top of page

കറുത്തകനല്‍ക്കുരുതി

Jun 3, 2018

1 min read

ലിസി നീണ്ടൂര്‍
black flower

'എല്ലാം നന്നായിരിക്കുന്നു'വെന്ന്

അഹങ്കരിച്ച കുശവാ,

നീകുഴച്ചുരവപ്പെടുത്തിയ മണ്ണില്‍

നിറമിട്ടു ചാപ്പകുത്തി

'എല്ലാം നന്നല്ലാത്തൊരു'

മെനച്ചിലാരു നടത്തി?

അവന്റെ ജീവതന്തു

വളഞ്ഞുകുത്തി

ചേറോടൊട്ടി വിറയ്ക്കണം,

വിളുമ്പൊട്ടി മാറിനില്‍ക്കണം.

തട്ടിയും തൊഴിച്ചും

വെട്ടിമുറിച്ചും രസിക്കാന്‍

നിന്നുകൊടുക്കണം.

നുകത്തിന്‍ കീഴില്‍ നിന്ന്

നടുവൊട്ടു നിവര്‍ന്നാല്‍

അപമൃത്യു പൂത്ത് കൊഴിഞ്ഞ

നിന്ദ്യനാകുമവന്‍.

***


പ്രണയക്കൂട്ടില്‍ പെണ്‍കിളി

ചേക്കെത്തുംമുന്‍പേ

ആണ്‍കിളി കൊന്നെറിയപ്പെട്ടു;

അവന്റെ കൂടും കൂട്ടരും

വിളുമ്പൊട്ടാന്‍

മെനയപ്പെട്ടവരെന്ന്

കുറ്റവും ചുമത്തി.


പതിതവത്കരിച്ചവന്റെ

പ്രണയം; കറുത്തത്

സ്വപ്നം; കറുത്തത്

വികാരം; കറുത്തത്

കാമം; കറുത്തത്.

പ്രണയച്ചില്ലയില്‍

കൊക്കുരുമ്മും മുമ്പേ

അവന്റെ പ്രാണനും

കറുപ്പെന്നറിഞ്ഞു.

***


ഒലിച്ചിഴുകിയിറങ്ങിയ ചോരയപ്പോഴും

ചുവന്നത്; കറുത്തിട്ടല്ല.

ചീറ്റിത്തെറിച്ച ചോരമണം

ചേറിന്റെ നാറ്റമല്ല; ശുദ്ധരക്തമണം.

കീഴാളന്

ഓരവത്കരിച്ചവന്

പ്രണയിക്കാനാരനുവാദം കൊടുത്തു!

ബലിക്കളത്തില്‍ വിസ്താരമില്ല

വിധിമാത്രം; ബലിപിണ്ഡം

ശവപ്പറമ്പിലാഴ്ത്താനായി

ബാക്കിയേകി!

***


വിരഹച്ചുടുകാറ്റിലുലഞ്ഞുവേയ്ക്കുന്ന

പെണ്‍കിളി, നിനക്കായ്

കറുപ്പുവെളുപ്പിന്റെ നിഴലേശാത്ത

സാന്ത്വന മന്ത്രങ്ങളുയരുന്ന,

എല്ലാം നന്നായിരിക്കുന്നുവെന്ന്

ചൊല്ലി വിശ്രമത്തിലമര്‍ന്നവന്റെ

സ്വപ്നങ്ങള്‍ പൂക്കുന്നൊരിടം

ശേഷിക്കട്ടെ... നോവാറ്റുവാന്‍.

നോവരുതെന്നെങ്ങനെ...

നീയൊരു നോവല്ലേ....

ലിസി നീണ്ടൂര്‍

0

0

Featured Posts

Recent Posts

bottom of page