top of page

മാലാഖക്കുഞ്ഞ്

Feb 12, 2021

1 min read

റിയാ മരിയ

baby angel

പതിവ് തിരക്കുകളില്‍ നിന്നൊക്കെ ഒഴിഞ്ഞുനില്‍ക്കുന്ന ഒരു ഞായറാഴ്ച ദിവസം. കുര്‍ബാനയൊക്കെ കഴിഞ്ഞ് ദിവസത്തിന്‍റെ പാതി പിന്നിട്ടപ്പോള്‍ കോളിങ്ങ് ബെല്‍ ശബ്ദം മുഴങ്ങുന്നു. ഞാന്‍ തന്നെയാണ് ഓടിച്ചെന്ന് കതകു തുറന്നത്. ആന്‍റിയെ കാണാനായി ഒരു സിസ്റ്ററും സഹോദരനും വരുമെന്ന് മുന്‍കൂട്ടി പറഞ്ഞിരുന്നു. അതേ, അവര്‍ തന്നെയാണ്. കൂടെ ഒരു മാലാഖക്കുഞ്ഞിനെപ്പോലെ മിന്നുന്ന കുപ്പായവും മാസ്കും അണിഞ്ഞൊരു ഓമനക്കുട്ടി. മാസ്കിന് മറയ്ക്കാനാവാത്ത വിധമൊരു തേജസ്സ് ആ മുഖത്തുണ്ടായിരുന്നു.ചേച്ചീയെന്ന് വിളിച്ചുകൊണ്ട് അവളെന്‍റെ വിരലില്‍ തൂങ്ങി. കൂടെ വന്നവരുടെ സംസാരത്തില്‍നിന്ന് മനസ്സിനെ പിടിച്ചുലയ്ക്കുന്ന ചില സത്യങ്ങള്‍ അറിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ക്യാന്‍സര്‍ എന്ന വില്ലന്‍ ആ കുഞ്ഞുമോളെയും ബാധിച്ചിരിക്കുന്നു. ചുവരുകള്‍ക്കുള്ളിലാക്കപ്പെട്ട അവളുടെ ദിവസങ്ങളെപ്പറ്റി ആലോചിക്കാന്‍ പോലും ഭയം തോന്നി.

കുറുമ്പുകാട്ടി പൊട്ടിച്ചിരിച്ച് ഉമ്മറത്തും മുറ്റത്തുമൊക്കെ ഒരു പൂമ്പാറ്റയെപ്പോലവള്‍ പാറി നടന്നു. നേരം കടന്നുപോയത് ഞങ്ങള്‍ അറിഞ്ഞതേയില്ല. തിരികെ പോകാന്‍ കൂട്ടാക്കാതെ കട്ടിലിന്‍റെ മൂലയ്ക്ക് പോയി പിണങ്ങിയിരുന്നു ആദ്യം. പിന്നീട് സമ്മതിച്ചു. പോകാനിറങ്ങുന്നേരം കുഞ്ഞുമാലാഖയെ നെഞ്ചോട് ചേര്‍ത്തുപിടിച്ചപ്പോള്‍ അവളെ ക്യാന്‍സര്‍ കാര്‍ന്നുതിന്നരുതേയെന്ന് ആഗ്രഹിച്ചുപോയി. കവിളില്‍ നല്കിയ മുത്തം കണ്ണുനീര്‍ ചാലില്‍ അലിഞ്ഞുചേര്‍ന്നു.

"ഇനിയും വരാം ചേച്ചീ..." എന്നു പറഞ്ഞുകൊണ്ട് സ്കൂട്ടര്‍ സീറ്റിന്‍റെ നടുവിലിരുന്നവള്‍ കൈവീശി.

നെഞ്ചിലപ്പോഴും ഒരു ഞെരിപ്പോട് എരിയുന്നുണ്ടായിരുന്നു. കണ്ണീര്‍മുത്തുകള്‍ ജപമാലമണികളായി പരിണമിച്ചു. പ്രാര്‍ത്ഥനാമാലയില്‍ ആ കുഞ്ഞുമാലാഖയെയും കോര്‍ത്തു.


Featured Posts

Recent Posts

bottom of page