിനോദയാത്രകളും ഭക്ഷണവും ഷോപ്പിങ്ങും പള്ളീല്‍പോക്കും ഒക്കെ ഒരുമിച്ച്. സ്വന്തം കാര്യങ്ങള്‍ സ്വതന്ത്രമായി ചെയ്യാന്‍ ഞങ്ങള്‍ അവനെ അഭ്യസിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ധരിക്കാനുള്ള വസ്ത്രം തിരഞ്ഞെടുക്കാനും വേണ്ട ഭക്ഷണം ഫ്രിഡ്ജില്‍ നിന്നെടുത്ത് ചൂടാക്കാനും ഷൂ ലേസുകള്‍ കെട്ടാനു ം പരസഹായമില്ലാതെ ബാത്ത്റൂമില്‍ പോകാനും രാത്രി മുഴുവന്‍ ഒറ്റക്ക് കിടന്നുറങ്ങാനും അവന്‍ പഠിച്ചിരിക്കുന്നു.
നമ്മുടെ ഇഷ്ടങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ നമ്മള്‍ ശ്രമിക്കാതിരിക്കുക; പകരം അവരുടെ കഴിവുകളും വാസനകളും തിരിച്ചറിഞ്ഞ് അവരെ അവരുടെ വഴിക്ക് നയിക്കുക. മനസ്സ് അവികസിതമാണെകിലും അവര്‍ക്കുമുണ്ട് ശാരീരിക മാനസിക ആവശ്യങ്ങള്‍. വൈകല്യമുള്ള ഒരാളെ കാണുന്നപോലെ കാണാതെ നമ്മളില്‍ ഒരാളായി അവരെ കാണാന്‍ ശ്രമിക്കുക. അപ്പോള്‍ അവരും നമ്മളുമായുള്ള അകലം എത്രയോ ചെറുതാണെന്നു നമ്മള്‍ക്കു മനസ്സിലാകും.
Featured Posts
bottom of page