top of page

ശരിക്കും, കോപമുണരാന്‍ എളുപ്പമാണ്. മോഹമുണര്‍ത്താനും പകയുണര്‍ത്താനുമൊക്കെ എളുപ്പമാണ്. പക്ഷെ, ബോധമുണരാന്‍ അത്രയെളുപ്പമല്ല. പ്രത്യേകിച്ചും പാപബോധമുണരാന്‍! ചിലപ്പോള്‍ നല്ല തല്ല് കിട്ടേണ്ടിവരും! ഈ കോവീഡിയന്‍ താഢനമൊക്കെ ശരിക്കും ഒരുണര്‍ത്ത് പാട്ടാണ്. മരണത്തിന്‍റെ ഈ പാഠശാലയില്‍ നിന്നെങ്കിലും നമ്മള്‍ പഠിക്കുമോ എന്നതിലേ സന്ദേഹമുള്ളൂ! റൂട്ട് മാപ്പ് ഭയപ്പെടുന്ന ഗുഹാജീവിതങ്ങള്‍ എന്ന പേരില്‍ ശാരദക്കുട്ടി എഴുതിയ കോവിഡ് കുറിപ്പില്‍ പറയുന്നപോലെ, കോവിഡ് കാലം ഭൂമിക്കും ദൈവത്തിനും മനുഷ്യരൊഴികെയുള്ള ജീവജാലങ്ങള്‍ക്കും അവരുടെ ശാന്തിയും സമാധാനവും തിരികെ നല്കിയിരിക്കാം. ശരിക്കും മനുഷ്യര്‍ക്കുളളതാണ് ഈ പ്രഹരമത്രയും! എല്ലാ അടികളും ബോധമുണരാനുള്ളതാണ്.
Evolution സാധ്യതയാണ് എല്ലാ പരീക്ഷയും നമ്മുടെ മുമ്പില്‍ വയ്ക്കുന്നത്. മനുഷ്യപുത്രന്മാര്‍ക്കിടയില്‍ അതിശക്തമായ പരീക്ഷകളേറ്റു വാങ്ങിയവനാണ് ഇയ്യോബ്. നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകന്നവനും അവനെപ്പോലെ ഭൂമിയില്‍ ആരുമില്ല എന്ന് ദൈവം സാക്ഷ്യപ്പെടുത്തിയ മനുഷ്യന്‍. എന്നിട്ടും അയാളെന്തിന് കഷ്ടം സഹിച്ചു? Job the righteous, why tried എന്നൊരു ചെറുകൃതി പോപ് ഷെനോഡെല്‍ മൂന്നാമന്‍ എഴുതിയിട്ടുണ്ട്. അതിസുന്ദരമായൊരു നിരീക്ഷണം അതിലുണ്ട്. ജോബിന്‍റെ ദാസന്മാര്‍ തനിക്ക് ഭവിച്ച ഓരോരോ നഷ്ടങ്ങളെക്കുറിച്ച് വന്നു പറയുമ്പോഴും നിസ്സംഗതയോടെ നിന്ന് അത് കേള്‍ക്കുന്നു. ഒടുവില്‍ 'യഹോവ തന്നു; യഹോവ എടുത്തു; യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ' എന്നു വരെ പറയുന്നു. ഭാര്യയുടെ കലഹത്തോട് പ്രതികരിച്ചത് ഒരു ശാസനകൊണ്ടാണ്. ഒരു പൊട്ടി സംസാരിക്കുന്നത് 'പോലെ' നീ സംസാരിക്കുന്നുവോ? നാം ദൈവത്തില്‍ നിന്ന് നന്മ കൈക്കൊണ്ടു. തിന്മയും കൈക്കൊള്ളരുതോ എന്നിങ്ങനെ പറയുന്നു. പിന്നീട് സ്നേഹിതരോടുള്ള സുദീര്‍ഘമായ സംഭാഷണത്തിനൊടുവിലാണ് ജോബിന്‍റെ പരീക്ഷകളുടെ അടിസ്ഥാന കാരണം വെളിവാക്കുന്നത്.
അങ്ങനെ ഇയ്യോബ് തനിക്കുതന്നെ നീതിമാനായി തോന്നിയതുകൊണ്ട് ആ മൂന്ന് പുരുഷന്മാര്‍ അവനോട് സംസാരിക്കുന്നത് മതിയാക്കി എന്നാണ് തിരുവെഴുത്ത്. തൊട്ടുപിന്നാലെ അന്നുവരെ നിശ്ശബ്ദനായിരുന്ന എലീഹൂ എഴുന്നേക്കുന്നു. ദൈവത്തേക്കാള്‍ തന്നെത്താന്‍ നീതികരിച്ചതുകൊണ്ട് ജോബിന്‍റെ നേരെ അവന്‍റെ കോപം ജ്വലിച്ചു. പരീക്ഷയുടെ കാരണങ്ങളായി, പോപ് ഷെനോഡെല്‍ പറയുന്നു,
The problem is that he was righteous and he was aware of that fact
ഒരു തെളിവും കൂടെയുണ്ട്, ആദ്യ അദ്ധ്യായത്തില്‍! ഇയ്യോബ് ദിനംപ്രതി യാഗമര്‍പ്പിച്ചിരുന്നത് മക്കളുടെ പാപങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. തന്‍റെ പാപങ്ങള്‍ അവന്‍ ഓര്‍ത്തിരുന്നതുമില്ലത്രെ എന്ന് പിതാവ് എഴുതുന്നു.
വെറും കേള്‍വി മാത്രമായിരുന്ന ദൈവത്തെക്കുറിച്ചുള്ള അറിവ് സ്വാനുഭവമാകുന്നതിന്‍റെ കഥ പറഞ്ഞാണ് ഇയ്യോബിന്‍റെ പുസ്തകം അവസാനിക്കുന്നത്. 'ഇപ്പോഴോ എന്‍റെ കണ്ണാല്‍ നിന്നെ കാണുന്നു. ആകയാല്‍ ഞാന്‍ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു' എന്നൊരു പ്രാര്‍ത്ഥനയിലാണ് അയാളുടെ പരീക്ഷാകാലം തീരുന്നത്. ആത്മദര്‍ശനത്തിന്‍റെ ഉത്തുംഗതയിലേക്കാണ് ആ കാലം അയാളെ ഉണര്‍ത്തിയത്.
Featured Posts
Recent Posts
bottom of page